Editorial

കര്‍ഷകരുടെ സമരം രാഷ്ട്രീയ മാനം ആര്‍ജിക്കുമ്പോള്‍ യുപി തെരഞ്ഞെടുപ്പില്‍ എന്തും സംഭവിക്കാം ? പണ്ടു രാജ്യം ഭരിച്ച പാര്‍ട്ടിയാണെന്നു മേനിപറഞ്ഞ് പഴയകാല പ്രതാപത്തില്‍ കോണ്‍ഗ്രസ് അഭിരമിക്കുമ്പോള്‍ ഇന്ന് ബിജെപിക്കെതിരെ നില്‍ക്കാന്‍ ശക്തി നേടിയത് ഇന്ത്യയിലെ കര്‍ഷകര്‍ മാത്രം. കര്‍ഷകരുടെ നിലപാട് പുതിയൊരു രാഷ്ട്രീയ മാനം ആര്‍ജിക്കുമ്പോള്‍ – മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍
Thursday, October 7, 2021

ഉത്തര്‍പ്രദേശില്‍ വളര്‍ന്നു വന്ന കര്‍ഷക സമരത്തെ തകര്‍ക്കാനായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആഷിഷ് മിശ്രയും കൂട്ടരും ശ്രമിച്ചത്. മന്ത്രിയുടെ തന്നെ അകമ്പടി വാഹനങ്ങള്‍ കര്‍ഷകരുടെ മേലേ ഓടിച്ചുകയറ്റുകയായിരുന്നു.

നാലു കര്‍ഷകരാണ് ജീപ്പുകളുടെയടിയില്‍ പെട്ടു ചതഞ്ഞരഞ്ഞു മരണമടഞ്ഞത്. യുപി നിയമസഭാ തെരഞ്ഞെടുപ്പടുത്തുവരവെ എങ്ങനെയും സമരം തകര്‍ക്കണം എന്നതു തന്നെയായിരുന്നു ബിജെപിയുടെ ലക്ഷ്യം.

സംഭവം നടന്ന ലഖിംപൂര്‍ ഖേരിയിലെ ലോക്സഭാംഗമാണ് അജയ് കുമാര്‍ മിശ്ര. എംപിയാകുന്നത് ഇതു രണ്ടാം തവണ. ഇക്കഴിഞ്ഞ തവണ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ മന്ത്രിസഭാ പുന:സംഘടയിലാണ് അജയ് മിശ്രയ്ക്കും മന്ത്രിസ്ഥാനം കിട്ടിയത്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഏക ബ്രാഹ്മണ സമുദായാംഗമാണ് അജയ് മിശ്ര.


ബ്രാഹ്മണനായിരിക്കുന്നത് ജന്മം കൊണ്ടാണെങ്കിലും കര്‍മവശാല്‍ ആള്‍ എന്തിനും പോരുന്ന ഒരു ബലവാന്‍ തന്നെ. ഗുസ്തിയാണ് ഇഷ്ട വിനോദം. നാട്ടില്‍ പേരെടുത്ത ഗുസ്തിക്കാരന്‍. ആരോടും എപ്പോള്‍ വേണമെങ്കിലും ബലം പിടിക്കാന്‍ തയ്യാര്‍. അങ്ങനെയാണ് ബിജെപി രാഷ്ട്രീയത്തില്‍ കരുത്തനായി പിടിച്ചു കയറിയത്.


കുറെ ദിവസം മുമ്പ് അജയ് മിശ്ര ലഖിംപൂര്‍ ഖേരിയില്‍ ഒരു പൊതുസമ്മേളനത്തില്‍ നടത്തിയ പ്രസംഗമാണ് കര്‍ഷകരെ ചൊടിപ്പിച്ചത്.

ഈ പ്രശ്നം തീര്‍ക്കാന്‍ തനിക്കു രണ്ടു മിനിട്ടുമതിയെന്നാണ് പ്രസംഗത്തില്‍ അജയ് മിശ്ര അട്ടഹസിച്ചത്. “എന്നോടു നേരിട്ടു വെല്ലുവിളിക്കാന്‍ വരുമ്പോഴറിയാം. രണ്ടു മിനിട്ടുകൊണ്ടു ഞാന്‍ പ്രശ്നം മുഴുവന്‍ തീര്‍ക്കും”, മന്ത്രി ആക്രോശിച്ചു.

പ്രസംഗത്തിന്‍റെ വീഡിയോ വൈറലായി. കര്‍ഷക സമരവും പിന്നെയും ശക്തിപ്പെട്ടു. കൂടുതല്‍ പേര്‍ സമരത്തിനെത്തി. ഒക്ടോബര്‍ മൂന്നാം തീയതി മന്ത്രി അജയ് മിശ്ര ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തുമെന്നറിഞ്ഞാണ് കര്‍ഷകര്‍ പ്രകടനത്തിനിറങ്ങിയതും മന്ത്രിയുടെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ അകമ്പടി വാഹനങ്ങള്‍ അവരുടെ മേല്‍ ഓടിച്ചു കയറ്റിയതും.

യുപിയില്‍ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോള്‍ നടന്ന ഈ ദുരന്തം ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ ഏറെ സമ്മര്‍ദ ത്തിലാഴ്ത്തി യിരിക്കുകയാണ്.

കര്‍ഷകര്‍ കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുന്നു. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ മുന്‍കൈയെടുത്താരംഭിച്ച സമരം പുതിയൊരു വഴിത്തിരിവിലെത്തിയിരിക്കുന്നു. കര്‍ഷകര്‍ മാത്രമല്ല, പ്രതിപക്ഷ കക്ഷികളൊക്കെയും സമരത്തിനു പിന്തുണയുമായെത്തിയിട്ടുമുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് ജാലിയന്‍ വാലാബാഗില്‍ നടന്ന കൂട്ടക്കൊലയേക്കാള്‍ ഭയങ്കരമാണിതെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍ കുറ്റപ്പെടുത്തി. കരുതിക്കൂട്ടി ആസൂത്രണം ചെയ്ത ആക്രമണം തന്നെയാണിതെന്ന് രാഹുല്‍ ഗാന്ധി.

കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ 40 ലക്ഷം രൂപാ വീതം സഹായം പ്രഖ്യാപിച്ചപ്പോള്‍ പഞ്ചാബ്, ചണ്ടിഗര്‍ സര്‍ക്കാരുകള്‍ 50 ലക്ഷം രൂപാ വീതം പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടു വന്നിരിക്കുന്നു.

ബ്രിട്ടീഷ് സര്‍ക്കാരിനേക്കാള്‍ കടുത്ത ക്രൂരതകളാണ് ബിജെപി സര്‍ക്കാര്‍ കര്‍ഷകരോടു കാട്ടുന്നതെന്ന ആരോപണവുമായി മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവും രംഗത്തുണ്ട്. പ്രതിപക്ഷ കക്ഷികള്‍ ബിജെപിയുടെ ഭരണത്തിന്‍റെ ഭവിഷ്യത്തുകളിലേയ്ക്ക് വിരല്‍ ചൂണ്ടുകയാണ്.

പക്ഷെ ദേശീയതലത്തില്‍, കുറഞ്ഞപക്ഷം ഉടനെ തെരഞ്ഞെടുപ്പു നടക്കുന്ന യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെങ്കിലും ബിജെപിക്കെതിരെ ഒരു ഏകീകൃത പ്രതിപക്ഷ നിര ഉണ്ടാക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് കഴിയുമോ ?

ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് ഇപ്പോള്‍ത്തന്നെ ആപത്തു മനസിലാക്കിയിരിക്കുന്നു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആഷിഷ് മിശ്ര ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് സംസ്ഥാന പോലീസ് കേസെടുത്തിരിക്കുന്നത്.

മന്ത്രിയുടെ പേരിലുള്ള ഒരു വാഹനം ഇക്കുട്ടത്തിലുണ്ടായിരുന്നുവെന്നും അതില്‍ മന്ത്രി പുത്രനുമുണ്ടായിരുന്നുവെന്നുമാണ് പോലീസിന്‍റെ എഫ്.ഐ.ആറില്‍ പറയുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു ആഷിഷ് മിശ്ര. പലേടത്തും പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.


കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ് ഇക്കാര്യം. പക്ഷെ കോണ്‍ഗ്രസ് നേതൃത്വം കാര്യങ്ങള്‍ പഠിക്കുന്ന മട്ടില്ല.


പണ്ടു രാജ്യം ഭരിച്ച പാര്‍ട്ടിയാണെന്നു മേനിപറഞ്ഞ് പഴയകാല പ്രതാപത്തില്‍ അഭിരമിച്ചിരിക്കുന്ന കോണ്‍ഗ്രസിന്‍റെ കാല്‍ക്കീഴില്‍ നിന്നു മണ്ണൊലിച്ചു പോവുകയാണ്. നേതാക്കളും.

ഇന്നിപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരുന്ന ഒരേയൊരു ശബ്ദം കര്‍ഷകരുടേതു മാത്രമാണ്.

ഭാരത് കിസാന്‍ യുണിയന്‍ നേതാവ് രാകേഷ് ടിക്കായത് ഉള്‍പ്പെടെ കര്‍ഷക നേതാക്കളൊക്കെയും നിലപാടു കടുപ്പിക്കുകയാണ്. കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കണമെന്നും മകന്‍ ആഷിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവര്‍ത്തിച്ചാവശ്യപ്പെടുന്നു.

സമരമുഖങ്ങളിലൊക്കെ കൂടുതല്‍ ആവേശം നുരയുന്നു. എന്തു  വന്നാലും പിന്മാറില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് കര്‍ഷകര്‍. ആരോടും ആലോചിക്കാതെ, പാര്‍ലമെന്‍റില്‍ വേണ്ടത്ര ചര്‍ച്ചപോലുമില്ലാതെ പാസാക്കിയ മുന്നു കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നതാണ് അവരുടെ നിലപാട്.

കര്‍ഷകരുടെ നിലപാട് പുതിയൊരു രാഷ്ട്രീയ മാനം ആര്‍ജിച്ചിരിക്കുകയാണ്. തുടക്കം ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍. യുപി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത് കര്‍ഷകരാണ്.

കര്‍ഷകരുടെ സമരം രാഷ്ട്രീയ മാനം ആര്‍ജിക്കുമ്പോള്‍ യുപി തെരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കും ? ബിജെപിക്കെതിരെ നില്‍ക്കാന്‍ ശക്തി തേടുകയാണ് ഇന്ത്യയിലെ കര്‍ഷകര്‍. കര്‍ഷകര്‍ മാത്രം.

-ചീഫ് എഡിറ്റര്‍

×