Advertisment

രണ്ടു ദേശീയ തെരഞ്ഞെടുപ്പുകളിലും പരാജയം ഏറ്റുവാങ്ങുകയും യു.പി ഉള്‍പ്പെടെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും തകര്‍ന്നടിയുകയും ചെയ്ത കോണ്‍ഗ്രസിന് ശാപമോക്ഷം നല്‍കാന്‍ പ്രശാന്ത് കിഷോറിനു കഴിയുമോ ? പുതിയ തന്ത്രങ്ങളും മുദ്രാവാക്യങ്ങളും പാര്‍ട്ടിയെ ശക്തിപ്പെടുത്തുമോ ? ആദ്യം വേണ്ടത് നല്ലൊരു നേതാവാണ്. പ്രശാന്ത് കിഷോറിന്‍റെ കോണ്‍ഗ്രസ് അജണ്ട - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ പ്രശാന്ത് കിഷോറിനു കഴിയുമോ ? 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍, രൂപീകരിക്കേണ്ട സഖ്യങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിശദമായ രൂപരേഖ രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ ഹൈക്കമാന്‍റിനു നല്‍കി കഴിഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാന്‍, ഛത്തിസ്‌ഗഢ്, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സ്ഥിതിഗതികളെപ്പറ്റി പ്രശാന്ത് കിഷോറിനെയും പങ്കെടുപ്പിച്ച് സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചര്‍ച്ച തുടങ്ങുകയും ചെയ്തു.

നാലു സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെങ്കിലും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പുതന്നെയാണു പാര്‍ട്ടിയുടെ പരമമായ ലക്ഷ്യം. രണ്ടു ദേശീയ തെരഞ്ഞെടുപ്പുകളിലും പരാജയം ഏറ്റുവാങ്ങുകയും യു.പി ഉള്‍പ്പെടെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും തകര്‍ന്നടിയുകയും ചെയ്ത കോണ്‍ഗ്രസിന് ശാപമോക്ഷം നല്‍കാന്‍ പ്രശാന്ത് കിഷോറിനു കഴിയുമോ എന്നതാണു ചോദ്യം.

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ജി - 23 നേതാക്കളുമൊക്കെ കിണഞ്ഞു പരിശ്രമിച്ചിട്ടും വിജയം കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത കോണ്‍ഗ്രസിനെ പ്രശാന്ത് കിഷോര്‍ എത്രകണ്ടു തുണയ്ക്കും ?

പ്രശാന്ത് കിഷോര്‍ ഒരു രാഷ്ട്രീയ തന്ത്രജ്ഞനാണ്. ദേശീയ രാഷ്ട്രീയത്തിന്‍റെ പ്രത്യേകതകളൊക്കെ അറിയാവുന്നയാള്‍. തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ കാലത്തിനും നാടിനും യോജിച്ച തന്ത്രങ്ങള്‍ മെനയണം. എതിരാളികളുടെ ദൗര്‍ബല്യങ്ങള്‍ മനസിലാക്കി കൃത്യമായ ആക്രമണങ്ങള്‍ക്കു രൂപം നല്‍കണം. പ്രചാരണ രംഗം കൊഴുപ്പിക്കണം. ജനങ്ങളെ ആകര്‍ഷിക്കുന്ന മുദ്രാവാക്യങ്ങളുണ്ടാക്കണം. ഇതു പ്രചരിപ്പിക്കുന്നതിനു കുറ്റമറ്റ സംവിധാനം ഒരുക്കണം.

അടിസ്ഥാനപരമായി വേണ്ടതു സംഘടനാ ശേഷിയാണ്. രാജ്യത്തുടനീളം വേരുകളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന കാര്യത്തില്‍ സംശയമില്ല തന്നെ. പല സംസ്ഥാനങ്ങളിലും പരാജയപ്പെട്ടെങ്കിലും ദേശീയ കക്ഷിയെന്നു വിശേഷിപ്പിക്കാവുന്ന പാര്‍ട്ടിയാണു കോണ്‍ഗ്രസ്.

പക്ഷെ എതിര്‍ക്കുന്നത് രണ്ടു തവണ തുടര്‍ച്ചയായി ഭരണത്തിലിരിക്കുന്ന ബി.ജെ.പിയെയാണ്. രണ്ടാം തവണയും പ്രധാന മന്ത്രിയായിരിക്കുന്ന നരേന്ദ്ര മോദിയെയാണ്. കോണ്‍ഗ്രസിന്‍റെ പ്രധാന പ്രശ്നവും അവിടെയാണ്.

രാജ്യത്തെ പ്രധാന രാഷ്ട്രീയ ശക്തിയായി ബി.ജെ.പി വളര്‍ന്നിരിക്കുന്നു. അതിനു പിന്നില്‍ ആര്‍.എസ്.എസിന്‍റെ സംഘശേഷിയുമുണ്ട്. ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തില്‍ ജനതയെ വിഭജിക്കുന്നതില്‍ ബി.ജെ.പി വളരെ വിജയിച്ചിരിക്കുന്നു. കര്‍ഷക സമരമോ, വിലവര്‍ദ്ധനവോ ഭരണ വൈകല്യമോ, ദാരിദ്ര്യമോ ഒന്നുംതന്നെ ജാതി - മത വേര്‍തിരിവിനപ്പുറത്തേയ്ക്കു രാഷ്ട്രീയ വിഷയമാവുന്നതേയില്ല.

2024 -ല്‍ കോണ്‍ഗ്രസിന്‍റെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കാന്‍ പോരുന്ന ഘടകങ്ങളാണിതൊക്കെയും. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാന രാഷ്ട്രീയ അജണ്ട മുസ്ലിം വിരോധം തന്നെ. ഏറ്റവുമൊടുവില്‍ ഡല്‍ഹി ജഹാംഗീര്‍ പുരിയിലെ കൈയേറ്റങ്ങളൊഴിപ്പിക്കാന്‍ ഡല്‍ഹി മുന്‍സിപ്പാലിറ്റി ബുള്‍ഡോസറുകളുമായെത്തി അതിക്രമം കാണിച്ച സംഭവം തന്നെ ഉദാഹരണം.

മുസ്ലിം സമുദായത്തിനെതിരെ എന്തു ഹീനമായ നടപടിയും സ്വീകരിക്കുക, പാകിസ്ഥാനുമായുള്ള ശത്രുതയ്ക്കു മൂര്‍ച്ച കൂട്ടുക, തീവ്രവാദി ആക്രമണത്തിന്‍റെ പേരില്‍ പ്രചാരണം സംഘടിപ്പിക്കുക എന്നിങ്ങനെ രാഷ്ട്രീയത്തിനും രാഷ്ട്രീയ പ്രചാരണത്തിനും മറ്റാര്‍ക്കും കടന്നെത്താന്‍ കഴിയാത്ത വഴികളിലെത്തിനില്‍ക്കുകയാണ് ബി.ജെ.പിയും സംഘപരിവാറും.

തുടര്‍ച്ചയായി നേരിട്ട പരാജയങ്ങളും തിരിച്ചടികളും കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കുകയും ചെയ്തിരിക്കുന്നു. നേതൃസ്ഥാനത്ത് രാഹുല്‍ ഗാന്ധി പരാജയമാണെന്ന കാര്യവും സംഘടനയെ തുറിച്ചു നോക്കുന്നു. പകരം വെയ്ക്കാന്‍ പുതിയൊരു നേതാവിനെ കണ്ടെത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവാത്ത സ്ഥിതിയിലുമായിരിക്കുന്നു കോണ്‍ഗ്രസ് നേതൃത്വം.

ഈ വിഷമവൃ‍ത്തതിത്തില്‍ നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ പ്രശാന്ത് കിഷോറിനാവുമോ ? എന്തായാലും രാഹുല്‍ ഗാന്ധിയെ അടുത്ത തെരഞ്ഞെടുപ്പില്‍ നേതാവായി ഉയര്‍ത്തിക്കാട്ടരുതെന്ന നിര്‍ദേശമാണ് പ്രശാന്ത് കിഷോര്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. നരേന്ദ്ര മോദിക്കെതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയ രാഹുല്‍ ഗാന്ധിയായിരുന്നു കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയ്ക്കു പ്രധാന കാരണമായത്.

അതെ. നേതാവു പ്രശ്നം തന്നെയാണ്. കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നേതൃദാരിദ്ര്യമാണ്. ഗ്രൂപ്പ് - 23 എന്ന പേരില്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളൊക്കെയും പുറം തിരിഞ്ഞു നില്‍ക്കുന്നു. ഇവരെ നേതൃത്വത്തിലേയ്ക്കു തിരികെ കൊണ്ടുവരാന്‍ ഒരു ശ്രമവും നടക്കുന്നില്ല.

സംഘടനയുടെ നാനാവിധ ദൗര്‍ബല്യങ്ങളാണ് മറ്റൊരു പ്രധാന ഘടകം. യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷകളോടെ പാര്‍ട്ടിയെ നയിച്ച പ്രയങ്കാ ഗാന്ധി ഇതു നേരിട്ടനുഭവിച്ചതാണ്.

പ്രായോഗികമായ ഒരു കൂട്ടുകെട്ടുണ്ടാക്കാനോ, പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തി പ്രചാരണം നടത്താനോ പ്രിയങ്കയ്ക്കു കഴിഞ്ഞില്ല. നെഹ്റു കുടുംബത്തിലെ ഒരംഗത്തിന്‍റെ കൂടി പ്രതാപം തകര്‍ന്നു വീഴുന്നതാണ് യു.പിയില്‍ കണ്ടത്. പഞ്ചാബില്‍ രാഹുലും പ്രിയങ്കലും കാണിച്ച പരീക്ഷണങ്ങളും അമ്പേ പരാജയപ്പെട്ടു.

ഇനിയിപ്പോള്‍ പ്രശാന്ത് കിഷോറിനെന്തു ചെയ്യാന്‍ കഴിയും ? പുതിയ തന്ത്രങ്ങളും മുദ്രാവാക്യങ്ങളും പാര്‍ട്ടിയെ ശക്തിപ്പെടുത്തുമോ ? ആദ്യം വേണ്ടത് നല്ലൊരു നേതാവാണ്. കൃത്യമായി തെരഞ്ഞെടുപ്പു നടക്കുന്ന പാര്‍ട്ടികളിലൊക്കെ കാലാകാലങ്ങളില്‍ നേതാക്കള്‍ സ്വയം ഉണ്ടാവുകയാണു ചെയ്യുക.

തെരഞ്ഞെടുപ്പൊന്നുമില്ലാതെ നെഹ്റു കുടുംബത്തിന്‍റെ മാസ്മരികതയില്‍ ഭ്രമിച്ചു കഴിഞ്ഞിരുന്ന പാര്‍ട്ടി ഇനിയെങ്കിലും കുടുംബാധിപത്യത്തിനപ്പുറത്തേയ്ക്കു കടന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

എന്തായാലും ആ വഴിക്കു തന്നെയാണു പ്രശാന്ത് കിഷോറിന്‍റെ ചിന്ത എന്നത് സ്വാഗതാര്‍ഹമാണ്. നേതൃമാറ്റം അല്ലെങ്കില്‍ പുതിയൊരു നേതാവ് എന്ന ചിന്ത തുടക്കം മാത്രമാണെന്നും ഓര്‍ക്കുക.

-ചീഫ് എഡിറ്റര്‍

Advertisment