Advertisment

അപ്രത്യക്ഷരാകുന്നവർ (കവിത)

author-image
nidheesh kumar
New Update

publive-image

Advertisment

തീരത്ത്

ഒരു പെൺകുട്ടിയെ മാത്രം

നോക്കികൊണ്ടിരിക്കുകയാണ്

അയാൾ

ജപമാല വിൽപ്പനക്കാരൻ

സ്വപ്നങ്ങൾ കൊണ്ട്

ചിറകുതുന്നിയ

പൂമ്പാറ്റ പോലൊരു കുട്ടി

തിരകളിലേക്കോടിയിറങ്ങുന്നു

ഒരു കുന്നിൻ മുകളിൽ നിന്നും

കടലിലേക്കൂർന്നു വീഴുന്ന

നക്ഷത്രംപോലെ..

അവളുടെ നീലക്കണ്ണുകളിൽ നിന്നും

കൊള്ളിയാനുകൾ

പുറപ്പെടുന്നു

ആകാശത്തൊരു

വിഷുക്കാലം തീർത്ത്

അവ പൊട്ടിച്ചിതറുന്നു

ഇപ്പോൾ

തിരമാലകൾക്കു മുകളിലൊരു

ഡോൾഫിൻ കുഞ്ഞിനെപ്പോലെ

അവൾ നൃത്തം ചെയ്യുകയാണ്

ആടിയും ,ഉലഞ്ഞും

നനഞ്ഞും ചിതറിയുമവൾ

ആരൊക്കെയോ

അവളെ വാരിയെടുക്കുന്നു

ഉമ്മവെയ്ക്കുന്നു

അവളോടൊപ്പം

തിരത്തലപ്പുകളിൽ

നൃത്തം ചെയ്യുന്നു

ഇരുട്ടിന്റെ

കനം കീറി നിയോൺവെട്ടം

പരക്കുമ്പോഴും

അയാൾ

അവളെ തന്നെ നോക്കികൊണ്ടിരിക്കുകയാണ്

അനതിസാധാരാണമായ

ഒരു വെളിച്ചമയാളുടെ

കണ്ണിലിടം പിടിച്ചിട്ടുണ്ടാവണം

അതുകൊണ്ടായിരിക്കാം

താടിരോമങ്ങൾക്കിടയിൽ

അവ വജ്രം പോലെ

തിളങ്ങിക്കൊണ്ടിരിക്കുന്നത്

ഇപ്പോൾ

കടലിരമ്പങ്ങൾക്കു പകരം

തിരത്തലപ്പിലൊരു

കരച്ചിൽ ഉടഞ്ഞുവീഴുന്ന

ശബ്ദമാണ്

നക്ഷത്രങ്ങൾക്കു പകരം

പൂമ്പാറ്റകൾ

ചത്തുവീഴുന്നതുപോലൊരു

കനൽക്കാഴ്ച്ച

പൊടുന്നനെ

എരിഞ്ഞു തീർന്നൊരു

കൊള്ളിയാൻ പോലെ

അവളെങ്ങോട്ടായിരിക്കും

അപ്രത്യക്ഷമായിട്ടുണ്ടാകും?

അവളിലേക്കു തന്നെ

ഉറ്റുനോക്കിയ

ഒരുത്തന്റെ

കടൽക്കാഴ്ച്ചയെ

ആരായിരിക്കും

ഓർത്തുവച്ചിട്ടുണ്ടാവുക?

Advertisment