Advertisment

ലോകമെങ്ങും വമ്പന്‍ നിര്‍മ്മിതികള്‍ പടുത്തുയര്‍ത്തിയ ടി.കെ.എമ്മിലെ എന്‍ജിനിയര്‍മാര്‍ക്ക് അഭിമാനിക്കാനുള്ള സമയം; എയ്ഡഡ് കോളേജായ കൊല്ലം ടി.കെ.എമ്മിന് സ്വയംഭരണപദവി; അടുത്തത് കല്‍പ്പിത സര്‍വകലാശാലയിലേക്കുള്ള ചുവടുവയ്പ്പ് !

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

Advertisment

കൊല്ലം: 64 വർഷത്തെ പ്രൗഡഗംഭീരമായ പാരമ്പര്യമുള്ള കൊല്ലം  ടി.കെ.എം എൻജിനീയറിംഗ് കോളജിന് സ്വയംഭരണ പദവി ലഭിച്ചു. സംസ്ഥാനത്തിന്റെ എയ്ഡഡ് മേഖലയിലെ എൻജിനിയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അംഗീകാരമാണ് ഈ നേട്ടം.

സർക്കാർ, സർക്കാർ-എയ്ഡഡ് കോളേജുകളുടെ മേഖലയിൽ സ‍്വയംഭരണ (ഓട്ടോണമസ്) പദവി നേടുന്ന ആദ‍്യ എൻജിനീയറിംഗ് കോളേജാണ് കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളജ്. 64 വർഷങ്ങൾ പിന്നിട്ട കോളേജിന്റെ യാത്രയിലെ നാഴികക്കല്ലാണ് ഈ സ്വയംഭരണ പദവി. എല്ലാ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകൾക്കും എൻ.ബി.എ അക്രഡിറ്റേഷൻ, കോളേജിന് നാക് അനുവദിച്ച ‘എ’ ഗ്രേഡ്, സിവിൽ, മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗങ്ങൾക്ക് എൻ.ബി.എ നൽകിയ ആറ് വർഷത്തെ അക്രഡിറ്റേഷൻ എന്നിവയാണ് പ്രധാനമായും ഈ സ്വയംഭരണ പദവിയിലേക്ക് കോളേജിനെ നയിച്ചത്.

ലോകമാകെ നിറഞ്ഞു നിൽക്കുന്ന എൻജിനിയർമാർ ടി.കെ.എമ്മിന്റെ സംഭാവനയാണ്. 1956-ൽ ഇന്ത്യൻ പ്രസിഡന്റ് ഡോ. എൻ. രാജേന്ദ്രപ്രസാദാണ് ടി.കെ.എം. കോളേജിന് തറക്കല്ലിട്ടത്. പത്രപ്രവർത്തനം, സംസ്കാരം എന്നീ രംഗങ്ങളിലെ രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന തങ്ങൾ കുഞ്ഞു മുസലിയാറായിരുന്നു സ്ഥാപകൻ.

മെക്കാനിക്കൽ എൻജിനീയറിങ്ങ്, സിവിൽ എൻജിനീയറിങ്ങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്ങ് എന്നീ വിഭാഗങ്ങളിലായി 120 വിദ്യാർത്ഥികളെയാണ് ആദ്യ കാലത്ത് പ്രവേശിപ്പിച്ചിരുന്നത്. മെക്കാനിക്കൽ പ്രൊഡക്ഷൻ, കെമിക്കൽ, ഇലക്ട്രോണിക്സ് ആൻറ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് തുടങ്ങിയ വിഭാഗങ്ങൾ പിന്നീട് ചേർക്കപ്പെട്ടു. ഈ സ്ഥാപനത്തിൽ എല്ലാ കോഴ്സുകളും എ.ഐ.സി.ടി.ഇ. അംഗീകാരം ഉള്ളവയാണ്.

യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ വിദഗ്ദ്ധ സമിതി 2022 ഏപ്രിൽ 12,​13 തീയതികളിൽ കോളേജ് സന്ദർശിച്ച് വിശദമായ പഠനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മേയ് അവസാനം കോളേജിന് സ‍്വയംഭരണ പദവി അനുവദിച്ചുകൊണ്ട് കമ്മീഷന്റെ ഉത്തരവ് പുറത്തിറങ്ങിയത്. എ.പി.ജെ.അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഈ വിഷയം പരിഗണിക്കുകയും സെപ്തംബർ 2ന് ടി.കെ.എം.എൻജിനീയറിംഗ് കോളേജിനെ ഒരു സ‍്വയംഭരണ കോളേജായി വിജ്ഞാപനം ചെയ്യുകയും ചെയ്തു.

പ്രോജക്ട് അടിസ്ഥാനമാക്കിയുളള കോഴ്സുകൾ വഴി ബിരുദ-ബിരുദാനന്തര പഠനം കൂടുതൽ വ‍്യവസായിക സാമൂഹ‍്യ പ്രാധാന‍്യമുളളതാക്കി തീർക്കാൻ, ഇന്റേൺഷിപ്പ് അവസരങ്ങൾ കൂടുതൽ ഉൾപ്പെടുത്തി കരിക്കുലവും സിലബസ്സും പരിഷ്കരിക്കുക എന്ന ദൗത‍്യം ‘സ‍്വയംഭരണ’ പദവിയുടെ നടത്തിപ്പിനായി ഇതിനകം തന്നെ കോളേജ് പൂർത്തിയാക്കി.

സ‍്വയംഭരണ നടത്തിപ്പിനായി എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാലയും കോളേജും ചേർന്ന് ഒപ്പുവച്ച കരാർപ്രകാരം കുട്ടികളുടെ പ്രവേശനം, ഫീസ് ഘടന എന്നിവയിൽ സ‍്വയംഭരണ പദവിയ്ക്ക് മുൻപ് തുടർന്നുവരുന്ന വ‍്യവസ്ഥകളിൽ മാറ്റമില്ല. 85 ശതമാനം വിദ‍്യാർത്ഥികളുടെ അലോട്ട്മെന്റ് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ മെരിറ്റിന്റെയും സംവരണത്തിന്റെയും അടിസ്ഥാനത്തിൽ നടപ്പാക്കും. ബാക്കി 15 ശതമാനം മാനേജ്മെന്റ് ക്വാട്ടയിൽ നിന്നുമാണ്. ഈ വർഷം ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ഒരു പുതിയ ബി.ടെക് കോഴ്സും ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ എം.ടെക് കോഴ്സും കോളേജ് തുടങ്ങുന്നുണ്ട്.

2022'23 വർഷം മുതൽ 10 വർഷത്തേക്കാണ് ടി.കെ.എമ്മിന് പദവി നൽകിയത്. കോളജിന് സ്വയംഭരണ പദവി നൽകിയത്. പദവി ലഭിക്കുന്ന കോളജുകൾക്ക് സ്വന്തമായി പാഠ്യപദ്ധതി വികസിപ്പിക്കാനും പരീക്ഷ നടത്തിപ്പിനും അധികാരമുണ്ടായിരിക്കും. ബിരുദ സർട്ടിഫിക്ക​റ്റ് ബന്ധപ്പെട്ട സർവകലാശാലയാണ് നൽകേണ്ടത്. ഇതിനായി കോളജ് തലത്തിൽ ഗവേണിംഗ് കൗൺസിൽ, അക്കാദമിക് കൗൺസിൽ, ബോർഡ് ഓഫ് സ്​റ്റഡീസ് സമിതികൾ നിലവിൽ വരും.

അസോസിയേ​റ്റ് പ്രൊഫസർ റാങ്കിൽ കുറയാത്ത അധ്യാപകനെ പരീക്ഷ കൺട്രോളറായി നിയമിക്കും. സ്വന്തം നിലയ്ക്ക് കോഴ്സുകൾ രൂപകൽപന ചെയ്ത് ആരംഭിക്കാനുമാകും. നിലവിൽ കേന്ദ്രീകൃത രീതിയിൽ നടത്തുന്ന വിദ്യാർഥി പ്രവേശനത്തിന് പകരം കോളജുകൾക്ക് സ്വന്തം നിലയിൽ അലോട്ട്‌മെന്റിനും അധികാരമുണ്ട്. ഭാവിയിൽ കൽപിത സർവകലാശാല പദവിയിലേക്ക് പരിഗണിക്കുന്നതിനും സ്വയംഭരണ പദവി വഴിതുറക്കും.

Advertisment