Advertisment

ഇതു ദ്രാവിഡ വിജയം ! ഇതുവരെ അധികാരത്തിലിരുന്ന അണ്ണാ ഡി.എം.കെയുടെ കോട്ടകൊത്തളങ്ങളൊക്കെയും തകര്‍ന്നടിഞ്ഞു. ബി.ജെ.പിയ്ക്ക് ഇത് നഷ്ടക്കച്ചവടം ! ഡിഎംകെ വിജയം ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് തമിഴ്‌നാട് പുതിയ ഉണര്‍വു നല്‍കുന്നു - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

തമിഴ്‌നാട്ടിൽ വീണ്ടും ദ്രാവിഡ വിജയം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനത്തോടെ വിജയിച്ച് ഒമ്പതു മാസത്തെ ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാന നഗരസഭകളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പില്‍ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) അധികാരമുറപ്പിക്കുകയാണ്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തിനു കിട്ടുന്ന വലിയ അംഗീകാരം. എല്ലാ നഗരസഭകളിലും ബഹുഭൂരിപക്ഷം മുന്‍സിപ്പാലിറ്റികളിലും വിജയം ഡി.എം.കെയ്ക്ക്.

ഇതുവരെ അധികാരത്തിലിരുന്ന അണ്ണാ ഡി.എം.കെയുടെ കോട്ടകൊത്തളങ്ങളൊക്കെയും തകര്‍ന്നടിഞ്ഞു. മധുര, കോയമ്പത്തൂര്‍, സേലം, ഈറോഡ് തുടങ്ങിയ മേഖലകളിലൊക്കെയും ഡി.എം.കെ വന്‍ വിജയം നേടി. മുന്‍ മുഖ്യമന്ത്രിമാരായ എടപ്പാടി പളനിസ്വാമിയുടെയും പന്നീര്‍ ശെല്‍വത്തിന്‍റെയും സ്വന്തം സാമ്രാജ്യങ്ങളും തകര്‍ന്നു വീണു. എന്തിന്, ഇരുവരുടെയും സ്വന്തം വാര്‍ഡുകളില്‍പോലും ജയിച്ചത് ഡി.എം.കെ.

നഗരസഭകളിലെല്ലാമായി ആകെയുള്ള 12,838 സീറ്റില്‍ ഡി.എം.കെ 7700 സീറ്റുകള്‍ നേടി. അണ്ണാ ഡി.എം.കെ നേടിയത് 2008 സീറ്റ്. 502 സീറ്റുമായി കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തെത്തി. ബി.ജെ.പിയ്ക്കു കിട്ടിയത് 308 സീറ്റ് മാത്രം. ഡി.എം.കെയുമായി സഖ്യത്തിലായിരുന്ന ഇടതുപക്ഷ കക്ഷികള്‍ 224 സീറ്റ് നേടി.

നഗരസഭകളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പ് ബി.ജെ.പിയ്ക്ക് വലിയ നഷ്ടക്കച്ചവടമായി. ദ്രാവിഡ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ നടത്തിയ തന്ത്രങ്ങളൊക്കെയും പാഴായി. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്ന കോയമ്പത്തൂര്‍, ദിണ്ടിഗല്‍, സേലം, കരൂര്‍ തുടങ്ങിയ പ്രദേശങ്ങളിലൊക്കെയും ബി.ജെ.പി നിലം പൊത്തി. കിട്ടിയ സീറ്റുകളിലധികവും കന്യാകുമാരി ജില്ലയില്‍ നിന്നു മാത്രം.

ദേശീയ രാഷ്ട്രീയത്തില്‍ ഒരു പ്രധാന നേതാവായി ഉയരാന്‍ ഈ വിജയം എം.കെ സ്റ്റാലിനെ ഏറെ സഹായിക്കും. ബി.ജെ.പിയ്ക്കെതിരെ ഒരു മുന്നണിയുണ്ടാക്കാനുള്ള ശ്രമത്തിന് സ്റ്റാലിന്‍റെ വലിയ വിജയം പുതിയ വഴി തുറക്കുമെന്ന കാര്യം തീര്‍ച്ച.

ബി.ജെ.പിയ്ക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ നീക്കങ്ങള്‍ ഫലവത്താവാതിരുന്നത് ശിവസേന എതിരു നന്നതുകൊണ്ടാണ്. കോണ്‍ഗ്രസിനെ ഒഴിവാക്കി ദേശീയ തലത്തില്‍ മുന്നണിയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് ശിവസേന ശക്തമായ തടയിടുകയായിരുന്നു. ബി.ജെ.പി വിരുദ്ധ നിലപാടുകളുമായി ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ നേടാന്‍ പോകുന്ന സ്റ്റാലിന്‍ തീര്‍ച്ചയായും കോണ്‍ഗ്രസിനെ കൈവിടുന്ന നിലപാടു സ്വീകരിക്കില്ല.

1967 - ലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ കുത്തക അവസാനിപ്പിച്ച് ഡി.എം.കെ തമിഴ്‌നാട്ടിൽ ആധിപത്യം നേടിയത്. കെ. കാമരാജിനെപ്പോലെ കരുത്തുറ്റ നേതാക്കന്മാര്‍ കെട്ടിപ്പടുത്ത കോണ്‍ഗ്രസ് ഉയര്‍ന്നുവന്ന ദ്രാവിഡ രാഷ്ട്രീയത്തിനു മുന്നില്‍ മുട്ടു മടക്കുകയായിരുന്നു. അതില്‍പ്പിന്നെ ഇതുവരെ കോണ്‍ഗ്രസിന് തമിഴ്‌നാട്ടിൽ ഭരണം പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഡി.എം.കെ മുന്നണിയില്‍ പങ്കാളിയായി കിട്ടുന്ന സീറ്റുകളില്‍ സംതൃപ്തരായി കഴിയുക മാത്രമാണ് കോണ്‍ഗ്രസിനു മുന്നിലുള്ള വഴി.

39 ലോക്സഭാ സീറ്റുകളുള്ള തമിഴ്‌നാടിന് അതു കൊണ്ടുതന്നെ ദേശീയ രാഷ്ട്രീയത്തില്‍ വലിയ സ്ഥാനമുണ്ട്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം - ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന് തമിഴ്‌നാട് പുതിയ ഉണര്‍വു നല്‍കുന്നു.

 

Advertisment