Advertisment

അതിൽപിന്നെയാണ്... (കവിത)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

അവിഹിത ഗർഭം ധരിച്ച

ഏതോ പെണ്ണ്

കുപ്പത്തൊട്ടിയിലുപേക്ഷിച്ച

നവജാതശിശുപോലെ,

ആരോ

തെരുവോരത്തു പിഴുതിട്ട

ഒരു തൈ.

ചിറുങ്ങനെ വാട്ടം പിടിച്ചിട്ടുണ്ട്.

ഇടത്തോട്ടും വലത്തോട്ടും നീട്ടമുള്ള

തളർന്ന രണ്ട് വേരുകൾ.

മൊട്ടത്തലയെന്നു പേരുദോഷം

കേൾപ്പിക്കാതിരിക്കാൻ

ഒരു തളിരില; ഞെട്ടിൽ

ഒട്ടിപ്പിടിച്ചൊരു കൂമ്പ്.

കാലം മാർവേഷം കെട്ടി

നിസ്സഹായതയോടെ കണ്മുൻപിൽ

കിടന്നിരുന്നതുപോലെ...!

എൻറെ,

ഊഷരമായി കിടന്നിരുന്ന

ഏദൻതോട്ടത്തിൽ

ഇനിയൊരു വിത്തുപോലും

മുളക്കില്ലെന്ന ദൃഢപ്രതിജ്ഞ

ഈ കുഞ്ഞു തൈയ്ക്കുമുൻപിൽ

അടിയറവ് പറഞ്ഞു.

ഇതുവരെയുള്ള വിതുമ്പലുകളേയും

ഇന്നിൻറെ മിടിപ്പുകളേയും

സമം ചേർത്ത; പേരില്ലാത്ത

എന്തോ ഒന്ന്, കണ്ണുംപ്പൂട്ടി

അതിനു ചുറ്റും വിതറി.

കട്ടപ്പിടിച്ചുക്കിടക്കുന്ന നിണത്തെ

ആർദ്രമാക്കി ദിനവും തളിച്ചു.

ഓരോ രാവും പുലരുമ്പോൾ

ഓരോരോ കുതുകങ്ങളേകി

ഓരോ പരിണാമങ്ങളെനിക്കതു

സമ്മാനിച്ചുക്കൊണ്ടിരുന്നു.

അതിൻറെ,

അറ് സെൻറിമീറ്റർ നീളവും

അര സെൻറിമീറ്റർ വണ്ണവും

കൂടിക്കൂടി വന്നു.

മൊട്ടത്തല, പച്ചപ്പട്ട് വിരിച്ച

പുൽമേടുപോലെയാകാൻതുടങ്ങി.

ചില്ലകളും ഇലകളും പൂക്കളും

കായ്ക്കളും സമൃദ്ധമായത്

എന്നിലും വളർന്നു.

പിന്നീടെപ്പൊഴോവാണ്,

രാവിൻറെ പല യാമങ്ങളിലായി

ചരട് പറിഞ്ഞുപ്പോയ പട്ടങ്ങൾ

വീണ്ടുമെന്നിൽ

വിരുന്നെത്താൻ തുടങ്ങിയത്.

അതിൽപിന്നെയാണ്,

വെയിലോർമ്മകൾ മടങ്ങി വന്നതും

ചെറുകാറ്റിന്

ഉഷ്ണംവെയ്ക്കാൻ തുടങ്ങിയതും.

ഉറഞ്ഞുക്കിടക്കുന്ന അതിശൈത്യം

അഗ്നിസ്പുലിംഗങ്ങളായ്

ചിന്നിച്ചിതറി നൃത്തംവെയ്ക്കാനും

കാറ്റിൻറെ ചുംബനങ്ങൾക്കു

ചോപ്പ് കലർന്ന ഉപ്പ്

മണക്കാനും തുടങ്ങിയതും

അതിൽപിന്നെയാണ്.

കട്ടെടുത്ത അക്ഷരങ്ങൾ

ചുട്ടെടുത്ത കവിതകളായതും

തിരകൾ നഷ്ടമായ കടൽ

ആർത്തിരമ്പാനാരംഭിച്ചതും

നിലാവിനു ചന്തം തികഞ്ഞതും

ഋതുക്കളിലൂടെ മടക്കയാത്ര ചെയ്യാൻ

നീലമേഘത്തുണ്ടുകളെ ശേഖരിച്ച്

ആകാശനൗക പണിതതും

അതിൽപിന്നെയാണ്.

അതിൽപിന്നെയാണു ഞാൻ വീണ്ടും

ഋതുമതിയായതും

കായ്ക്കാനാരംഭിച്ചതും..!

-സതീഷ് കളത്തിൽ

Advertisment