Advertisment

കോട്ടയം നഗരസഭയില്‍ ഇടതു മുന്നണി നേടിയ വിജയത്തിനു പിന്നിലെ കഥയെന്ത് ? കേരള സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സാമൂഹ്യ മാറ്റങ്ങളുടെ പിന്നാമ്പുറ കഥകൾ തെളിഞ്ഞുവരുന്നു. ബി.ജെ.പിയുമായി ധാരണയുണ്ടാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ പാലം പണിയുന്ന ചില നേതാക്കള്‍ സ്വന്തം കാര്യം നോക്കി ഒറ്റയാള്‍ തന്ത്രം കളിക്കുന്നു. തിരുവനന്തപുരം നഗരസഭയിലും കണ്ടത് ഇതു തന്നെ ! നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ചില നേതാക്കള്‍ ജയിച്ചുകയറി പോകുമ്പോള്‍ അതിനു പിന്നാമ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നേടുന്ന ചില വിജയങ്ങളും കാരണമാകുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം കാണുന്നുണ്ടോ ആവോ ! - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

കോട്ടയം നഗരസഭയില്‍ ഇടതു മുന്നണി നേടിയ വിജയത്തിനു പിന്നിലെ കഥയെന്താണ് ? കേരള സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സാമൂഹ്യ മാറ്റങ്ങളുടെയൊക്കെ പിന്നാമ്പുറ കഥകളിലൊന്ന് ഇവിടെ തെളിഞ്ഞുവരുന്നു.

ബി.ജെ.പിക്ക് കോട്ടയം നഗരസഭയില്‍ എട്ടു സീറ്റാണുള്ളത്. കോണ്‍ഗ്രസിനും സി.പി.എമ്മിനും 22 സീറ്റ് വീതവും. ആകെ സീറ്റ് 52. ബി.ജെ.പിയുടെ എട്ടു സീറ്റ് നിര്‍ണായകമാവുകയാണ്.

കോട്ടയത്ത് ബി.ജെ.പിക്ക് എട്ടു നഗരസഭാ സീറ്റുകള്‍ കിട്ടിയതെങ്ങനെയെന്നതാണ് ഈ അന്വേഷണത്തിലെ പ്രധാന ചോദ്യം. ഇത്രയും സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് ബി.ജെ.പിയെ സഹായിച്ചതെന്ന് കോണ്‍ഗ്രസിലെ തന്നെ നേതാക്കള്‍ അടക്കം പറയുന്നുണ്ട്. അതുകൊണ്ടുതന്നെ 20 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന കോട്ടയം നഗരസഭയില്‍ കോണ്‍ഗ്രസ് ദുര്‍ബലമായി. ആ ദൗര്‍ബല്യമാണ് സി.പി.എം വിജയത്തിനു പിന്നില്‍.

ബി.ജെ.പിയുമായി ഒരു ധാരണയുണ്ടാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ പാലം പണിയുന്ന ചില നേതാക്കള്‍ സ്വന്തം കാര്യം നോക്കിയാണ് ഈ ഒറ്റയാള്‍ തന്ത്രം കളിക്കുന്നത്. പിന്നാലേ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുക, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇട്ട പാലം വഴി കുറെ ബി.ജെ.പി വോട്ട് ഇങ്ങോട്ടു വാങ്ങുക.

തിരുവനന്തപുരം നഗരസഭയില്‍ ഇത് ഒന്നുകൂടി വ്യക്തമായി കണ്ടതാണ്. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കിട്ടിയത് വെറും ഒമ്പതു സീറ്റ്. ആകെയുള്ള നൂറു സീറ്റില്‍ പത്തു സീറ്റു തികയ്ക്കാന്‍ പോലുമായില്ല കോണ്‍ഗ്രസിന്. ഇതിനു മുമ്പത്തെ തെരഞ്ഞെടുപ്പിലും ഇതു ശരിക്കും കണ്ടതാണ്. ഇതിന്‍റെ ഗൂണം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്ന ചിലരാണ് ബി.ജെ.പിയുമായി കൂട്ടുകൂടുന്നത്.

ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയും പ്രചാരണം മന്ദഗതിയിലാക്കിയുമൊക്കെ ചില സീറ്റില്‍ ബി.ജെ.പിയുമായി ധാരണയുണ്ടാക്കുകയാണ് ഈ പ്രമുഖ നേതാക്കള്‍ ചെയ്യുക. കാര്യം ആരുമറിയില്ല. പ്രതീക്ഷിക്കാത്ത സീറ്റുകളിലും ബി.ജെ.പി ജയിക്കും. നഗരസഭാ ഭരണത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമാകും. ഫലം കോണ്‍ഗ്രസ് നേതാവിനു നിയമസഭയില്‍ കിട്ടുകയും ചെയ്യും.

പക്ഷെ തിരുവനന്തപുരത്തെ ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്ക് ഇക്കാര്യം രണ്ടുതെരഞ്ഞെടുപ്പുകൊണ്ടു മനസിലായി. നഗരസഭയില്‍ ഒമ്പതു സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസിനെതിരെ ആരും പറയാതെതന്നെ അവര്‍ തിരിഞ്ഞു. ആരും പറയാതെ മുസ്ലിം വോട്ടര്‍മാരും ഇതേ പാത സ്വീകരിച്ചു. ഫലമോ, നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും നേമത്തും ഇടതുപക്ഷം ജയിച്ചു. ആന്‍റണി രാജുവും വി. ശിവന്‍കുട്ടിയും. രണ്ടുപേരും മന്ത്രിമാരുമായി.

തിരുവനന്തപുരം നഗരസഭയില്‍ ഒമ്പതു കൗണ്‍സിലര്‍മാരുമായി കോണ്‍ഗ്രസ് ഒരനക്കവുമില്ലാതെ കഴിയുമ്പോള്‍ കോട്ടയത്ത് അധികാരം കൈയ്യാളിയിരുന്ന കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടു. 21 സീറ്റ് മാത്രമേ കോണ്‍ഗ്രസിനുണ്ടായിരുന്നുള്ളു. വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച ബിന്‍സി സെബാസ്റ്റ്യനെ കൂടെ കൂട്ടി അധ്യക്ഷയാക്കുകയായിരുന്നു. രണ്ടു കൂട്ടര്‍ക്കും 22 സീറ്റ് വീതമാണ് ഇപ്പോഴും. ഇനി വീണ്ടും തെരഞ്ഞെടുപ്പ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പല കേന്ദ്രങ്ങളിലും ന്യൂനപക്ഷ വോട്ടുകള്‍, പ്രത്യേകിച്ച് ക്രിസ്ത്യന്‍ വോട്ടുകള്‍, ഇടതു പക്ഷത്തേക്കു ചരിഞ്ഞിരുന്നു. വോട്ടര്‍മാരിലെ ഈ മാറ്റം പലേടത്തും വളരെ വ്യക്തമായിത്തന്നെ കാണാമിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ചില നേതാക്കള്‍ ജയിച്ചുകയറി പോകുമ്പോള്‍ അതിനു പിന്നാമ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നേടുന്ന ചില വിജയങ്ങളും കാരണമാകുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം കാണുന്നുണ്ടോ ആവോ !

-ചീഫ് എഡിറ്റര്‍

editorial
Advertisment