Advertisment

നാറ്റോ വന്‍ ശക്തികളുടെ സൈനിക കൂട്ടായ്മയാണ് ! പക്ഷെ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. യുക്രെയിന്‍ നാറ്റോ എന്ന സൈനിക സഖ്യത്തില്‍ ചേര്‍ന്നാല്‍ റഷ്യയ്ക്കതു ഭീഷണിയാവുമെന്നതാണ് പുട്ടിന്‍റെ പേടി ! ഐക്യരാഷ്ട്രസഭയ്ക്കും ഒന്നും ചെയ്യാനാവുന്നില്ല. റഷ്യ ആക്രമിക്കുന്നു; ലോകം നോക്കിനില്‍ക്കുന്നു ! - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

അത്രയ്ക്ക് സമ്പന്നമായ രാജ്യമൊന്നുമല്ല യുക്രെയിന്‍. ദീര്‍ഘകാലം സോവിയറ്റ് യുണിയന്‍റെ ഭാഗമായിരുന്ന രാജ്യം. സോവിയറ്റ് യുണിയന്‍റെ തകര്‍ച്ചയോടെ യുക്രെയിനും സ്വതന്ത്ര രാജ്യമായി. കടുത്ത പ്രതിസന്ധിയിലൂടെയാണെങ്കിലും രാജ്യം പതുക്കെ പതുക്കെ വളരുകയായിരുന്നു.

ഇന്ത്യയില്‍ യുക്രെയിന്‍ അറിയപ്പെടുന്നത് അവിടുത്തെ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളിലൂടെയാണ്. പ്രത്യേകിച്ച് മെഡിസിന്‍ പഠനത്തിനുള്ള ഉന്നത സ്ഥാപനങ്ങള്‍. ഇന്ത്യയില്‍ നിന്നു ധാരാളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. ഇതില്‍ മലയാളി വിദ്യാര്‍ത്ഥികളും ധാരാളമുണ്ട്. ബ്രിട്ടന്‍, അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളാണ് ഉന്നത വിദ്യാഭ്യാസത്തിനു പേരുകേട്ടതെങ്കിലും അവിടെയെല്ലാം ഫീസ് വളരെ കൂടുതലാണ്. ജീവിത ചെലവും ഏറും.

പഴയ സോവിയറ്റ് യൂണിയനില്‍ നിന്നു പിരിഞ്ഞുപോയ രാജ്യങ്ങളൊക്കെ നേറ്റോ എന്ന യൂറോപ്യന്‍ സൈനിക കൂട്ടായ്മയില്‍ ചേരുന്നതാണ് റഷ്യന്‍ പ്രസിഡ‍ന്‍റ്‍ വ്ളാഡിമിര്‍ പുട്ടിനെ പ്രകോപിപ്പിച്ചത്. റഷ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന രാജ്യമെന്ന നിലയ്ക്ക് റഷ്യയ്ക്ക് അതു സഹിക്കാനാവില്ല. യുക്രെയിന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ സെലെന്‍സ്കിയാവട്ടെ, പുട്ടിന്‍റെ വരുതിയില്‍ നില്‍ക്കാന്‍ കൂട്ടാക്കാത്ത ഭരണാധികാരിയും.

1949 ഏപ്രില്‍ നാലിനാണ് നാറ്റോ സഖ്യം രൂപീകൃതമായത്. പേരിന്‍റെ പൂര്‍ണരൂപം നോര്‍ത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍. ആസ്ഥാനം ബെല്‍ജിയത്തിലെ ബ്രസല്‍സ്. അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നീ വന്‍ ശക്തികള്‍ ഉള്‍പ്പെടെ 40 -ലേറെ രാജ്യങ്ങളുടെ സഖ്യമാണ് നാറ്റോ.

1991 ല്‍ സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയോടെ പല രാജ്യങ്ങളും സ്വതന്ത്രമായി. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന യുക്രെയിന്‍ ഉള്‍പ്പെടെ. ഇതില്‍ പല രാജ്യങ്ങളും നാറ്റോയില്‍ അംഗത്വമെടുത്തു. ഒരു സൈനിക സഖ്യമെന്ന നിലയ്ക്ക് അംഗരാജ്യങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ നാറ്റോ പ്രതിജ്ഞാബദ്ധമാണ്. ഹംഗറി, പോളണ്ട്, എസ്റ്റോണിയ, ലാത്‌വിയ, ല്ത്വേനിയ എന്നിങ്ങനെ വിവിധ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നാറ്റോയില്‍ ചേര്‍ന്നതാണ് പുട്ടിന് ആശങ്കയുണ്ടാക്കിയത്.

നാറ്റോ വന്‍ ശക്തികളുടെ സൈനിക കൂട്ടായ്മയാണ്. പക്ഷെ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. യുക്രെയിനെതിരെ റഷ്യ പടനീക്കം തുടങ്ങിയപ്പോള്‍ത്തന്നെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രസ്താവനകളിലൂടെയും മുന്നറിയിപ്പുകളിലൂടെയും പുട്ടിനെതിരെ ഭീഷണി മുഴക്കിയിരുന്നു. പക്ഷെ പുട്ടിന്‍ തെല്ലും കൂസിയില്ല. ആരെങ്കിലുമിടപെട്ടാല്‍ പ്രത്യാഘാതം ഭയങ്കരമായിരിക്കുമെന്നു ഭിഷണിപ്പെടുത്തുകയായിരുന്നു പുട്ടിന്‍.

ലോകരാജ്യങ്ങളുടെയൊക്കെയും മുന്നറിയിപ്പുകളും ബഹിഷ്കരണ ഭീഷണികളും വകവെയ്ക്കാതെ റഷ്യന്‍ സൈന്യം യുക്രെയിനു നേരേ അതി ശക്തമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ചെറുത്തു നില്‍ക്കാന്‍ തെല്ലും ശേഷിയില്ലാത്ത ആ കൊച്ചു രാജ്യം ഒറ്റ ദിവസത്തെ യുദ്ധത്തില്‍ത്തന്നെ തകര്‍ന്നുപോയി. കേമന്‍മാരെന്നു വീമ്പടിച്ചിരുന്ന അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സുമൊക്കെ പേടിച്ചു വിറച്ചു നില്‍ക്കുന്നു.

യുക്രെയിന്‍ നാറ്റോ എന്ന സൈനിക സഖ്യത്തില്‍ ചേര്‍ന്നാല്‍ റഷ്യയ്ക്കതു ഭീഷണിയാവുമെന്നതാണ് പുട്ടിന്‍റെ പേടി. രാജ്യത്തിന്‍റെ പരമാധികാരവും സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടതു തന്‍റെ കടമയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു.

ലോകത്തെ വമ്പന്‍ സൈനിക ശക്തികളെന്നു അവകാശപ്പെടുന്ന അമേരിക്കയും ഇംഗ്ലണ്ടും ഫ്രാന്‍സുമെല്ലാം ഇന്നെവിടെ ? യുദ്ധം തുടങ്ങിയ ദിവസം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കാന്‍ ജോ ബൈഡന്‍ ഒരുങ്ങിയപ്പോള്‍ ലോകം പ്രതീക്ഷയോടെ കാതോര്‍ത്തു. പക്ഷെ ഒന്നുമുണ്ടായില്ല. യുദ്ധത്തില്‍ അമേരിക്ക ഇടപെടില്ലെന്നു പറയാനാണ് അമേരിക്കന്‍ പ്രസിഡന്‍റ് പത്ര സമ്മേളനം വിളിച്ചത്.

മുമ്പ് ഇറാഖിനെതിരെ യുദ്ധം ചെയ്യാനും സദ്ദാം ഹുസൈനെ പിടികൂടാനും അമേരിക്ക അതിന്‍റെ ആയുധ ശേഖരം മുഴുവന്‍ പുറത്തെടുത്തു. ഇംഗ്ലണ്ടും ഫ്രാന്‍സുമെല്ലാം ആയുധപ്പുര തുറന്ന് അമേരിക്കയോടൊപ്പം കൂടി. ആകാശത്ത് പറന്നു നടന്ന് പടിഞ്ഞാറന്‍ പോര്‍ വിമാനങ്ങള്‍ തീഗോളങ്ങള്‍ വര്‍ഷിച്ചു.

ഇന്ന് റഷ്യയുടെ മുന്നേറ്റം കണ്ട് ഭയന്നു നില്‍ക്കുകയാണ് അമേരിക്കയും കാനഡയും യൂറോപ്യന്‍ രാജ്യങ്ങളും ഇംഗ്ലണ്ടുമെല്ലാം. ഉപരോധമെന്നൊക്കെ പറഞ്ഞ് പുട്ടിനെ വരുതിക്കു നിര്‍ത്താമെന്നാണവര്‍ കരുതിയത്.

ഐക്യരാഷ്ട്രസഭയ്ക്കും ഒന്നും ചെയ്യാനാവുന്നില്ല. യുക്രെയിന്‍ റഷ്യന്‍ യുദ്ധത്തില്‍ തകരുകയാണ്. ആ ചെറിയ രാജ്യത്തിന്‍റെ പതനം ആസന്നം. ലോകം നോക്കി നില്‍ക്കുന്നു.

Advertisment