Advertisment

ജോണി അരീക്കാട്ടിന്റെ സംസ്ക്കാരം ജനുവരി 13 ന് വെള്ളിയാഴ്ച കൊളോണില്‍

author-image
nidheesh kumar
New Update

publive-image

Advertisment

കൊളോണ്‍: കഴിഞ്ഞ ദിവസം ജര്‍മനിയിലെ കൊളോണില്‍ അന്തരിച്ച ജോണി അരീക്കാട്ടിന്റെ (68) സംസ്ക്കാര കര്‍മ്മങ്ങള്‍ ജനുവരി 13 ന് (വെള്ളി) രാവിലെ 10.30ന് കൊളോണ്‍ ബ്രുക്കിലെ സെന്റ്. ഹ്യൂബെര്‍ട്ടൂസ് പള്ളിയില്‍ (St. Hubertus, Olpener Str. 954 , 51109 Cologne, Germany) ദിവ്യബലിയോടുകൂടി ആരംഭിച്ച് പള്ളി സെമിത്തേരിയില്‍ സംസ്ക്കരിക്കും. തുടര്‍ന്ന് പാരീഷ് ഹാളില്‍ ഒത്തുചേരലും നടക്കും.

ഭാര്യ: അല്‍ഫോന്‍സാ എളവൂര്‍ മണവാളന്‍ കുടുംബാംഗം. മക്കള്‍: ജോള്‍, ജോഷാ, ജസ്ററിന്‍. മരുമക്കള്‍: നവീന്‍, എല്ലെയൊനോറ. പേരക്കുട്ടികള്‍: എമിലിയ, മാക്സി, ജീവന്‍. സഹോദരങ്ങള്‍: ജോര്‍ജ് - മേരി (കാനഡ), ജോസ്മേരി (ജര്‍മ്മനി), റീത്തഅബ്രഹാം, പോളി - അനില, സേവ്യര്‍ - ഡെയ്സി (ദുബായ്), തോമസ് - ആശ (കാനഡ), ലിസി - പോള്‍ (കാനഡ).

തൃശൂര്‍, ആളൂര്‍ അരീക്കാടന്‍ പരേതരായ കുഞ്ഞുവറീതിന്റെയും ഏല്യകുട്ടിയുടെയും മൂന്നാമത്തെ മകനാണ് ജോണി. നാട്ടിലും ജര്‍മനിയിലും സൗഹൃദത്തിന്റെ വലിയൊരു അപ്പസ്തോലനായിരുന്ന പ്രിയപ്പെട്ട ജോണിയുടെ അപ്രതീക്ഷിത വിയോഗം ജര്‍മന്‍ മലയാളികളെ മാത്രമല്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തി മണ്ഡലങ്ങളിലെല്ലാം തന്നെ ഞെട്ടലും തീരാദു:ഖവും ഒരു വലിയ നഷ്ടവുമാണ് ഉളവാക്കിയിരിയ്ക്കുന്നത്.

കഴിഞ്ഞ 48 വര്‍ഷമായി ജര്‍മ്മനിയിലെ കലാകായിക സാംസ്കാരിക സാമുദായിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു ജോണി. 1974~ല്‍ ജര്‍മ്മനിയിലെ കോബ്ളെന്‍സില്‍ എത്തിയ ശേഷം നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി കോബ്ളെന്‍സിലും മെറ്റ്മാനിലും ജോലി ചെയ്തു.

വിവാഹശേഷം ഹാഗനിലേയ്ക്ക് താമസം മാറുകയും അധികം താമസിയാതെ ഹാഗനിലെ ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ ക്ളബിന്റെ പ്രസിഡന്റായി. സ്പോര്‍ട്സില്‍ ഏറെ തല്‍പ്പരനായിരുന്ന അദ്ദേഹം കുട്ടികളെ കായിക പ്രവര്‍ത്തനങ്ങളിലും മതബോധനത്തിലും പരിശീലിപ്പിച്ചു. കെവിസി ബോഹും സ്പോര്‍ട്സ് ക്ളബ്ബില്‍ അംഗമായി വോളിബോളും ബാഡ്മിന്റണും കളിച്ച് നിരവധി ടൂര്‍ണ്ണമെന്റുകളിലും പങ്കെടുത്തു.

1994~ല്‍ കുടുംബത്തോടൊപ്പം ആളൂരിലേക്ക് മടങ്ങുകയും അവിടെ വീട് നിര്‍മ്മിച്ച് 1995 ജനുവരി 1 ന് താമസവും തുടങ്ങി. തുടര്‍ന്നുള്ള 4 വര്‍ഷം അദ്ദേഹം ആളൂരില്‍ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി. ലയണ്‍സ് ക്ളബ് ട്രഷറര്‍, ആളൂര്‍ സെന്റ് ജോസഫ്സ് ഇഎംഎച്ച്എസ് പിടിഎ പ്രസിഡന്റ്, അരിക്കാട്ട് ഓയില്‍ മില്‍സിന്റെ സഹഉടമ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

തുടര്‍ന്ന് 1998~ല്‍ കുടുംബം ജര്‍മ്മനിയിലേക്ക് മടങ്ങി. തുടര്‍ന്നുള്ള 14 വര്‍ഷം ജോലിയ്ക്കൊപ്പം കൊളോണിനടുത്തുള്ള ഓവറാത്തില്‍ താമസമാക്കി. അക്കാലത്ത് കൊളോണ്‍ ആസ്ഥാനമായ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ ഹോള്‍വെയ്ഡെ ഫാമിലി യൂണിറ്റിന്റെ പ്രസിഡന്റായും 2 തവണ കേരള സമാജം ജോയിന്റ് സെക്രട്ടറിയായും, വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ് സജീവ അംഗമായും പ്രൊവിന്‍സിന്റെ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. ഡബ്ള്യുഎംസിയുടെ ജര്‍മനിയില്‍ നടന്ന ഗ്ളോബല്‍ കോണ്‍ഫ്രന്‍സ്, ഗ്ളോബല്‍ ഇന്‍വെസ്ററ്മെന്റ് മീറ്റ് എന്നിവയുടെ വിജയത്തിനായി സ്തുത്യര്‍ഹമായ പങ്കു വഹിച്ചിട്ടുണ്ട്.

2003 ല്‍ കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ളബ്ബിന്റെ (കെപിഎസി) സഹസ്ഥാപകനായി ജോയിന്റ് സെക്രട്ടറിയായും, ഇന്‍ഡ്യന്‍ വോളിബോള്‍ ക്ളബ്ബിന്റെ (ഐവിസി) സജീവ അംഗമായും പ്രവര്‍ത്തിച്ചു. 2017~ല്‍ കൊളോണിലെ ഇന്ത്യന്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ 37ാം പെരുന്നാള്‍ പ്രസിദേന്തിയായിരുന്നു.

കെപിഎസി ജര്‍മനിയുടെ ബാനറില്‍ യൂറോപ്പില്‍ ആദ്യമായി പ്രശസ്ത ഗായകകരായ എം. ജി ശ്രീകുമാര്‍(2004), 2005 ല്‍ കെ.എസ് ചിത്ര, മധു ബാലകൃഷ്ണന്‍, അഫ്സല്‍ എന്നിവര്‍ക്കും അന്തരിച്ച കലാഭവന്‍ മണി, നാദിര്‍ഷാ, ഹരിശ്രീ മാര്‍ട്ടിന്‍, സാജു കൊടിയന്‍, ഗായിക ചിത്ര അയ്യര്‍ തുടങ്ങിയ വന്‍ ട്രൂപ്പിന് ജര്‍മനിയില്‍ സ്റേറജ് ഷോ നടത്താന്‍ അവസരം സൃഷ്ടിച്ചതില്‍ ജോണിയ്ക്ക് വലിയൊരു പങ്കുണ്ട്.

മാളയിലെ ഹോളി ഗ്രേസ് അക്കാദമിയുടെ സ്ഥാപക (1999) അംഗങ്ങളില്‍ ഒരാളായി മരണം വരെ അദ്ദേഹം ഹോളി ഗ്രേസിന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു. അതേ വര്‍ഷം തന്നെ ബില്യണ്‍ ബീസ് ഗ്രൂപ്പിന്റെ പ്രാരംഭ നിക്ഷേപകരില്‍ ഒരാളായി, ബിസിനസിന്റെ വളര്‍ച്ചയ്ക്ക് അടിത്തറയിടാനും സഹായിച്ചു.

2020 -ല്‍ ജോലിയില്‍ നിന്നും ഔദ്യോഗികമായി വിരമിച്ച് വിശ്രമ ജീവിതത്തിനൊപ്പം പൊതുപ്രവര്‍ത്തനത്തിലും സജീവമായിരുന്നു. ആളൂര്‍ പ്രസാദവരനാഥ(ഔര്‍ ലേഡി ഓഫ് ഗ്രേയ്സ്) പള്ളിയുടെ നവീകരണത്തിന് ഫണ്ട് ശേഖരിക്കുന്നതിനായി ജര്‍മ്മനിയില്‍ ഒരു വലിയ സാംസ്കാരിക പരിപാടി സംഘടിപ്പിച്ച ജോണി ഗ്ളോബല്‍ ഇന്ത്യന്‍ ഇന്‍വെസ്ററ്മെന്റിന്റെ സ്ഥാപകനാണ്.

യാത്രകളില്‍ ഏറെ തല്‍പ്പരനായിരുന്ന ജോണിയ്ക്ക് ചീട്ടുകളി ഒരു ഹോബിയായിരുന്നു. അതുപോലെ അതിഥിസല്‍ക്കാരത്തിന് ഏറെ ഇഷ്ടമായിരുന്നു. തന്നാല്‍ കഴിയും വിധത്തില്‍ ചാരിറ്റി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് നിരവധി കുടുംബങ്ങളെ ക്രിയാത്മകമായി പിന്തുണച്ചുവെന്നു മാത്രമല്ല കേരളത്തിലെ പ്രളയകാലത്ത് 10 കുടുംബങ്ങള്‍ക്ക് അദ്ദേഹം സാമ്പത്തിക സഹായവും നല്‍കിയിരുന്നു.

ജോണിയുടെ പെട്ടെന്നുള്ള വേര്‍പാടില്‍ നിരവധി വ്യക്തികളും സംഘടനകളും(കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ളബ് ജര്‍മനി, കേരള സമാജം കൊളോണ്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍, ഇന്‍ഡ്യന്‍ വോളിബോള്‍ ക്ളബ്, ചലഞ്ചേഴ്സ് സ്പോര്‍ട്സ് ക്ളബ്) അനുശോചനവും രേഖപ്പെടുത്തി. ഒട്ടനവധി സുഹൃത്തുക്കളും വൈദികരും കന്യാസ്ത്രികളും ജോണിയുടെ കൊളോണ്‍ ബ്രുക്കിലെ ഭവനത്തിലെത്തി പ്രാര്‍ത്ഥനകളും ഒപ്പീസും നടത്തി സ്വന്തപ്ത കുടുംബത്തെ ആശ്വസിപ്പിച്ചുകൊണ്ടിരിയ്ക്കയാണ്.

പ്രിയ സുഹൃത്തിന്റെ, സഹപ്രവര്‍ത്തകന്റെ വിയോഗത്തില്‍ കെപിഎസി കുടുംബങ്ങള്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതിനൊപ്പം പരേതന്റെ ആത്മാവിന് നിത്യശാന്തിയും നേരുന്നു. ആദരാഞ്ജ്ജലികള്‍ അര്‍പ്പിക്കുന്നു. ദുഖാര്‍ത്തരായ കുടുംബാംഗങ്ങളെ ഹൃദയം നിറഞ്ഞ അനുശോചനം അറിയിക്കുന്നു.

Advertisment