Advertisment

ഇപ്പോഴും ദേശീയമായി സാന്നിദ്ധ്യമുള്ള പ്രധാന കക്ഷി കോണ്‍ഗ്രസ് തന്നെ ! പക്ഷെ കോണ്‍ഗ്രസിനോടുള്ള സിപിഎമ്മിന്‍റെ നിലപാടെന്തെന്ന ചോദ്യം ഇപ്പോഴും പ്രസക്തം. 1996ലെ ചരിത്രപരമായ മണ്ടത്തരം സിപിഎം ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പാണ് ! ദേശീയ തലത്തില്‍ ബി.ജെ.പിയ്ക്കെതിരെ രാഷ്ട്രീയ നിര ഉണ്ടാക്കുന്നതില്‍ സി.പി.എമ്മിന് എന്തെങ്കിലും മുന്നേറ്റമുണ്ടാക്കാനാവുമോ ? 23 -ാം പാര്‍ട്ടി കോണ്‍ഗ്രസിൽ നിന്നും പ്രതീക്ഷിക്കുന്നത് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

 

Advertisment

publive-image

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത് സംഘടനാ റിപ്പോര്‍ട്ട് തന്നെയാണ്. കഴിഞ്ഞ നാലു വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനങ്ങള്‍, അതിലെ പോരായ്മകള്‍, നേട്ടങ്ങള്‍ എന്നിങ്ങനെ ഒരു ഭാഗം. അടുത്ത നാലു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവലോകനമാണ് അടുത്ത ഭാഗം.

ചുരുക്കത്തില്‍ പാര്‍ട്ടിയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെയും വരുംകാല പരിപാടികളെയും വിലയിരുത്തുന്ന സമ്മേളനമാണ് സി.പി.എമ്മിനെ സംബന്ധിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് എന്നര്‍ഥം.

കൃത്യമായ ഇടവേളകളില്‍ വിവിധ ഘടകങ്ങളുടെ സമ്മേളനം നടത്തിയ ശേഷം സംസ്ഥാന സമ്മേളനവും തുടര്‍ന്ന് ദേശീയ തലത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസും നടത്തുക സി.പി.എമ്മിന്‍റെയും സി.പി.ഐയുടെയും പതിവു രാഷ്ട്രീയ പരിപാടികളാണ്. പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യ രീതികള്‍ ഉറപ്പിക്കാനും കൃത്യമായി ഭാരവാഹികളെ തെരഞ്ഞെടുക്കാനും ഇതുവഴി കമ്മ്യൂണിസ്റ്റ് പാര്‍ക്കികള്‍ക്കു കഴിയുന്നു.

പലപ്പോഴും തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ഓരോരോ കാരണം പറഞ്ഞ് അതു മാറ്റിവെയ്ക്കുകയും അങ്ങനെ ഒരിക്കലും തെരഞ്ഞെടുപ്പു നടത്താതിരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒട്ടും പരിചയമില്ലാത്ത കാര്യമാണ് സി.പി.എമ്മും സി.പി.ഐയും തികഞ്ഞ ആത്മാര്‍ത്ഥതയോടെ നടത്തുന്ന പാര്‍ട്ടി കോണ്‍ഗ്രസുകള്‍.

കണ്ണൂരില്‍ ഇത്തവണ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുമ്പോള്‍ അതു ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നതു സ്വാഭാവികം. ദേശീയ മാധ്യമങ്ങളൊക്കെയും കണ്ണൂരിലേയ്ക്ക് ശ്രദ്ധ തിരിച്ചു വെച്ചിരിക്കുന്നു. ദേശീയ തലത്തില്‍ ബി.ജെ.പിയ്ക്കെതിരെ ഒരു രാഷ്ട്രീയ നിര ഉണ്ടാക്കുന്നതില്‍ സി.പി.എമ്മിന് എന്തെങ്കിലും മുന്നേറ്റമുണ്ടാക്കാനാവുമോ എന്നുതന്നെയാണ് മാധ്യമങ്ങള്‍ അന്വേഷിക്കുന്നത്.

publive-image

അഞ്ചു സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടിപതറിപ്പോയതാണ് ഇന്ത്യന്‍ രാഷ്ട്രീയം കണ്ട ഏറ്റവും ഒടുവിലത്തെ സംഭവം. യു.പി.യില്‍ പോലും കോണ്‍ഗ്രസിനു കനത്ത തിരിച്ചടി നേരിട്ടു. അടിത്തറതന്നെ തകര്‍ന്ന നിലയിലായി.

ബി.ജെ.പി ഭരണ തുടര്‍ച്ച നേടി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമാക്കി പ്രയാണം തുടങ്ങുകയും ചെയ്തിരിക്കുന്നു. പഞ്ചാബില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്ന കോണ്‍ഗ്രസിന് ഭരണം നിലനിര്‍ത്താനുമായില്ല. പഞ്ചാബിലെ ജനങ്ങള്‍ അരവിന്ദ് കേജ്റിവാളിന്‍റെ ആം ആദ്മി പാര്‍ട്ടിയെ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.

പരാജയത്തില്‍നിന്നു പരാജയത്തിലേയ്ക്കാണു കോണ്‍ഗ്രസ് നീങ്ങിക്കൊണ്ടിരിക്കുന്നതെങ്കിലും ഇപ്പോഴും രാജ്യത്തെങ്ങും സാന്നിദ്ധ്യമുള്ള പ്രതിപക്ഷ കക്ഷി കോണ്‍ഗ്രസ് തന്നെ. പക്ഷെ കോണ്‍ഗ്രസിനെ നേതൃപാര്‍ട്ടിയായി കാണാന്‍ മറ്റു കക്ഷികളാരും തയ്യാറാവുന്നില്ല.

ഇക്കാര്യത്തില്‍ സി.പി.എമ്മിന് ഉറച്ച നിലപാടുതന്നെയായിരുന്നു അടുത്ത കാലം വരെ. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസുമായി കൂട്ടുകൂടി ഒരു പ്രതിപക്ഷ നിരയുണ്ടാക്കുന്നതിനോട് സി.പി.എം ഒരു ഘട്ടത്തിലും യോജിച്ചിരുന്നില്ല.

ഇന്നിപ്പോള്‍ സി.പി.എമ്മിന്‍റെ സ്ഥിതിയും തീരെ മോശമായിരിക്കുന്നു. പശ്ചിമ ബംഗാളിലെ സി.പി.എം ഭരണക്കുത്തക മമതാ ബാനര്‍ജി എന്നേ തകര്‍ത്തുകളഞ്ഞു. ത്രിപുരയില്‍ ബി.ജെ.പിയും സി.പി.എമ്മിനെ തോര്‍പ്പിച്ചു. ഭരണ തുടര്‍ച്ച നേടിയ കേരളം മാത്രമാണ് ഇന്നു സിപിഎമ്മിനു ആശ്വാസം നല്‍കാനുള്ളത്.

കോണ്‍ഗ്രസ് കഴിഞ്ഞാല്‍ സി.പി.എം മാത്രമാണ് രാജ്യത്തെങ്ങും സാന്നിദ്ധ്യമുള്ള പാര്‍ട്ടി എന്ന് ഉറപ്പിച്ചു പറയാം. കൂട്ടിന് ഇടതുപക്ഷ കക്ഷികളുമുണ്ട്. സി.പി.ഐ, ആര്‍.എസ്.പി എന്നിങ്ങനെ. സംയുക്ത ഇടതുപക്ഷം.

ബി.ജെ.പിക്കെതിരെ ശക്തമായൊരു പ്രതിപക്ഷ നിര കെട്ടിപ്പടുക്കണമെങ്കില്‍ മുന്നില്‍ നില്‍ക്കാന്‍ ശക്തമായൊരു രാഷ്ട്രീയ പാര്‍ട്ടി വേണം. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി രണ്ടു തവണ രാജ്യം ഭരിച്ച യു.പി.എ ഒന്നും രണ്ടും ഉദാഹരണം.

കോണ്‍ഗ്രസിന്‍റെ നേതൃത്വമായിരുന്നു ഇതില്‍ പ്രധാന ഘടകം. ഇടതുപക്ഷം പിന്തുണ നല്‍കി ഒന്നാം യു.പി.എ സര്‍ക്കാരിന് ശക്തമായ അടിത്തറയിടുകയും ചെയ്തു. സി.പി.എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിതും കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധിയും തമ്മില്‍ ഉണ്ടാക്കിയ ദൃഢമായ സൗഹൃദമായിരുന്നു ഒന്നാം യു.പി.എ സര്‍ക്കാരിന്‍റെ ശക്തിയും ബലവും.

രണ്ടാം യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് ആണവ കരാറിന്‍റെ പേരില്‍ ഇടതു പക്ഷം മുന്നണി വിട്ടു. മുന്നണിയുടെ കാന്തി തന്നെ അതോടെ നഷ്ടമായി. ഇവിടെയാണ് ബി.ജെ.പിയുടെ വളര്‍ച്ച തുടങ്ങിയത്.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തെ നയിക്കാന്‍ പല നേതാക്കളും മുന്‍ നിരയിലുണ്ട്. മമതാ ബാനര്‍ജി, അരവിന്ദ് കേജ്റിവാള്‍ എന്നിങ്ങനെ. പക്ഷെ ഇവരൊക്കെയും സ്വന്തം സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവരാണ്.

തമിഴ്‌നാടു മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മുതല്‍ ആന്ധ്രാപ്രദേശ്, തെലുങ്കാന, ഒഡീഷ എന്നിങ്ങനെ പല സംസ്ഥാനങ്ങളും പ്രതിപക്ഷ കക്ഷികളുടെ ഭരണത്തിലാണ്. എല്ലാം പ്രാദേശിക പാര്‍ട്ടികള്‍ മാത്രം. ഈ പോര്‍ട്ടികള്‍ക്കോ അവയുടെ നേതാക്കള്‍ക്കോ ദേശീയമായി ഒരു പ്രതിഛായ ഇല്ലെന്നതാണു വസ്തുത.

മമതയും കെജ്റിവാളും കേന്ദ്ര ഭരണം സ്വപ്നംകാണുന്നുണ്ടെങ്കിലും അതിനു വേണ്ട പിന്തുണ ഉറപ്പാക്കാന്‍ രണ്ടു നേതാക്കള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. പഞ്ചാബ് ഭരണം കൈയടക്കാന്‍ കേജ്റിവാളിന്‍റെ ആം ആദ്മി പാര്‍ട്ടിക്കു കഴിഞ്ഞതു വലിയ നേട്ടമാണെങ്കിലും കേന്ദ്ര ഭരണം കൈയടക്കുക എന്ന ലക്ഷ്യം വിദൂരമായിത്തന്നെ നല്‍ക്കുന്നു.

ഇപ്പോഴും ദേശീയമായി സാന്നിദ്ധ്യമുള്ള പ്രധാന കക്ഷി കോണ്‍ഗ്രസ് തന്നെ. പക്ഷെ കോണ്‍ഗ്രസിനോടുള്ള സി.പി.എമ്മിന്‍റെ നിലപാടെന്തെന്ന ചോദ്യം ഇപ്പോഴും പ്രസക്തം തന്നെ. കണ്ണൂരിലെ 23 -ാം പാര്‍ട്ടി കോണ്‍ഗ്രസ് ഈ വഴിക്ക് എന്തെങ്കിലും നിലപാടെടുക്കുമോ ? ദേശീയ സാന്നിദ്ധ്യമുള്ള മറ്റൊരു പ്രധാന പാര്‍ട്ടി സി.പി.എം തന്നെയാണ്. ഒപ്പമുള്ള ഇടതു കക്ഷികളെയും കൂട്ടിയാല്‍ ഇടതു പക്ഷം നല്ലൊരു ശക്തിയാവുമെന്ന കാര്യത്തില്‍ സംശയമില്ല.

1996 -ല്‍ അന്നത്തെ കോണ്‍ഗ്രസിതര പ്രതിപക്ഷ നേതൃനിര പ്രധാനമന്ത്രി സ്ഥാനം സി.പി.എം നേതാവ് ജ്യോതി ബസുവിനു വെച്ചു നീട്ടിയതാണ്. പക്ഷെ പ്രധാനമന്ത്രി സ്ഥാനം സ്വീകരിക്കാന്‍ പി.പി.എം കേന്ദ്ര കമ്മിറ്റി ബസുവിന് അനുമതി നല്‍കിയില്ല.

ഒന്നും മിണ്ടാതെ ജ്യോതി ബസു പാര്‍ട്ടി തീരുമാനം അംഗീകരിച്ചു. പക്ഷെ പിന്നീടദ്ദേഹം പറഞ്ഞത് ആ തീരുമാനം ചരിത്രപരമായ മണ്ടത്തരമായിപ്പോയെന്നാണ്. ബസുവിന്‍റെ ഈ പ്രസ്താവന സി.പി.എമ്മിലെ ഒരു ചരിത്ര സംഭവം തന്നെയാവുകയും ചെയ്തു.

പാര്‍ട്ടിക്ക് കൃത്യമായ പിന്തുണയില്ലാതെ ഒരു ഭരണം ഏറ്റെടുക്കരുതെന്ന പഴയ നയത്തിന്‍റെ പേരിലാണ് ജ്യോതി ബസുവിനു പ്രധാന മന്ത്രിയാവാവുള്ള സാധ്യത കേന്ദ്ര കമ്മിറ്റി തള്ളിക്കളഞ്ഞത്. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ എന്തു നിലപാടെടുക്കും.

-ചീഫ് എഡിറ്റര്‍

Advertisment