Advertisment

പകുതി സീറ്റും ഒരു പരിചയവുമില്ലാത്ത യുവാക്കള്‍ക്കു വിട്ടു നല്‍കിയാല്‍ അവര്‍ ജയിക്കുമെന്നെന്താണുറപ്പ് ? പാര്‍ട്ടിയില്‍ പഴക്കവും തഴക്കവുമുള്ള മുതിര്‍ന്ന നേതാക്കളെ അങ്ങനെയങ്ങുപേക്ഷിച്ചാല്‍ പഴയ നേതാക്കളുമില്ല, യുവ നേതാക്കളുമില്ല എന്ന സ്ഥിതി വരില്ലേ ? മറ്റെല്ലാ സംസ്ഥാനങ്ങളിലെയും പോലെ കേരളത്തിലും കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും ദുര്‍ബലമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 52 പുതുമുഖ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ട് 48 തോറ്റു ! ശിബിരത്തിന്‍റെ ബാക്കിപത്രം - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പകുതി സീറ്റുകളും 50 വയസില്‍ താഴെയുള്ളവര്‍ക്കു നീക്കിവെയ്ക്കണമെന്നതായിരുന്നു കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിരം ആഴത്തില്‍ ചര്‍ച്ച ചെയ്ത പ്രധാന വിഷയം. നാടൊട്ടുക്ക് കോണ്‍ഗ്രസിനോടു ചേര്‍ന്നു നില്‍ക്കുന്ന യുവാക്കള്‍ ഇതിനെ വാനോളം വാഴ്ത്തി. പക്ഷെ ഇപ്പോഴിതാ കോണ്‍ഗ്രസില്‍ വീണ്ടു വിചാരം.

പകുതി സീറ്റും ഒരു പരിചയവുമില്ലാത്ത യുവാക്കള്‍ക്കു വിട്ടു നല്‍കിയാല്‍ അവര്‍ ജയിക്കുമെന്നെന്താണുറപ്പ് ? പാര്‍ട്ടിയില്‍ പഴക്കവും തഴക്കവുമുള്ള മുതിര്‍ന്ന നേതാക്കളെ അങ്ങനെയങ്ങുപേക്ഷിച്ചാല്‍ പഴയ നേതാക്കളുമില്ല, യുവ നേതാക്കളുമില്ല എന്ന സ്ഥിതി വരില്ലേ ? നേതൃത്വത്തില്‍ പുതിയ ചോദ്യങ്ങള്‍ ഉയരുകയാണ്. തീരുമാനങ്ങള്‍ ഉരുണ്ടു കൂടുന്നത് രാജ്യത്തങ്ങോളമിങ്ങോളമുള്ള യുവതയെക്കെതിരെ തന്നെ.

മുതിര്‍ന്ന നേതാക്കള്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത് കേരളത്തിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ചൂണ്ടിക്കാട്ടിയാണ്. യുവാക്കള്‍ക്കു പ്രാതിനിധ്യം വേണമെന്നത് യൂത്ത് കോണ്‍ഗ്രസിന്‍റെയും കെ.എസ്.യുവിന്‍റെയും ആവശ്യമായിരുന്നു. നിര്‍ബന്ധത്തിനു വഴങ്ങി ആകെ 52 സീറ്റാണ് യുവ ജനങ്ങള്‍ക്കു നല്‍കിയത്. 48 പേരും തോറ്റു.

എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ ചരിത്രം പറയുന്ന കഥ മറ്റൊന്നാണ്. അറുപതുകളിലും എഴുപതുകളിലും കോണ്‍ഗ്രസില്‍ ഒരു വലിയ യുവനിര ഉന്നത സ്ഥാനങ്ങളിലേയ്ക്കു തള്ളിക്കയറുകയായിരുന്നു.

1970 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.കെ ആന്‍റണി, ഉമ്മന്‍ ചാണ്ടി, കൊട്ടറ ഗോപാലകൃഷ്ണന്‍, എ.സി ഷണ്‍മുഖദാസ്, ആര്‍. രാമകൃഷ്ണന്‍ എന്നീ യുവ നേതാക്കള്‍ നിയമസഭയിലേയ്ക്കു കടന്നു വരുന്നത് കേരളം അത്ഭുതത്തോടെയും കൗതുകത്തോടെയും നോക്കി നിന്നു. എല്ലാവര്‍ക്കും 30 വയസിനു താഴെ മാത്രം പ്രായം.

publive-image

എം.എ ജോണിന്‍റെ സമര്‍ത്ഥമായ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ ഒരു യുവനിര തിരമാല പോലെ ഉയര്‍ന്നു വരികയായിരുന്നു. തുടര്‍ച്ചയായി പഠന ക്യാമ്പുകള്‍ സംഘടിപ്പിച്ച് അദ്ദേഹം കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍ക്കു കരുത്തു പകര്‍ന്നു. സമുദായ സംഘടനകളില്‍ നിന്നു അകലം പാലിച്ചു നില്‍ക്കാനും പാര്‍ട്ടിയിലും സര്‍ക്കാരിലും താക്കോല്‍ സ്ഥാനങ്ങളില്‍ കയറിപ്പറ്റാനും അദ്ദേഹം യുവാക്കളെ ആഹ്വാനം ചെയ്തു.

1970 -ല്‍ എ.കെ ആന്‍റണിയും ഉമ്മന്‍ ചാണ്ടിയുമൊക്കെ നിയമ സഭയിലെത്തിയത് ഈ യുവ മുന്നേറ്റത്തിന്‍റെ ഭാഗമായാണ്. 1971 -ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുവാവായ വയലാര്‍ രവി ചിറയിന്‍ കീഴ് സീറ്റില്‍ മത്സരിച്ചു. ഇവിടെ പുറംതള്ളപ്പെട്ടത് 62 -കാരനായ മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കര്‍.

publive-image

വിദ്യാഭ്യാസ മന്ത്രിയായും മുഖ്യമന്ത്രിയായും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായും പ്രഗത്ഭമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച നേതാവായിരുന്നു ആര്‍. ശങ്കര്‍. നടു നിവര്‍ത്തി, തല ഉയര്‍ത്തി നടന്നിരുന്ന ശങ്കര്‍ തന്‍റേടിയായ ഒരു നേതാവെന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു.

62 -ലെത്തിയ ശങ്കര്‍ പ്രായം ചെന്നവനാണെന്നാക്ഷേപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് 34 കാരനായ വയലാര്‍ രവിക്കു വേണ്ടി സീറ്റ് ആവശ്യപ്പെട്ടത്. രവിക്ക് ചിറയിന്‍കീഴ് സീറ്റ് കിട്ടുകയും ജയിച്ച് ലോക്സഭയിലെത്തുകുയം ചെയ്തു.

publive-image

34 -ാം വയസില്‍ ലോക്സഭയിലെത്തിയ വയലാര്‍ രവി സംസ്ഥാനത്തും കേന്ദ്രത്തിലും പല സ്ഥാനങ്ങളും വഹിച്ചു. കെ.പി.സി.സി അധ്യക്ഷനായും സംസ്ഥാന മന്ത്രിയായും കേന്ദ്രമന്ത്രിയായും സ്ഥാനം വഹിച്ചു. ഏറ്റവുമൊടുവില്‍ രാജ്യസഭാംഗമായി സ്ഥാനമൊഴിഞ്ഞത് കഴിഞ്ഞ വര്‍ഷം 84 -ാം വയസില്‍.

എ.കെ. ആന്‍റണി രാജ്യസഭാ സ്ഥാനമൊഴിഞ്ഞത് 82 -ാം വയസില്‍. 1970 -ല്‍ നിയമസഭാംഗമായ ആന്‍റണി 1977 -ല്‍ 37 -ാം വയസില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയുമായി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. 82 -ാം വയസില്‍ രാജ്യസഭയില്‍ നിന്നു വിരമിച്ച അദ്ദേഹം സജീവ രാഷ്ട്രീയം ഒഴിയുകയാണെന്ന് അറിയിക്കുകയായിരുന്നു.

ആന്‍റണിയും വയലാര്‍ രവിയുമൊക്കെ ചെറുപ്രായത്തില്‍ താക്കോല്‍ സ്ഥാനങ്ങളില്‍ കയറി ഇരിപ്പുറപ്പിച്ചതാണ്. ഇതു കണ്ട് കെ.എസ്.യുവിലേക്കും യൂത്ത് കോണ്‍ഗ്രസിലേക്കും വിദ്യാര്‍ത്ഥികളും യുവജനങ്ങളും പ്രവഹിച്ചു. പക്ഷെ താക്കോല്‍ സ്ഥാനങ്ങളില്‍ കയറിയിരുന്നവര്‍ പിന്നാലെ വന്നവര്‍ക്കു വേണ്ടി സ്ഥാനമൊഴിഞ്ഞില്ല.

publive-image

ആയുഷ്കാലം മുഴുവന്‍ അവര്‍ താക്കോല്‍ സ്ഥാനങ്ങളില്‍ മാറി മാറിയിരുന്നു. രാഷ്ട്രീയ വളര്‍ച്ച സ്വപ്നം കണ്ട കോണ്‍ഗ്രസിലേക്കാകര്‍ഷിക്കപ്പെട്ടവരില്‍ നല്ലൊരു പങ്കും മടങ്ങിപ്പോയി. പലരും രാഷ്ട്രീയം നിര്‍ത്തി.

മറ്റെല്ലാ സംസ്ഥാനങ്ങളിലെയും പോലെ കേരളത്തിലും കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും ദുര്‍ബലമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ - ലോക്സഭാ തെരഞ്ഞെടുപ്പിലുമൊന്നും താഴേക്കിറങ്ങി പ്രചാരണം നടത്താന്‍ ചെറുപ്പക്കാരില്ലാത്ത സ്ഥിതി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 52 പുതുമുഖ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ട് 48 പേരും തോറ്റുവെന്നു പറയുന്നവര്‍ യുവാക്കളെ പ്രതിസ്ഥാനത്തു നിര്‍ത്തുകയാണ്. യുവാക്കളെന്തു പിഴച്ചു ?

ഉദയ്‌പൂരിൽ നടന്ന ചിന്തന്‍ ശിബിരത്തിന്‍റെ ബാക്കിപത്രം നേതൃത്വത്തിനു നേരേ ഉയരുന്ന മൂര്‍ച്ചയുള്ള ചോദ്യങ്ങളാണ്.

-ചീഫ് എഡിറ്റര്‍

Advertisment