Advertisment

നേതൃമാറ്റമല്ലാതെ മറ്റൊന്നിനെക്കുറിച്ചും കോണ്‍ഗ്രസിനു ചിന്തിക്കാനാവില്ല ! പുതിയ നേതാവുണ്ടാവണം. പുതിയ പരിപാടിയും പുതിയ ചിന്തയും ഉണ്ടാവണം. എന്തുകൊണ്ട് സോണിയയും രാഹുലും പ്രിയങ്കയും ഒഴിയണം ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

എന്തുകൊണ്ട് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഒഴിയണം ? ഇന്ത്യന്‍ രാഷട്രീയത്തിലെ ഏറ്റവും പ്രധാന ചര്‍ച്ചാവിഷയമായിരിക്കുന്നു ഈ ചോദ്യം. കോണ്‍ഗ്രസ് രക്ഷപെടണമെങ്കില്‍ ഈ മൂന്നു നേതാക്കളും ഒഴിഞ്ഞേ മതിയാകൂ എന്ന വാദത്തിനു ബലമേറുന്നു.

കഴിഞ്ഞ ദിവസം പ്രശസ്ത ചരിത്രകാരനും രാഷ്ട്രീയ നിരീക്ഷകനുമായ രാമചന്ദ്ര ഗുഹ ഇതേ അഭിപ്രായം രേഖപ്പെടുത്തി, ശക്തമായ വാക്കുകളില്‍, കാര്യകാരണങ്ങള്‍ തന്‍റേതായ കാഴ്ചപ്പാടില്‍ വിശദീകരിച്ചുകൊണ്ട്.

കല്‍ക്കത്തയില്‍ നിന്നുള്ള പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രമായ 'ദ ടെലഗ്രാഫില്‍' ഒരു ലേഖനത്തിലാണ് രാമചന്ദ്ര ഗുഹ ആദ്യം ഈ അഭിപ്രായത്തിലൂന്നി ഒരു ലേഖനം പ്രസിദ്ധീകരിച്ചത്. അതേ തുടര്‍ന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ താപ്പര്‍ 'ദ വയര്‍' എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ രാമചന്ദ്ര ഗുഹയുമായി വിശദമായ ഒരഭിമുഖം നടത്തി.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് എന്തുകൊണ്ട് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഒഴിയണമെന്ന ചോദ്യത്തെപ്പറ്റിത്തന്നെയായിരുന്നു അഭിമുഖവും. സ്വന്തം നിലപാടു കൂടുതല്‍ വിശദീകരിച്ചുകൊണ്ടു തന്നെ രാമചന്ദ്ര ഗുഹ അഭിമുഖം ഗംഭീരമാക്കുകയായിരുന്നു.

publive-image

ഗാന്ധി കുടുംബത്തിലെ മുന്നു അനന്തരാവകാശികള്‍ തലപ്പത്തിരുന്ന് ഒരു പാര്‍ട്ടിയെ നയിക്കുന്നതാണ് ഇന്നു കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നതാണ് രാമചന്ദ്ര ഗുഹ പറഞ്ഞുവെച്ചത്. ബി.ജെ.പി ഏറ്റവും ശക്തമായി വളരാനുള്ള കാരണവും ഈ മൂന്നു പേരുടെ നേതൃത്വം തന്നയാണെന്ന് പറഞ്ഞു വയ്ക്കുന്നു അദ്ദേഹം.

രാഷ്ട്രീയമായി ബി.ജെ.പി ഭരണത്തിനെതിരെ ഒരക്ഷരവും മിണ്ടാനാവാത്ത സ്ഥിതിയിലാണ് രാഹുല്‍ ഗാന്ധിയെന്ന് ഗുഹ വിശദീകരിക്കുന്നു. "ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിക്രമിച്ചു കടക്കുന്നു"വെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചാലുടന്‍ മോദി 1962 -ലെ ഇന്ത്യാ-ചൈനാ യുദ്ധത്തില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പരാജയം എടുത്തുകാട്ടി പ്രതിരോധിക്കും.

റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങിയതിലെ ക്രമക്കേടുകള്‍ ഉന്നയിച്ചാലുടന്‍ ബൊഫോഴ്സ് ഇടപാടില്‍ രാജീവ് ഗാന്ധി നേരിട്ട ആരോപണങ്ങളെപ്പറ്റി സംസാരിക്കും. ഇങ്ങനെ ജവഹര്‍ലാല്‍ നെഹ്റുവിനെയും ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള അവസരമാണ് രാഹുല്‍ ഗാന്ധി ഓരോ പ്രസ്താവനയിലൂടെയും നരേന്ദ്ര മോദിക്കു നല്‍കുന്നത് - രാമചന്ദ്ര ഗുഹയുടെ വാദങ്ങള്‍ നീളുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യത്തിനും വിഭാഗീയത വളര്‍ത്തുന്ന ഭരണത്തിനും ആ ഭരണത്തിന്‍റെ പാപ്പരത്തത്തിനും ഊര്‍ജം പകരാന്‍ മാത്രമേ ഈ മൂന്നു ഗാന്ധിമാരുടെ നേതൃത്വത്തിനു കഴിയുന്നുവെന്നാണ് രാമചന്ദ്ര ഗുഹയുടെ വാദം. "ഇനിയൊരിക്കലും കോണ്‍ഗ്രസിന് ദല്‍ഹിയില്‍ അധികാരം പിടിച്ചെടുക്കാനാവില്ല. പ്രത്യേകിച്ച് ഈ മൂന്ന് ഗാന്ധിമാരുടെ നേതൃത്വത്തില്‍, എത്രയും വേഗം ഈ മൂന്നു നേതാക്കളും നേതൃത്വം ഒഴിയുകയാണു വേണ്ടത് ", രാമചന്ദ്ര ഗുഹ മൂര്‍ച്ചയേറിയ വാക്കുകളില്‍ വാദിക്കുന്നു.

അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയം കോണ്‍ഗ്രസ് നേതൃത്വത്തെ ആകെ തളര്‍ത്തിയിരിക്കുന്നു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിയാണു കോണ്‍ഗ്രസ്. ജവഹര്‍ലാല്‍ നെഹ്റു മുതല്‍ ഡോ. മന്‍മോഹന്‍ സിങ്ങ് വരെ പ്രമുഖരായ പ്രധാനമന്ത്രിമാരെ രാജ്യത്തിനു സംഭാവന ചെയ്ത കോണ്‍ഗ്രസ്, പക്ഷെ ഒന്നിനു പുറകെ ഒന്നായി നേരിട്ട പരാജയം കോണ്‍ഗ്രസിനെ വളരെയേറെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. പഴി മൂന്നു ഗാന്ധിമാര്‍ക്കു തന്നെ.

പ്രായമേറെ ചെന്ന സോണിയാ ഗാന്ധിയാണ് കോണ്‍ഗ്രസിന്‍റെ താല്‍ക്കാലിക അധ്യക്ഷ. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി തന്നെയാണു പാര്‍ട്ടി നയിക്കുന്നത്.

പ്രസിഡന്‍റ് സ്ഥാനത്തില്ലാത്ത ഒരാള്‍ എങ്ങനെയാണു പാര്‍ട്ടി ഭരിക്കുന്നതെന്ന് നേതൃത്വത്തോടിടഞ്ഞു നില്‍ക്കുന്ന ഗ്രൂപ്പ് - 23 നേതാക്കള്‍ ചോദിക്കുന്നു. നേതൃത്വം മാറുകതന്നെ വേണമെന്ന് ഈ ഗ്രൂപ്പിലെ പ്രമുഖനായ കപില്‍ സിബല്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ശക്തമായി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു നടക്കട്ടെ, പുതിയ പ്രസിഡന്‍റ് വരികതന്നെ ചെയ്യുമെന്ന മറുപടിയുമായി രാഹുല്‍ ക്യാമ്പ്, കോണ്‍ഗ്രസിനുള്ളിലും നേതൃത്വത്തിന്‍റെ ദൗര്‍ബല്യം തന്നെ ചര്‍ച്ചാവിഷയം.

publive-image

രാഹുല്‍ ഗാന്ധി പ്രസിഡന്‍റായി വരണമെന്നു വാദിക്കുന്നവരും കോണ്‍ഗ്രസിലുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേലോട്ട് ആണ് ഇതില്‍ മുമ്പന്‍. പ്രായമേറെയായിട്ടും കനത്ത വെല്ലുവിളികള്‍ പാര്‍ട്ടിയില്‍ത്തന്നെ ഉയര്‍ന്നിട്ടും മുഖ്യമന്ത്രിയായി തുടരാന്‍ കഴിയുന്നത് ഗാന്ധി കുടുംബത്തിന്‍റെ ഔദാര്യമാണെന്ന് ഗേലോട്ടിന് നന്നായറിയാം.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഡല്‍ഹിയില്‍ ചേര്‍ന്ന ദിവസവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും സിന്ദാബാദ് വിളിച്ച് പ്രകടനം നടത്തി. പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പു നടന്നാല്‍ രാഹുല്‍ ഗാന്ധിയെത്തന്നെ വിജയിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നര്‍ത്ഥം.

എന്തായാലും കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നേതൃത്വത്തിന്‍റെ ദൗര്‍ബല്യംതന്നെ. ബി.ജെ.പിക്കെതിരെ ഒരു ബദല്‍ ശക്തിയായി പാര്‍ട്ടിയെ വളര്‍ത്താന്‍ നേതൃത്വത്തിനാവുന്നില്ല. കോണ്‍ഗ്രസിന്‍റെ വോട്ടും തട്ടകവുമൊക്കെ ഇതുവരെ ബി.ജെ.പിയാണ് കൈയടക്കിയതെങ്കില്‍ ഇപ്പോള്‍ പ്രതിപക്ഷ കക്ഷികളും ആ വഴിക്കു നീങ്ങിത്തുടങ്ങിയിരിക്കുന്നു. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വന്‍ വിജയം തന്നെ ഉദാഹരണം.

സ്വസ്ഥമായി ഭരണം നടത്തിക്കൊണ്ടിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ പുറത്താക്കി കോണ്‍ഗ്രസ് നേതൃത്വം കളിച്ച കളിയാണ് പഞ്ചാബില്‍ വിനയായത്. രാഷ്ട്രീയ പക്വതയില്ലാത്ത നവജ്യോത് സിങ്ങ് സിദ്ദുവിനെ ചുമതലകളേല്‍പ്പിച്ച ഹൈക്കമാന്‍റിന്‍റെ നടപടി ആകെ പാളിപ്പോയി. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും അപക്വമായ രാഷ്ട്രീയത്തിലേയ്ക്കുതന്നെയാണ് ഇതു വിരല്‍ ചൂണ്ടുന്നത്.

ഇനിയിപ്പോള്‍ നേതൃമാറ്റമല്ലാതെ മറ്റൊന്നിനെക്കുറിച്ചും കോണ്‍ഗ്രസിനു ചിന്തിക്കാനാവില്ല. കോണ്‍ഗ്രസിനു പുതിയ നേതാവുണ്ടാവണം. സംസ്ഥാനങ്ങളില്‍ പുതിയ നേതാക്കള്‍ ഉയര്‍ന്നു വരണം. പാര്‍ട്ടിക്കു പുതിയ പരിപാടിയും പുതിയ ചിന്തയും ഉണ്ടാവണം. കാലഹരണപ്പെട്ട നേതാക്കള്‍ ഒഴിയുകതന്നെ വേണം. രാമചന്ദ്ര ഗുഹ പറഞ്ഞത് എത്ര ശരി !

-ചീഫ് എഡിറ്റര്‍

Advertisment