Advertisment

കെ വി തോമസിന്റെ മൂക്കു ചെത്തുമോ കോൺഗ്രസ്‌ എന്ന പിണറായി വിജയന്റെ ചോദ്യമാണ് കോൺഗ്രസിന്റെ മുഖ്യ തലവേദന ? അച്ചടക്ക സമിതിയുടെ നോട്ടീസിനുള്ള തോമസിന്റെ വിശദീകരണ കത്ത് ഉടൻ ഹൈക്കമാണ്ടിനു മുന്നിലെത്തും. നിരവധി കോൺഗ്രസ്‌ പ്രവർത്തകരുടെ ചോര വീണ കണ്ണൂരിന്റെ മണ്ണിൽ നടന്ന സമ്മേളനത്തിൽ തോമസ് പങ്കെടുത്തുവെന്ന പ്രാദേശിക വശം കെപിസിസിക്കും പരിഗണിക്കണം. തോമസിനെ പടിയടച്ചു പിണ്ഡം വയ്ക്കുമോ കോൺഗ്രസ്‌. അതോ.. ? - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്

New Update

publive-image

Advertisment

കെ.വി തോമസ് എങ്ങോട്ട് ? കുറെ ദിവസങ്ങളായി കേരള രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി താരശോഭയോടെ കഴിയുന്ന പ്രൊഫ. കെ.വി തോമസ് കോണ്‍ഗ്രസില്‍ തുടരുമോ ? അതോ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചു നടന്ന സെമിനാറില്‍ പ്രസംഗിച്ചതിന് അദ്ദേഹത്തെ കോണ്‍ഗ്രസ് ഹൈക്കമാന്റ് പുറത്താക്കി പടിയടച്ചു പിണ്ഡം വെയ്ക്കുമോ ?

എന്തായാലും കെ.വി തോമസിനെതിരായി പാര്‍ട്ടി സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച ശക്തിയേറിയ ആരോപണങ്ങള്‍ കണക്കിലെടുത്ത് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഭാഗമായുള്ള അച്ചടക്ക സമിതി അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസയച്ചിരിക്കുന്നു. ഏതു പരാതിയായാലും അതു നേരിടുന്ന വ്യക്തിയുടെ വാദം കേള്‍ക്കണമെന്ന സാമാന്യ തത്വത്തിന്റെ പേരിലാണ് ഈ നോട്ടീസ്.

ഇതിന് തീര്‍ച്ചയായും കെ.വി തോമസ് മറുപടി നല്‍കും. മറുപടി വിശദമായ ഒന്നായിരിക്കാനാണു സാധ്യത. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തന്നോടു കാണിച്ച അവഗണനയും അപകീര്‍ത്തിപ്പെടുത്തലും എണ്ണി എണ്ണി പറഞ്ഞുകൊണ്ടാവും വിശദീകരണ കുറിപ്പ്.

ഒപ്പം സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചു നടന്ന സെമിനാറില്‍ തനിക്കു കിട്ടിയ ക്ഷണം, അതനുസരിച്ച് സംസ്ഥാന നേതൃത്വത്തിന്റെയും ഹൈക്കമാന്റിന്റെയും വിലക്കു ലംഘിച്ച് സെമിനാറില്‍ സംബന്ധിച്ചതും, അതില്‍ പ്രസംഗിച്ചതുമെല്ലാം വിശദീകരിച്ച് രേഖപ്പെടുത്തും.

publive-image

അതിലും പ്രധാനം കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന കാലിക പ്രാധാന്യമുള്ള വിഷയം തന്നെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണം ഒരു കേന്ദ്രീകൃത ഭരണ രീതിയിലേയ്ക്കു നീങ്ങുകയാണ്.

പല വിഷയങ്ങളിലും കേന്ദ്രം സംസ്ഥാനങ്ങളോട് അഭിപ്രായമൊന്നും ചോദിക്കുന്നില്ല. ബി.ജെ.പി ഇതര സംസ്ഥാനങ്ങളോട് ഒരു ചിറ്റമ്മനയമാണു സ്വീകരിക്കുന്നതെന്നതും കാണണം. ഇത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിനും താല്‍പര്യമുള്ള വിഷയമാണ്.

സമാനമായ സാഹചര്യത്തില്‍ മറ്റൊരു വിഷയത്തെക്കുറിച്ചു പ്രസംഗിക്കാന്‍ ക്ഷണം കിട്ടിയ ശശി തരൂര്‍ നേതൃത്വത്തിന്റെ വിലക്ക് സ്വീകരിച്ച് സെമിനാറില്‍ പങ്കെടുത്തില്ല. പക്ഷെ സ്വന്തം ഭാഗം വിശദമാക്കി ഒരു നീണ്ട കുറിപ്പ് അദ്ദേഹം ഹൈക്കമാന്റിനു കൊടുത്തു കഴിഞ്ഞു. നിലവിലുള്ള ദേശീയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് തെല്ലും അവഗണിക്കാനാവില്ല തരൂരിന്റെ കുറിപ്പ്.

publive-image

കെ.വി തോമസ് വിഷയത്തിന് രണ്ടു മാനങ്ങളുണ്ട്. ഒന്ന് സി.പി.എം സെമിനാറില്‍ കെ.വി തോമസ് പങ്കെടുക്കുന്നതിന്റെ പ്രാദേശിക വശം. കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിക്കുന്നതും അവര്‍ അതില്‍ പങ്കെടുത്തു പ്രസംഗിക്കുന്നതുമാണ് ഒരു തടസം.

കോണ്‍ഗ്രസിന്റെ അനേകം പ്രവര്‍ത്തകരെ, പ്രത്യേകിച്ച് യുവാക്കളെ, സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ ജില്ലയാണു കണ്ണൂര്‍ എന്ന് നേതൃത്വം തോമസിനെ ഓര്‍മിപ്പിച്ചു. പ്രത്യേകിച്ച് കണ്ണൂര്‍ സ്വദേശിയായ കെ. സുധാകരന്‍ പ്രസിഡന്റായിരിക്കുമ്പോള്‍.

സുധാകരന്‍ എക്കാലത്തും കണ്ണൂരില്‍ സി.പി.എമ്മിന്റെ ബദ്ധ ശത്രുവായിരുന്നു. ഈ ശത്രുത ഇപ്പോഴും തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ തന്റെ ഏറ്റവും വലിയ ശത്രുവായാണ് സുധാകരന്‍ കാണുന്നത്. പിണറായി വിജയനും കണ്ണൂര്‍ ജില്ലക്കാരനാണ്. തലശേരിക്കടുത്ത് പിണറായി സ്വദേശി.

കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചു സംഘടിപ്പിച്ച സെമിനാറില്‍ കോണ്‍ഗ്രസ് നേതാവായ കെ.വി തോമസ് പങ്കെടുക്കുന്നത് കെ. സുധാകരന് ഒട്ടും സഹിക്കാനാകുമായിരുന്നില്ല.

തോമസിനെതിരെ നീക്കം തുടങ്ങിയതും സെമിനാറില്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്നും വാശിയോടെ പ്രസ്താവിച്ചു തുടങ്ങിയതും സുധാകരന്‍ തന്നെ. അനുയായികള്‍ അതേറ്റു പിടിച്ച് തോമസിനെതിരായി രൂക്ഷമായ ആക്രമണം തന്നെ അഴിച്ചു വിടുകയായിരുന്നു.

publive-image

ഒരു പൊതു ശത്രുവിനോടെന്നപോലെ അതി ക്രൂരമായിരുന്നു ആക്രമണം. ഈ പശ്ചാത്തലത്തിലായിരുന്നു സെമിനാറില്‍ പങ്കെടുക്കാനുള്ള തീരുമാനം അദ്ദേഹം തന്നെ കൊച്ചിയില്‍ പ്രഖ്യാപിച്ചത്. ഒമ്പതാം തീയതി നടന്ന സെമിനാറില്‍ കെ.വി തോമസ് സി.പി.എം ഉയര്‍ത്തിയ വേദി പങ്കിട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാടു മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എന്നിവരോടൊപ്പം ആയിരക്കണക്കിനു വരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷമായിത്തന്നെ തോമസിനെ വരവേറ്റു. അദ്ദേഹത്തിന്റെ പ്രസംഗത്തെ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.

അച്ചടക്ക ലംഘനം നടത്തിയ കെ.വി തോമസിനെ ഇനിയും പുറത്താക്കാന്‍ സംസ്ഥാന നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. വിഷയം നേതൃത്വം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് ഹൈക്കമാന്റിനും അഭിപ്രായമുണ്ട്. എ.ഐ.സി.സി അംഗമായ കെ.വി തോമസിനെതിരെ നടപടിയെടുക്കാന്‍ ഹൈക്കമാന്റിനേ കഴിയൂ എന്നര്‍ത്ഥം.

കെ.വി തോമസ് സെമിനാറില്‍ പങ്കെടുത്താല്‍ മൂക്കു ചെത്തിക്കളയുമോ എന്നാണ് സെമിനാര്‍ വേദിയില്‍ തിങ്ങിനിറഞ്ഞ സദസില്‍ പിണറായി വിജയന്‍ വെല്ലുവിളിച്ചത്. ബി.ജെ.പിയ്‌ക്കെതിരായ മുന്നേറ്റത്തില്‍ ഒരേ ചേരിയില്‍ നില്‍ക്കേണ്ട രണ്ടു കക്ഷികളാണ് കോണ്‍ഗ്രസും സി.പി.എമ്മും. കേരളത്തിലാവട്ടെ രണ്ടു കക്ഷികളും കടുത്ത ശത്രുതയിലും.

അതുകൊണ്ടുതന്നെ എ.കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ അന്തിമ തീരുമാനം വളരെ പ്രധാനമാണ്. എക്കാലവും കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കുകതന്നെ ചെയ്യുമെന്ന വാദവുമായി കെ.വി തോമസും.

തോമസിന്റെ മൂക്കു ചെത്തുമോ ഹൈക്കമാന്റ് ?

-ചീഫ് എഡിറ്റര്‍

Advertisment