Advertisment

കെ.ടി ജലീല്‍ എന്തിനുള്ള പുറപ്പാടാണ് ? ജലീലിന്‍റെ അനുഭവം ചൂണ്ടിക്കാട്ടി ഇന്‍റലിജന്‍സും സര്‍ക്കാരിന് ചില സുപ്രധാന റിപ്പോര്‍ട്ടുകള്‍ കൈമാറിയിട്ടുണ്ട്. എങ്കില്‍ ഓര്‍ഡിനന്‍സ് സ്വയ രക്ഷയ്ക്കോ ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

കെ.ടി ജലീല്‍ തിരിച്ചടിക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രി സ്ഥാനത്തുനിന്ന് ജലീലിനെ ഇറക്കിവിട്ടതാണ് ലോകായുക്ത സിറിയക് ജോസഫ്. ഇന്നിപ്പോള്‍ ലോകായുക്ത നിയമം തന്നെ ഭേദഗതി ചെയ്തുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാര്‍ ഒര്‍ഡിനന്‍സ് കൊണ്ടുവരാനിരിക്കെ, ഉറഞ്ഞുതുള്ളുകയാണ് ജലീല്‍. എന്താണു ജലീലിന്‍റെ ഭാവം ?

ഒന്നാം പിണറായി സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസത്തിന്‍റെയും ന്യൂനപക്ഷ വകുപ്പിന്‍റെയും ചുമതലയായിരുന്നു ഡോ. കെ.ടി ജലീലിന്. സ്വജന പക്ഷപാതം നടത്തിയ ജലീലിന് മന്ത്രി സ്ഥാനത്തു തുടരാനര്‍ഹതയില്ലെന്നായിരുന്നു ലോകായുക്തയുടെ ഉത്തരവ്.

മന്ത്രിയ്ക്കെതിരെ ഉചിതമായ നടപടിയെടുക്കാന്‍ 2021 ഏപ്രില്‍ ഒമ്പതാം തീയതി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് സര്‍ക്കാരിനെ ഞെട്ടിച്ച ഉത്തരവില്‍ മുഖ്യമന്ത്രിയോടാവശ്യപ്പെടുകയായിരുന്നു. ജലീലിന് മന്ത്രിസ്ഥാനം രാജിവെച്ചൊഴിയേണ്ടിവന്നു.

രണ്ടാമൂഴത്തിനു വേണ്ടി നേരത്തേ തന്നെ തയ്യാറെടുപ്പു നടത്തിക്കൊണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് വലിയൊരു തിരിച്ചടിയായിരുന്നു ജലീലിന്‍റെ രാജി. ബന്ധുവായ കെ.ടി അദീബിനെ കേരളാ സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്പ്മെന്‍റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍റെ ജനറല്‍ മാനേജരായി നിയമിച്ചതില്‍ സ്വജനപക്ഷപാതമുണ്ടെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍.

നിയമനത്തിന്‍റെ പേരില്‍ വിവാദമുണ്ടായപ്പോള്‍ത്തന്നെ കെ.ടി അദീബ് സ്ഥാനം രാജിവെച്ച് നേരത്തെ ചുമതല വഹിച്ചിരുന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ മാനേജര്‍ സ്ഥാനത്തേയ്ക്കു മടങ്ങിയിരുന്നു. എങ്കിലും മുഖ്യമന്ത്രിക്കെതിരായ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ലോകായുക്ത കൂട്ടാക്കിയില്ല.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്താണ് ലോകായുക്ത സ്ഥാനത്തേയ്ക്ക് ജസ്റ്റിസ് സിറിയക്ക് ജോസഫിനെ നിയമിച്ചത്. മുഖ്യമന്ത്രി അറിഞ്ഞുതന്നെയായിരുന്നു നിയമനം. സുപ്രീം കോടതി ജഡ്ജിയോ അല്ലെങ്കില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയിരിക്കണം ലോകായുക്ത എന്ന് കേരള ലോകായുക്താ നിയമം നിഷ്കര്‍ഷിച്ചിരുന്നു. ആ വകുപ്പ് പുതിയ ഓര്‍ഡിനന്‍സില്‍ ഭേദഗതി ചെയ്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഈ വകുപ്പു പ്രകാരം നിയമനം നടക്കുന്ന സമയത്ത് യോഗ്യരായ രണ്ടു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് കെ.ടി ജലീല്‍ ഈ വിവാദ പരമ്പരയില്‍ ഏറ്റവുമൊടുവിലത്തെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. "ഒരു മാന്യന്‍ എത്ര നിര്‍ബന്ധിച്ചിട്ടും പദവി ഏറ്റെടുത്തില്ല. അതിനാല്‍ മറ്റു മാര്‍ഗങ്ങളില്ലാതെ സര്‍ക്കാര്‍ സിറിയക്ക് ജോസഫിനെ നിയമിക്കുകയായിരുന്നു." കെ.ടി ജലീല്‍ വിശദീകരിക്കുന്നു.

തക്ക പ്രതിഫലം കിട്ടിയാല്‍ എന്തു കടുംകയ്യും ചെയ്യാന്‍ മടിക്കാത്ത ആളാണു സിറിയക്ക് ജോസഫ് എന്നതാണ് കെ.ടി ജലീല്‍ ആദ്യ ദിവസം ആരോപിച്ചിരുന്നത്. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കുന്നതിന് സഹോദര ഭാര്യയ്ക്ക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങിയതായും ജലീല്‍ ആരോപിച്ചു.

കേരളത്തില്‍ മാത്രമാണ് ലോകായുക്തയ്ക്ക് ഇത്രയും വലിയ അധികാരങ്ങളുള്ളതെന്നും അതുകൊണ്ടുതന്നെ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണെന്നുമാണ് ജലീല്‍ പറഞ്ഞുവെച്ചത്. സുപ്രീം കോടതി ജഡ്ജിയായിരുന്ന മൂന്നു വര്‍ഷത്തിനിടയ്ക്ക് വെറും ആറു കേസില്‍ മാത്രമാണ് ജസ്റ്റിസ് സിറിയക്ക് ജോസഫ് വിധി പ്രഖ്യാപിച്ചതെന്നും കെ.ടി ജലീല്‍ ആരോപിച്ചു.

ആ ജഡ്ജിയാണ് തനിക്കെതിരായ കേസില്‍ ലോകായുക്ത എന്ന നിലയ്ക്ക് വെളിച്ചത്തെക്കാള്‍ വേഗത്തില്‍ വിധി പറഞ്ഞതെന്നും ജലീല്‍ ആക്ഷേപിച്ചു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായിരുന്നു അത്. യു.ഡി.എഫ് ഭരണ കാലത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമാകാന്‍ ജസ്റ്റിസ് സിറിയക്ക് ജോസഫിന്‍റെ പേരു പരിഗണനയ്ക്കു വന്നപ്പോള്‍ രാജ്യസഭയിലെ ബി.ജെ.പി നേതാവായിരുന്ന അരുണ്‍ ജെയ്റ്റ്ലി നല്‍കിയ വിയോജന കുറിപ്പില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ജലീല്‍ എടുത്തു പറഞ്ഞു.

ലോക്സഭയിലെ ബി.ജെ.പി നേതാവ് സുഷമാ സ്വരാജും ജസ്റ്റിസ് സിറിയക്ക് ജോസഫിന്‍റെ നിയമനത്തെ എതിര്‍ത്തിരുന്നു.

കെ.ടി ജലീല്‍ എന്തിനുള്ള പുറപ്പാടാണ് ? ജലീലിനു പിന്തുണയുമായി സി.പി.എം ഇതുവരെ പരസ്യമായി രംഗത്തു വന്നിട്ടില്ല. ജലീലിനെ എതിര്‍ക്കാനും പോയിട്ടില്ല.

പക്ഷെ ലോകായുക്താ സ്ഥാനത്തിരിക്കുന്ന ജസ്റ്റിസ് സിറിയക്ക് ജോസഫ് എന്തും ചെയ്യാന്‍ മടിക്കാത്തയാളാണെന്ന സന്ദേശമാണ് കെ.ടി ജലീല്‍ കേരള സമൂഹത്തിനു നല്‍കുന്നത്. ഒരു പക്ഷെ ഇക്കാര്യം ഇടതു മുന്നണി നേതൃത്വം നേരത്തെതന്നെ മനസിലാക്കിയിരുന്നുവോ ?

അത്ര ഗരുരുതരമായ കേസല്ലാതിരുന്നിട്ടുപോലും കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്കു നിര്‍ദേശം നല്‍കിയ ജസ്റ്റിസ് സിറിയക് ജോസഫിന്‍റെ നടപടി സര്‍ക്കാരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.

മുഖ്യമന്ത്രി പിണറായിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനുമെതിരെ ലോകായുക്ത മുമ്പാകെ കേസ് നിലവിലുണ്ട്. ആര്‍. ബിന്ദുവിനെതിരായ കേസ് ഈ വരുന്ന വെള്ളിയാഴ്ച പരിഗണിക്കാനിരിക്കുകയുമാണ് ലോകായുക്ത.

പ്രതിപക്ഷത്തിന്‍റെ സ്വാധീനത്തിനു വഴങ്ങി ലോകായുക്ത എന്തു കടുത്ത നടപടിക്കും മുതിരുമെന്നാണ് കെ.ടി ജലീല്‍ ഉയര്‍ത്തുന്ന ആരോപണങ്ങളുടെ പൊരുള്‍. ഇന്‍റലിജന്‍സ് വിഭാഗവും ഇതുസംബന്ധിച്ച് ചില പ്രധാന വിവരങ്ങള്‍ സര്‍ക്കാരിനു നല്‍കിയിട്ടുള്ളതായും അറിയുന്നു.

പല ആയുധങ്ങളും മൂര്‍ച്ചകൂട്ടിയെടുത്തിട്ടും പ്രതിപക്ഷത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ അസ്ഥിരപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന കാര്യവും ഓര്‍ക്കണം. പക്ഷെ സ്വരക്ഷയ്ക്ക് ജാഗ്രതയോടെ നോക്കിയിരിക്കാനും തക്കസമയത്ത് ഇടപെടാനും തയ്യാറെടുത്തിരിക്കുകയാണ് ഭരണപക്ഷം.

ലോകായുക്തയ്ക്കെതിരെ കെ.ടി ജലീല്‍ കത്തിക്കയറുമ്പോഴും സര്‍ക്കാരും സി.പി.എമ്മും മിണ്ടാതിരിക്കുന്നത് അര്‍ത്ഥഗര്‍ഭം തന്നെയെന്നു കരുതിയാല്‍ മതി. അങ്ങനെയെങ്കില്‍ ഓര്‍ഡിനന്‍സ് സ്വയ രക്ഷയ്ക്കെന്നും കരുതാം.

Advertisment