Editorial

ലീഡറുടെ വീഴ്ചയെ ഓര്‍പ്പിക്കുന്ന ക്യാപ്റ്റന്‍റെ വീഴ്ച ! 1994 കാലഘട്ടത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സംഭവിച്ചതുതന്നെ പഞ്ചാബിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ആവര്‍ത്തിക്കുന്നു. പതിവുപോലെ ഹൈക്കമാന്‍റ് നാടകങ്ങള്‍. എംഎൽഎമാരോട് ആലോചിച്ചപ്പോൾ നേതൃമാറ്റം വേണമെന്ന ആവശ്യത്തിനു മുന്‍തൂക്കം ! ക്യാപ്റ്റൻ പോയി സിദ്ദുവിൻ്റെ പിന്തുണയോടെ ഛന്നി വന്നു. നേതൃമാറ്റത്തിനു ഹൈക്കമാന്‍റ് കളമൊരുക്കുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാനാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ കാര്യത്തിലോ ? ആരു പരീക്ഷണം നടത്തും ? എന്ത് പരീക്ഷണം നടത്തും ? – മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു

ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍
Wednesday, September 22, 2021

ലീഡറുടെ വീഴ്ചയെ ഓര്‍പ്പിക്കുന്നതായിരുന്നു ക്യാപ്റ്റന്‍റെ വീഴ്ച. അതെ. അധികാരമെല്ലാം കേന്ദ്രീകരിച്ചു കൈപ്പിടിയിലൊതുക്കിപ്പിടിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്‍റെ കാര്യമാണിപ്പറഞ്ഞുവരുന്നത്. അതികായരില്‍ അതികായന്‍ എന്നു തന്നെ പറയണം.

രാഷ്ട്രീയ ശേഷികൊണ്ടു മാത്രമല്ല, ആകാരം കൊണ്ടും ആള്‍ ഒരു വമ്പന്‍ തന്നെ. തടിച്ച ശരീരവും ഉരുണ്ടുകൂടിയ മുഖവും മുട്ടപ്പശ തേച്ചു മിനുക്കിക്കെട്ടിവച്ച വടിവൊത്ത മീശയുമൊക്കെ ആ നേതാവിന്‍റെ മാറ്റു കൂട്ടാന്‍ പോരുന്നതുതന്നെ. കരുണാകരനും ഇങ്ങനൊക്കെത്തന്നെയായിരുന്നു. ലക്ഷണമൊത്ത ഒരു നേതാവുതന്നെ. ജുബ്ബായും മുണ്ടും വേഷം.

1967 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കരുണാകരനെ സംബന്ധിച്ച് നിര്‍ണായകമായി. തലയെടുപ്പുള്ള നേതാക്കന്മാരൊക്കെ പരാജതയപ്പെട്ടു. ഇ.എം.എസ് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളെ കൂട്ടി മുന്നണിയുണ്ടാക്കി അധികാരത്തിലെത്തിയ നേരം. കോണ്‍ഗ്രസിന് ആകെയുള്ളത് ഒമ്പതംഗങ്ങള്‍ മാത്രം.

കരുണാകരന്‍ ഒമ്പതംഗ സംഘത്തിന്‍റെ നേതാവായി. പിന്നെ ഐക്യ ജനാധിപത്യ മുന്നണിയുണ്ടാക്കി. സി.പി.ഐയെ കൂട്ടുപിടിച്ചു. സി.പി.ഐ നേതാവ് എം.എന്‍ ഗേവിന്ദന്‍ നായര്‍ കരുണാകരനു തുണയേകി. മുന്നണി വലുതായി. പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിച്ച് കരുണാകരന്‍ മുന്നേറി. അങ്ങനെ കണ്ണോത്തു കരുണാകരന്‍ കോണ്‍ഗ്രസുകാരുടെ പ്രിയപ്പെട്ട ലീഡറായി.

അതുപോലെതന്നെ പഞ്ചാബില്‍ ക്യാപ്റ്റനും കോണ്‍ഗ്രസിനെ അധികാരത്തില്‍ പിടിച്ചു നിര്‍ത്തി. ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നപ്പോഴും പഞ്ചാബില്‍ ക്യാപ്റ്റന്‍ കോണ്‍ഗ്രസ് പതാകയുമായി തല ഉയര്‍ത്തിത്തന്നെ നിന്നു. അകാലിദള്‍ – ബി.ജെ.പി സഖ്യം പൊളിഞ്ഞതോടെ ക്യാപ്റ്റന്‍റെ ശേഷി പിന്നെയും വര്‍ദ്ധിച്ചു.

ക്യാപ്റ്റന്‍റെ മേല്‍ക്കോയ്മയെ അങ്ങനെയങ്ങ് അംഗീകരിക്കാന്‍ നവജ്യോത് സിങ്ങ് സിദ്ദു തയ്യാറായില്ല. സിദ്ദു ക്യാപ്റ്റന്‍റെ സ്ഥിരം തലവേദനയായി. തൃപ്തിയാവാണ്ട് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി. പക്ഷെ അവിടെയും പച്ചപിടിച്ചില്ല. തിരികെ കോണ്‍ഗ്രസിലേയ്ക്ക്. ഹൈക്കമാന്‍റ് സിദ്ദുവിനൊപ്പം കൂടി.

1994 കാലഘട്ടത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സംഭവിച്ചതുതന്നെ പഞ്ചാബിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ആവര്‍ത്തിക്കുകയായിരുന്നു. 1991 -ല്‍ വീണ്ടും അധികാരത്തിലെത്തിയ കോണ്‍ഗ്രസിന്‍റെ കരുത്തനായ നേതാവ് കരുണാകരനാണ് മുഖ്യമന്ത്രിക്കസേരയില്‍.

1967 – 69 കാലഘട്ടത്തില്‍ കരുണാകരന്‍ സ്വന്തം രാഷ്ട്രീയസാമര്‍ത്ഥ്യം ഒന്നുകൊണ്ടു മാത്രം തുന്നിക്കൂട്ടിയ യു.ഡി.എഫ് എന്ന ഐക്യ ജനാധിപത്യ മുന്നണിയാണത്. സി.പി.എമ്മിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ശക്തമാണെങ്കിലും കരുണാകരനു തലവേദന കോണ്‍ഗ്രസുകാര്‍ തന്നെ.

ആന്‍റണിപക്ഷം പാര്‍ട്ടിക്കുള്ളില്‍ കരുണാകരനു കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന സമയം. കരുണാകരന്‍റെ സ്വന്തം തട്ടകത്തിലും അദ്ദേഹത്തിനു വെല്ലുവിളി ഉയര്‍ന്നു. ലീഡറുടെ കാരുണ്യസ്പര്‍ശത്തില്‍ വളര്‍ന്നവര്‍. ജി. കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും എം.എ ഷാനവാസും തിരുത്തല്‍ വാദികളായി കരുണാകരനെതിരെ ആന്‍റണിപക്ഷത്തോടു ചേര്‍ന്നു.

അപ്പോഴാണ് കേരള രാഷ്ട്രീയം ആകെ കലക്കിക്കൊണ്ട് ഐ.എസ്.ഐര്‍.ഒ ചാരക്കേസ് വന്നു പതിച്ചത്. 1994 ഒക്ടോബര്‍ 20 -ാം തീയതി വൈകിട്ട് നാലരമണിയോടെ മാലിദ്വീപില്‍ നിന്നുള്ള ഒരു യുവതിയുടെ അറസ്റ്റിലായിരുന്നു തുടക്കം. പേര് മറിയം റഷീദ. ഇന്ത്യന്‍ ഗവേഷണ രംഗത്തെയും കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെയുമൊക്കെ പിടിച്ചു കുലുക്കിയ മഹാസംഭവമായി വളരുകയായിരുന്നു ഐ.എസ്.ആര്‍.ഒ ചാരക്കേസ്.

ചാരക്കേസ് പുരോഗമിക്കുമ്പോള്‍ ഐ.ജി രമണ്‍ ശ്രീവാസ്തവയുടെ പേര് എങ്ങനെയോ ഉയര്‍ന്നു വന്നു. കരുണാകരന്‍റെ പ്രിയപ്പെട്ട പോലീസുദ്യോഗസ്ഥനാണ് ശ്രീവാസ്തവ. പത്രക്കാരും ഫോട്ടോഗ്രാഫര്‍മാരും ശ്രീവാസ്തവയുടെ പിന്നാലേ കൂടി. ആന്‍റണി പക്ഷവും തിരുത്തല്‍ വാദികളും കരുണാകരന്‍റെ പിന്നാലെയും. രാജ്യദ്രോഹിയായ മുഖ്യമന്ത്രി കരുണാകരന്‍ രാജിവയ്ക്കണമെന്ന് ഇവര്‍ പരസ്യമായി ആവശ്യപ്പെട്ടു. കരുണാകരന്‍റെ പ്രതിഛായ ആകെ ഇടിഞ്ഞു. സര്‍ക്കാരിന്‍റെയും.

പഞ്ചാബിലും സംഭവിച്ചത് ഇതുതന്നെ. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബില്‍ അമരീന്ദര്‍ സിങ്ങിന്‍റെ ഭരണം പരാജയമാണെന്ന് നവജ്യോത് സിദ്ദുവും കൂട്ടരും പ്രചരിപ്പിച്ചു. അമരീന്ദര്‍ മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പു മന്ത്രി ചരണ്‍ജിത് സിങ്ങ് നല്‍കിയ വാഗ്ദാനമൊന്നും പാലിച്ചില്ലെന്നും വളര്‍ച്ച മുരടിച്ചുവെന്നും മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്നുമൊക്കെയാണ് ഛന്നി വിളിച്ചുപറഞ്ഞത്.

ഇതിനിടയില്‍ ബി.ജെ.പിയില്‍ പോയി മടങ്ങിവന്ന സിദ്ദു പി.സി.സി അധ്യക്ഷനായി. അവിടെയും നിന്നില്ല. മുഖ്യമന്ത്രിയെ മാറ്റിയേ തീരൂ എന്നായി സിദ്ദു. രാഹുല്‍ ഗാന്ധി കൂട്ടുനിന്നു. ഹൈക്കമാന്‍റ് പ്രതിനിധികളുടെ സന്ദര്‍ശനം. ക്യാപ്റ്റന്‍റെ ജനസമ്മതി അളക്കാന്‍ സര്‍വേ. ഒടുവില്‍ ഒരു മുന്നറിയിപ്പുമില്ലാതെ നിസമസഭാകക്ഷി യോഗം. നീക്കത്തിന്‍റെ രാഷ്ട്രീയ സന്ദേശം മനസിലാക്കിയ അമരീന്ദര്‍ രാജിവെച്ച് കളം വിട്ടു.

ഇതേ കളികളാണ് 1994 -ല്‍ തിരുവനന്തപുരത്തും അരങ്ങേറിയത്. കരുണാകരനെ താഴെയിറക്കാന്‍ മുന്നിട്ടിറങ്ങിയത് ഉമ്മന്‍ ചാണ്ടി. ആദ്യം ഘടകകക്ഷികളെ ഒന്നൊന്നായി മെരുക്കി. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ ഉമ്മന്‍ ചാണ്ടി സ്വാധീനിച്ചു. പിന്നാലെ കെ.എം മാണി, ടി.എം ജേക്കബ്, ആര്‍ ബാലകൃഷ്ണപിള്ള എന്നിങ്ങനെ പ്രതിപക്ഷത്തെ നേതാക്കളൊക്കെയും. എം.വി രാഘവന്‍ മാത്രം ലീഡറെ കൈവിട്ടില്ല.

ഇവിടെയും പതിവുപോലെ ഹൈക്കമാന്‍റ് നാടകങ്ങള്‍. ഘടകകക്ഷികളോടാലോചിച്ചപ്പോള്‍ നേതൃമാറ്റം വേണമെന്ന ആവശ്യത്തിനു മുന്‍തൂക്കം. നിസമസഭാകക്ഷി യോഗത്തിലും കരുണാകരനു പിന്തുണ നഷ്ടപ്പെട്ടിരുന്നു. അവസാനം പ്രധാനമന്ത്രി പി.വി നരസിംഹറാവുവും കരുണാകരനെ കൈവിട്ടു. 1995 മാര്‍ച്ച് 16 -ന് കരുണാകരന്‍ രാജിവച്ചു. മാര്‍ച്ച് 22 -ന് എ.കെ ആന്‍റണി മുഖ്യമന്ത്രിയായി. ഐ പക്ഷത്തിന്‍റെ കുത്തകയായിരുന്ന മുഖ്യമന്ത്രി പദം ആന്‍റണി പക്ഷം പിടിച്ചെടുക്കുകയായിരുന്നു.

കെ കരുണാകരന്‍ പണിതുണ്ടാക്കിയ ഐക്യജനാധിപത്യ മുന്നണിയുടെ നേതൃത്വവും മറുപക്ഷത്തേക്കു നീങ്ങി. നേതാവ് ഉമ്മന്‍ ചാണ്ടി. കെ.എം മാണിയും പി.കെ കുഞ്ഞാലിക്കുട്ടിയും മുന്നണിയുടെ നടുംതൂണുകളും.

പഞ്ചാബിലും കാര്യങ്ങള്‍ ഇങ്ങനെതന്നേ നീങ്ങി. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനു മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. പകരം മുഖ്യമന്ത്രിയായത് സിദ്ദുവിന്‍റെ അടുത്ത അനുയായി ചരണ്‍ജിത് സിങ്ങ് ഛന്നി. ദളിത് സിഖ് സമുദായക്കാരനാണ് ഛന്നി. കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നതും ദളിത് വോട്ടില്‍ത്തന്നെ. പഞ്ചാബിലെ ജനസംഖ്യയില്‍ 32 ശതമാനവും ദളിത് വിഭാഗക്കാരാണ്. പക്ഷെ മുഖ്യമന്ത്രിയാകാന്‍ കാത്തിരിക്കുന്നത് സിദ്ദുവാണെന്നതു വേറേ കാര്യം.

1996 -ല്‍ എ.കെ ആന്‍റണി ഭരണത്തിനു ശേഷം നടന്ന നിസമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത് ഇടതുമുന്നണി. പഞ്ചാബില്‍ മാര്‍ച്ചിലാണു തെരഞ്ഞെടുപ്പ്. ഹൈക്കമാന്‍റ് നടത്തിയ പരീക്ഷണത്തിന്‍റെ ഫലമറിയാന്‍ അതുവരെ കാക്കണം.

ഹൈക്കമാന്‍റ് സംസ്ഥാനങ്ങളില്‍ നടത്തിയ ഉടപെടലുകളൊക്കെയും പരാജയത്തിലാണു കലാശിച്ചതെന്നോര്‍ക്കുക. കര്‍ണാടകത്തില്‍ ജയിച്ച തെരഞ്ഞെടുപ്പുപോലും കൈവിട്ടുപോയത് ഉദാഹരണം. മധ്യപ്രദേശും അങ്ങനെതന്നെ. നേതൃത്വം ദുര്‍ബലമായാല്‍ ഇതൊക്കെ സ്വാഭാവികം മാത്രം.

സംസ്ഥാനത്ത് നേതൃമാറ്റത്തിനു ഹൈക്കമാന്‍റ് കളമൊരുക്കുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാനാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ കാര്യത്തിലോ ? ആരു പരീക്ഷണം നടത്തും ? എന്ത് പരീക്ഷണം നടത്തും ?

-ചീഫ് എഡിറ്റര്‍

×