Advertisment

ശാസ്ത്രവിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് എം.എസ്.സി പഠനത്തിന് ‘നെസ്റ്റ്’; സയന്‍സ് സ്ട്രീം പ്ലസ് ടുക്കാര്‍ക്ക് അപേക്ഷിക്കാം; അവസാന തീയതി മെയ് 18; കേരളത്തില്‍ എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങള്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ന്യൂജെന്‍ കോഴ്സുകളില്‍ ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്‌. അതത് വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനമാണ് ഇന്റഗ്രേറ്റഡ് കോഴ്സുകളില്‍ നടക്കുന്നത്. അതിനാല്‍ തന്നെ ഗവേഷണ മേഖലകളില്‍ അഭിരുചിയുള്ളവര്‍ക്കായിരിക്കും ഇത്തരം കോഴ്സുകള്‍ ഏറെ യോജിക്കുക.

അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ  അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്.സി പഠനത്തിന് അവസരമൊരുക്കുന്ന  നാഷണൽ എൻട്രൻസ്  സ്ക്രീനിങ് ടെസ്റ്റിന്  (നെസ്റ്റ്) അപേക്ഷ ക്ഷണിച്ചു. ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത് എന്നീ വിഷയങ്ങളിലാണ് പഠനം. മെയ് 18 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍.

പ്രവേശനം ലഭിക്കുന്നവര്‍ക്ക് 60,000 രൂപ വാര്‍ഷിക സ്കോളര്‍ഷിപ്പ്

കേന്ദ്ര ആറ്റമിക് എനർജി വകുപ്പിന്റെ കീഴിലുള്ള ഭുവനേശ്വറിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ & റിസർച്ച് (നൈസർ - http://www.niser.ac.in); മുംബൈ യൂണിവേഴ്സിറ്റി ഓഫ് മുംബൈ  - ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റമിക് എനർജി സെന്റർ ഫോർ  എക്സലൻസ് ഇൻ ബേസിക് സയൻസ്  (യു.എം - ഡി.എ.ഇ. സി.ഇ.ബി.എസ്. - http://www.cbs.ac.in) എന്നീ സ്ഥാപനങ്ങളിൽ ആണ് നെസ്റ്റിലൂടെ പഠന അവസരങ്ങള്‍ ലഭിക്കുക.

നൈസറിൽ 200 സീറ്റും യു.എം.-ഡി.എ.ഇ.സി.ഇ ബി.എസിൽ 57 സീറ്റുമാണുള്ളത്. രണ്ട് സ്ഥാപനങ്ങളിലും ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം  (5 വർഷം) ലഭ്യമാണ്.

പ്രവേശനം ലഭിക്കുന്നവര്‍ക്ക് 60,000 രൂപ വാര്‍ഷിക സ്കോളര്‍ഷിപ്പും സമ്മര്‍ ഇന്‍റെന്‍ഷിപ്പിന് വാര്‍ഷിക ഗ്രാന്‍റായി 20,000 രൂപയും ലഭിക്കും.  ഡി എസ് ടി ഇൻസ്പയർ - ഷീ / ഡി എൻ ഇ ദിശ പദ്ധതികളിൽ ഒന്നു വഴിയാണ് പ്രതിവർഷം 60,000 രൂപ സ്കോളർഷിപ്പ് ലഭിക്കുക.

സയൻസ്  സ്ട്രീമിൽ പ്ലസ്ടു പഠിച്ച് മൊത്തത്തിൽ 60% മാർക്ക്  (പട്ടിക / ഭിന്നശേഷിക്കാർക്ക്  55%) നേടി, 2020ലോ 2021 ലോ പ്ലസ് ടു / തത്തുല്യ  പരീക്ഷ ജയിച്ചവർ, 2022ല്‍ പ്ലസ് ടു പരീക്ഷ എഴുതുന്നവര്‍ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2022 ഓഗസ്റ്റ് ഒന്നിനോ ശേഷമോ ജനിച്ചതായിരിക്കണം. പട്ടിക/ഭിന്നശേഷിക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവുണ്ട്.

പരീക്ഷ ജൂൺ 18ന്

നെസ്റ്റ് 2022 ഓൺലൈൻ/ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ ജൂൺ 18ന് രണ്ട് സെഷനിലായി (രാവിലെ ഒന്‍പത് മുതൽ 12.30 വരെ/ ഉച്ചയ്ക്ക് 2.30 മുതൽ ആറു വരെ) നടത്തും. ഒരു പരീക്ഷാർഥി ഒരു സെഷനിൽ പരീക്ഷ എഴുതിയാല്‍ മതി. പരീക്ഷയ്ക്ക് ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിൽ നിന്ന് 50 മാർക്ക് വീതമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ഉണ്ടാകും.

ഈ പരീക്ഷയിൽ കൂടുതൽ മാർക്കു നേടുന്ന മൂന്ന് വിഷയങ്ങളുടെ സ്കോർ പരിഗണിച്ച്, രണ്ടു  സ്ഥാപനങ്ങൾക്കും, പ്രൊസ്പെക്ടസ് വ്യവസ്ഥകൾ പ്രകാരം പ്രത്യേകം റാങ്ക് പട്ടികകൾ തയ്യാറാക്കും. മുൻ വർഷങ്ങളിലെ ചോദ്യപേപ്പർ http://www.nestexam.in -ൽ ഉണ്ട്. ഇൻഫർമേഷൻ ബ്രോഷർ, സിലബസ് എന്നിവയും ഈ സൈറ്റിൽ ലഭിക്കും. കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

ഓൺലൈനായി അപേക്ഷിക്കണം

ഓൺലൈനായി http://www.nestexam.in വഴി അപേക്ഷ മെയ് 18ന് അർധരാത്രിവരെ നൽകാം. ആൺകുട്ടികൾക്ക് അപേക്ഷാഫീസ് 1200 രൂപ. പെൺകുട്ടികൾ, പട്ടിക/ ഭിന്നശേഷി  വിഭാഗക്കാർ എന്നിവർക്ക് 600 രൂപ. നെറ്റ് ബാങ്കിംഗ്. ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് വഴി അടയ്ക്കാം. അഡ്മിറ്റ് കാർഡ് ജൂൺ 6 മുതൽ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. പരീക്ഷയുടെ ഫലം ജൂലൈ അഞ്ചിന് പ്രതീക്ഷിക്കാം.

രണ്ട് സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത  കട്ട് ഓഫ് മാർക്ക് നേടി  കോഴ്സ് ജയിച്ച്,   മികവ് തെളിയിക്കുന്നവർക്ക്, ഭാഭ ആറ്റമിക് റിസർച്ച് സെന്റർ (ബാർക്ക്) ട്രെയിനിങ് സ്കൂൾ പ്രവേശനത്തിന് നേരിട്ട് ഹാജരാകാൻ അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് http://www.nestexam.in സന്ദര്‍ശിക്കുക.

Advertisment