Advertisment

കേരള സമൂഹത്തിന് നൊമ്പരമായി അനുപമ എന്ന അമ്മയുടെ വിലാപം; ഭരണകക്ഷിയായ സി.പി.എമ്മിന്‍റെ ഏതോ കോണുകളില്‍ ഒളിപ്പിച്ചു വെയ്ക്കാന്‍ ശ്രമിച്ച ഗൂഢാലോചനയുടെ ഉള്ളറകളിലേയ്ക്ക് വിരല്‍ ചുണ്ടുകയാണ് അനുപമയുടെ കണ്ണുനീരില്‍ കുതിര്‍ന്ന പ്രതിഷേധം. സാമൂഹ്യനീതിയും സ്ത്രീയുടെ അവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ കെല്‍പ്പുള്ള ഒരു സമൂഹം തന്നെയാണു കേരളത്തിലുള്ളതെന്ന് അനുപമയുടെ കഥ ചൂണ്ടിക്കാട്ടുന്നു-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ത്രത്താളുകളിലും ടെലിവിഷന്‍ സ്ക്രീനുകളിലും വാര്‍ത്താ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ് ഒരമ്മ. ആ അമ്മയുടെ നഷ്ടപ്പെട്ട മകന്‍. പ്രണയത്തിനും സ്വന്തം മകനും വേണ്ടി അനുഭവിച്ച എല്ലാ വേദനകളും കഷ്ടനഷ്ടങ്ങളും വകവയ്ക്കാതെ പോരാടുകയാണ് ആ അമ്മ.

അതെ. അനുപമ എസ്. ചന്ദ്രന്‍ എന്ന ആ അമ്മയുടെ വിലാപം കേരള സമൂഹത്തിന്‍റെ തന്നെ ചോദ്യവും നൊമ്പരവുമുയര്‍ത്തി. ചാനലുകളിലും ദിനപ്പത്രങ്ങളിലും അനുപമയുടെ കഥ വലിയ വാര്‍ത്തയായി. സി.പി.എം നേതാവ് അന്തരിച്ച പേരൂര്‍ക്കട സദാശിവന്‍റെ ചെറുമകളാണ് അനുപമ എന്നത് വാര്‍ത്തയ്ക്കു രാഷ്ട്രീയ നിറവും ചാര്‍ത്തിക്കൊടുത്തു. എന്‍റെ മകനെ കണ്ടുപിടിച്ചു തരൂ എന്നു വിലപിച്ചു സെക്രട്ടേറിയറ്റ് നടയില്‍ സത്യാഗ്രഹമിരുന്നതോടെ അനുപമയുടെ കരച്ചിലും സമരവും വലിയൊരു രാഷ്ട്രീയ പോരാട്ടത്തിന്‍റെ മാനവും വ്യാപ്തിയും ഉള്‍ക്കൊണ്ടു വളര്‍ന്നു.

ഭരണകക്ഷിയായ സി.പി.എമ്മിന്‍റെ ഏതോ കോണുകളില്‍ ഒളിപ്പിച്ചു വെയ്ക്കാന്‍ ശ്രമിച്ച ഗൂഢാലോചനയുടെ ഉള്ളറകളിലേയ്ക്ക് വിരല്‍ ചുണ്ടുകയാണ് അനുപമയുടെ കണ്ണുനീരില്‍ കുതിര്‍ന്ന പ്രതിഷേധം. സാമൂഹ്യനീതിയും സ്ത്രീയുടെ അവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ കെല്‍പ്പുള്ള ഒരു സമൂഹം തന്നെയാണു കേരളത്തിലുള്ളതെന്ന് അനുപമയുടെ കഥ ചൂണ്ടിക്കാട്ടുന്നു.

അച്ഛനമ്മമാരുടെ കണ്ണില്‍ പിഴച്ചവളാണ് അനുപമ. വിവാഹം കഴിക്കാതെ പ്രസവിച്ചവള്‍. അനുപമയുടെ അച്ഛനു കുടുംബമാണ് വലുത്. സി.പി.എം പ്രാദേശിക നേതാവായ ജയചന്ദ്രന് മകളുടെ വഴികള്‍ ഒരിക്കലും അംഗീകരിക്കാനാകുമായിരുന്നില്ല. വിവാഹം കഴിക്കാത്ത അനുപമയുടെ പ്രശ്നം കുടുംബത്തിനു മുന്നില്‍ വലിയൊരു ചോദ്യചിഹ്നമായി.

ആദ്യം ഗര്‍ഭം അലസിപ്പിക്കാനായിരുന്നു വീട്ടുകാരുടെ ശ്രമമെന്ന് അനുപമയുടെ മൊഴി. അനുപമ സമ്മതിച്ചില്ല. ആശുപത്രിയില്‍ പ്രസവം. മൂന്നാം ദിവസം ആശുപത്രിവിട്ട് വീട്ടിലേയ്ക്കു മടങ്ങും വഴി മകനെ ബന്ധുക്കള്‍ അവളില്‍ നിന്ന് അടര്‍ത്തി മാറ്റി. ആ കുഞ്ഞിനെ ശിശുക്ഷേമ സമിതിയിലാക്കുകയും അവിടെ നിന്ന് ആന്ധ്രാപ്രദേശില്‍ ഏതോ ഒരു ദേശത്ത് കുട്ടികളില്ലാത്ത ദമ്പതികള്‍ക്കു ദത്തു നല്‍കുകയും ചെയ്തുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രശ്നം ആകെ കുഴഞ്ഞു മറിഞ്ഞതാണ്. അവിവാഹിതയായ അമ്മയ്ക്കും അവകാശങ്ങളുണ്ടെന്നു വാദങ്ങള്‍ മുന്നോട്ടുവെച്ചുതന്നെയാണ് അനുപമയുടെ പോരാട്ടം. എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ നേതാവും സി.പി.എം പാര്‍ട്ടിയംഗവുമായ അനുപമ ഡി.വൈ.എഫ്.ഐ നേതാവായ അജിത് കുമാറുമായി പരിചയപ്പെടുമ്പോള്‍ ആ യുവാവ് വിവാഹിതനായിരുന്നുവെന്ന കാര്യം പ്രശ്നങ്ങളെ വീണ്ടും കുരുക്കുകളില്‍ പെടുത്തുന്നു.

അജിത് കുമാറിന്‍റെ ആദ്യ ഭാര്യ നസിയയുടെ പരാതി അനുപമയ്ക്കെതിരെ. അമ്മയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയതെന്നും അങ്ങനെ അനുപമ എഴുതിയ കത്ത് താന്‍ കണ്ടതാണെന്നും നസിയയുടെ ആരോപണം. അച്ഛന്‍ തല്ലിയും കുഞ്ഞിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയും ബലമായി കത്തില്‍ ഒപ്പിടുവിച്ചതാണെന്ന് അനുപമ.

ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തെയാണ് അനുപമയുടെ കണ്ണനീര്‍ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. സമിതിയുടെ ജനറല്‍ സെക്രട്ടറി ഷിജു ഖാനാണ്. എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ഷിജു ഖാന്‍. അമ്മയും അച്ഛനും ജീവിച്ചിരിക്കെ, ഒരു കുഞ്ഞിനെ ദത്തു നല്‍കിയതിന്‍റെ രീതിയും ന്യായവും സമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടും. ഉത്തരം പറയാനാവാതെ നില്‍ക്കുകയാണ് ഷിജു ഖാന്‍.

എന്തായാലും സി.പി.എം നേതൃത്വവും സംസ്ഥാന സര്‍ക്കാരും അമ്മയ്ക്കു നീതി ഉറപ്പാക്കുമെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട്. കുഞ്ഞിനെ അമ്മയ്ക്കു നേടിക്കൊടുക്കാനുള്ള ശ്രമത്തില്‍ സര്‍ക്കാര്‍ അമ്മയ്ക്കൊപ്പം തന്നെ നില്‍ക്കുമെന്ന് സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയിട്ടുണ്ട്. കുഞ്ഞിനെ അമ്മയ്ക്കു കിട്ടുക എന്നതുതന്നെയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് വീണ പ്രഖ്യാപിക്കുന്നു.

പാര്‍ട്ടിയും വീണയ്ക്കൊപ്പമാണെന്ന് സി.പി.എം നേതൃത്വവും ഉറപ്പിച്ചു പറയുന്നു. അനുപമ ഇനിയും കാത്തിരിക്കുകയാണ്. ബലം പ്രയോഗിച്ചു മാറ്റിയ മകനെ തിരികെ കിട്ടുമെന്നു പ്രതീക്ഷിച്ച്.

കടമ്പകളേറെയാണ്. സര്‍ക്കാര്‍ സജീവമായി ഇടപെട്ടാല്‍ മാത്രമേ കാര്യം നടക്കൂ. നിയമപരമായ തടസങ്ങള്‍ ഏറെയുണ്ടാകും. അവയും പരിഹരിക്കണം. ഇതിനുത്തരവാദികളായവരെ കണ്ടെത്താനും നടപടിയുണ്ടാകണം.

-ചീഫ് എഡിറ്റര്‍

Advertisment