Advertisment

അജ്ഞാതമരണങ്ങൾ... (കവിത)

author-image
nidheesh kumar
New Update

publive-image

കൊല്ലാൻ എന്തെളുപ്പമാണ്

ഒന്നുമറിയാത്ത പോലെ, കൈഅകലത്തിൽ

വെറുതെയങ്ങു നോക്കിനിന്നാൽ മതി

മോഹത്തിന്റെ പലനാന്പുകൾ

ഉണങ്ങിക്കരിഞ്ഞു മണ്ണിൽ വീഴും

കാലൊന്നു തൊട്ടു നമിച്ചാൽ

അഹന്ത വീർത്ത്, ആകാശം മുട്ടിയ

രണ്ടു കുമിളകൾ

ഒരുമിച്ച്‌ ശബ്ദമില്ലാതെ പൊട്ടിത്തെറിക്കും

വെറുമൊരു ഉത്തരത്തിനു തൊട്ടു മുന്നിലെ

ഒരുപൊടി മൗനത്തിൽ

വിശ്വാസം, ആശ്രയത്വം

ശ്വാസം കിട്ടാതെ ചാകും

'ഇതോ' എന്ന ഒറ്റചോദ്യം-

പെറുക്കിക്കൂട്ടി ഒരുക്കി നിർത്തിയ

ആത്മബോധവും സ്ഥൈര്യവും

ഇടിഞ്ഞു തകർന്ന് പൊടിയാകും

'നീയും' എന്നൊരു ശബ്ദം-

ഉടലുയിർ ജ്വലിപ്പിച്ച പ്രണയത്തിനു മേൽ

മഞ്ഞുമഴ വീണ്,

നീറ്റലും വടുക്കളും ശേഷിപ്പിച്ച്,

അതിലൂടെ നുഴഞ്ഞു കയറുന്ന

നിരാശയും നിശബ്ദതയും പ്രാണനിൽ അരിച്ച്

ഒരു അജ്ഞാതമരണം.

Advertisment