Advertisment

കർണാടകയിലെ കോൺഗ്രസ് വിജയം പ്രതിഫലിക്കുക ദേശീയ രാഷ്ട്രീയത്തിലും ! കോണ്‍ഗ്രസിനെ കണ്ടുകൂടാത്ത മമതാ ബാനര്‍ജിക്കും അരവിന്ദ് കെജ്റിവാളിനും ചന്ദ്രശേഖര്‍ റെഡ്ഡിയ്ക്കുമൊക്കെ ഇനി കോൺഗ്രസിനെ അംഗീകരിക്കാതെ വയ്യെന്ന സ്ഥിതി. 2024 ൽ ബിജെപിക്കെതിരെ ഒറ്റ സ്ഥാനാർഥിയെന്ന ലക്ഷ്യത്തിലേക്ക് സഞ്ചരിക്കാൻ രാഹുൽ ഗാന്ധിക്കും ഇതവസരമാണ് - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്

New Update

publive-image

Advertisment

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ആധികാരിക വിജയം. അതും ഭരണകക്ഷിയായ ബിജെപിയെ അധികാരത്തില്‍ നിന്ന് തൂത്തെറിഞ്ഞുകോണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉജ്വല പ്രഭാവത്തെ പാടേ എഴുതിത്തള്ളിക്കൊണ്ട്.


അത് കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ വിജയമാണ്. ഡികെ ശിവകുമാര്‍, സിദ്ധരാമയ്യ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ വിജയം. കോണ്‍ഗ്രസ് സംഘടനയുടെ വിജയം. രാജ്യത്തൊരിടത്തും കോണ്‍ഗ്രസിന് അടുത്തകാലത്തൊന്നും ഇതുപോലൊരു രാഷ്ട്രീയ മുന്നേറ്റമുണ്ടായിട്ടില്ല.


ദക്ഷിണേന്ത്യയില്‍ നിന്ന് ബിജെപി പാടേ തുടച്ചുമാറ്റപ്പെടുകയും ചെയ്തിരിക്കുന്നു. തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളോടൊപ്പം കര്‍ണാടകവും ഇപ്പോഴിതാ ബിജെപിയെ കൈവിട്ടിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് കാലുകുത്താൻ ഇടമില്ലാതായിരിക്കുന്നു.

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വലിയ ആശ്വാസം നല്‍കാന്‍ പോരുന്നതാണ് കോണ്‍ഗ്രസിന്‍റെ വിജയം. 2014 -ലെ ലോക്സഭാ തെരഞ്ഞെടുപ്പു മുന്നില്‍ നില്‍ക്കുമ്പോള്‍ പ്രത്യേകിച്ച്, ദേശീയ തലത്തില്‍ ബിജെപിക്കെതിരെ ഒരു പ്രതിപക്ഷനിര കെട്ടിപ്പടുത്തേ മതിയാകൂ എന്ന് പ്രമുഖ പ്രതിപക്ഷ നേതാക്കളൊക്കെ അഭിപ്രായപ്പെടുന്നുണ്ട്.


ഒരു മണ്ഡലത്തില്‍ ബിജെപിക്കെതിരെ ഒരു സ്ഥാനാര്‍ത്ഥി എന്നതായിരിക്കണം ലക്ഷ്യമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ പ്രതിപക്ഷ കക്ഷികളെയൊക്കെ ഒരു ചരടില്‍ കോര്‍ത്തിണക്കി നിര്‍ത്താന്‍ ഏതുകക്ഷി നേതൃത്വം നല്‍കും ? ആരായിരിക്കും നേതാവ് ? ഏതു കക്ഷിയെ പ്രതിപക്ഷികളെല്ലാം കൂടി ആ ചുമതല ഏര്‍പ്പിക്കും ?


പ്രതിപക്ഷ ഐക്യ നീക്കങ്ങളൊക്കെയും തകരുന്നത് ഈ ചോദ്യങ്ങള്‍ക്കു മുന്നിലാണ്. അതാണ് ബിജെപിയുടെ നേട്ടവും. മമതാ ബാനര്‍ജിയായാലും അരവിന്ദ് കെജ്റിവാളായാലും ചന്ദ്രശേഖര്‍ റെഡ്ഡിയായാലും ആര്‍ക്കും കോണ്‍ഗ്രസിനെ കണ്ടുകൂടാ. കോണ്‍ഗ്രസിന്‍റെ നേതൃത്വം അംഗീകരിക്കാന്‍ ഇവര്‍ക്കാര്‍ക്കും കഴിയുന്നില്ലെന്നതാണ് പ്രതിപക്ഷ ഐക്യ നീക്കങ്ങള്‍ക്കു തടസമായി നില്‍ക്കുന്നത്.

ഇങ്ങനെയുള്ള കക്ഷികള്‍ക്കൊന്നും അവരവരുടെ സംസ്ഥാനത്തിനപ്പുറത്തേയ്ക്കു കടക്കാനുമാകുന്നില്ല. ഡല്‍ഹി ഭരിക്കുന്ന ആം ആത്മി പാര്‍ട്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബ് ഭരണം പിടിച്ചെടുത്തിരുന്നു. ദേശീയ പാര്‍ട്ടി പദവിയും നേടി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിക്കസേര മുന്നില്‍ കണ്ടു രാഷ്ട്രീയം കളിക്കുന്ന നേതാവുമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാള്‍.

ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് ആം ആത്മി പാര്‍ട്ടി അധികാരത്തിലെത്തിയതെന്നും ഓര്‍ക്കണം. അതുകൊണ്ടുതന്നെ രണ്ടു കക്ഷികളും തമ്മില്‍ യോജിക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്. കര്‍ണാടകയില്‍ ആം ആത്മി പാര്‍ട്ടിയും മത്സര രംഗത്തുണ്ടായിരുന്നെങ്കിലും ഫലം പ്രഖ്യാപിച്ചപ്പോള്‍ എങ്ങും കാണാനുണ്ടായിരുന്നില്ല.

ബിജെപിയുമായി നേരിട്ടുള്ള മത്സരത്തിലാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏര്‍പ്പെട്ടിരുന്നതെന്നതു ശ്രദ്ധേയമാണ്. ജനതാദള്‍ എസ് ഒരു മൂന്നാം കക്ഷിയായി മത്സരരംഗത്തുണ്ടായെങ്കിലും നിര്‍ണായകമായ ഒരു സാന്നിദ്ധ്യം കാഴ്ചവെയ്ക്കാന്‍ പാര്‍ട്ടിക്കായില്ല.

publive-image


മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് വലിയ കണക്കുകൂട്ടലുകളുണ്ടായിരുന്നുവെങ്കിലും തൂക്കുമന്ത്രിസഭ വരുമെന്നും ബിജെപിയുടെയോ കോണ്‍ഗ്രസിന്‍റെയോ തോളില്‍ കയറി മുഖ്യമന്ത്രിയാകാമെന്നും വരെയെത്തി ആ കണക്കുകള്‍. ജെഡിഎസിന്‍റെ ശക്തി കേന്ദ്രമായിരുന്ന മൈസുരുവിലെ ചില പ്രദേശങ്ങളിലേയ്ക്ക് ആ പാര്‍ട്ടി ഒതുങ്ങിപ്പോയി. ഒരു പ്രസക്തിയുമില്ലാതെ.


തെരഞ്ഞെടുപ്പിനു മുമ്പ് ബിജെപി വിട്ടുവന്ന ജഗദീശ് ഷെട്ടര്‍, ലക്ഷ്മണ്‍ സാവദി എന്നീ പ്രമുഖ ലിംഗായത്ത് സമുദായാംഗങ്ങള്‍ രാഷ്ട്രീയമായി വലിയ ചലനം സൃഷ്ടിച്ചു. ഷെട്ടാര്‍ പരാജയപ്പെട്ടപ്പോള്‍ ലക്ഷ്മണ്‍ സാവദി വലിയ ഭൂരിപക്ഷത്തിനു ജയിച്ചു. സമുദായ രാഷ്ട്രീയത്തിനു വലിയ പ്രാധാന്യമുള്ള കര്‍ണാടക രാഷ്ട്രീയത്തില്‍ ഈ രണ്ടു നേതാക്കള്‍ പാര്‍ട്ടി വിട്ടതും ബിജെപിക്കു വലിയ തിരിച്ചടിയായി.

ലിംഗായത്, വൊക്കലിഗ എന്നീ രണ്ടു പ്രബല സമുദായങ്ങളുടെ പൊതുവായ പിന്തുണ ഇത്തവണ കോണ്‍ഗ്രസിനെ ഏറെ തുണച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയിലെ ദളിത് വിഭാഗമായ കുറുമ്പ സമുദായക്കാരനാണ്. ദളിത് - പിന്നോക്ക സമുദായങ്ങളുടെ രാഷ്ട്രീയത്തെ ഏകീകരിച്ച് കൂടെ നിര്‍ത്താന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കു കഴിഞ്ഞു.

അധികാരത്തില്‍ വന്നാല്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റങ്ക് ദളിനെ നിരോധിക്കുമെന്ന ഡി.കെ ശിവകുമാറിന്‍റെ പ്രഖ്യാപനവും അമിത് ഷായുടെ ഹനുമാന്‍ ചാലീസ പ്രയോഗവുമെല്ലാം പ്രചാരണത്തില്‍ വിവാദമായി.


പ്രധാനമന്ത്രി നരേന്ദ്രമോദി 18 തവണയാണ് കര്‍ണാടകയില്‍ റോഡ് ഷോ നടത്തിയത്. പക്ഷെ സംസ്ഥാനത്തെ ബിജെപി ഭരണത്തിലെ അഴിമതി തുറന്നു കാട്ടുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചു. '40 ശതമാനം കമ്മീഷന്‍' സര്‍ക്കാരാണിതെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തിയത്.


എന്തായാലും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കു ശേഷം കോണ്‍ഗ്രസിനു കൈയില്‍ കിട്ടിയ വലിയൊരു നേട്ടമായി കര്‍ണാടക വിജയത്തെ കാണണം. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഒരു സമ്പന്ന സംസ്ഥാനം കൈപ്പിടിയിലൊതുങ്ങിയത് മറ്റൊരു നേട്ടം.

മറ്റു ഘടകകക്ഷികളെ കണ്ടു സംസാരിക്കാനും കോണ്‍ഗ്രസിന് പുതിയ ധൈര്യം കിട്ടിയിരിക്കുന്നു. എന്തുകൊണ്ടും ഈ വിജയം കോണ്‍ഗ്രസിനു വളരെ വിലപ്പെട്ടതു തന്നെ.

Advertisment