Advertisment

അങ്ങാടിക്കാര്യം അടുക്കളപ്പാട്ട് (തുടര്‍ക്കഥ - 2)

author-image
nidheesh kumar
New Update

publive-image

Advertisment

പതിവ് പോലെ ഉച്ചയൂണ് കഴിഞ്ഞ് മറിയാമ്മ ഇടികുഴിയിലെ ചാരുകസേരയിലിരുന്നു. ഇന്ദിരയും ഏലിയാമ്മയും കൊച്ചുത്രേസ്യയും സാവിത്രിയും ഇപ്പോഴെത്തും. തുലാ മഴയുടെ മുന്നോടിയായി ഇടിമുഴക്കം കേട്ടുതുടങ്ങി.

“മോളീ..!” മറിയാമ്മ വിളിച്ചു.

“ കാച്ചിലുപുഴുങ്ങിയതും കാന്താരിച്ചമ്മന്തിയും കട്ടൻകാപ്പിയും.” മറിയാമ്മയുടെ പതിവ് വിളിയുടെ അർത്ഥം അറിയാവുന്ന മോളി ഇടികുഴിയിലേയ്ക്ക് ഇറങ്ങി വന്ന് ചിരിയോടെ പറഞ്ഞു.

“ ആ മതി.! ഇന്ദൂന്…? മറിയാമ്മ.

“ ഇന്ദുച്ചേച്ചിയ്ക്ക് പാൽകാപ്പിയും..” മോളി പറഞ്ഞത് കേട്ട് മറിയാമ്മ ചിരിച്ചു പോയി. ഇന്ദുവിന് കട്ടൻ കാപ്പി ഇഷ്ടമല്ല. കാപ്പിയിൽ പാലൊഴിയ്ക്കണം.

ഏലിയാമ്മയും ഇന്ദിരയും സാവിത്രിയും എത്തി.

“കൊച്ചെന്തിയേടീ.?” മറിയാമ്മ അവരോട് ചോദിച്ചു. കൊച്ചുത്രേസ്യയെ കൊച്ചെന്നാ എല്ലാവരും വിളിയ്ക്കുന്നത്.

“ ആണ്ടെ.. വരുന്നു.” മൂവരും ഇരുന്നുകൊണ്ട് ഒന്നിച്ച് പറഞ്ഞു.

“എല്ലാരും എത്തിയോ.?” എന്ന് ചോദിച്ച് കൊച്ച് ചിരിയോടെ മറിയാമ്മയുടെ അടുത്ത് കിടന്ന കസേരയിൽ ഇരുന്നു.

“ ആം…” എല്ലാവരും ഒന്നിച്ച് പറഞ്ഞു.

“ഇന്നും മഴയുണ്ടന്നാ തോന്നുന്നെ, ഇടികുടുങ്ങുന്നുണ്ട്.” ഏലിയാമ്മ പറഞ്ഞു.

“മഴ സാരമില്ലന്നേ..ഇടിയെയാ പേടി.” ഇന്ദിര.

“അതല്ലേലും നേരാ.. എന്നാ ഇടിയാ ഈയിടെയായി വെട്ടുന്നേ..” കൊച്ച്.

“ യ്യോ..അതൊന്നൂടെപ്പറയെന്റെ കൊച്ചേ…ഇടിവെട്ടുമ്പോൾ തുള്ളി വിറച്ചുപോകും.” കൊച്ച്ത്രെസ്യാ പറഞ്ഞതിനെ ശരിവച്ച് ഏലിയാമ്മ പറഞ്ഞു.

“ഇന്നലത്തെ ഇടിയിൽ ഞങ്ങടെ പോസ്റ്റിലെ ലൈനിൽ ഏതാണ്ട് കുഴപ്പമുണ്ടായി.” സാവിത്രി പറഞ്ഞ് തീരുന്നതിനു മുൻപേ മറിയാമ്മ പറഞ്ഞു.

“ അതാ.. അവിടെ വെളിച്ചം കാണാഞ്ഞെ.. ഞാനോർത്തു എന്നാപറ്റീന്ന്.”

“ ഇൻവർട്ടർ കുറെക്കഴിഞ്ഞപ്പോ ഓഫാകുകേം ചെയ്തു. അത് കൊണ്ട് ന്യൂസ് കാണാൻ പറ്റിയില്ല. ആ കൊച്ചിന്റെ അച്ഛനെ തല്ലിയവൻമാരെ പിടിച്ചോ.” സാവിത്രി.

“ഏതാടീ..! കാട്ടാക്കടേലെ സംഭവമാണോ..?” ഇന്ദു.

“ അതേന്നേ.! അയാളെ അവമ്മാരെല്ലാവരും കൂടി കോളറേ പിടിച്ചു വലിച്ച്, ഉന്തിത്തള്ളി അകത്തേക്ക് കൊണ്ടുപോയി ഇടിച്ചപ്പോഴത്തെ ആ കുഞ്ഞിന്റെ കരച്ചിൽ മനസ്സീന്ന് പോകുന്നില്ലടീ.” സാവിത്രി.

“ അത് നേരാ..! ഒരു പാവം മനുഷ്യൻ. അയാള് പഞ്ചായത്തിൽ ജോലി ചെയ്യുന്ന ആളാണന്നാ പറഞ്ഞത്. പാവം ലീവെടുത്ത് മകളുടെ കൺസഷന് വേണ്ടി മകളെയും കൂട്ടി പോയതാ.” കൊച്ച്.

“എടീ.. അയാൾ കൗണ്ടറിന് മുന്നിൽ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ പുറത്ത് നിന്ന് ഒരുത്തൻ അതേറ്റു പിടിച്ചതാ ആ പ്രശ്നം ഇത്രേം വഷളായത്. എന്നിട്ട് അവനങ്ങ് മുങ്ങി. ആ വീഡിയോയിൽ കണ്ടില്ലേ.!”

“ മര്യാദയില്ലാത്ത കൊറേ എണ്ണത്തിനെ തിരുകി കേറ്റീട്ടുണ്ട്. ഇവമ്മാരെക്കഴിഞ്ഞേ ഇവിടെ വേറെ ആൾക്കാര് ഉള്ളൂ എന്നാ വിചാരം. എന്നാ പവറും പത്രാസുമാ കാണിയ്ക്കുന്നേന്നെ.” ഏലിയാമ്മ.

“ അതല്ലടീ…രസം..ഈ അലവലാതികൾക്ക് വേണ്ടി എംഡി മാപ്പ് പറഞ്ഞിരിയ്ക്കുന്നു.”മറിയാമ്മ.

“ ഇവന്റെ ഒക്കെ ഒടുക്കത്തെ ഒരു യൂണിയൻ..! യൂണിയൻ കളിച്ചു കളിച്ച് കെഎസ്ആർടിസി യെ ഒരു പരുവമാക്കീന്ന് പറഞ്ഞാ മതീല്ലോ.” കൊച്ച്.

“ നമ്മുടെ ഒക്കെ നികുതി അല്ലേ ഇവമ്മാര് മുടിച്ചുകളയുന്നത്. ഒരു മനസ്സാക്ഷിക്കുത്തുപോലുമില്ല.” കൊച്ച്.

“ എടീ ആ അതിയാനില്ലേ..അവമ്മാരുടെ നേതാവ്..! അയാള് പറയുവാ, ആ കൊച്ചിന്റെ അച്ഛനെ വിശ്രമമുറിയിലിരുത്താൻ കൊണ്ടുപോയതാന്ന്. അല്ലാതെ ആരും തല്ലീട്ടും പിടിച്ചിട്ടും ഒന്നുമില്ല. ഫോട്ടോ എടുക്കാൻ ആ കൊച്ചും അച്ഛനും കൂടി പുറത്ത് നിന്ന് മനഃപൂർവ്വം ആളേം കൊണ്ട് വന്നതാ…എന്നൊക്കെ.” സാവിത്രി.

“ഏതായാലും ആ സംഭവം മൊബൈലിൽ പിടിച്ചത് കാരണം ലോകം അറിഞ്ഞു. അത് മൊബൈലിൽ എടുത്തയാള് കൊള്ളാം. ആ ഡിപ്പോയിൽ തന്നെയാണ് ജോലിചെയ്യുന്നയാളായിരുന്നു. അവന്മാരുടെ എതിർ യൂണിയനിലെ പ്രവർത്തകനായിരിയ്ക്കും.ഏതായാലും അയാളെ സ്ഥലം മാറ്റി.”

“ എന്റെ സാവിത്രീ…എനിയ്ക്കത് കേട്ടപ്പോളുണ്ടല്ലോ..ആ കിഴങ്ങേശ്വരനിട്ട് രണ്ടെണ്ണം പൊട്ടിയ്ക്കാൻ തോന്നി. ഇങ്ങനത്തെ മരപ്പാഴിനെ ഒക്കെ നേതാവാക്കിയാൽ പിന്നെ ഒരു പ്രസ്ഥാനം എങ്ങനെ നന്നാകാനാ.?” മറിയാമ്മ.

“ മറിയാമ്മേ..നീ ഓർക്കുന്നുണ്ടോ നമ്മള് കോളേജിൽ പോയിരുന്ന കെഎസ്ആർടിസി ബസ്. എന്ത് രസമായിരുന്നു അതിലെ യാത്ര. കണ്ടക്ടർമാരായ ഗോപാലകൃഷ്ണൻ ചേട്ടനും ഭാസ്ക്കരൻ ചേട്ടനും മത്തായിച്ചേട്ടനും തോമസ്കുട്ടിച്ചേട്ടനും, പിന്നെ അന്നത്തെ ഡ്രൈവർമാരും ഒക്കെ എത്ര നല്ലവരായിരുന്നു.” ഏലിയാമ്മ.

“ അതെയതെ..! ഒരാളോട് പോലും മോശമായി പെരുമാറീട്ടില്ല…അവരാരും തന്നെ. ഓഫീസിൽ നമ്മൾ കൺസഷൻ പുതുക്കാൻ ചെല്ലുമ്പോഴും സ്വന്തം മക്കളോടെന്നപോലെയായിരുന്നു പിള്ളേരോടൊക്കെ അവരുടെ ഇടപെടൽ.” മറിയാമ്മ.

“ റോഡ്ലൈൻസും, റോബിനും, പീറ്റീയെമ്മസ്സും, കെയെമ്മസ്സും ഒക്കെ ഉണ്ടെങ്കിലും ആളുകൾ കെഎസ്ആർടിസി നോക്കി നിന്നു കയറാറില്ലേടീ..! പത്ത് പൈസ സർക്കാരിന് കിട്ടട്ടെ എന്ന ആഗ്രഹവും, പിന്നെ അതില് യാത്ര ചെയ്യുമ്പോഴുളള ഒരു അന്തസ്സും സുരക്ഷയും ഒന്ന് വേറെതന്നെയായിരുന്നു.” ഏലിയാമ്മ എല്ലാവരോടുമായി പറഞ്ഞു.

“ ഒരു കെഎസ്ആർടിസി ബസ് അനുവദിച്ചു കിട്ടാൻ നാട്ടുകാർ ഏതറ്റം വരെയും പോകുമായിരുന്നു.” ഇന്ദു.

“ എടീ.. അത് പറഞ്ഞപ്പളാ ഒരു കാര്യം ഓർത്തത്..” കൊച്ച് പറഞ്ഞപ്പോൾ എല്ലാവരും കൊച്ചിനെ ആകാംക്ഷയോടെ നോക്കി. എന്താടീ.. അത് എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം.

“ എടീ..നമ്മുടെ ജൂനിയറായിരുന്ന ഒരു കൊച്ചില്ലാരുന്നോ…ളാക്കാട്ടൂരുന്നു വരുന്നത്..എന്നതാ അവളുടെ പേര്…മറിയാമ്മേ.. നിന്റെ വലിയ ഫാനായിരുന്നു ആ കുട്ടി.”

മറിയാമ്മ പെട്ടെന്ന് പറഞ്ഞു.” മായ കൊറ്റമംഗലം, നമ്മടെ കൊറ്റി.”

“ എടീ.. അവളുടെ ബന്ധത്തിലുള്ള, കോൺഗ്രസ്സ് നേതാവിന്റെ കാര്യം പറയാറില്ലാരുന്നോ..” കൊച്ച്.

“ കൊറ്റമംഗലം വസുമതിയമ്മ. ആ.. ഇപ്പോൾ…നീ പറഞ്ഞു വരുന്നത് എനിയ്ക്ക് മനസ്സിലായി.” മറിയാമ്മ ഇന്ദുവിനെയും സാവിത്രിയെയും ഏലിയാമ്മയെയും നോക്കി. അവർക്ക് ഈ കഥയൊന്നും അറിയത്തില്ല. അവരെ ഇവിടെ കല്യാണം കഴിച്ചു കൊണ്ട് വന്നതാണ്.

“ അതെന്നാന്നോ..! ഈ വസുമതിയമ്മ ഉണ്ടല്ലോ..! ചില്ലറക്കാരിയല്ലായിരുന്നു. കോൺഗ്രസ്സിന്റെ സംസ്ഥാന നേതാവും, മഹിളാ കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷയും ആയിരുന്നു. വലിയ പണക്കാരിയും കുലീനയും ആഢൃത്വം ഉള്ള ആളുമായിരുന്നു. നൂറുകണക്കിന് ഏക്കർ വസ്തുവിന്റെ ഉടമയായിരുന്നു. കൂരോപ്പട, ളാക്കാട്ടൂരായിരുന്നു അവരുടെ വീട്. ആ നാട്ടുകാർക്ക് ബസ്സ് കയറി എങ്ങോട്ടെങ്കിലും പോകണമെങ്കിൽ കിലോമീറ്ററോളം നടക്കണമായിരുന്നു.

നാട്ടുകാരുടെ യാത്രാക്ലേശം പരിഹരിക്കാൻ, കോട്ടയത്ത് നിന്ന് ളാക്കാട്ടൂരേയ്ക്ക് ഒരു കെഎസ്ആർടിസി ബസ് സർക്കാരിനെക്കൊണ്ട് അനുവദിപ്പിച്ചു. മാത്രമല്ല, ട്രിപ്പ് നഷ്ടം വന്നാൽ അത്രയും തുകയ്ക്കുള്ള ടിക്കറ്റ് വാങ്ങി നഷ്ടം നികത്തുകയും ചെയ്തിരുന്നു. പിന്നെ കണ്ടക്ടർക്കും ഡ്രൈവർക്കും രാത്രി കിടക്കാൻ കവലേലുള്ള അവരുടെ കെട്ടിടത്തിൽ ഒരു മുറിയും കൊടുത്തു. വസുമതിയമ്മേടെ സ്വന്തത്തിൽപ്പെട്ട കുട്ടിയായിരുന്നു മായ. അന്ന് മായ ഞങ്ങളോട് ഈ കാര്യം പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു അല്ലേ കൊച്ചേ..!”

“ അത് പറഞ്ഞപ്പളാ, പാലായിൽ നിന്നും കാഞ്ഞിരമറ്റത്തേയ്ക്ക് ഒരു കെഎസ്ആർടിസി ബസ് അനുവദിച്ച കഥ ചാച്ചൻ പണ്ട് പറഞ്ഞത് ഓർത്തത്. അതും ഏതാണ്ട് ഇതുപോലെ തന്നെയാണ്. നാട്ടുകാരും അന്നത്തെ കാഞ്ഞിരമറ്റം പള്ളീലെ വികാരിയച്ചനും ഒക്കെ ആ വണ്ടി അനുവദിപ്പിച്ചതിന്റെ പിന്നിൽ ഉണ്ടായിരുന്നു. കണ്ടക്ടർക്കും ഡ്രൈവർക്കും രാത്രി കിടക്കാൻ പള്ളിവക കെട്ടിടം സൗജന്യമായി നൽകുകയും ചെയ്തു. ചാച്ചന്റെ അനിയൻ വർക്കിപ്പാപ്പൻ തോടനാലാ താമസിയ്ക്കുന്നത്. അവരുടെ വീടിന് മുന്നിലൂടെയാണ് ആ ബസ് ഓടുന്നത്.

“ ഇന്ന്..എന്നതാ ഇവമ്മാര് കാണിയ്ക്കുന്നേ..! നല്ലപോലെ ആ ബസ്സ് ഒന്ന് കഴുകുകപോലുമില്ല. ആദ്യം റോഡിലോട്ടിറക്കിയപ്പോൾ പറ്റിപ്പിടിച്ച പൊടീം അഴുക്കും പത്തുവർഷം കഴിഞ്ഞാലും കാണും. യൂണിയൻ കളിയ്ക്കുന്നു. കെഎസ്ആർടിസി സ്റ്റാൻഡിലോട്ട് കേറാൻ തോന്നത്തില്ല. അവമ്മാരുടെ യൂണിയന്റെ കുറേ പോസ്ററുകൾ ഒട്ടിച്ച് ഭിത്തിമുഴുവൻ വൃത്തികേടാക്കി. കൊടിയും തോരണങ്ങളും യാത്രക്കാർക്ക് നടക്കാൻ പറ്റാത്തവിധം ആ തിണ്ണേലൊക്കെ വലിച്ച് കെട്ടി അലങ്കോലമാക്കി വയ്ക്കും.” ഇന്ദു.

“ ഇതൊക്കെ കണ്ടിട്ടായിരിയ്ക്കും പൊതുസ്ഥലങ്ങളിലെ കൊടിതോരണങ്ങളും ഫ്ലക്സുകളും നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.”

“ യാത്രകാർക്കായി വൃത്തിയുള്ള മൂത്രപ്പുരയോ കക്കൂസോ ഉണ്ടോ ഏതെങ്കിലും ഡിപ്പോയിൽ.! നാറീട്ട് ആ പരിസരത്ത് കൂടി പോകാൻ പറ്റത്തില്ല. യൂട്ടിലിറ്റി ചാർജ്ജ് വാങ്ങാനിരിയ്ക്കുന്നവനാണങ്കിൽ ഫുൾ തണ്ണിയും. അവൻ കുറെ കുമ്മായവും അതിനകത്ത് വാരിവിതറി ഏതാണ്ട് വലിയ കാര്യം ചെയ്തപോലിരിയ്ക്കും.” ഇന്ദു

“ അവനെ ഒന്നും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആ നാറ്റം സഹിച്ച് അവനവിടെ ഇരിയ്ക്കണമെങ്കിൽ വെള്ളമടിച്ചല്ലേ പറ്റൂ..” മറിയാമ്മ പറഞ്ഞപ്പോൾ എല്ലാവർക്കും ചിരി വന്നു. “അതല്ല.. പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റത്തെ കുറിച്ച് വിദേശത്ത് പോയവരെന്നതാ പഠിച്ചേച്ച് വന്നതെന്ന് ആർക്കറിയാം” മറിയാമ്മ ബാക്കി തുടർന്ന് പറഞ്ഞു.

“ ഒരു കാര്യോം ഇല്ലടീ..എന്നാ പഠിച്ചേച്ച് വന്നാലും ഇവിടെ ഒന്നും നടത്താൻ യൂണിയൻ തലപ്പത്തിരിയ്ക്കുന്ന കിഴങ്ങൻമാർ സമ്മതിയ്ക്കണ്ടേ..! കോർപറേഷന്റെ നൂറ് കോടി കാണാനില്ല എന്ന് ഓഡിറ്റിംഗിന് ശേഷം വ്യക്തമായപ്പോൾ അതന്വേഷിയ്ക്കാൻ ഉത്തരവിട്ട സിഎംഡിയെ രായ്ക്കുരാമാനം പറപ്പിച്ചവരാണ് യൂണിയൻ നേതാക്കൾ.” കൊച്ച്

“ എല്ലാ ദിവസവും കേക്കാം.. കെഎസ്ആർടിസി നഷ്ടത്തിലെന്ന്..എന്നാപ്പിന്നെ ഇതങ്ങോട്ട് നിർത്തീട്ട് സ്വകാര്യ വ്യക്തികൾക്ക് ആ റൂട്ടങ്ങോട്ട് കൊടുക്കരുതോ.! ഇന്ദു.

“ അതുമല്ലെങ്കിൽ..ഓരോ ഡിപ്പോയും അവിടുത്തെ ജീവനക്കാർ തന്നെ നടത്തട്ടെ.. വണ്ടി ഓടിച്ച്, ലാഭം ഉണ്ടാക്കി ആ ഡിപ്പോയിലെ ജീവനക്കാർ ശമ്പളം എടുക്കുകയും വണ്ടിയുടെ അറ്റകുറ്റപ്പണികൾക്കും ഡീസലിനും മറ്റ് ചിലവുകൾക്കും വന്ന തുക കഴിച്ച് ബാക്കി വരുന്ന തുക കോർപ്പറേഷനിൽ അടയ്ക്കുകയും ചെയ്യട്ടെ. കൃത്യമായ ഓഡിറ്റിംഗും അത്യാവശ്യമാണ്. ഇന്ദു പറഞ്ഞോണ്ടിരുന്നു.

പെട്ടെന്നായിരുന്നു ഇടിയും മിന്നലും വന്നത്. “എന്റീശോയേ..!” കൊച്ചും ഏലിയാമ്മയും ഒന്നിച്ച് ദൈവത്തെ വിളിച്ചു. ഇന്ദുവും സാവിത്രിയും കാതുകൾ പൊത്തി. മറിയാമ്മ ഇതെല്ലാം കണ്ട് ചിരിച്ചു. പുറത്ത് മഴ പെയ്തു തുടങ്ങി.

“ എന്നായിനി ഇത് കൂടി കഴിച്ചോണ്ട് വർത്തമാനം പറഞ്ഞാട്ടെ.” മോളി, ആവി പറക്കുന്ന കാച്ചില് പുഴുങ്ങിയത് ഒരു ചെറിയ കൊട്ടയിൽ കൊണ്ടുവന്നത് ടീപോയയിൽ വച്ചു. കാന്താരിച്ചമ്മന്തി ഒരു കോപ്പയിൽ ഉണ്ടായിരുന്നതും എടുത്ത് വച്ചു. എല്ലാവർക്കും കഴിയ്ക്കാനുള്ള പാത്രങ്ങളും നിരത്തി. കട്ടൻ കാപ്പിയും ഗ്ലാസ്സുകളും ആയി ജാൻസി പുറകെ വന്നു.

“ ഇത് ഇന്ദുച്ചേച്ചിയ്ക്ക്..” ജാൻസി ചിരിച്ചോണ്ട് പാലൊഴിച്ച കാപ്പി ഇന്ദിരയുടെ നേരെ എടുത്ത് വച്ചു.

“ ആഹാ..നീലക്കാച്ചിലാണല്ലോ..!” എല്ലാവരും കൂടി ഒന്നിച്ചാണ് പറഞ്ഞത്.

“ ഇന്നെന്നാരുന്നു ചർച്ച.” മോളി.

കൊച്ച്, കാച്ചിലിന്റെ ഒരു കഷണം കാന്താരിച്ചമ്മന്തിയിൽ മുക്കിക്കൊണ്ട് പറഞ്ഞു. “ കാട്ടാക്കട.”

“ ആ പാവത്തിനെ ഉപദ്രവിച്ചത് വളരെ കഷ്ടമായിപ്പോയി അല്ലേ ചേച്ചിമാരേ..! മോളി

മറിയാമ്മ ചാരുകസേരയിൽ നിന്ന് മുന്നോട്ട് ആഞ്ഞ് കാച്ചിലിന്റെ ഒരു കഷണം എടുത്തോണ്ട് പറഞ്ഞു.“എന്നാ പറയാനാ മോളീ..! ഇങ്ങനെ ഒക്കെ ആയാൽ പുറത്തിറങ്ങാൻ മനുഷ്യര് പേടിയ്ക്കണം.”

കാച്ചിലും കാന്താരിയും ആസ്വദിച്ച് കഴിച്ച് കൊണ്ട് ഏലിയാമ്മ പറഞ്ഞു. “ ഉഗ്രൻ.. രുചിയാ.. എന്റെ മറിയാമ്മേ.! മോളീ..നിന്റെ കാന്താരിച്ചമ്മന്തി കൊള്ളാം. കാച്ചില് നല്ലപോലെ വേകുകയും ചെയ്തിട്ടുണ്ട്.”

കൊച്ച്, കട്ടൻകാപ്പി ഊതി, ഒന്ന് കുടിച്ചിട്ട്, “ ഈ തുലാമഴയത്ത് കാച്ചിലും കാന്താരിയും കട്ടൻ കാപ്പിയും..എന്നാ ഒരു കോമ്പിനേഷനാ അല്ലേ..!”

ഇന്ദിര കാന്താരിച്ചമ്മന്തിയിൽ വിരൽ മുക്കി നാക്കിൽ വച്ച്, നാക്കിന്റെ മദ്ധ്യഭാഗം വായുടെ മുകളിൽ ചേർത്ത് വെച്ച് “ ട്റ്റ് “ എന്ന് ശബ്ദമുണ്ടാക്കി എരിവ് ആസ്വദിച്ച് പറഞ്ഞു.” യ്യോ.. അത് പിന്നെ പറയാനുണ്ടോ.. എന്നാ രസമാന്നേ.!”

മറിയാമ്മ കട്ടൻ കാപ്പിയുടെ ഗ്ലാസ്സ് എടുത്ത് കസേരയിൽ ചിരിക്കിടന്നു.

മോളി, കാച്ചിൽ കൊണ്ടുവന്ന കൊട്ടയും കഴിച്ച പാത്രങ്ങളും എടുത്ത് അടുക്കളേലേയ്ക്ക് കയറുമ്പോൾ തിരിഞ്ഞു നിന്ന് ചോദിച്ചു, “ അയാളെ ഉപദ്രവിച്ചവരെ ജോലീന്ന് പുറത്താക്കുമോ..?”

“ഓ.. ആര് പുറത്താക്കാൻ.?”

മഴ തകർത്ത് പെയ്ത് കടന്ന് പോയി. ഇടിയും മിന്നലും കിടങ്ങൂരോ മറ്റോ പോയി പട വെട്ടുന്നു.

ടീപ്പോയ് തുടയ്ക്കാൻ വന്ന ജാൻസിയോട് മറിയാമ്മ. “ ജാൻസീ..ആ ടീവി ഒന്ന് ഓൺ ചെയ്തേ.. വാർത്ത നോക്കട്ടെ.”

ഇടികുഴിയിലെ പഴയ ടീവി ജാൻസി ഓണാക്കി. വാർത്ത തുടങ്ങിയിരുന്നു.. അവതാരകൻ വായിച്ചു. “ഇപ്പോൾ കിട്ടിയ വാർത്ത.!” എല്ലാവരും സാകൂതം ടീവിയിൽ നോക്കി.

“ ചിറയിൻകീഴിൽ കെഎസ്ആർടിസി ബസിൽ കയറിയ യാത്രക്കാരെ അസഭ്യം പറഞ്ഞ് വനിതാ കണ്ടക്ടർ. സ്ത്രീകളെയും പുരുഷന്മാരെയും കേട്ടാലറയ്ക്കുന്ന അസഭ്യവർഷത്തിൽ കുളിപ്പിച്ച് വനിതാകണ്ടക്ടർ. യാത്രക്കാർ ബസിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങി ഓടി.”

“ ആണ്ടെ കിടക്കുന്നു.. അടുത്തത്.! എങ്ങനുണ്ട്.!ഇവരൊന്നും നന്നാകത്തില്ലന്നേ..! കെഎസ്ആർടിസി യിലെ നല്ല ജീവനക്കാർക്ക് കൂടി പേരുദോഷം കേൾപ്പിക്കാൻ ഇറങ്ങിയിരിയ്ക്കുന്നു.! അവളുടെ ചെപ്പക്കുറ്റി അടിച്ചുപൊളിയ്ക്കാൻ അവിടെ ഒരുത്തനും ഇല്ലാരുന്നോ.?” മറിയാമ്മ.

“ നാളെ ഇനി അതിയാൻ പറയും, അസഭ്യം പറഞ്ഞിട്ടില്ല.. ഞങ്ങള് വിശദമായി അന്വേഷിച്ചു.. ഒരു യാത്രക്കാരിയുടെ കുഞ്ഞ് കരഞ്ഞപ്പോൾ താരാട്ട് പാടിക്കൊടുത്തതാ.. കുഞ്ഞുങ്ങൾ കരഞ്ഞാൽ.. വിഷമം ഉണ്ടാകത്തില്ലേ..കണ്ടക്ടർ ഒരു സ്ത്രീ ആയിപ്പോയില്ലേ.. താരാട്ട് പാടിപ്പോകും. മനുഷ്യരാകണ്ടേ.!” കൊച്ച് കളിയാക്കി. കൂട്ടച്ചിരി ഇടികുഴിയിൽ അലതല്ലി.

“ മറിയാമ്മേ.! ഞങ്ങളിറങ്ങുവാ..നാളെക്കാണാം.”

“പോകുവാണോ..?” ഇച്ചിരി കൂടി കഴിഞ്ഞ് പോകാടീ..!”

“പോട്ടടീ..! ഇത്രേം നേരം ഇവിടെ ഇരുന്നില്ലേ.” എല്ലാവരും ഒന്നിച്ച് എഴുന്നേറ്റു.

മറിയാമ്മയുടെ മൊബൈൽ റിംഗ് ചെയ്തു. മൊബൈലിൽ നോക്കിയിട്ട് അവരോട് പറഞ്ഞു, “ എന്നാ അങ്ങനെ ആട്ടെ. നാളെ വന്നേക്കണേ..!” ടിജിമോളാ..!പറ..മക്കളേ…!”

Advertisment