Advertisment

"കന്യാസ്ത്രീ മഠങ്ങളെ കുറിച്ച് തെറ്റായ ധാരണ പരത്തുന്നു, 'കക്കുകളി' സാംസ്‌കാരിക കേരളത്തിന് അപമാനമാണ്, പ്രദർശനം നിരോധിക്കണം": കെസിബിസി

author-image
Charlie
New Update

publive-image

Advertisment

തൃശ്ശൂർ: അന്താരാഷ്ട്ര നാടകോത്സവ വേദിയിൽ അവതരിപ്പിച്ച ‘കക്കുകളി’ എന്ന നാടകം കന്യാസ്ത്രീ മഠങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്നും നാടകത്തിന്റെ പ്രദർശനം അവസാനിപ്പിക്കണമെന്നും കെസിബിസി.

വ്യാഴാഴ്ച കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് കക്കുകളി നാടകം ക്രൈസ്തവ വിരുദ്ധ ഉള്ളടക്കമാണെന്ന് വിലയിരുത്തുകയും നാടകത്തിന്റെ അവതരണത്തെ അപലപിക്കുകയും ചെയ്തത്.

ക്രിസ്ത്യന്‍ സന്യാസി സമൂഹത്തെ അപമാനിക്കുന്ന തരത്തിലുള്ള നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നാണ് കെസിബിസി ആരോപിക്കുന്നത്.

ഉപേക്ഷിക്കപ്പെട്ടവരെയും ദുർബ്ബലരെയും ഏറ്റെടുത്ത് സംരക്ഷിക്കുകയും അവർക്കുവേണ്ടി ജീവിക്കുകയും ചെയ്ത ചരിത്രമാണ് ഇന്ത്യയിലെമ്പാടും സന്യാസ സമൂഹങ്ങൾക്കുളളത്. ഇപ്പോഴും കേരളസമൂഹത്തിൽ സർക്കാർ സംവിധാനങ്ങളുടെ സംരക്ഷണയിൽ കഴിയുന്നതിനേക്കാൾ പതിന്മടങ്ങ് അനാഥരും രോഗികളും വൃദ്ധരും കത്തോലിക്കാ സന്യാസിനിമാരാൽ പരിരക്ഷിക്കപ്പെടുന്നു.

ഇത്തരത്തിൽ കേരളത്തിൽ അതുല്യമായ സേവന പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന സന്യാസ സമൂഹങ്ങളുടെയും പതിനായിരക്കണക്കിന് സന്യാസിനിമാരുടെയും ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനും വിലപറയുന്ന കക്കുകളി എന്ന നാടകത്തിന് സംസ്ഥാന സർക്കാരിന്റെ അന്തർദേശീയ നാടക മേളയിൽ ഉൾപ്പെടെ സ്ഥാനം ലഭിച്ചതും കമ്യൂണിസ്റ്റ് സംഘടനകൾ പ്രസ്തുത നാടകത്തിന് വലിയ പ്രചാരം നൽകിക്കൊണ്ടിരിക്കുന്നതും അത്യന്തം അപലപനീയമാണെന്നും കെസിബിസി ചൂണ്ടിക്കാട്ടി. അടിയന്തിരമായി ഈ നാടകത്തിന്റെ പ്രദർശനം നിരോധിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

നാടകത്തിനും സാഹിത്യരചനകൾക്കും എക്കാലത്തും സാമൂഹികപ്രസക്തിയുണ്ട്. തിരുത്തലുകൾക്കും പരിവർത്തനങ്ങൾക്കും സാമൂഹിക ഉന്നമനത്തിനും വഴിയൊരുക്കിയ ചരിത്രവും നാടകങ്ങൾക്കുണ്ട്. എന്നാൽ, ആ ചരിത്രത്തെ ഉയർത്തിക്കാണിച്ചുകൊണ്ട് അത്യന്തം അവഹേളനപരമായ ഉള്ളടക്കങ്ങളുള്ളതും ചരിത്രത്തെ അപനിർമ്മിക്കുന്നതുമായ സൃഷ്ടികളെ മഹത്വവൽക്കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെസിബിസി വാർത്താ കുറിപ്പിൽ പറയുന്നു.

കക്കുകളി എന്ന നാടകം ഏറ്റവും ആദ്യം അവതരിപ്പിച്ചത് ക്രിസ്തീയ വിഭാഗം ഏറ്റവും കൂടുതലുള്ള വേലൂർ എന്നഗ്രാമത്തിലാണ്. ഫ്രാൻസിസ് നൊറോണയുടെ കൃതിയെ ആസ്പദമാക്കിയാണ് നാടകം രചിച്ചിരിക്കുന്നത്. പതിനാലോളം വേദികളിൽ ഇതുവരെ നാടകം അവതരിപ്പിച്ചിട്ടുണ്ട്. മന്ത്രി സജി ചെറിയാനും എം വി ഗോവിന്ദനും അടക്കമുള്ളവർ നാടകത്തെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

Advertisment