Advertisment

അന്തേവാസി (കഥ)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

എൻ്റെ അച്ഛൻ്റെ ഒന്നാം ശ്രാദ്ധത്തിൻ്റെ അന്ന് ബലികർമ്മാദി ചടങ്ങുകൾ കഴിഞ്ഞ് ദാനധർമ്മശീലക്കാരനായ അച്ഛനുവേണ്ടി അമ്മ നിർബന്ധപൂർവ്വം പറഞ്ഞ ഒരു കാര്യം വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഒരു ദിവസത്തെ അന്നദാനാദി ചെലവുകൾ നിർവഹിക്കണം എന്നതായിരുന്നു.

അതിനായി ഞാനും സഹോദരങ്ങളും അമ്മയും കൂടി വൃദ്ധസദനത്തിലേക്ക് യാത്രതിരിച്ചു.എൻ്റെ കുടുംബ വീട്ടിൽനിന്ന് ഏകദേശം 30 മിനിറ്റ് യാത്ര ചെയ്താൽ എത്തുന്ന സ്ഥലം, അവിടേയ്ക്ക് എത്തുന്നതിന് രണ്ട് കിലോമീറ്റർ മുമ്പുമുതലേ വളരെ ശാന്തത തോന്നിപ്പിക്കുന്ന സ്ഥലം.

എൻ്റെ അച്ഛൻ പലവട്ടം ഇവിടെ വന്നിട്ടുള്ളത് ഓർത്തു, അച്ഛൻ്റെ മാതാപിതാക്കൾ മരിച്ചതിനു ശേഷംഅതെ അന്ന് ഞാൻ കുട്ടിയായിരുന്നു, എങ്കിലും തിരിച്ചു വന്നു അമ്മയോട് പറയുന്ന കാര്യങ്ങൾ ഇപ്പോഴും എൻ്റെ ഓർമ്മയിൽ ഉണ്ട്.

"പാർവതി, നമ്മുടെ മരണശേഷവും ഈ പുണ്യ പ്രവർത്തികൾ ചെയ്യണം, ഞാനാണ് ആദ്യം മരിക്കുന്നതെങ്കിൽ നീ മക്കളോട് പറഞ്ഞു ചെയ്യിക്കണം ട്ടോ", തിരിച്ചും ഇത്രയും ആലോചിച്ച് സമയം പോയത് അറിഞ്ഞില്ല, അതാ ശാന്തവും, സ്വച്ഛവും, സന്തോഷവും, സമാധാനവും, സ്നേഹവും , കരുണയും വാത്സല്യവും, കരുതലും, നിറഞ്ഞുനിൽക്കുന്ന ആ സദനം എത്തി കഴിഞ്ഞു.

അവിടുത്തെ അന്തേവാസികൾ ഞങ്ങളുടെ വരവും പ്രതീക്ഷിച്ച് നിൽക്കുന്നുണ്ടായിരുന്നു. വൃദ്ധരായ മാതാപിതാക്കളുടെ മുഖങ്ങളിൽ ദുഃഖത്തിൻ്റെ വിവിധതരത്തിലുള്ള ഭാവങ്ങൾ, പ്രതീക്ഷകൾ, മനഃസംഘർഷങ്ങൾ, കാത്തിരിപ്പുകൾ ഇതെല്ലാം തളം കെട്ടിനിൽക്കുന്നത് വളരെ വേദനാജനകമായി അനുഭവപ്പെട്ടു.

സദനത്തിലെ മേലധികാരികളുമായി കുറച്ചു നേരം സൗഹൃദ സംഭാഷണം കഴിഞ്ഞു ഭക്ഷണം കഴിക്കാൻ അവരോടൊപ്പം ഇരുന്നു. ശേഷം വൃദ്ധജനങ്ങൾ ഓരോരുത്തരായി ഞങ്ങളോട് യാത്രയും പറഞ്ഞു അവരവരുടെ മുറിയിലേക്ക് ആയി പോയി മറഞ്ഞു.

പക്ഷേ എല്ലാവരും പോയിട്ടും ഒരു അമ്മ മാത്രം ഏകാന്തതയിൽ വിദൂരതയിലേക്ക് കണ്ണും നട്ട് ആ തിണ്ണയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ കുറച്ചുനേരം സൂക്ഷിച്ചു നോക്കി, വളരെ പരിചിതമായ മുഖം ആണല്ലോ അത്.

തലമുടിയാകെ നരച്ചു എന്നുമാത്രം എൻ്റെ ചിന്തകൾ വർഷങ്ങളുടെ പുറകിലേക്ക് സഞ്ചരിച്ചു, ഓർമ്മയുടെ വളയത്തിനകത്ത് സഞ്ചരിച്ചപ്പോൾ ആരാണെന്ന് വ്യക്തമായി, അതെ ഡിഗ്രിക്ക് സംസ്കൃത കോളജിൽ പഠിപ്പിച്ച സംസ്കൃതം ടീച്ചർ...

"അയ്യോ ടീച്ചറെന്താ ഇവിടെ ? വളരെ ചെറുപ്പത്തിലെ പ്രിയതമൻ്റെ ദേഹവിയോഗത്താൽ ഒറ്റപ്പെട്ടവൾ, കൂടാത അന്ന് രണ്ട് പിഞ്ചുമക്കളും, ടീച്ചറും ഒറ്റയ്ക്ക് ആയിരുന്നില്ലേ ? ഇപ്പോൾ ടീച്ചർ ഇവിടെ. ഈശ്വരാ എന്ന് ദീർഘനിശ്വാസത്തോടെ ടീച്ചറുടെ അടുത്തേക്ക് ചെന്നു വിളിച്ചു. ദേവി ടീച്ചറെ, എന്നെ ഓർമ്മയുണ്ടോ ? കുറച്ചു നേരം ആലോചിച്ചു മുഖത്തേക്ക് സസൂക്ഷ്മം വീക്ഷിച്ച ടീച്ചർ പറഞ്ഞു

"സൂര്യനാരായണൻ അല്ലേ?" അപ്പോൾ ടീച്ചർ എന്നെ മറന്നിട്ടില്ല അല്ലേ, എങ്ങനെ മറക്കാനാ കുട്ടി, നീയായിരുന്നില്ലേ, എല്ലാ വർഷവും യുവജനോത്സവ വേദിയിൽ സംസ്കൃത പദ്യോച്ചാരണത്തിന് പ്രഥമസ്ഥാനം നേടിയിരുന്നത്, മാത്രമല്ല ഞാൻ ആയിരുന്നില്ലേ കുട്ടി നിനക്ക് നാരായണീയത്തിലെ ശ്ലോകങ്ങൾ തിരഞ്ഞെടുത്തു തന്ന് തയ്യാറാക്കി വിടാറുള്ളത്...

അതൊക്കെ പോട്ടെ ടീച്ചർ എന്താ ഇവിടെ ആയത്, മക്കളൊക്കെ ? ഇതാണ് കുട്ടി വാർദ്ധക്യം ആയാൽ ചിലർക്ക് സംഭവിക്കുക എൻ്റെ ഉത്തരവാദിത്വമായിരുന്നു മകനെയും മകളെയും പഠിപ്പിച്ചു നല്ലനിലയിൽ എത്തിക്കുക എന്നത് ഞാൻ ഒറ്റയ്ക്ക് അദ്ദേഹത്തിൻ്റെ ദേഹവിയോഗത്തിനുശേഷം കടമകൾ ചെയ്തു.

മകൻ അമേരിക്കയിൽ കുടുംബമായി കഴിയുന്നു, മകൾ ബോംബെയിൽ കുടുംബമായി കഴിയുന്നു, പിന്നെ അദ്ദേഹത്തിൻ്റെ മരണശേഷം അവരെ വളർത്തി വലുതാക്കുമ്പോഴും മനസ്സിൽ കരുതിയിരുന്ന അവസാനവാസ സ്ഥലം വൃദ്ധസദനം ആയിരുന്നു.

മക്കൾക്ക് ഞാനൊരിക്കലും ഭാരം ആവരുത് എന്ന് പണ്ടേ ചിന്തിച്ചിരുന്നു. അതുകൊണ്ട് ദുഃഖമില്ല. ഇല്ല, ഇത് പറയുമ്പോഴും ടീച്ചറുടെ കണ്ണുകളിൽ ഒരു ദൈന്യതയുടെ കിരണം പ്രകാശിക്കുന്നുണ്ടായിരുന്നു.

ഔദ്യോഗിക കാലത്തെ പോലെ തന്നെ വളരെ ഉറച്ച കാൽവെപ്പുകളോടെ മാത്രമേ ഇപ്പോഴും ടീച്ചർ വാക്കുകൾ പറയുന്നതും പ്രവൃത്തികൾ ചെയ്യുന്നതും, ഇത്രയും സംസാരിച്ചതിനുശേഷം ടീച്ചർ ചോദിച്ചു ? സൂര്യനാരായണൻ എവിടെ താമസിക്കുന്നു? കുടുംബം മറ്റു കാര്യങ്ങൾ? എല്ലാം കേട്ടതിനു ശേഷം ടീച്ചർ പറഞ്ഞു.

ടീച്ചർക്ക് ഒരു ചെറിയ ആവശ്യം ഉണ്ടായിരുന്നു അതൊന്ന് എൻ്റെ മകൻ്റെ സ്ഥാനത്തുനിന്ന് നിറവേറ്റി തരുമോ ? എന്താ ടീച്ചർ പറയൂ എന്നെ ഒന്ന് തൃശ്ശൂർ നഗരത്തിന് അടുത്തുള്ള ഉള്ള സെൻറ് ആൻസ് ദേവാലയം വരെ കൊണ്ടുപോകണം. അവിടെ സെമിത്തേരി വരെ എത്തി ഒരാളെ കണ്ടു സംസാരിക്കാനുണ്ട്.

അത് ചെയ്യാമെന്ന് പറഞ്ഞു അപ്പോൾ തന്നെ ഒരുങ്ങാൻ ആവശ്യപ്പെട്ടു, എങ്കിലും ടീച്ചർ പറഞ്ഞു ഇപ്പോൾ വേണ്ട, കുട്ടി പോയിട്ട് നാളെ വരൂ. നാളെ വരാമെന്ന് പറഞ്ഞ് സൂര്യനാരായണൻ പോയി. പിറ്റേന്ന് രാവിലെ 10 മണിക്ക് സൂര്യനാരായണൻ കുടുംബസമേതം എത്തുകയും ടീച്ചർ പറഞ്ഞതുപോലെ പോലെ ടീച്ചറെയും കൂട്ടി പ്രിയ ശിഷ്യൻ പള്ളിയങ്കണത്തിൽ എത്തി.

നടക്കാൻ പ്രയാസമുള്ള ടീച്ചർ സൂര്യനാരായണൻ്റെ കൈപിടിച്ചു സെമിത്തേരി വരെ പോവാം എന്നു പറഞ്ഞു. സാവധാനം നടന്ന് അവിടെ എത്തിയ ടീച്ചർ കല്ലറ ലക്ഷ്യമാക്കി നടന്നു. അൽപനേരം രമ മൗനിയായി നിന്നതിനുശേഷം കല്ലറയിൽ തലവെച്ച് പ്രാർത്ഥിച്ചു.

15 മിനിറ്റ് കഴിഞ്ഞിട്ടും ടീച്ചർ അനങ്ങാത്തതു കണ്ടപ്പോൾ സൂര്യനാരായണൻ പതുക്കെ അടുത്തുപോയി വിളിച്ചു, കേൾക്കാതായപ്പോൾ തൊട്ടുനോക്കി അന്നേരം സൂര്യനാരായണൻ്റെ കൈകളിലേക്ക് ടീച്ചർ ചലനമറ്റ് വീണുപോയി.

Advertisment