Advertisment

പാര്‍ട്ടിക്ക് ഇനി തന്‍റെ മേല്‍നോട്ടം ആവശ്യമില്ലെന്ന സന്ദേശം പിണറായി പാര്‍ട്ടിക്കു നല്‍കിയിരിക്കുന്നു. സംഘടനയുടെ നടത്തിപ്പു ചുമതല ഇനി പൂര്‍ണമായും കോടിയേരിയുടെ കൈകളില്‍. ഒപ്പം സിപിഎമ്മിന്‍റെയും മുന്നണിയുടെയും രാഷ്ട്രീയം നിയന്ത്രിക്കുക എന്ന ചുമതലയും കോടിയേരിക്കുതന്നെ. മൂര്‍ച്ചയേറിയ രാഷ്ട്രീയ ചര്‍ച്ചയ്ക്കു പകരം കാല്‍ നൂറ്റാണ്ടു കാലത്തേക്കുള്ള വികസന ചര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കി. സിപിഎം സമ്മേളനത്തിന് തിരശീല വീണപ്പോൾ - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്

New Update

publive-image

Advertisment

കോടിയേരി ബാലകൃഷ്ണന്‍ ഒരിക്കല്‍ കൂടി സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലേയ്ക്ക്. 2015 മുതല്‍ സംസ്ഥാന സെക്രട്ടറി പദത്തിലിരിക്കുന്ന കോടിയേരി സംസ്ഥാന സമ്മേളനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നത് ഇതു മൂന്നാം തവണ.

എസ്.എഫ്.ഐയിലൂടെ തുടങ്ങി പാര്‍ട്ടി പ്രവര്‍ത്തകനായി പടിപടിയായി ഉയര്‍ന്നു വന്ന നേതാവാണ് കോടിയേരി. തീര്‍ച്ചയായും സംഘടനാ പ്രവര്‍ത്തനത്തില്‍ ഏറെ മികവു തെളിയിച്ചയാള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണ തുടര്‍ച്ച നേടിയപ്പോള്‍ ആ തെരഞ്ഞെടുപ്പു വിജയത്തിനു പിന്നില്‍ സി.പി.എമ്മിന്‍റെ സംഘടനാ ശേഷിയുണ്ടായിരുന്നു. ആ ശേഷിക്കു പിന്നില്‍ കോടിയേരിയുടെ രാഷ്ട്രീയ വ്യക്തിത്വവും സംഘാടക ശേഷിയുമുണ്ടായിരുന്നു.

മൂന്നാം വട്ടവും കോടിയേരി പാര്‍ട്ടി സെക്രട്ടറിയാവുമ്പോള്‍ അതു കേരള രാഷ്ട്രീയത്തില്‍ എങ്ങനെ പ്രതിഫലിക്കും ? രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാവുന്ന കോടിയേരിയുടെ മൂന്നാം വരവ് എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്.

സി.പി.എം സംഘടനാപരമായി വലിയ മാറ്റങ്ങളിലൂടെ കടന്നു പോകുന്ന ഒരു ഘട്ടമാണിത്. ഒരു കാലത്തു പാര്‍ട്ടിയെ പിടിച്ചു കുലുക്കിയിരുന്ന വിഭാഗീയത പൂര്‍ണമായും വിട്ടു പോയിരിക്കുന്നു. പഴയ സി.ഐ.ടി.യു നേതാക്കളായ കെ.എന്‍. രവീന്ദ്രനാഥിനെയും എം.എം ലോറന്‍സിനെയും പ്രത്യേക ക്ഷണിതാക്കളായി പാര്‍ട്ടി ക്ഷണിച്ച് ആദരിച്ചു. അവരെ ക്ഷണിതാക്കളായി പ്രത്യേകം ക്ഷണിച്ചു കൊണ്ടുവരികയായിരുന്നു.

കെ. ചന്ദ്രന്‍പിള്ളയ്ക്ക് വിശാല കൊച്ചി വികസന അതോറിട്ടിയുടെ ചെയര്‍മാനായി നിയമനം നല്‍കിയത് അടുത്ത കാലത്ത്. ഒഴിവാക്കി നിര്‍ത്തിയിരുന്നവരെയൊക്കെയും സ്ഥാനങ്ങള്‍ നല്‍കി അംഗീകരിച്ചിരിക്കുന്നു.

അപശബ്ദങ്ങളൊന്നുമില്ലാത്ത പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുന്നു. അങ്ങനെയൊരു മാറ്റമുണ്ടാക്കാന്‍ നേതൃത്വം നല്‍കിയതു മുഖ്യമന്ത്രി പിണറായി വിജയനാണെന്നതില്‍ സംശയമില്ല. 1998 -ല്‍ പാര്‍ട്ടി സെക്രട്ടറിയായതു മുതല്‍ പിണറായി നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലം. പാര്‍ട്ടി സെക്രട്ടറി പദമൊഴിഞ്ഞ് 2016 -ല്‍ മുഖ്യമന്ത്രി പദമേറ്റപ്പോഴും അദ്ദേഹം പാര്‍ട്ടിയുടെ നിയന്ത്രണം പൂര്‍ണമായി കൈവിട്ടിരുന്നില്ല.

publive-image

സി.പി.എം പോലൊരു പാര്‍ട്ടിയെ ഐക്യത്തോടെയും അച്ചടക്കത്തോടെയും കൊണ്ടുപോകാന്‍ പിണറായിയെപ്പോലെ കാര്‍ക്കശ്യക്കാരനായൊരു നേതാവു വേണമെന്ന കാര്യത്തില്‍ സംശയമില്ല. നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനുള്ള കരുത്തും പാര്‍ട്ടി അണികളെയും നേതൃത്വത്തെയും അതില്‍ പിടിച്ചു നിര്‍ത്താനുള്ള ആജ്ഞാ ശക്തിയും പിണറായിക്കു വേണ്ടുവോളമുണ്ട്. ഒരു കാലത്ത് പാര്‍ട്ടിയെ കാര്‍ന്നു തിന്നാന്‍ തുടങ്ങിയ വിഭാഗീയതയെ വരുതിയിലാക്കാനും അത്യന്തികമായി പിടിച്ചുകെട്ടാനും പിണറായിക്കു കഴിഞ്ഞു. അതു ചില്ലറ കാര്യമല്ല.

കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സി.പി.എം സെക്രട്ടറിയാവുന്നതിന്‍റെ രാഷ്ട്രീയ പശ്ചാത്തലം പ്രത്യേകം ശ്രദ്ധിക്കണം. ദേശീയ തലത്തില്‍ ബി.ജെ.പി രണ്ടാമതും ഭരിക്കുന്നു. ഇതുവരെ ഭരണ കുത്തക നിലനിര്‍ത്തിയിരുന്ന കോണ്‍ഗ്രസ് വളരെയധികം ദുര്‍ബലമായിരിക്കുന്നു. കോണ്‍ഗ്രസിന്‍റെ ആ ദൗര്‍ബല്യം കേരളത്തിലും കാണാനാവും.

മാര്‍ക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയം വളരെ ദുര്‍ബലമായെന്നു കോടിയേരി തന്നെ കൊച്ചി സമ്മേളനത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കവെ ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. ആ വാക്കുകളില്‍ ഭാവി രാഷ്ട്രീയത്തിലേയ്ക്കുള്ള ചൂണ്ടു പലക വ്യക്തമായി കാണാം. വീണ്ടുമൊരു ഭരണ തുടര്‍ച്ചയിലേയ്ക്കുള്ള തെളിഞ്ഞ ഒരു ചൂണ്ടു പലക.

അതിലേയ്ക്കാണ് കൊച്ചി സമ്മേളനത്തിന്‍റെ ആദ്യ ദിവസം അവതരിപ്പിച്ച നവകേരള നയരേഖയെ കാണേണ്ടത്. പാര്‍ട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ചപ്പോള്‍ നയരേഖ മുഖ്യമന്ത്രി പിണറായി വിജയനും അവതരിപ്പിച്ചു. ഈ സര്‍ക്കാരിന്‍റെ ഇനിയുള്ള ഭരണത്തിനുള്ള അടിസ്ഥാന പ്രമാണമായി മാറുകയാണ് ഈ നയരേഖ.

അടുത്ത 25 വര്‍ഷം കൊണ്ട് കേരളീയരുടെ ജീവിത നിലവാരം ലോകത്തിലെ ഏറ്റവും മുന്തിയ രാജ്യങ്ങളിലെ ജീവിത നിലവാരത്തിനൊപ്പമാക്കുക എന്നതാണ് ഈ രേഖയുടെ ലക്ഷ്യം. വിദ്യാഭ്യാസം, പരമ്പരാഗത വ്യവസായം, തൊഴില്‍ തുടങ്ങി സമസ്ഥ മേഖലയിലെയും വികസനത്തിന് ഊന്നല്‍ നല്‍കുന്നതാണ് ഈ രേഖ. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് സ്വകാര്യ ഏജന്‍സികളെ ക്ഷണിക്കുക, വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടുക എന്നിത്യാദി വിപ്ലവകരമായ നിര്‍ദേശങ്ങളും ഈ രേഖയിലുണ്ട്.

publive-image

ആളോഹരി വരുമാനം തീരെ കുറവാണെങ്കിലും മലയാളികളുടെ മെച്ചപ്പെട്ട ജീവിത സൂചികകള്‍ - ആയുര്‍ ദൈര്‍ഘ്യം, ശിശു മരണ നിരക്ക് എന്നിങ്ങനെ - വികസിത രാജ്യങ്ങളിലേതുപോലെ ഉയര്‍ന്നിരിക്കുന്ന കാര്യം അമര്‍ത്യസെന്നിനെപ്പോലെയുള്ള ധനകാര്യ വിദഗ്ദ്ധരെ വര്‍ഷങ്ങള്‍ക്കു മുമ്പു മുതലേ അത്ഭുതപ്പെടുത്തിയിരുന്നു. ആഗോള സാമ്പത്തിക വിദഗ്ദ്ധര്‍ ഈ പ്രതിഭാസത്തെ 'കേരളാ മോഡല്‍ ഡെവലപ്പ്മെന്‍റ് ' എന്നു പേരിട്ടു വിളിക്കുകയും ചെയ്തു.

ഈ കേരള മാതൃകയ്ക്ക് ഇനിയൊരു കുതിപ്പാണാവശ്യം. ഇപ്പോഴും അതിദരിദ്രരായവര്‍, വളരെ ന്യൂനപക്ഷമാണെങ്കിലും കേരളത്തിലുണ്ട്. ആദിവാസികളെപ്പോലെയുള്ളവര്‍ ഇപ്പോഴും കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. മത്സ്യത്തൊഴിലാളികളുടെ കാര്യവും പ്രധാനം.

ഈ വിഭാഗങ്ങളെ ഉയര്‍ത്തേണ്ടത് കേരളത്തിന്‍റെ അടിയന്തരാവശ്യം തന്നെയാണ്. പ്രകൃതി ദുരന്തമുണ്ടായാല്‍ ഇപ്പോഴും കടുത്ത പ്രതിസന്ധിയിലാവുന്ന കുടുംബങ്ങളും പ്രദേശങ്ങളുമേറെ. ആര്‍ക്കെങ്കിലും കാന്‍സര്‍ പോലെയുള്ള ഭീകര രോഗം പിടിപെട്ടാല്‍ അന്ധകാരത്തിലാവുന്ന ഇടത്തരം കുടുംബങ്ങള്‍ പോലും ഇന്നു ധാരാളം. ഇത്തരക്കാരെ കൈ പിടിച്ചുയര്‍ത്തുക എന്നതാവണം പുതിയ നയരേഖയുടെ ലക്ഷ്യം. ബി.ജെ.പിയുടെ സാമ്പത്തിക നയങ്ങള്‍ക്കു ബദലായൊരു നയരേഖയാണിതെന്ന് കോടിയേരി തന്നെ ചൂണ്ടിക്കാട്ടുന്നതു ശ്രദ്ധേയമാണ്.

1985 ലെ ബദല്‍ രേഖ മുതല്‍ വിഭാഗീയതയും പടലപ്പിണക്കങ്ങളുമൊക്കെയാണു മുമ്പു നടന്നിട്ടുള്ള സംസ്ഥാന സമ്മേളനങ്ങളുടെയൊക്കെ ഭാഗമായിരുന്നതെങ്കില്‍ കാല്‍ നൂറ്റാണ്ടു കാലത്തേക്കുള്ള വികസന രേഖ അവതരിപ്പിച്ച് കേരള രാഷ്ട്രീയത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിനു തന്നെയും മാതൃക കാട്ടിയിരിക്കുകയാണ് കേരളത്തിലെ സി.പി.എം.

1956 - ലാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതുപോലൊരു വികസന പരിപാടി വിശദമായി ചര്‍ച്ച ചെയ്തത്. ആ സമ്മേളനം തൃശൂരിലായിരുന്നു. ഐക്യ കേരള രൂപീകരണം, അതിനേതുടര്‍ന്നുണ്ടാകുന്ന സംസ്ഥാന സര്‍ക്കാര്‍ എന്നിവ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു ആ സമ്മേളനം.

ഭൂപരിഷ്കരണം, പരമ്പരാഗത വ്യവസായങ്ങള്‍, കൃഷി, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധങ്ങളായ മേഖലകളില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് നേതൃത്വം നല്‍കിയ പലതരം പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും ഫലമായിരുന്നു ഈ പ്രത്യേക സമ്മേളനവും അവിടെ വിശദമായി ചര്‍ച്ച ചെയ്ത വിവിധ വികസന വിഷയങ്ങളും. ചര്‍ച്ചയ്ക്ക് വേണ്ടി സമഗ്രമായൊരു രേഖ ആദ്യ ദിവസം തന്നെ അവതരിപ്പിച്ചിരുന്നു.

ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് 1957 -ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി വികസനത്തിലൂന്നിയുള്ള സമഗ്രമായൊരു പ്രകടന പത്രികയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറാക്കി. കോണ്‍ഗ്രസും ഫാദര്‍ ജോസഫ് വടക്കന്‍റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ പ്രചാരണം നടത്തിയപ്പോള്‍ ഇ.എം.എസും എം.എന്‍ ഗോവിന്ദന്‍ നായരും ടി.വി തോമസുമൊക്കെ വികസന രേഖയിലൂന്നിയുള്ള പ്രചാരണവുമായി മുന്നേറി. 1957 -ലെ തെരഞ്ഞെടുപ്പ് കമ്മ്യൂണിസ്റ്റ് ഭരണത്തിനു വഴി തുറന്നുവെന്നതു ചരിത്രം.

കേരളത്തിന്‍റെ വികസനം സംബന്ധിച്ച് 1957 -ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുവച്ച കാഴ്ചപ്പാടിന്‍റെ സമഗ്രത ഏതൊരാളെയും അത്ഭുതപ്പെടുത്തുമെന്ന് സി.പി.എം നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ ഡോ. തോമസ് ഐസക്ക് "വിമോചന സമരത്തിന്‍റെ കാണാപ്പുറങ്ങള്‍" എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

ഐസക്ക് പറയുന്നതിങ്ങനെ. "ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്ന സംവാദങ്ങളുടെയും ചര്‍ച്ചകളുടെയും സൃഷ്ടിയായിരുന്നു ഐശ്വര്യ സമ്പൂര്‍ണമായ കേരളത്തിനു വേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇറക്കിയ മാനിഫെസ്റ്റോ. ഇന്ത്യയിലെ ദേശീയ പ്രശ്നം പരിഹരിക്കുന്നതിന് ഭാഷാ സംസ്ഥാനങ്ങള്‍ രൂപീകരിക്കേണ്ടതിന്‍റെ പ്രാധാന്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മനസിലാക്കി.

പുതുതായി രൂപം കൊള്ളുന്ന സംസ്ഥാനങ്ങളിലെ സാമൂഹ്യ സാമ്പത്തിക പുരോഗതിക്ക് സമഗ്രമായ പരിപാടികള്‍ക്കു രൂപം നല്‍കുന്നതിനുള്ള ചര്‍ച്ചകളും വിവിധ പ്രദേശങ്ങളില്‍ ആരംഭിച്ചു". ("വിമോജന സമരത്തിന്‍റെ കാണാപ്പുറങ്ങള്‍". ഡോ. തോമസ് ഐസക്ക് - പുറം: 28).

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച നേടിയ സി.പി.എം മൂര്‍ച്ചയേറിയ രാഷ്ട്രീയ ചര്‍ച്ചയ്ക്കു പകരം വികസന ചര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കിയതും ശ്രദ്ധേയമാണ്. പാര്‍ട്ടിയില്‍ വിഭാഗീയത തീരെ ഇല്ലാതായിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് പിണറായി ഭരണത്തിനു ജനങ്ങള്‍ നല്‍കിയ വോട്ടാണെന്നും പാര്‍ട്ടി മനസിലാക്കുന്നു. ഇനിയുള്ള സമയം വലിയ വകസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമയമാണെന്നവും സി.പി.എം അണികളെ ഓര്‍ർമിപ്പിക്കുന്നു.

ഈ വികസന രേഖയ്ക്കു മുന്‍കൈ എടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന കാര്യത്തിലും സംശയമില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ ശ്രദ്ധപതിപ്പിക്കാന്‍ നടത്തിയിരിക്കുന്നത് വലിയ വികസന വിഷയങ്ങളിലാണ്. അതിനൊക്കെ നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയും, ഈ രേഖ സമ്മേളന പ്രതിനിധികളുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി വിപുലീകരിച്ചു പ്രസിദ്ധീകരിക്കുമ്പോള്‍ അതു നടപ്പിലാക്കാനുള്ള ചുമതല മുഖ്യമന്ത്രിയുടെ ഉത്തരവാദമായി മാറുകയാവും ചെയ്യുക. പാര്‍ട്ടി സമ്മേളനം വികസന രേഖ പാസാക്കുന്നു. നടപ്പാക്കാനുള്ള ചുമതല മുഖ്യമന്ത്രിക്കും.

ഇപ്പോള്‍ത്തന്നെ മുഖ്യമന്ത്രി കൂടുതല്‍ സമയം സെക്രട്ടേറിയറ്റിലാണു ചെലവഴിക്കുന്നത്. അതും പുതിയ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും വേണ്ടി. പാര്‍ട്ടിയുടെ നടത്തിപ്പിന് തന്‍റെ മേല്‍നോട്ടം ഇനി ആവശ്യമില്ലെന്ന സന്ദേശം പിണറായി പാര്‍ട്ടിക്കു നല്‍കുകയാണ്.

സംഘടനയുടെ നടത്തിപ്പു ചുമതല ഇനി പൂര്‍ണമായും കോടിയേരിയുടെ കൈയിലാവും. ഒപ്പം കേരള രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്‍റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും രാഷ്ട്രീയം നിയന്ത്രിക്കുക എന്ന ചുമതലയും കോടിയേരിക്കാവും.

സി.പി.എമ്മില്‍ സംഘടനയ്ക്കും സംഘടനാ പ്രവര്‍ത്തനത്തിനും തന്നെയാണ് പ്രാധാന്യം. മൂന്നാം തവണയും പാര്‍ട്ടി സെക്രട്ടറിയാവുന്ന കോടിയേരിയെ കാത്ത് വലിയ ചുമതലകള്‍ കാത്തിരിക്കുന്നു. ഒപ്പം കനത്ത വെല്ലുവിളികളും.

-ചീഫ് എഡിറ്റര്‍

Advertisment