Advertisment

ഇയർഫോണുകൾക്കിപ്പുറത്ത്... (കവിത)

author-image
nidheesh kumar
New Update

publive-image

ഇയർഫോണുകൾക്കിപ്പുറത്ത്

നിങ്ങൾ നടന്നു കൊണ്ടിരിക്കുന്ന

പാളത്തിലൂടെ പാഞ്ഞടുക്കുന്ന തീവണ്ടിയുടെ ഗർജനമുണ്ട്.

ഇയർഫോണുകൾക്കിപ്പുറത്ത്

വേട്ടക്കാരനിൽ നിന്നും കുതറിയോടുന്ന

ഒരു നാലാം ക്ലാസുകാരിയുടെ

നിലവിളിയുണ്ട്.

ഇയർഫോണുകൾക്കിപ്പുറത്ത്

അന്നമില്ലാതെ തുടരാനാവുന്ന

ഏറ്റവും അവസാന നാളിലെ വറുതിയിൽ

തേഞ്ഞുതീരുന്ന ഒരുയിരിൻറെ

തൊണ്ടിയിൽ വറ്റിപ്പോകുന്ന

യാചനകളുണ്ട്.

ഇയർഫോണുകൾക്കിപ്പുറത്ത്

പൊലിഞ്ഞുപോകലിന്റെ

മുഹൂർത്തത്തിൽ

ഒരിറക്കു വെള്ളത്തിനായ്

നിശ്ശബ്ദതകൊണ്ടുറക്കെ

നിന്റെ പേര് വിളിക്കുന്ന

പിറപ്പിച്ചവളുടെ പിടച്ചിലുണ്ട്.

ഇയർഫോണുകൾക്കിപ്പുറത്ത്

തൊട്ടപ്പുറത്തെ സീറ്റിലിരിക്കെ

നെഞ്ചുതിരുമ്മി ബോധം മറയുന്ന

സഹയാത്രികന്റെ

പാതിയിൽ നിലച്ച

മരണമൊഴിയുണ്ട്.

ഇയർഫോണുകൾക്കിപ്പുറത്ത്

നിലാത്തീ വർഷിക്കുന്ന

രാത്രികളുടെ കിതപ്പും

നിരാസം കൊണ്ട് പനിച്ച് പിൻവാങ്ങി

നിമിഷം പ്രതി ആത്മാഹുതി ചെയ്യുന്ന

തിരകളുടെ പ്രാക്കുമുണ്ട്.

ഇയർഫോണുകൾക്കിപ്പുറത്ത്

ഇന്നിൻറേതു മാത്രമായ

കുയിൽപ്പാട്ടുകളുടെ

ഭാവവൈജാത്യ സമൃദ്ധിയുണ്ട്.

നാളെയുടെ കാവൽക്കാരേ

മറ്റൊരവയവത്തോളം

അത്രമേൽ സ്വാഭാവികമായി

നിങ്ങളുടെ കാതിൽ

പറ്റിച്ചേർന്നിരിക്കുന്ന

ഈ ഇയർഫോണുകൾക്കിപ്പുറത്ത്

നിങ്ങളുടെ സാങ്കേതിക

സാധ്യതകൾക്ക്

ഇനിയൊരിക്കലും വീണ്ടെടുക്കാനാവാത്ത

വർത്തമാനകാല

ശബ്ദങ്ങളുടെ ഒരു മഹാ പ്രപഞ്ചം

തിരിച്ചു നടപ്പില്ലാത്ത

സെക്കന്റ് സൂചിയുടെ സംത്രാസത്തിനൊപ്പം

ശബ്ദമില്ലാതെ

നിങ്ങൾക്ക് വെളിയിലൂടെ

നടന്നു പോകുന്നുണ്ട്...

Advertisment