Advertisment

പ്ലസ് വണ്‍ അലോട്‌മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി

New Update

publive-image

Advertisment

തിരുവനന്തപുരം:  പ്ലസ് വണ്‍ അലോട്‌മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോഴുള്ള സ്ഥിതിവിവര കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഏകജാലക രീതിയില്‍ പ്രവേശനം നടത്തുന്ന  2,70,188 സീറ്റുകളിലേയ്ക്ക് 4,65,219 വിദ്യാര്‍ഥികള്‍ അപേക്ഷിച്ചു. ഇതില്‍ മാതൃജില്ലയ്ക്ക് പുറമേ മറ്റ് ജില്ലകളിലും അപേക്ഷിച്ച 39,489 പേരുണ്ടായിരുന്നു. ആയതിനാല്‍ പ്രവേശനം നല്‍കേണ്ട യഥാര്‍ഥ അപേക്ഷകര്‍ 4,25,730 മാത്രമാണ്.

ഒന്നാം അലോട്ട്‌മെന്റില്‍ 2,01,489 പേര്‍ പ്രവേശനം നേടി. ഒന്നാം അലോട്ട്‌മെന്റില്‍ 17,065 വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിട്ടില്ല. രണ്ടാമത്തെ അലോട്ട്‌മെന്റില്‍ 68,048 അപേക്ഷകര്‍ക്ക് പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ  പ്രവേശന തോതനുസരിച്ച് ആകെ 3,85,530 അപേക്ഷകര്‍ മാത്രമേ പ്ലസ്  വണ്‍  പ്രവേശനം തേടാന്‍ സാധ്യതയുള്ളൂ. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവേശന തോതനുസരിച്ചാണെങ്കില്‍ പ്രവേശനം ലഭിക്കുന്നതിനായി ഇനി സംസ്ഥാനത്ത് ആകെ 91,796  അപേക്ഷകര്‍ ബാക്കിയുണ്ട്. അപേക്ഷിച്ച എല്ലാവരും പ്ലസ് വണ്‍ പ്രവേശനം തേടുകയാണെങ്കില്‍  ആകെ 1,31,996 അപേക്ഷകര്‍ക്കാണ് പ്രവേശനം ഉറപ്പാക്കേണ്ടിവരുന്നത്.

എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ അലോട്ട്‌മെന്റ്, എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ പ്രവേശനം എന്നിവയൊക്കെ 2021 ഒക്ടോബര്‍ 7 മുതല്‍ ആരംഭിക്കുകയുള്ളു.

ഇത്തരത്തില്‍ ലഭ്യമായ സീറ്റുകളും ഒഴിവ് വരുന്ന സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകള്‍ പൊതു മെറിറ്റ് ക്വാട്ട സീറ്റുകളായി പരിവര്‍ത്തനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സീറ്റുകളും കൂടി കൂട്ടുമ്പോള്‍ സംസ്ഥാനത്ത് ആകെ 1,22,384 സീറ്റുകള്‍  ലഭ്യമാണ്. ഇതിനുപുറമെ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പോളിടെക്‌നിക്, ഐടിഐ മേഖലകളിലായി 97,283 സീറ്റുകളും ലഭ്യമാണ്-മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

v sivankutty
Advertisment