Advertisment

മരണവാതിൽ (കവിത)

author-image
nidheesh kumar
New Update

publive-image

Advertisment

മരണവാതിലിന് ഭംഗിയേറെയുണ്ട്.

ഒരാൾ പൊക്കത്തിൽ

നെഞ്ചുവിടർത്തി

ശിരസ്സുയർത്തി

ഉയർന്നു നിൽക്കുന്നു.

നാല് വശങ്ങളും

പൂക്കൾക്കൊണ്ട്

അലങ്കരിതമാണ്.

ഞാനാ വാതിലിനപ്പുറമുള്ള

ലോകം കാണാൻ കൊതിച്ചു.

വാതിലിനോട് ചേർന്നൊരു

ജാലകമുണ്ട്.

ജാലകകണ്ണാടിയിൽ ഭൂമിയുണ്ട്.

ജാലകത്തിനപ്പുറം

കൊതിച്ചലോകവും!

ടോക്കൺ നമ്പർ

പ്രകാരമെന്റെയൂഴമെത്തി.

അംഗത്വനമ്പർ ലഭിക്കണമെങ്കിൽ

നാലുവരിയിൽ ജീവിതക്കുറിപ്പ്

എഴുതിനൽകണമത്രെ!

പുതിയ നിയമം.

നിയമപുസ്തകത്തിലേ

പുതിയ ഭേദഗതി!

മരിക്കും വരെ ജീവിച്ചിരുന്നുവെന്നു

മറന്നുപോയ ഒരുവനാണ് ഞാൻ.

ജീവിതമെന്തെന്നു തിരിച്ചറിയാത്ത

കോടികളിൽ ഒരുവനും.

വെറുതെ ജനിച്ച് മരിച്ചൊരുവന്

നാലുവരികളെഴുതാൻ

മാത്രമില്ല,

ജീവിതം!

ഒടുവിൽ ഇവടെയും

പിന്തള്ളപെട്ടുവെന്ന്

ബോധ്യമായപ്പോൾ.

പിന്തിരിഞ്ഞു.

ആരോ വിളിച്ചോതി.

ശരീരം വെന്ത് തീർന്നില്ലേൽ

നിനക്ക് അവസരമുണ്ട്.

ശരീരം അഗ്നിയിൽ

അടർന്നുവീണുതുടങ്ങി കാണുമോ?

വെന്ത് പകമായാൽ

പുത്രനും പൗത്രനും ആവോളം

കൊതിയോടെ ഭക്ഷിക്കും.

മരണവാതിലിൽ നിന്നും

പുറത്താക്കപ്പെട്ടവന്

മുദ്രണം ചാർത്തപെട്ടുകഴിഞ്ഞു.

ഈവാതിൽ കടക്കുമൊരിക്കൽ

ഞാനും....

ജീവിതം കൊണ്ട്

കഥകൾ മെനയും.

ഒടുവിൽ ജീവിതക്കളികളത്തിലേക്ക്

ഒരവസരം കൂടി ലഭിച്ചൊരാളെന്ന

ലേബൽ സ്വയം ചാർത്തിയിറങ്ങി.

മക്കൾ നാലും കലഹം തന്നെ.

അനാഥമായ ശവം

തണുത്തുറഞ്ഞ്

കണ്ണാടികൂടിനുള്ളിൽ

കിടക്കുന്നേയുള്ളൂ.

കലഹം കഴിഞ്ഞേ

മാംസം കനൽ കാണു!

മക്കളെകൊണ്ട്

ഈ നിമിഷം തെല്ലൊരു

മതിപ്പുതോന്നി.

ഒരു മത്സരത്തിനുള്ള

അവസരം നൽകിയല്ലോ !!!

പാവങ്ങൾ.......

Advertisment