Advertisment

പല പരാജയങ്ങളും കൂടിച്ചേര്‍ന്നുണ്ടായ പടുകുഴിയില്‍പ്പെട്ടുപോയിരിക്കുന്നു കോണ്‍ഗ്രസ് ! അധികാരക്കസേര ഒഴിയില്ലെന്ന് വാശിപിടിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ ചരിത്രം പഠിക്കണം. കസേരയിട്ടിരിക്കാന്‍ പാര്‍ട്ടി കാണില്ലെന്നും നേതാക്കളോര്‍ക്കണം. തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിക്കുന്നത് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വന്‍ മുന്നേറ്റം. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് തിളങ്ങുന്ന ഭൂരിപക്ഷത്തോടെ വീണ്ടും മുഖ്യമന്ത്രിക്കസേരയിലേയ്ക്ക്. രണ്ടാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടെങ്കിലും തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, അഞ്ചു സംസ്ഥാനങ്ങളിലും എല്ലാം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇന്നിന്‍റെ ഒരു രേഖാ ചിത്രമാണിത്. കോണ്‍ഗ്രസ് പഞ്ചാബിലാണ് ഏറെ പ്രതീക്ഷിച്ചിരുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്‌മി പാര്‍ട്ടി പഞ്ചാബില്‍ കോണ്‍ഗ്രസിനെയും ശിരോമണി അകാലി ദളിനെയും മൂലയ്ക്കിരുത്തി വെന്നിക്കൊടി പാറിച്ചു. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് വലിയ പ്രതീക്ഷയോടെ ഒറ്റയ്ക്ക് നിന്നെങ്കിലും തോറ്റുപോയി. മുമ്പ് ഭരണം കുത്തകയാക്കി വെച്ചിരുന്ന അകാലിദള്‍ നിലംപരിശാവുകയും ചെയ്തു.

publive-image

ഉത്തരാഖണ്ട്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ജയിച്ചു. ഒരിടത്തും നിലം തൊടാന്‍ കോണ്‍ഗ്രസിനായില്ല. എല്ലാംകൊണ്ടും അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനു മാരകമായ പ്രഹരമാണേല്‍പ്പിച്ചത്.

ഇത്തവണയും കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടലൊക്കെയും തെറ്റി. പഞ്ചാബില്‍ നിലവിലുള്ള ഭരണം തുടരുകതന്നെ ചെയ്യുമെന്ന് കോണ്‍ഗ്രസ് ശരിക്കും പ്രതീക്ഷിച്ചു. എല്ലാ കണക്കുകൂട്ടലും എ.എ.പി തെറ്റിച്ചു. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ മാറ്റിയതും പകരം ചരണ്‍ജിത് സിങ്ങ് ചന്നിയെ മുഖ്യമന്ത്രിയാക്കിയതും പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിങ്ങ് സിദ്ദു മുഖ്യമന്ത്രിയാവാന്‍ ശ്രമിച്ചതുമെല്ലാം കോണ്‍ഗ്രസിന്‍റെ പ്രതിഛായ ആകെ തകര്‍ത്തു.

publive-image

എങ്കിലും കോണ്‍ഗ്രസ് വോട്ടെണ്ണല്‍ തീരും വരെ പ്രതീക്ഷയോടെ കാത്തിരുന്നു. പഞ്ചാബിലെ ജനങ്ങള്‍ എന്നേ കോണ്‍ഗ്രസിനെ കൈവിട്ടിരുന്നു എന്ന കാര്യം പാര്‍ട്ടി നേതാക്കളറിഞ്ഞത് വോട്ടെണ്ണല്‍ ദിനത്തില്‍ മാത്രം.

ജനങ്ങളപ്പാടേ കോണ്‍ഗ്രസിനെതിരെ തിരിഞ്ഞുവെന്നാണ് പഞ്ചാബിലെ ഫലം സൂചിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച കര്‍ഷക സമരം കേന്ദ്രീകരിച്ചത് പഞ്ചാബിലാണെന്ന കാര്യവും ശ്രദ്ധേയമാണ്. സമരത്തിന് അമരീന്ദര്‍ സിങ്ങ് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കി.

അമരീന്ദര്‍ സിങ്ങിനു പകരം ചന്നി മുഖ്യമന്ത്രിയായപ്പോഴും കോണ്‍ഗ്രസ് കര്‍ഷകര്‍ക്കു പിന്തുണ നല്‍കിപ്പോന്നു. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഏകപക്ഷീയമായി പുതിയ മൂന്നു വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുകയായിരുന്നു.

കോണ്‍ഗ്രസിനെതിരെ തിരിഞ്ഞ പഞ്ചാബിലെ ജനങ്ങള്‍ ഏറക്കുറെ ഒറ്റക്കെട്ടായിത്തന്നെ ആം ആദ്‌മി പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ചത് അത്ഭുതം തന്നെ. കോണ്‍ഗ്രസിനോടൊപ്പം ശിരോമണി അകാലിദളിനെയും ബി.ജെ.പിയെയും ജനങ്ങള്‍ പാടേ അവഗണിച്ചു.

publive-image

യു.പിയിലാവട്ടെ, ജനങ്ങള്‍ അപ്പാടേ ബി.ജെ.പിയോടു കൂറു പ്രഖ്യാപിക്കുകയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കിട്ടുന്നത് ഇതു രണ്ടാമൂഴം. ഈ വിജയം യോഗിക്കു നല്‍കുന്ന കരുത്ത് ഒന്നു വേറെയാണ്. ദേശീയ രാഷ്ട്രീയത്തില്‍ അമിത്ഷായ്ക്കും മേലേ സ്ഥാനമുറപ്പിക്കാന്‍ യോഗിക്കു കളമൊരുങ്ങയിരിക്കുന്നു. മോദിക്കു ശേഷം ആരെന്ന ചോദ്യത്തിനുത്തരമായി യോഗി തല ഉയര്‍ത്തി നില്‍ക്കുകയാണ്.

ഇനി കോണ്‍ഗ്രസിന്‍റെ കാര്യം. ഒന്നിനു പുറകേ ഒന്നായി വന്ന പരാജയങ്ങള്‍ എത്രയെത്ര ? കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ അസംതൃപ്തി ഉയരുമെന്ന കാര്യം തീര്‍ച്ച. പാര്‍ട്ടി തലപ്പത്തിരിക്കുന്ന നെഹ്റു കുടുംബത്തിന് പാര്‍ട്ടി നയിക്കാനുള്ള പ്രാപ്തി ഇല്ലാതായിരിക്കുന്നുവെന്ന ചിന്ത പരക്കാന്‍ തുടങ്ങിയിരിക്കുന്നു.

നേരത്തേ തന്നെ 23 മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്കും നേതൃത്വത്തിനുമെതിരെ മുഖം തിരിച്ചു നില്‍ക്കുകയാണ്. ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ശശി തരൂര്‍ എന്നിങ്ങനെയുള്ള പ്രഗത്ഭരായ നേതാക്കള്‍.

publive-image

കുറെ കാലമായി ഇടഞ്ഞു നിന്ന ഇവരെ അനുനയിപ്പിച്ച് പാര്‍ട്ടി നേതൃത്വത്തിലേയ്ക്കു കൊണ്ടുവരാന്‍ ഒരു ശ്രമവും നടന്നില്ല. ആരും ഒരു താല്‍പര്യവും കാണിച്ചുമില്ല. കോണ്‍ഗ്രസിന്‍റെ നേതൃത്വം ഒരമ്മയുടെയും രണ്ടു മക്കളുടെയും കൈയിലേയ്ക്കു ചുരുങ്ങി.

കേന്ദ്രത്തില്‍ ഭരണമുറപ്പിച്ച ബി.ജെ.പിക്കെതിരെ, രണ്ടാമൂഴത്തിലേയ്ക്കു കടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ, ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പിടിച്ചു നില്‍ക്കാനുള്ള കെല്‍പ്പോ, തലയെടുപ്പോ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഇല്ലായിരുന്നു.

പുതിയ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയാനും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ബുദ്ധിമതികളും പ്രഗത്ഭരുമായ നേതാക്കള്‍ ഇല്ലായിരുന്നു. കടുത്ത മത രാഷ്ട്രീയവുമായി ബി.ജെ.പി മുന്നേറിയപ്പോള്‍ കോണ്‍ഗ്രസ് പകച്ചു നിന്നു. വര്‍ഗീയ രാഷ്ട്രീയത്തിനു പകരം വെയ്ക്കാന്‍ കോണ്‍ഗ്രസിനൊന്നുമുണ്ടായിരുന്നില്ല.

പുതിയ പരിപാടികളില്ലാതെ, തന്ത്രങ്ങളൊന്നുമില്ലാതെ പ്രചാരണത്തനു പുതിയ വിഷയങ്ങളും മാനങ്ങളും കണ്ടെത്താനാവാതെ കോണ്‍ഗ്രസിന്‍റെ ശുഷ്കിച്ച നേതൃത്വം ഇരുട്ടില്‍ തപ്പിത്തടഞ്ഞു. അനിവാര്യമായ തോല്‍വിയായിരുന്നു ഫലം.

ഉത്തര്‍പ്രദേശില്‍ ബി.ജെപിയ്ക്കെതിരെ സമാജ്‌വാദി പാര്‍ട്ടി ധീരമായി ചെറുത്തുനില്‍ക്കുന്നതു കണ്ടിട്ടും പ്രിയങ്കാ ഗാന്ധി സ്വയം പോരാട്ടത്തിനിറങ്ങുകയായിരുന്നു. ബി.ജെ.പിക്കെതിരെ ശക്തമായൊരു പ്രതിപക്ഷ മുന്നണി കെട്ടിപ്പടുക്കാന്‍ തുനിയാതിരുന്ന കോണ്‍ഗ്രസിന്‍റെ മണ്ടത്തരത്തിന്‍റെ ഫലം 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാണാനാവും, തീര്‍ച്ച.

ഇനി കോണ്‍ഗ്രസ് എന്തു ചെയ്യും ? പല പരാജയങ്ങളും കൂടിച്ചേര്‍ന്നുണ്ടായ പടുകുഴിയില്‍പ്പെട്ടുപോയിരിക്കുന്നു കോണ്‍ഗ്രസ്. എന്തു വന്നാലും ഞാന്‍ അധികാരക്കസേര വിടില്ലെന്നു വാശിപിടിക്കുന്നവര്‍ കോണ്‍ഗ്രസിന്‍റെ ചരിത്രം പഠിക്കുക തന്നെ വേണം.

കസേര വിട്ടുകൊടുക്കേണ്ടി വരില്ലായിരിക്കാം. പക്ഷെ കസേരയിട്ടിരിക്കാന്‍ പാര്‍ട്ടി കാണില്ലെന്നു കോണ്‍ഗ്രസ് നേതാക്കളോര്‍ക്കണം.

-ചീഫ് എഡിറ്റര്‍

Advertisment