Advertisment

പ്രകാശ് ബാബുവിനെ സംസ്ഥാന സെക്രട്ടറിയായി കളത്തില്‍ ഇറക്കാന്‍ ഇസ്മയില്‍ വിഭാഗത്തിന്റെ നീക്കം; പരാജയപ്പെട്ടാലും പാര്‍ട്ടി കാനത്തിന്റെ പിടിയിലല്ല എന്ന് പൊതുസമൂഹത്തെ അറിയിക്കുക ലക്ഷ്യം ! 'പ്രായപരിധി'യില്‍ തട്ടി കളത്തിന് പുറത്താകാതിരിക്കാന്‍ ബിഹാര്‍ മോഡല്‍ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനും ഇസ്മയിലിന്റെ നീക്കം. കൂടുതല്‍ സംസ്ഥാന കൗണ്‍സില്‍ നേതാക്കളുടെ പിന്തുണ നേടാമെന്ന വിശ്വാസത്തില്‍ കാനം ! സിപിഐ കടന്നുപോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

സി.പി.ഐ. അതിന്റെ ചരിത്രത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ് ഇപ്പോൾ. കേരളത്തിൽ ഭരണമുന്നണിയിലെ രണ്ടാമത്തെ ഘടക കക്ഷിയായ സി.പി.ഐ പിളർപ്പിന്‍റെ വക്കീലാണെന്നുവരെ പറയുന്നവരുണ്ട്. അത് അതിശയോക്തി പരമായിരിക്കാം. എന്നാലും പതിവില്ലാത്തവണ്ണം കാനം രാജേന്ദ്രന്‍റെയും കെ.ഇ. ഇസ്മയിലിന്റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകൾ ഏറ്റുമുട്ടാൻ ഒരുങ്ങി നിൽക്കുകയാണ്. ഉടൻ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ അനന്തപുരി ഈ ഏറ്റുമുട്ടലിന് സാക്ഷിയാകുകയും ചെയ്യും.

കേന്ദ്ര നേതൃത്വവുമായി ഇടഞ്ഞാണ് സംസ്ഥാന ഘടകത്തിന്റെ നിൽപ്പ്. ഈ കഴിഞ്ഞ സംസ്ഥാന സമ്മേളനങ്ങളിൽ കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തെ ഒരുപരിധിവരെ തള്ളിപ്പറയുകയും ചെയ്തു. പന്ന്യൻ രവീന്ദ്രൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി നടന്ന തെരഞ്ഞടുപ്പിൽ സി. ദിവാകരനെ സെക്രട്ടറിയാക്കണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

എന്നാൽ സംസ്ഥാന ഘടകം അതു തള്ളി. അന്നുതന്നെ കാനം രാജേന്ദ്രന് സംസ്ഥാന കൗൺസിലില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നു. സി. ദിവാകരനും കാനവും തമ്മിൽ മത്സരിച്ചാൽ കാനം ജയിക്കും എന്നായിരുന്നു അന്നത്തെ അവസ്ഥ. എന്നാൽ മത്സരത്തിന് കേന്ദ്ര നേതൃത്വം വഴങ്ങിയില്ല. ചർച്ചകൾക്ക് ഒടുവിൽ ഒത്തുതീർപ്പ് സ്ഥാനാർത്ഥിയായാണ് പന്ന്യൻ രവീന്ദ്രൻ പാർട്ടി സെക്രട്ടറിയായത്.

ഗ്രൂപ്പുകളുടെ ഒളിപ്പോരിനിടയിൽ പിടിച്ച് നിൽക്കാൻ പന്ന്യന് കഴിഞ്ഞില്ല. അടുത്ത സംസ്ഥാന സമ്മേളനത്തിൽ പന്ന്യൻ ഒഴിയുകയും കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയാകുകയും ചെയ്തു. അന്ന് കാനത്തിനുവേണ്ടി കരുക്കൾ നീക്കിയത് കെ. പ്രകാശ് ബാബു പി. പ്രസാദ് ഉൾപ്പെടെയുള്ള നേതാക്കൾ ആണ്.


ഒരു ടേം തന്നെ സെക്രട്ടറി പദത്തിൽ നിന്നും ഒഴിവാക്കുന്നതിന് കാരണക്കാരനായിരുന്ന സി. ദിവാകരനെ കടപുഴക്കി എറിയുവാനും കാനത്തിന് കഴിഞ്ഞു. ദിവാകരന് പാർട്ടി പദവികളൊന്നും പിന്നെ ലഭിച്ചില്ല. ഇപ്പോൾ പ്രഭാതിന്‍റെ ചെയർമാൻ മാത്രമാണ് ദിവാകരൻ.


രണ്ടു തവണ സംസ്ഥാന സെക്രട്ടറി പദം അടക്കിവാണ കാനം രാജേന്ദ്രൻ ഒരു തവണ കൂടി സെക്രട്ടറി ആകാനുള്ള തയ്യാറെടുപ്പിലാണ്. കാനത്തിനു വേണ്ടി ഇപ്പോൾ കരുക്കൾ നീക്കുന്നതിന്റെ നേതൃത്വം റവന്യൂ മന്ത്രി കെ. രാജന്‌ ആണ്.

പ്രകാശ് ബാബു ആകട്ടെ കാനം ഗ്രൂപ്പിൽ നിന്നും വിട്ട മട്ടാണ്. കൊല്ലത്തെ പാർട്ടി നേതൃത്വം കാനത്തിനെതിരാണ്. കാനത്തിന്‍റെ ശിൽബന്ധിയെ ഇടക്കാലത്ത് പാർട്ടി ജില്ലാ സെക്രട്ടറിയാക്കിയതാണ് കാരണം.

തെരഞ്ഞെടുപ്പിൽ തോറ്റ ആളെയാണ് കാനം ഇടക്കാല സെക്രട്ടറിയാക്കിയത്. കഴിഞ്ഞ മാസം നടന്ന ജില്ലാ പാർട്ടി സമ്മേളനത്തില്‍ കാനം വിരുദ്ധ ഭൂരിപക്ഷം നേടുകയും ചെയ്തു. ഒരു കാലത്ത് കാനത്തിന്റെ വലം കൈ ആയിരുന്ന പ്രകാശ് ബാബു ഇപ്പോൾ കളം മാറ്റി ചവിട്ടിയ മട്ടാണ്.


പാർട്ടികളും ഗവൺമെന്‍റിനും ഇടയ്ക്കുള്ള പാലമായാണ് പ്രകാശ് ബാബു ഇതുവരെ പ്രവർത്തിച്ചത്. എന്നാൽ ഇപ്പോൾ കാനം നേരിട്ട് മന്ത്രിമാർക്ക് നിർദ്ദേശം നൽകിയതോടെ പ്രകാശ് ബാബു അധികാരത്തിന്റെ ഇടനാഴിയിൽ നിന്ന് പുറത്തായി.


പ്രകാശ് ബാബുവിനെ സംസ്ഥാന സെക്രട്ടറിയായി കളത്തിൽ ഇറക്കാനാണ് കെ.ഇ. ഇസ്മയിൽ വിഭാഗം ശ്രമിക്കുന്നത്. ഒരു മത്സരമാണ് അവരുടെ ലക്ഷ്യം. മത്സരത്തിൽ കാനത്തെ തോല്പിക്കാൻ കഴിയുമോ എന്നു നോക്കാം. കഴിഞ്ഞില്ലെങ്കിൽ തന്നെ കാനത്തിന്റെ പിടിയിലല്ല കേരളം എന്ന് പൊതു സമൂഹത്തെയും കേന്ദ്ര സി.പി.ഐ നേതൃത്വത്തെയും അറിയിക്കുന്നതിന് മത്സരം സഹായകമാകും. ഇതാണ് കെ.ഇ. ഇസ്മായിൽ പക്ഷത്തിന്റെ നിലപാട്.

മുൻ കൃഷി മന്ത്രി സുനില്‍ കുമാർ ഉൾപ്പെടെയുള്ള നേതാക്കൾ ഇസ്മയിലിനൊപ്പം ഉറച്ച് നിൽക്കുന്നു. തളയിടാൻ ഇസ്മയിലിനെ തന്നെ പടിക്ക് പുറത്താക്കാനാണ് കാനം പക്ഷം ലക്ഷ്യമിടുന്നത്. 75 വയസ് വരെ മാത്രമേ ഭാരവാഹി ആകാനും പാർട്ടി നേതൃത്വത്തിൽ വരാനും സാധിക്കൂ എന്ന തീരുമാനം പാർട്ടി കേന്ദ്ര നേതൃത്വം എടുത്തിട്ടുണ്ട്.


എന്നാൽ പാർട്ടിയുടെ ഏറ്റവും ശക്തി ഉള്ള ഘടകം ആയ ബീഹാറില്‍ 77 വയസ്സുള്ള ആളാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സെക്രട്ടറി. ഇതിൽ പിടിച്ച് 75 കഴിയുമ്പോൾ ഉള്ള പുറത്താക്കൽ ഭീഷണി നേരിടാനാണ് കെ.ഇ ഇസ്മയിൽ ശ്രമിക്കുന്നത്.


75 വയസ് പ്രായപരിധി കൃത്യമായി നടപ്പിലാക്കിയാൽ ഇസ്മയിലും സി. ദിവാകരനും ഉൾപ്പെടെ ഒരു പറ്റം നേതാക്കൾ കളത്തിന് പുറത്താകും. അവരെ പുറത്താക്കി ചെറുപ്പക്കാരെ രംഗത്തിറക്കി പാർട്ടിയിലെ അതിശൈത്യം നിലനിറുത്താൻ ആണ് കാനം ശ്രമിക്കുന്നത്.

സി.പി.എമ്മില്‍ ഇ.എം.എസ് ചെയ്തപോലെ സ്വന്തം ആജ്ഞാനുവർത്തികളെ സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും യുവത്വത്തിന്റെ പേരിൽ തിരുകി കയറ്റിയാണ് പിണറായി പാർട്ടി പിടിച്ചിരിക്കുന്നത്. മുൻപ് ഇ.എം.എസിന്‌ ഉണ്ടായിരുന്ന സ്ഥാനം ആണ് ഇപ്പോൾ സി.പി.എമ്മിൽ പിണറായിക്ക്. അന്ന് തിരുവായ്ക്കെതിർവാ ഇല്ലായിരുന്നു. ഇ.എം.എസ് പറയുന്നത് ആയിരുന്നു അവസാന വാക്ക്. ഓരോ പരാജയങ്ങളും തിരിച്ചടിയും വരുമ്പോൾ ഇ.എം.എസ് എന്ത് പറയുന്നു എന്ന് നോക്കി നേതാക്കൾ കാത്തിരിക്കുമായിരുന്നു. ഇ.എം.എസ് ചിന്തിച്ച് ഒരു തൊടുന്യായം കണ്ടെത്തും. പരാജയത്തെ വിജയമാക്കും. എതിരാളികളുടെ വിജയത്തെ പരാജയമാക്കി ചിത്രീകരിക്കും.

അതിൽ പിടിച്ചായിരിക്കും താഴെ തട്ടിലുള്ള നേതാക്കൾ പാർട്ടി യോഗങ്ങളിൽ പ്രസംഗിക്കുക. ലേഖനങ്ങൾ എഴുതുക സൈദ്ധാന്തികര്‍ ആയിരുന്നു. ഇ.എം.എസ് മാർക്സിയൻ വീക്ഷണകോണിലൂടെ ആണ് ജയപരാജയങ്ങളെ കണ്ടിരുന്നത്. അങ്ങനെയുള്ള ആഴത്തിൽ അറിവോ സൈദ്ധാന്തിക അടിത്തറയോ പിണറായിക്ക് ഇല്ല. എങ്കിലും ഇ.എം.എസിനെക്കാൾ പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രയോക്താവാണ് പിണറായി എന്ന് അദ്ദേഹം ഇതിനകം തെളിയിച്ചും കഴിഞ്ഞു.


പിണറായിയുടെ പാതയാണ് കാനം തെരഞ്ഞെടുത്തിരിക്കുന്നത്. പിണറായിയിൽ നിന്ന് കാനത്തിലേക്കുള്ള ദൂരം ചെറുതല്ല. എങ്കിലും സി.പി.ഐയിലെ പിണറായി ആകാൻ കാനത്തിന് കഴിയുന്നു എന്നതാണ് പ്രത്യേകത.


ജില്ലകളിൽ നടന്ന തെരഞ്ഞെടുപ്പുകളിലും പല അട്ടിമറി വിജയങ്ങൾ നേടാൻ കാനം വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. ഇസ്മയിൽ-കാനം പോര് പിളർപ്പിന് വഴിവയ്ക്കുന്നു എന്നു കരുതുന്നവരും ഇല്ലാതില്ല. 1964 -ൽ പാർട്ടി പിളർന്ന് മാർക്സിസ്റ്റ് പാർട്ടി രൂപം കൊണ്ടശേഷം സ്വതവേ ദുർബലമായ സി.പി.ഐ പിന്നെ പിളർന്നിട്ടില്ല. ബീഹാറും കേരളവുമൊക്കെ ആണ് സി.പി.ഐയുടെ ശക്തി കേന്ദ്രങ്ങൾ. രാജ്യത്തെ ഏറ്റവും വലിയ ജില്ലാ ഘടകം കൊല്ലമാണ്. അതിൽ നിന്നും വ്യക്തമാകുന്നു സി.പി.ഐ യുടെ സംസ്ഥാന ശേഷി.

പിളർപ്പ് നടന്നാലും ഇല്ലെങ്കിലും പാർട്ടി ചേരിപ്പോര് രൂക്ഷമാകുമെന്ന് ഉറപ്പാണ്. കാനം സംസ്ഥാന സെക്രട്ടറിയായാല്‍തന്നെ സ്വസ്ഥമായി ഭരിക്കാൻ മറു വിഭാഗം അനുവദിക്കില്ല. ഇസ്മയിലിനെ പുറത്താക്കി പാർട്ടി പിടിക്കാൻ നോക്കുന്ന കാനം പുറത്താക്കലിന് ഏതുവഴി സ്വീകരിക്കുമെന്ന്‌ വ്യക്തമല്ല.

പ്രായം ഉപയോഗിച്ചാൽ ഇസ്മയിൽ തിരിച്ച് ബീഹാർ മോഡൽ പ്രയോഗിക്കും. കഴിയുന്നത്ര സംസ്ഥാന കൗൺസിൽ നേതാക്കളെ വളഞ്ഞിട്ട് പിടിക്കാൻ ആണ് ഇരു കൂട്ടരും ശ്രമിക്കുന്നത്. അതിൽ കാനം വിജയിക്കുമെന്നാണ് സൂചന. കാരണം കാനത്തിന്റെ നോമിനികൾ ആണ് മന്ത്രിമാർ. അവരെക്കൊണ്ട് കാര്യങ്ങൾ സാധിക്കുന്ന നേതാക്കന്മാരാണ് ഭൂരിപക്ഷവും. അതിനുള്ള വഴി കാനം തന്നെയാണ്.

മന്ത്രിമാരെ കളത്തിൽ ഇറക്കി വാഗ്ദാനങ്ങൾ നൽകി ഭൂരിപക്ഷം ഒപ്പിക്കാനുള്ള ശ്രമവും കാനം പക്ഷം നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം ഏറ്റുമുട്ടലിന്റെയും പൊട്ടിത്തെറിയുടെയും അരങ്ങായി മാറും എന്ന കാര്യത്തിൽ സംശയവുമില്ല.

Advertisment