Advertisment

തീരെ ദുര്‍ബലമായിക്കഴിഞ്ഞ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന് ഒരാളെപ്പോലും പാര്‍ട്ടിയില്‍ നിന്നു വിട്ടുകളയാനുള്ളത്ര കരുത്തില്ല ! ഓരോരുത്തര്‍ കോണ്‍ഗ്രസ് വിടുമ്പോഴും ഒരോരുത്തരെ പുറത്തോക്കുമ്പോഴും ഒന്നുമില്ലെന്ന് ഒരുകൂട്ടര്‍ പാടിനടക്കുന്നു. എന്തുകൊണ്ടും സി.പി.എമ്മിനു നേട്ടമുണ്ടാക്കുന്ന തീരുമാനമാണ് കെ.വി. തോമസിന്റേത് ! അതിനു വഴിവെച്ചതാവട്ടെ, കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും. സി.പി.എം കണ്ണുവെച്ചിരിക്കുന്നതു കെ.വി. തോമസിന്റെ ലത്തീന്‍ സമുദായ ബന്ധത്തിലാണ് ! കോണ്‍ഗ്രസ് കാണാത്തതും ഇതു തന്നെ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

കേരള രാഷ്ട്രീയത്തില്‍ അത്ര അതികായനൊന്നുമായിരുന്നില്ല കെ.വി തോമസ്. തേവര കോളജിലെ കെമിസ്ട്രി അധ്യാപകനായിരുന്ന തോമസ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെത്തിയതും ലോക്സഭാംഗമായും കേന്ദ്രമന്ത്രിയായും സംസ്ഥാന മന്ത്രിയായുമെല്ലാം ശോഭിച്ചത് അതികായനായ കെ. കരുണാകരന്‍റെ തണലില്‍.

ഇന്നിപ്പോള്‍ കെ.വി തോമസ് കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടിരിക്കുന്നു. കണ്ണൂരില്‍ നടക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചു സംഘടിപ്പിച്ചിരിക്കുന്ന സെമിനാറില്‍ പ്രസംഗിക്കാനൊരുങ്ങുകയാണ് പ്രൊഫ. കെ.വി. തോമസ്.

publive-image

ജീവിതകാലമത്രയും കോണ്‍ഗ്രസുകാരനായിരുന്ന കെ.വി. തോമസിന് ശത്രുക്കളേറെയുള്ളത് കോണ്‍ഗ്രസില്‍ത്തന്നെയാണ്. ലത്തീന്‍ കത്തോലിക്കാ സമുദായത്തില്‍പ്പെട്ട കെ.വി. തോമസിനെ കോണ്‍ഗ്രസിലെ മുന്‍ നിരയിലേയ്ക്കു കൊണ്ടുവന്ന കരുണാകരന്‍ ലക്ഷ്യം വെച്ചത് സമുദായത്തെത്തന്നെയാണ്.

1984 ല്‍ ആ വര്‍ഷം തന്നെ തിരുവനന്തപുരത്ത് എ. ചാള്‍സിനെ നിര്‍ത്തയതും കരുണാകരന്‍. അദ്ദേഹം ചാള്‍സില്‍ കണ്ടത് നാടാര്‍ സമുദായത്തിന്‍റെ ശക്തി. തിരുവനന്തപുരത്തും കരുണാകരന്‍റെ കണക്കുകൂട്ടല്‍ ജയിച്ചു. എ. ചാള്‍സ് വിജയിച്ചു. പരാജയപ്പെട്ടത് ഇടതു മുന്നണി സ്ഥാനാര്‍ഥി എ. നീലലോഹിതദാസന്‍ നാടാര്‍.

publive-image

ഈ തെരഞ്ഞെടുപ്പിലാണ് തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തെത്തിയ ഹിന്ദുമുന്നണി സ്ഥാനാര്‍ഥി കേരളവര്‍മ രാജാ സി.പി.എം നേതാവ് ഇ.എം.എസിന്‍റെ മനസില്‍ അസ്വസ്ഥതയുണ്ടാക്കിയത്. കേരളത്തില്‍ ഹിന്ദു വര്‍ഗീയത വളരുന്നുവെന്നും അതിനു കാരണം ന്യൂനപക്ഷ വര്‍ഗീയതയാണെന്നുമായിരുന്നു ഇ.എം.എസിന്‍റെ വിലയിരുത്തല്‍. കേരള വര്‍മ രാജാ നേടിയ മൂന്നാം സ്ഥാനം കേരള രാഷ്ട്രീയത്തില്‍ വളരെ നിര്‍ണായകമായി എന്നത് ചരിത്രത്തിലെ മറ്റൊരദ്ധ്യായം.

എറണാകുളത്ത് 1984 -ല്‍ സ്ഥാനാര്‍ഥിയായ കെ.വി. തോമസ് ജയിച്ചു ലോക്സഭയിലെത്തി. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലം. ഡല്‍ഹിയിലെത്തിയ കെ.വി. തോമസ് അവിടെയും സൗഹൃദങ്ങളുണ്ടാക്കി. ഒന്നാം യു.പി.എ ഭരണകാലത്ത് സോണിയാ ഗാന്ധിയുമായി അടുത്ത ചങ്ങാത്തമുണ്ടാക്കി. ആ സൗഹൃദം ഇപ്പോഴും തുടരുന്നു.

publive-image

എങ്കിലും കേരളത്തിലെ കോണ്‍ഗ്രസില്‍ തോമസ് മാഷിനോടു താല്‍പര്യമില്ലാത്തവര്‍ ഏറെ. അല്ലെങ്കില്‍ സി.പി.എമ്മിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസിനോടു ചേര്‍ന്നു സംഘടിപ്പിക്കുന്ന ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയ കെ.വി. തോമസിനെ പുറത്താക്കാനും മാത്രം പാര്‍ട്ടി വിരുദ്ധത അതിലുണ്ടോ ?

ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ ശക്തമായൊരു പ്രതിപക്ഷ കക്ഷി നിര കെട്ടിപ്പടുക്കേണ്ടത് എല്ലാ പ്രതിപക്ഷ കക്ഷികളുടെയും നേതാക്കളുടെയും കടമയാണെന്ന് ഏവര്‍ക്കുമറിയാം. പല തോല്‍വികളും ഏറ്റുവാങ്ങിയിട്ടും ഇന്നും രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും വേരുള്ള പാര്‍ട്ടി കോണ്‍ഗ്രസ് തന്നെ. ഒന്നും രണ്ടും യു.പി.എ സര്‍ക്കാരുകള്‍ ഉണ്ടായതും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലായിരുന്നു.

പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ നഷ്ടപ്പെട്ട സി.പി.എമ്മിനും ഇടതുപക്ഷത്തിനും കഴിഞ്ഞ കാലമൊക്കെയും നഷ്ടത്തിന്‍റെ കാലമായിരുന്നു. ഉല്‍ഘാടന ദിവസം പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കാര്യം അടിവരയിട്ടു പറയുകയും ചെയ്തു.

കോണ്‍ഗ്രസിനെപ്പോലെ വിവിധ സംസ്ഥാനങ്ങളില്‍ വേരോട്ടമുള്ള പാര്‍ട്ടിതന്നെയാണ് സി.പി.എമ്മും. കൂട്ടിന് ഇടതു പക്ഷ കക്ഷികളുമുണ്ട്. കോണ്‍ഗ്രസും ഇടതു പക്ഷവും കൈകോര്‍ക്കാതെ ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരായ ബദല്‍ നിര കെട്ടിപ്പടുക്കാനാവില്ലെന്ന കാര്യം പകല്‍ പോലെ തെളിഞ്ഞ വസ്തുത തന്നെയാണ്.

ഈ സാഹചര്യത്തിലാണ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സി.പി.എം കെ.വി. തോമസിനു വെച്ചുനീട്ടിയ ക്ഷണം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വലിയ വിവാദമാക്കിയത്. സി.പി.എം സെമിനാറില്‍ പങ്കെടുക്കാന്‍ കെ.വി. തോമസ് തയ്യാറായാല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുക തന്നെ യെയ്യുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പ്രസ്താവിച്ചതൊടെ കേരള രാഷ്ട്രീയം കെ.വി. തോമസിന്‍റെ തീരുമാനം നോക്കി ചുറ്റിത്തിരിയാന്‍ തുടങ്ങി.

സെമിനാറില്‍ പങ്കെടുക്കാനുള്ള തീരുമാനം വ്യാഴാഴ്ച രാവിലെ കെ.വി. തോമസ് പ്രഖ്യാപിച്ചു. ജന്മനാ കോണ്‍ഗ്രസുകാരനായ താന്‍ എക്കാലവും കോണ്‍ഗ്രസുകാരനായിരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

എന്തുകൊണ്ടും സി.പി.എമ്മിനു നേട്ടമുണ്ടാക്കുന്ന തീരുമാനമാണ് കെ.വി. തോമസിന്‍റേത്. അതിനു വഴിവെച്ചതാവട്ടെ, കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും. ഒരു പ്രസംഗം ഒരു വ്യക്തിയുടെ രാഷ്ട്രീയത്തില്‍ ഒന്നുമല്ല. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലാവട്ടെ തീരെ പ്രാധാന്യമില്ലാത്ത കാര്യവും. പക്ഷെ കെ.വി. തോമസിന്‍റെ പ്രസംഗം ഇന്ന് രാഷ്ട്രീയമായി വലിയ വിവാദമായിരിക്കുന്നു.

തീരെ ദുര്‍ബലമായിക്കഴിഞ്ഞ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന് ഒരാളെപ്പോലും പാര്‍ട്ടിയില്‍ നിന്നു വിട്ടുകളയാനുള്ളത്ര കരുത്തില്ല. കെ.വി. തോമസ് പോയാലൊന്നുമില്ലെന്നാണ് കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗത്തിന്‍റെ വാദം. ഓരോരുത്തര്‍ കോണ്‍ഗ്രസ് വിടുമ്പോഴും ഒരോരുത്തരെ പുറത്തോക്കുമ്പോഴും ഇതേ കൂട്ടര്‍ ഇതേ പല്ലവി പാടിനടക്കുന്നു.

കെ.വി. തോമസ് ലത്തീന്‍ കത്തോലിക്കാ സമുദായത്തില്‍പ്പെട്ടയാളാണ്. സമുദായത്തിന് കെ.വി. തോമസുമായി നല്ല ബന്ധമുണ്ട്. സി.പി.എമ്മിന് ഇവിടെ അത്ര നല്ല ബന്ധമില്ലതാനും. സി.പി.എം കണ്ണുവെച്ചിരിക്കുന്നതും കെ.വി. തോമസിന്‍റെ ലത്തീന്‍ സമുദായ ബന്ധത്തിലാണ്. കോണ്‍ഗ്രസ് കാണാത്തതും ഇതു തന്നെ.

-ചീഫ് എഡിറ്റര്‍

Advertisment