Advertisment

യു.പി തെരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ണായകമായ മുഖമായി മാറുകയാണ് പ്രിയങ്ക ഗാന്ധി. പ്രിയങ്കയുടെ മുഖം കോണ്‍ഗ്രസിനെ രക്ഷിക്കുമോ ? ബി.ജെ.പിയുടെ തകര്‍ച്ചയ്ക്കു വഴി തെളിക്കുമോ ? യു.പി രാഷ്ട്രീയത്തില്‍ പ്രിയങ്ക എങ്ങനെയാവും പ്രസക്തമാവുക ? - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്

New Update

publive-image

Advertisment

പ്രിയങ്കയുടെ മുഖം തെളിയുകയാണ്. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പു നടക്കുന്ന ഉത്തര്‍ പ്രദേശില്‍ തന്‍റെ മുഖം എല്ലായിടത്തുമില്ലേ എന്നു ചോദിക്കുന്നത് പ്രിയങ്കാ ഗാന്ധി വാദ്ര തന്നെ. കോണ്‍ഗ്രസിന്‍റെ യു.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയോ പ്രിയങ്ക ? ചോദ്യം സ്വാഭാവികം.

കുറെ വര്‍ഷങ്ങളായി യു.പിയില്‍ സജീവമായിത്തന്നെയുണ്ട് പ്രിയങ്ക. ഉന്നാവ്, ഹാഥ്റസ് ബലാല്‍സംഗക്കേസുകള്‍ രാജ്യത്തെ നടുക്കിയപ്പോള്‍ പ്രിയങ്ക ഓടിയെത്തി. ഇരകളുടെ വീടുകളിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. യു.പിയിലെ യോഗിസര്‍ക്കാരിനെതിരെ പ്രകടനവും സമരവും നടത്തി. മാധ്യമ പ്രവര്‍ത്തകര്‍ എപ്പോഴും പ്രിയങ്കയെ വളഞ്ഞു.

പ്രിയങ്ക യു.പിയില്‍ തിളങ്ങുന്ന താരമായി വളര്‍ന്നുകഴിഞ്ഞു എന്നതാണു വസ്തുത. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതും അതുതന്നെ. യു.പിയില്‍ കോണ്‍ഗ്രസിന്‍റെ മുഖമാവുകയാണോ പ്രിയങ്ക എന്നായിരുന്നു ചോദ്യം.

ഇവിടെല്ലായിടത്തും തന്‍റെ മുഖം കാണുന്നില്ലേ എന്ന് പ്രിയങ്കയുടെ മറുചോദ്യം. യു.പിയിലെങ്ങും തന്‍റെ ചിത്രങ്ങളില്ലേ എന്നാണ് പ്രിയങ്കയുടെ മറുചോദ്യത്തിന്‍റെ സാരമെങ്കിലും താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിതന്നെയെന്നു പറയാതെ പറയുകയായിരുന്നു പ്രിയങ്ക എന്നു മാധ്യമങ്ങളുടെ വ്യാഖ്യാനം.

publive-image

പ്രിയങ്ക നേതാവായി വരുന്നതും കോണ്‍ഗ്രസ് ജയിച്ചാല്‍ മുഖ്യമന്ത്രിയാവുന്നതു പ്രിയങ്കതന്നെയായിരിക്കുമെന്നു മുന്‍കൂട്ടി പറയുന്നതുമൊക്കെ രാഷ്ട്രീയമായി വലിയ ശരി തന്നെയാണ്. പ്രത്യേകിച്ച് കോണ്‍ഗ്രസിനെ സംബന്ധിച്ച്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ കരുത്തുള്ള ഒരു നേതാവില്ല എന്നതുശ്രദ്ധിക്കണം.

സോണിയാ ഗാന്ധിക്കു വയസേറെയായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞ രാഹുല്‍ ഗാന്ധി ഇനിയും മനസു മാറ്റിയിട്ടില്ല. ഫലത്തില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഒരു നേതാവില്ല.

കുറഞ്ഞപക്ഷം യു.പിയിലെങ്കിലും കോണ്‍ഗ്രസിന് ഒരു നേതാവിനെ അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു. വലിയ കാര്യം തന്നെ. ഗൗരവത്തോടെ ഒരു തെരഞ്ഞെടുപ്പു നേരിടാനിറങ്ങുന്ന പാര്‍ട്ടിക്കു നേതാവു മാത്രം പോരാ. അതും യു.പി പോലൊരു സംസ്ഥാനത്ത്.

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് യു.പി. ആകെ സീറ്റുകളുടെ എണ്ണം 403. യു.പി പിടിച്ചാല്‍ കേന്ദ്രഭരണം കൈയെത്തും ദൂരത്തെത്തി എന്നാണ് പറയാറ്. രണ്ടാം തവണയും ഡല്‍ഹി ഭരിക്കുന്ന ബി.ജെ.പിക്ക് യുപിയില്‍ ഭരണം നിലനിര്‍ത്തുക അത്യാവശ്യം തന്നെ.

ഒരു വര്‍ഷം നീണ്ട കര്‍ഷക സമരം ബി.ജെ.പിയെ കുറച്ചൊന്നുമല്ല വലച്ചത്. യു.പിയിലും സമരം രൂക്ഷമായിരുന്നു. ലഖിംപൂര്‍ ഖേരി പ്രദേശത്ത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആഷിഷ് മിശ്രയും സംഘവും മന്ത്രിയുടെ അടമ്പടി വാഹനങ്ങള്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ മേല്‍ ഓടിച്ചുകയറ്റിയ സംഭവത്തില്‍ നാലു കര്‍ഷകരാണു കൊല്ലപ്പെട്ടത്. കര്‍ഷകരോഷം എങ്ങനെ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് ബി.ജെ.പി.

അതിലും ശക്തമാണ് പിന്നോക്ക-ദളിത് വിഭാഗങ്ങളുടെ പടലപ്പിണക്കം. തെരഞ്ഞെടുപ്പടുത്തതോടെ പിന്നോക്ക വിഭാഗ നേതാക്കള്‍ ബി.ജെ.പി വിടുന്ന കാഴ്ചയാണ് യു.പിയില്‍ കാണുന്നത്. മന്ത്രിമാരും എം.എല്‍.എമാരുമടക്കം ഇതിനോടകം ബി.ജെ.പി വിട്ട പ്രമുഖര്‍ ഒമ്പതു പേര്‍. ബി.ജെ.പി ആകെ ആശങ്കയിലാണ്.

publive-image

ഇവരൊക്കെ അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ് വാദി പാര്‍ട്ടിയിലേയ്ക്കാണു പോയിരിക്കുന്നതെന്നതാണ് മറ്റൊരു കാര്യം. വിവിധ പിന്നോക്ക സമുദായങ്ങളെയും കക്ഷികളെയും കൂട്ടിയിണക്കി ശക്തമായൊരു മുന്നണിക്കു രൂപം നല്‍കിക്കഴിഞ്ഞു അഖിലേഷ്.

എസ്.പി.യെ ഒന്നു പിടിച്ചു കുലുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ബി.ജി.പിക്കും കിട്ടി ചെറിയൊരു നേട്ടം. മുലായം സിങ്ങിന്‍റെ മരുമകള്‍ അപര്‍ണ യാദവിനെ ബി.ജെ.പിയില്‍ ചേര്‍ക്കാന്‍ കഴിഞ്ഞുവെന്നത് വലിയ കാര്യമായെന്നു പാര്‍ട്ടി നേതൃത്വം കരുതുന്നുവെങ്കിലും അഖിലേഷ് യാദവ് അതത്ര വലിയ കാര്യമായി എടുക്കുന്നില്ല.

ഇനിയുള്ളത് മായാവതി. നാലുവട്ടം യു.പി മുഖ്യമന്ത്രിയായ ബി.എസ്.പി നേതാവ്. ദളിത് രാഷ്ട്രീയത്തിന് യു.പിയില്‍ ഭരണം പിടിക്കാന്‍ കഴിയുമെന്നു കാണിച്ച വലിയ നേതാവ്. പക്ഷെ 2014 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ കരുത്തു ശോഷിച്ചു വരികയായിരുന്നു. അണികളൊക്കെ പല ഘട്ടങ്ങളിലായി ബി.ജെ.പിയിലേയ്ക്കും എസ് .പിയിലേയ്ക്കും ചേക്കേറി. ഇന്നു മായാവതിയുടെ ക്വാസ് ഏറെ ശോഷിച്ചിരിക്കുന്നു.

publive-image

ഈ സാഹചര്യത്തിലാണ് പ്രിയങ്കാ ഗാന്ധിയുടെ വരവിനെ വിലയിരുത്തേണ്ടത്. പ്രിയങ്കയില്‍ ന്യായമായും കോണ്‍ഗ്രസിന് നല്ലൊരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കിട്ടിയിരിക്കുന്നുവെന്നുതന്നെ പറയാം. ഇന്ദിരാഗാന്ധിയുടെ മുഖവും നോട്ടവും നടപ്പും അതുപോലെ . യു.പിയിലെ ഗ്രാമീണര്‍ക്ക് പ്രിയങ്ക ഒരു ഹരം തന്നെയാണ്. ഡല്‍ഹിയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും.

പക്ഷെ പ്രിയങ്കയ്ക്കു പിന്തുണ നല്‍കാന്‍ യു.പിയില്‍ സംഘടനയുണ്ടോ ? എന്താണു കോണ്‍ഗ്രസിന്‍റെ ഗതി ? സംഘടന വളരെ ദുര്‍ബലം. സംഘടന കെട്ടിപ്പടുക്കാതെ യു.പി പോലെ വലിയൊരു സംസ്ഥാനത്ത് ഗൗരവമേറിയ ഒരു തെര‍ഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതെങ്ങനെ ?

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായുമൊക്കെയാണ് ബി.ജെ.പിയുടെ പ്രധാന പ്രചാരകര്‍. പിന്നാലേ ആളും അര്‍ത്ഥവും ഒഴുകും. ബി.ജെ.പിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് എസ്.പി മുന്നിലെത്തിക്കഴിഞ്ഞു.

ബി.ജെ.പിയെ തുരത്തണമെങ്കില്‍ ബി.ജെ.പി വിരുദ്ധ ചേരികളെ ഒന്നിച്ചു നിര്‍ത്തുകയാണു വേണ്ടതെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യം. അപ്പോള്‍പ്പിന്നെ പ്രിയങ്കയ്ക്ക് എത്രകണ്ടു മുന്നേറാന്‍ കഴിയും ? കോണ്‍ഗ്രസ് നേടുന്ന പിന്തുണ ബി.ജെ.പി വിരുദ്ധ ഐക്യനിരയില്‍ വിള്ളലുണ്ടാക്കുമോ ?

യു.പി തെരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ണായകമായ മുഖമായി മാറുകയാണ് പ്രിയങ്ക. പ്രിയങ്കയുടെ മുഖം കോണ്‍ഗ്രസിനെ രക്ഷിക്കുമോ ? ബി.ജെ.പിയുടെ തകര്‍ച്ചയ്ക്കു വഴി തെളിക്കുമോ ? യു.പി. രാഷ്ട്രീയത്തില്‍ പ്രിയങ്ക എങ്ങനെയാവും പ്രസക്തമാവുക ? ചോദ്യങ്ങളുയരുകയാണ് പ്രിയങ്കയുടെ പേരില്‍....

-ചീഫ് എഡിറ്റര്‍

Advertisment