Advertisment

ചരിത്രത്തില്‍ അഡോള്‍ഫ് ഹിറ്റ്ലറെ പോലെ പല ഏകാധിപതികളെയും കാണാനാവും ! ലോകമെമ്പാടും വെട്ടിപ്പിടിച്ചു സ്വന്തം കാല്‍കീഴിലാക്കാന്‍ ശ്രമിച്ചവര്‍. പക്ഷെ അവര്‍ക്കൊക്കെയും ലോകം കനത്ത പ്രഹരം നല്‍കുന്ന കഥകളാണ് ചരിത്രം നമ്മോടു പറയുന്നത്. ലോക രാജ്യങ്ങളുടെ ഉപരോധം റഷ്യയുടെ യുക്രൈന്‍ ആക്രമണത്തേക്കാള്‍ മാരകമാവുമോ ? അപ്പോള്‍ പുട്ടിന്‍റെ ഭാവിയെന്താകും ? ഒറ്റപ്പെടുന്ന പുട്ടിന്‍ ! - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുട്ടിന്‍ ലോകരാജ്യങ്ങളുടെ മുന്നില്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുന്നു. റഷ്യ അടിയന്തിരമായി യുദ്ധം അവസാനിപ്പിക്കണമെന്നും യുക്രൈനില്‍ ആക്രമണം നടത്തുന്ന സേനയെ നിരുപാധികം പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്ന ഐക്യരാഷ്ട്ര സഭാ പ്രമേയത്തിന് ലോകരാജ്യങ്ങളുടെ വന്‍ പിന്തുണ. ഇന്ത്യ വീണ്ടും നിഷ്പക്ഷത പാലിച്ച് റഷ്യന്‍ യുദ്ധത്തില്‍ നിസഹായത പ്രകടിപ്പിച്ചു.

193 അംഗങ്ങളുള്ള ഐക്യരാഷ്ട്രസഭയില്‍ 141 രാജ്യങ്ങളാണ് റഷ്യയ്ക്കെതിരായ പ്രമേയത്തെ പിന്താങ്ങിയത്. മൂന്നില്‍ രണ്ടിലധികം ഭൂരിപക്ഷം വരും ഇത്. ഇവിടെയാണ് ഇന്ത്യ വോട്ടിങ്ങില്‍ നിന്നു വിട്ടുനിന്നതും ലോകരാജ്യങ്ങളുടെ പൊതു അഭിപ്രായത്തോടു യോജിക്കാതിരുന്നതും. വോട്ടിങ്ങില്‍ നിഷ്പക്ഷത പാലിച്ച രാജ്യങ്ങളോടൊപ്പം നില്‍ക്കാന്‍ ചൈന, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാഷ്ടങ്ങളും കൂടി. എന്നാല്‍ നേപ്പാള്‍, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, മാലെ എന്നീ രാഷ്ട്രങ്ങള്‍ പ്രമേയത്തില്‍ പിന്തുണനല്‍കി.

യുക്രൈന്‍ എന്ന ചെറിയ രാജ്യത്തെ തകര്‍ത്തുകൊണ്ടു മുന്നേറുന്ന റഷ്യന്‍ സൈനിക നീക്കത്തില്‍ ലോകമനസാക്ഷി തുടര്‍ച്ചയായി പ്രതിഷേധിക്കുകയാണെങ്കിലും വ്ളാഡിമര്‍ പുട്ടിന് ഒരു കൂസലുമില്ല. യുക്രൈന്‍ സൈനിക കേന്ദ്രങ്ങള്‍ക്കും ഭരണ കേന്ദ്രങ്ങള്‍ക്കുമെതിരെ കനത്ത ആക്രമണം തുടരുകയാണ്.

യുദ്ധ മുഖത്ത് അകപ്പെട്ടുപോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു പങ്കും രക്ഷപെടാനാവാതെ ആശങ്കയില്‍ കഴിയുന്നു. ഭക്ഷണവും വെള്ളവും കിട്ടാതെ ബുദ്ധിമുട്ടുകയാണവര്‍. ആരും സഹായിക്കാനില്ലാത്ത അവസ്ഥ. ധാരാളം മലയാളികള്‍ കഴിയുന്ന ഹര്‍കീവിനു നേരേ ഭീകരമായ യുദ്ധം അഴിച്ചുവിട്ടിരിക്കുകയാണ് റഷ്യ.

ഇവിടെ മലയാളികള്‍ ഉള്‍പ്പെടെ ധാരാളം ഇന്ത്യാക്കാര്‍ കഴിയുന്നുണ്ട്. എത്രയും വേഗം ഇന്ത്യാക്കാര്‍ സ്ഥലം വിടണമെന്നും സുരക്ഷിത സ്ഥാനങ്ങളില്‍ എങ്ങനെയും എത്തിപ്പെടണമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

പക്ഷെ യുദ്ധമുഖത്തുനിന്ന് എങ്ങനെ രക്ഷപെടുമെന്നതു വലിയ ചോദ്യം തന്നെയാണ്. റോക്കറ്റുകളും മിസൈലുകളും ചുറ്റും വന്നു പതിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രക്ഷിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണ് ഹര്‍കീവില്‍. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കടുത്ത ആശങ്കയില്‍ കഴിയുന്നു.

ചരിത്രത്തില്‍ അഡോള്‍ഫ് ഹിറ്റ്ലറെ പോലെ പല ഏകാധിപതികളെയും കാണാനാവും. ലോകമെമ്പാടും വെട്ടിപ്പിടിച്ചു സ്വന്തം കാല്‍കീഴിലാക്കാന്‍ ശ്രമിച്ചവര്‍. പക്ഷെ അവര്‍ക്കൊക്കെയും ലോകം കനത്ത പ്രഹരം നല്‍കുന്ന കഥകളാണ് ചരിത്രം നമ്മോടു പറയുന്നത്.

ലോകരാജ്യങ്ങളുടെ അഭിപ്രായത്തിനു തരിമ്പും വില കല്‍പ്പിക്കാതെ യുദ്ധവുമായി മുന്നേറുന്ന പുട്ടിന്‍ ഇന്നിപ്പോള്‍ ആധുനിക ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട നേതാവായി മാറിയിരിക്കുന്നു. അമേരിക്കയും യുറോപ്യന്‍ യൂണിയനും ശക്തമായ ഉപരോധവുമായി റഷ്യയ്ക്കെതിരെ നീങ്ങുകയാണ്. റഷ്യന്‍ കറന്‍സി റൂബിളിന് അതിവേഗം വിലയിടിഞ്ഞുകൊണ്ടിരിക്കുന്നു.

സ്വിസ്സ് ബാങ്കിന്‍റെ കേന്ദ്രമായ സ്വിറ്റ്സര്‍ലണ്ട് റഷ്യയ്ക്കെതിരെ കനത്ത ഉപരോധം പ്രഖ്യാപിച്ചു. അന്തര്‍ദേശീയ കറന്‍സി വിനിമയ സംവിധാനമായ സ്വിഫ്റ്റില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ ഒഴിവാക്കിക്കഴിഞ്ഞു. ബോയിങ്ങ്, എയര്‍ബസ് എന്നീ വമ്പന്‍ വിമാനക്കമ്പനികള്‍ റഷ്യയുമായുള്ള സഹകരണം അവസാനിപ്പിച്ചു.

ഈ കമ്പനികളുടെ റഷ്യയിലുള്ള വിമാനങ്ങള്‍ക്ക് സ്പെയര്‍ പാര്‍ട്ടുകള്‍ നിഷേധിക്കുകയാവും ഫലം. ലോകം മുഴുവന്‍ റഷ്യയ്ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചാല്‍ റഷ്യയ്ക്ക് എങ്ങനെ പിടിച്ചുനില്‍ക്കാനാവും ?

ഇവിടെയാണ് ചരിത്രത്തില്‍ നിന്നു പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത ഏകാധിപതികളുടെ ഗതി എന്താവുമെന്നുള്ള ചിന്ത തുടങ്ങുന്നത്. ഉപരോധം വ്യക്തിപരമായി പ്രസിഡന്‍റ് വ്ളാഡിമിര്‍ പുട്ടിനെ ബാധിക്കില്ലായിരിക്കാം. ലോകത്ത് പല രാജ്യങ്ങളിലും അദ്ദേഹത്തിന് വലിയ നിക്ഷേപങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്.

അമേരിക്ക പോലെയുള്ള വലിയ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഈ നിക്ഷേപങ്ങള്‍ക്കു പുറകിലാണ്. ഇവയൊക്കെ മരവിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്താലും പുട്ടിന് വ്യക്തിപരമായി പെട്ടെന്നൊരു കുഴപ്പം പറ്റിയില്ലെന്നു വരാം. പക്ഷെ റഷ്യ എന്ന രാജ്യം, അവിടുത്തെ ജനത - ഒരു രാജ്യവും ആ ജനതയും ഒരു ആഗോള ഉപരോധത്തെ എങ്ങനെ നേരിടും ?

ഇപ്പോള്‍ത്തന്നെ യൂറോപ്യന്‍ യൂണിയന്‍ റഷ്യയില്‍ നിന്നുള്ള എല്ലാ ഇറക്കുമതിക്കും നിരോധനമേര്‍പ്പെടുത്തിക്കഴിഞ്ഞു. ഇത്തരം നടപടികള്‍ റഷ്യന്‍ ജനതയെയും ആ രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തെയുമാണ് തകര്‍ക്കുക. സാമ്പത്തികത്തകര്‍ച്ചയും വിലക്കയറ്റവുമൊക്കെ ഒരു രാജ്യത്തിന്‍റെ സുരക്ഷിതത്വത്തെത്തന്നെ ബാധിക്കും. ലോക രാജ്യങ്ങളുടെ ഉപരോധം റഷ്യയുടെ യുക്രൈന്‍ ആക്രമണത്തേക്കാള്‍ മാരകമാവുമോ ? അപ്പോള്‍ പുട്ടിന്‍റെ ഭാവിയെന്താകും ?

ലോക രാഷ്ട്രീയത്തില്‍ എന്തും എപ്പോഴും സംഭവിക്കാം.

Advertisment