Advertisment

പ്രിയപ്പെട്ട ക്ലാര... നീയിപ്പോൾ എവിടെയാണ് ? (കവിത)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

നുരഞ്ഞുപ്പോയ വീര്യം

നുണഞ്ഞിരിക്കുമ്പോൾ:

പ്രിയപ്പെട്ട ക്ലാര..,

നീയിപ്പോൾ എവിടെയാണ്?

ആവർത്തനത്തിലൂടെ

വിരസമാക്കപ്പെടുന്ന

വിശുദ്ധ പ്രണയങ്ങളിൽ

അവിശ്വാസമെഴുതിച്ചേർത്ത്;

വിലക്കുകളുടേയും

വീണ്ടുവിചാരങ്ങളുടേയും

തടങ്കൽപാളയത്തിൽനിന്നും

സ്വാതന്ത്ര്യം പ്രഖ്യാപിച്ച്;

ഉപരിപ്ലവങ്ങളായ

പ്രണയാഖ്യാനങ്ങളെ

പുറംകാലാൽ നിരാകരിച്ച്;

പ്രണയത്തിൽ,

ഉദാരവല്‍ക്കരണമേർപ്പെടുത്തി;

പ്രണയത്തിൻറെ പറവയായി

സ്വയം അവരോധിക്കപ്പെട്ട

നിന്നെയല്ലാതെ മറ്റാരെയാണ്

എനിക്കു പ്രണയിക്കാനാവുക?

ഓരോ നിശ്വാസത്തിലും

പ്രണയത്തിൻറെ രതി

ഒളിപ്പിച്ചുവെച്ചിരുന്ന നിന്നെ

ഉണർന്നിരിക്കുന്ന പൗരഷങ്ങൾക്കെങ്ങനെ

പ്രണയിക്കാതിരിക്കാനാകും?

എൻറെ

ചൂണ്ടുവിരലിനും

നടുവിരലിനുമിടയിൽ എരിഞ്ഞിരുന്ന

ചാർമിനാറിൻറെ ഗന്ധം,

നിൻറെ ചുണ്ടുകളിൽനിന്നും

ഞാനുമ്മവെച്ചെടുക്കുമ്പോൾ...

ഞാൻ വലിച്ചു തീർത്ത

ചാർമിനാറിൻറെ രുചി,

എൻറെ ചുണ്ടുകളിൽനിന്നും

നീ വലിച്ചെടുക്കുമ്പോൾ...

എൻറെ

കറുത്തുത്തടിച്ച ചുണ്ടുകളിൽ

പഴുത്തു പാകമായൊരു

സൂര്യഗോളത്തിൻറെ

ചുകപ്പ് പടരുന്നത്

നിൻറെ കണ്ണുകളിലല്ലാതെ

മറ്റെവിടെയാണ്

ഞാൻ കണ്ടിട്ടുള്ളത്?

അതിർത്തി കെട്ടിത്തിരിക്കാത്ത

കടൽഭിത്തികൾക്കടിയിലും

കാവൽക്കാരില്ലാത്ത

പാറക്കൂട്ടൾക്കിടയിലും നമ്മൾ

നഗ്നതയെയണിഞ്ഞു കിടന്നപ്പോൾ...

മാറുകളിലും നാഭികൾക്കടിയിലും

പൊടിഞ്ഞു വീണിരുന്ന

വിയർപ്പുക്കണങ്ങളെ

പരസ്പരം നക്കിത്തുടച്ച്,

അച്ചാറിന്

കടലിൻറെ ഉപ്പിനേക്കാൾ

കടുപ്പം കൂടുതലാണെന്ന്

ഹുഹോയ്... ന്നും പറഞ്ഞ്,

ഊരിയെടുത്ത അടിവസ്ത്രങ്ങൾ

കടലമ്മയുടെ മുഖത്തേക്ക്

വലിച്ചെറിഞ്ഞപ്പോൾ...

കാർപ്പിച്ചുവന്ന കഫം

അടിവയറ്റിൽ ദഹിക്കാതെ

കിടന്നിരുന്നതടക്കം

ഊക്കനെ ഭൂമിയിലേക്ക് തുപ്പി,

ഒഴിഞ്ഞു കിടന്നിരുന്ന

ഒറ്റ പ്ലാസ്റ്റിക്ക് കപ്പിൽ

പ്രണയത്തിൻറെ ചുമപ്പ്

വീണ്ടും വീണ്ടും നിറച്ച്,

ഒറ്റവലിയിൽ തീർക്കാതെ

ഒരു സിപ്പ് നീയും

ഒരു സിപ്പ് ഞാനും

മോന്തിക്കൊണ്ടിരുന്നപ്പോൾ...

കൈകൾ പിണച്ചുക്കെട്ടാതെ

കാലുകൾ വാലുകളാക്കി

ഇറുക്കിക്കെട്ടി,

വലകടിയൻ പാമ്പുകളെപോലെ

കടൽപ്പരപ്പിലെ ഓളങ്ങൾക്കൊപ്പം

നമ്മളങ്ങനെ പൊങ്ങിക്കിടന്നപ്പോൾ...

മുകളിൽ,

വെള്ളവയറൻ പരുന്തുകൾ

വട്ടംചുറ്റിയിരുന്നത്

കണ്ടില്ലെന്നു നടിച്ചിരുന്നു നമ്മൾ.

മേടച്ചൂടകന്നപ്പോൾ,

കനംവെച്ച

തണുത്ത കാറ്റിൽ മയങ്ങിപ്പോയ

എൻറെ പൗരഷത്തിനെ നീ

ചുംബനങ്ങൾകൊണ്ടുണർത്തുമ്പോൾ,

എൻറെയും നിൻറെയും

പ്രണയത്തിൻറെ സ്വാതന്ത്ര്യം

ചിറകുകളില്ലാതെ പറന്നുയരുമായിരുന്നു.

വിസ്തൃതമായ എൻറെ

വലതുചുമലിൽ നിൻറെ

വീർത്തുന്തിയ മാംസളം

അമർത്തിവെച്ചിരുന്ന്

അന്നു നീ പറഞ്ഞത്

ഞാനിപ്പോഴും ഓർക്കുന്നു,

"ഉടമ്പടികളിൽ ഞാൻ വിശ്വസിക്കുന്നില്ല.

നീയെന്നല്ല,

അന്യനെന്ന് വിധിക്കപ്പെടുന്ന

ഒരു പുരുഷനും എനിക്കന്യനല്ല;

അവരെല്ലാം എൻറെ പ്രണയങ്ങളാണ്..."

പ്രിയേ...,

വെളുത്ത കണ്ണുകളും

വെളുത്ത കാലുകളുമുള്ള

കുതിരയെപോലെ,

അതിരുകളില്ലാത്ത പ്രണയങ്ങളിൽ

അശ്വമേധങ്ങളെ തേടിയുള്ള

നിൻറെ യാത്രകളിൽ

നീയിപ്പോൾ എവിടെയായിരിക്കും?

ഈ ഡിസംബറിലെ

അവസാന മഞ്ഞും പെയ്തൊഴിയുന്ന;

ഈ നനുത്ത രാത്രിയിലെ

അരണ്ട വെളിച്ചത്തിൽ,

ഏതോ ചക്രവാകം മീട്ടുന്ന

വിരഹ സംഗീതത്തിൻറെ

നേർത്ത അകമ്പടിയിൽ,

ചില്ലുഗ്ലാസ്സിലെ,

നുരഞ്ഞുപ്പോയ വീര്യം

നുണഞ്ഞിരിക്കുകയാണ് ഞാൻ..!

-സതീഷ് കളത്തിൽ

Advertisment