Advertisment

അനുപമയുടെ വിജയം ഗംഭീരം തന്നെ. ഇനിയെന്ത് എന്ന ചോദ്യം ബാക്കിയും - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

വിജയം അനുപമയുടേത്. അനുപമ എന്ന 22 കാരിയുടേതു മാത്രം. തന്‍റെ കുഞ്ഞിനു വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍, ഏതറ്റം വരെയും പോരാടാന്‍ ഒരുങ്ങിത്തിരിച്ച ഒരു യുവ മാതാവിന്‍റെ സമര വിജയം.

ആ നിശ്ചയ ദാര്‍ഢ്യം കണ്ട് കേരളത്തിലെ ജനങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ മറിച്ച് കോരിത്തരിച്ചിരുന്നു. ആ ഒറ്റയാള്‍പ്പോരാട്ടത്തിനു മുന്നില്‍ അമ്മമാര്‍ തല നമിച്ചു. ആ അമ്മയുടെ നോവ് മലയാളി മനസുകളുടെ വലിയ നൊമ്പരമായി. പ്രസവിച്ച് മൂന്നാം നാള്‍ കാണാമറയത്തേക്കു പോയ ആ കുഞ്ഞ് കുടുംബക്കോടതി ജഡ്ജിയുടെ ഉത്തരവിലൂടെ യഥാര്‍ത്ഥ അമ്മയുടെ കാത്തിരുന്ന കരങ്ങളില്‍.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത മാനങ്ങളിലൂടെ കടന്നു പോയ ഒരു പോരു തന്നെയാണ് അനുപമ നടത്തിയത്. വീട്ടുകാരറിയാതെ ഒരു യുവാവുമായി ബന്ധം. ആ ബന്ധത്തില്‍ പിറന്ന കുഞ്ഞ്. ആ കുഞ്ഞിനെ വീട്ടുകാര്‍ തന്നെ അവളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു. ഒരു രാവില്‍ കുഞ്ഞ് ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണയിലേയ്ക്ക്. അവിടെ നിന്ന് ദത്ത് വഴി ആന്ധ്രാപ്രദേശിലെ മക്കളില്ലാത്ത ദമ്പതിമാരുടെ സ്നേഹത്തണലില്‍.

ദിവസങ്ങള്‍ മാത്രം പ്രായമായ ഒരു കുഞ്ഞിന്‍റെ അത്ഭുതകരമായ ദീര്‍ഘയാത്രയാണ് നവംബര്‍ 24 -ാം തീയതി ഉച്ചതിരിഞ്ഞ് തിരുവനന്തപുരത്തെ വഞ്ചിയൂര്‍ കുടുംബ കോടതി ജഡ്ജി ബിജു മോഹന്‍റെ സാന്നിദ്ധ്യത്തില്‍ അവസാനിച്ചത്. ഉറക്കത്തിലായിരുന്ന ആ കുരുന്ന് അങ്ങനെ സ്വന്തം അമ്മയുടെ നെഞ്ചിന്‍റെ ചൂടിലേയ്ക്ക്.

publive-image

അനുപമയ്ക്കു സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും വിഷയം ഉയര്‍ത്തിയ വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. നിയമക്കുരുക്കുകളും. ഈ സംഭവത്തില്‍ ശിശുക്ഷേമ സമിതിത്ക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും (സി.ഡബ്ല്യു.സി) നേരിട്ട വീഴ്ചകള്‍ എണ്ണി പറഞ്ഞ് ശുശു ക്ഷേ വകുപ്പ് ഡയറക്ടര്‍ ടി.വി അനുപമ വകുപ്പു മന്ത്രി വീണാ ജോര്‍ജിനു റിപ്പോര്‍ട്ട് മല്‍കി. ഈ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ എന്തു ചെയ്യുമെന്നതു രാഷ്ട്രീയമായി ഉയരുന്ന ചോദ്യമാണ്.

ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കൈവിട്ടുപോയ കുഞ്ഞിനെ വീണ്ടുകിട്ടാന്‍ പരാതി കൊടുക്കുകയും പല വാതിലുകളിലും മുട്ടുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ ശിശുക്ഷേമ സമിതി ഭാരവാഹികള്‍ കുഞ്ഞിനെ ആന്ധ്രാ ദമ്പതികള്‍ക്കു ദത്തു നല്‍കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതു സംബന്ധിച്ച് ഇനി എന്തു നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരാണു തീരുമാനിക്കേണ്ടത്. അനുപമ സമരത്തിനിറങ്ങിയപ്പോള്‍ത്തന്നെ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത് സര്‍ക്കാര്‍ അമ്മയ്ക്കൊപ്പമാണെന്നു തന്നെയാണ്. പക്ഷെ ശിശു ക്ഷേമ സമിതി ഭാരവാഹി ഷിജു ഖാന്‍ സി.പി.എം നേതാവും ഡി.വൈ.എഫ്.ഐ ഭാരവാഹിയുമാണ്.

കുഞ്ഞിനെപ്പറ്റി അന്വേഷണം നടത്തി അലയുന്ന ഘട്ടത്തില്‍ അനുപമ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനാവൂര്‍ നാഗപ്പനെയും സമീപിച്ചതാണ്. അനുകൂലമായ ഒരു നിലപാടല്ല അദ്ദേഹം സ്വീകരിച്ചതെന്നാണ് അനുപമ അന്ന് ആരോപിച്ചിരുന്നത്.

publive-image

ഇപ്പോള്‍ കാര്യങ്ങളൊക്കെ മാറി മറിഞ്ഞിരിക്കുന്നു. നിയമത്തിന്‍റെ വഴികള്‍ വ്യക്തമായിരിക്കുന്നു. ശിശു ക്ഷേമ സമിതി ദത്തു നല്‍കിയ കുഞ്ഞിനെ നിയമ വഴികളിലൂടെ തിരികെയെത്തിച്ചിരിക്കുന്നു. കുഞ്ഞ് അനുപമയുടേതു തന്നെയെന്നു ഡി.എന്‍.എ പരിശോധനാ ഫലം. അമ്മയുടെ കൈയില്‍ കുഞ്ഞ് സുരക്ഷിതമായി എത്തുകയും ചെയിതിരിക്കുന്നു.

എന്നു കണ്ട് നിയമത്തിന്‍റെ കൈകള്‍ വെറുതെയിരിക്കുന്നില്ല. അനുപമ വീണ്ടും സമരരംഗത്തേയ്ക്കു വരുമെന്നു തന്നെയാണു പറയുന്നത്. ഇനിയത്തെ സമരം കുഞ്ഞിനെ തന്നില്‍ നിന്നകറ്റി ദത്തു നല്‍കിയ ഉദ്യോഗസ്ഥര്‍ക്കും ശുശുക്ഷേമ സമിതി ഭാരവാഹികള്‍ക്കും നേരേയാണ്. സ്വന്തം മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെയാണ്. അനുപമയുടെ മാതാപിതാക്കള്‍ക്കു തിരുവനന്തപുരത്തെ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുവെന്നാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത.

അനുപമയുടെ വിജയം ഗംഭീരം തന്നെ. ഇനിയെന്ത് എന്ന ചോദ്യം ബാക്കിയും.

Advertisment