Advertisment

അട്ടപ്പാടിയിൽ സ്വന്തം പേരിലുള്ള ഭൂമിയില്‍ കയറാന്‍ കഴിയാത്തവരായി ദേശീയ അവാര്‍ഡു നേടിയ നഞ്ചിയമ്മ മാത്രമല്ലുള്ളത്. അട്ടപ്പാടി ഒരു രാജ്യമാണ്, ലോകത്തെ ഒരു നിയമവും ബാധകമാകാത്ത രാജ്യം. കൂലിപ്പണിയായും രാഷ്ട്രീയമായും കോടീശ്വരന്‍മാരായവര്‍ ഇവിടെ ഏറെയുണ്ട്. രക്ഷയില്ലാത്തത് ആദിവാസികൾക്ക് മാത്രമാണ്. മന്‍മോഹന്‍ സിംഗും ടി.കെ.എ നായരും എസ്.എം വിജയാനന്ദനും വിജയിക്കാത്തിടത്തിനി ആരു ജയിക്കാന്‍ ? മധുമാര്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. കൊലയാളികള്‍ രക്ഷപെട്ടുകൊണ്ടേയിരിക്കും - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത് കുമാർ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവിനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നതിന്‍റെ നാലാം വാര്‍ഷികം നാം ആഘോഷിച്ചത് 2022 ഫെബ്രുവരി 22 നാണ്.

വിശന്നപ്പോള്‍ ഒരു പലചരക്കു കടയില്‍ നിന്ന് അരി മോഷ്ടിച്ചതിനാണ് മധുവിനെ കൊല ചെയ്തത്. ഈ അരുംകൊലയുടെ ദൃശ്യങ്ങളും മരിക്കുന്നതിനു മുമ്പുള്ള മധുവിന്‍റെ ദൈന്യത തുളുമ്പുന്ന മുഖവും നമ്മുടെ സാമാന്യ ബോധത്തെ ആക്രമണത്തിനു വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്, നിരന്തരം.

അന്വേഷണ സംഘം 3000 പേജുകളുള്ള കുറ്റപത്രം 2018 മെയില്‍ സമര്‍പ്പിച്ചതാണ്. 16 പ്രതികള്‍. കൂടുതലും സി.പി.എം കാര്‍. ലീഗു കാരനുമുണ്ട്. ഈ കേസില്‍ നടന്ന കള്ളക്കളികള്‍ ആദിവാസികള്‍ക്ക് അപരിചിതമല്ല.

സാക്ഷികള്‍ കൂറു മാറുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ മുങ്ങുകയോ മാറുകയോ ചെയ്യുന്നു. തൊടുന്യായങ്ങളുമായി ഭരണാധികാരികള്‍ കൈകള്‍ കഴുകി വിശുദ്ധരാകുന്നു.


അട്ടപ്പാടി പഠന വിധേയമാക്കിയപ്പോള്‍, അതേക്കുറിച്ച് പരമ്പര എഴുതിയപ്പോള്‍ ബോധ്യമായ കാര്യം ആ പ്രദേശം ഒരു പ്രത്യേക രാജ്യമെന്നതാണ്. ലോകത്തെ ഒരു നിയമവും ബാധകമാകാത്ത രാജ്യം.


അവിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടാണ്. ആദിവാസി സംരക്ഷണം ചര്‍ച്ച ചെയ്യാന്‍ ഈ സര്‍വ്വകക്ഷികളും ഇടക്കിടെ അട്ടപ്പാടിയില്‍ ഒത്തുകൂടും. അതില്‍ അണിയിച്ചൊരുക്കി നോക്കുകുത്തികളായി ഇരുത്താന്‍ കൊണ്ടുവന്ന ആദിവാസി ബോമ്മകളല്ലാതെ വീറോടെ പൊരുതുന്ന ഒരു ആദിവാസി ഉണ്ടാകാറില്ല.

publive-image

ഈശ്വരിനേശന്‍ എന്ന സി.പി.ഐക്കാരി കുറെക്കാലം ഉണ്ടായിരുന്നു. ഇപ്പോള്‍ അവരെയും രാഷ്ട്രീയക്കാര്‍ അപ്രസക്തയാക്കിക്കഴിഞ്ഞു.

ആദിവാസി ക്ഷേമത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിക്കുന്ന യോഗങ്ങളില്‍ നേതൃത്വം വഹിക്കുകയും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുക ആദിവാസികളാവില്ല.

അവിടുത്ത ആദിവാസികള്‍ക്കു മദ്യം നല്‍കി ക്രിമിനലുകളാക്കുന്നതാര് ? കുടിയേറ്റക്കാര്‍ അവരെ അവര്‍ അടിമകളാക്കുന്നു. അവരുടെ കൃഷി കവര്‍ന്നെടുക്കുന്നു. സ്ത്രീകളെ ഉപയോഗിക്കുന്നു.

കുറെകാലം മുമ്പുവരെ ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം ആദിവാസി പെണ്‍കുട്ടികളെ കത്തിച്ചു കളഞ്ഞ ദുരനുഭവങ്ങള്‍വരെ അവിടെയുള്ള കാളിയും മരുതിയുമൊക്കെ പറഞ്ഞു തരും.

ആരെങ്കിലും ആദിവാസികളെ സഹായിക്കാനിറങ്ങിയാല്‍ അവരെ മാവോയിസ്റ്റാക്കും. ഇടക്ക് പി.ഇ. ഉഷയെ നിശബ്ദയാക്കാന്‍ ഈ മാവോയിസമിറക്കിയപ്പോള്‍ കടന്നത് അന്നത്തെ ഡി.ജി.പി ടി.പി സെന്‍ കുമാറാണ്.

ആദിവാസി സ്ത്രീകളില്‍ ഏറ്റവും സ്വാധീനമുള്ള ഒരു പുറംലോകക്കാരി പി.ഇ. ഉഷയാണ്. സീമാ ഭാസ്കര്‍, സി.പി.എം.എല്ലിലെ സുകുമാരന്‍, അയ്യരമ്മ, രാജന്‍ റോബര്‍ട്ട്, മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയനാനന്ദ് എന്നിവരുമുണ്ട്. ഇവര്‍ക്കറിയാം ആദിവാസികളുടെ മനസ്.

അവിടുത്തെ ഏറ്റവും വലിയ പ്രശ്നം ഭൂമിയാണ്. സ്വന്തം പേരിലുള്ള ഭൂമിയില്‍ കയറാന്‍ കഴിയാത്തവര്‍ ഗായികയും ദേശീയ അവാര്‍ഡു നേടിയ നഞ്ചിയമ്മ മാത്രമല്ല.


ഭാഷയും സംസാരരീതിയും വിദ്യാഭ്യാസമില്ലായ്മയും തര്‍ക്ക ശാസ്ത്രത്തിലെ അജ്ഞതയുമൊക്കെ കുടിയേറ്റക്കാരിലും അവരുടെ അധികാര ചിഹ്നങ്ങളായ ഉദ്യോഗസ്ഥരിലും പുച്ഛവും വെറുപ്പുമാണ് സൃഷ്ടിക്കുക. വൃത്തിയുള്ളതെങ്കിലും നിറം മങ്ങിയ വേഷവും കറപിടിച്ച പല്ലുകളും മോണയും വികൃതമെന്ന് നമുക്കു തോന്നുന്ന ചിരിയും നിറവുമൊക്കെ ഇവരുടെ ശത്രുക്കളാണ്.


സുപ്രീം കോടതി വിധികളേറെയുണ്ട്. പക്ഷെ കൈയ്യേറ്റക്കാരെ പുറത്താക്കാന്‍ പോലീസ് എന്നല്ല ഒരു സര്‍ക്കാര്‍ സംവിധാനവും സഹായിക്കാറില്ല. കൈയ്യറ്റക്കാര്‍ അടിച്ചോടിക്കുമ്പോള്‍ എത്തുന്ന അധികാരികള്‍ കൈയ്യേറ്റക്കാരോടല്ല രേഖ ചോദിക്കുക, ആദിവാസികളോടാണ്. അതാണവിടുത്തെ കാട്ടുനീതി.

കൈവശാവകാശ രേഖകള്‍ ആദിവാസി കൊണ്ടുവന്നാല്‍ കുടിയേറ്റക്കാരന്‍ കൊടുത്ത ഏതെങ്കിലും ഒരു വ്യാജ കേസിന്‍റെ വാലില്‍ പിടിച്ച് അവരെ സംരക്ഷിക്കും. അതാണ് അട്ടപ്പാടി.

കൂലിപ്പണിക്കു വന്നവര്‍, രാഷ്ട്രീയത്തിലൂടെ കോടീശ്വരന്‍മാരായവര്‍ .. , അവിടെ ഏറെ. പോക്സോ നിയമമെന്തെന്നറിയാതെ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് വിവാഹം ചെയ്തു ജയിലിലായ ചെറുപ്പക്കാരെത്രയെന്നോ ?

വിചാരണത്തടവുകാര്‍ അതും ജാമ്യമെടുക്കാനില്ലാതെ എത്ര നാളായി ജയിലുകളില്‍ കിടക്കുന്നെന്നോ ? മധുവിന്‍റെ കേസു കോടതിയില്‍ വന്നപ്പോള്‍ മധുവിനു വേണ്ടി വാദിക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നു പറഞ്ഞാല്‍ മനസിലാകുമല്ലോ കൈയ്യേറ്റക്കാരുടെ സ്വാധീനം. അവര്‍ കൊലയാളികള്‍ കൂടിയാകുമ്പോള്‍ ...

ആദിവാസികളുടെ ഭൂമി സംരക്ഷിക്കുന്ന നിയമം തുലച്ചത് ഭേദഗതികളിലൂടെ കേരള നിയമസഭയാണ്. ഇരുപക്ഷവും അനുകൂലിച്ച് ആദിവാസികളെ വഴിയാധാരമാക്കിയപ്പോള്‍ എതിര്‍ത്ത് വോട്ടു ചെയ്ത ഒരേ ഒരാള്‍ കെ.ആര്‍ ഗൗരിയമ്മയാണ്.


എന്നാല്‍ 15 കിലോമീറ്ററിനപ്പുറത്തെ ആദിവാസി കോളനിയിലേയ്ക്കു വൈദ്യുതി ലൈന്‍ വലിച്ച് ഇവിടെയുള്ള സര്‍വ്വ റിസോര്‍ട്ടുകള്‍ക്കും കണക്ടിവിറ്റി ലഭ്യമാക്കിയ ഭരണാധികാരികളുടെ നാടാണിത്. ഇതിന് ആദിവാസികള്‍ വേണം. വികസന പദ്ധതികള്‍ ആദിവാസി മേഖലകളില്‍ ആയാല്‍ പകുതി പൂര്‍ത്തിയാക്കിയാല്‍ പൂര്‍ണ തുക നല്‍കാമെന്ന വ്യവസ്ഥ മുതലാക്കി പാലങ്ങള്‍ പകുതിയില്‍ നിര്‍ത്തി പണം തട്ടിയവര്‍ എത്രയെന്നോ ?


ആദിവാസികളുടെ ഭരണം അവരെ മാത്രം ഏല്‍പ്പിക്കുക. അല്ലെങ്കില്‍ അവര്‍ നിര്‍ദേശിക്കുന്നവരെയും. മന്‍മോഹന്‍ സിംഗും ടി.കെ.എ നായരും എസ്.എം വിജയാനന്ദനും വിജയിക്കാത്തിടത്തിനി ആരു ജയിക്കാന്‍ ? മധുമാര്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. കൊലയാളികള്‍ രക്ഷപെട്ടുകൊണ്ടേയിരിക്കും.

  • ഓണററി എഡിറ്റർ 

 

Advertisment