Advertisment

73ാം റിപ്പബ്ലിക് ദിനാഘോഷം; സംസ്ഥാനത്തും നിയന്ത്രണങ്ങള്‍, ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തും

New Update

publive-image

Advertisment

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്ത് ഇന്ന് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാനതല ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തും.

മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ചടങ്ങില്‍ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ഇന്ന് റിപ്പബ്ലിക് ദിനാഘോഷം നടക്കുക. മുഖ്യമന്ത്രിയും ഗവര്‍ണറും റിപ്പബ്ലിക്ദിന സന്ദേശങ്ങള്‍ കൈമാറി.

ഭരണഘടനയുടെ അന്തഃസത്തയെ തകര്‍ക്കാനുള്ള വര്‍ഗീയ രാഷ്ട്രീയത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ ഒത്തൊരുമിച്ച് പോരാടണമെന്ന് റിപ്പബ്ലിക്ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന നീതിയും സമത്വവും എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ ഒരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷം രാവിലെ 9ന് ആരംഭിക്കും. ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കും.

സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ ക്ഷണിക്കപ്പെട്ടവരുടെ എണ്ണം അന്‍പതില്‍ കൂടരുതെന്നു പൊതുഭരണ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ രാവിലെ ഒമ്പതിനു ശേഷം നടക്കുന്ന ചടങ്ങില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തും. കോവിഡ് കണക്കിലെടുത്ത് ആഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കു പ്രവേശനമുണ്ടാകില്ല.

Advertisment