Advertisment

ജലീലിനോട് മുസ്ലീം യുവതികൾ ധരിക്കുന്ന ഹിജാബിനെ ക്രൈസ്തവ സന്യസ്തർ ധരിക്കുന്ന ശിരോവസ്ത്രത്തോട് താരതമ്യം ചെയ്യരുത് എന്ന് സ്നേഹപൂർവ്വം ഒന്ന് ഓർമ്മപ്പെടുത്തുന്നു; കാരണം പറക്കമുറ്റാത്ത പ്രായത്തിൽ ആരും അടിച്ച് ഏല്പിക്കുന്ന ഒന്നല്ല ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രം! ക്രൈസ്തവ സന്യസ്തർ 19 വയസ് പൂർത്തിയാകാതെ ആരും ഈ വെയ്ലോ, സന്യാസ വസ്ത്രമോ ധരിക്കാറില്ല-ഹിജാബിനെ കന്യാസ്ത്രീകളുടെ ശിരോവസ്ത്രവുമായി താരതമ്യം ചെയ്ത കെ.ടി. ജലീലിന് ഒരു കന്യാസ്ത്രീയുടെ മറുപടി

New Update

publive-image

Advertisment

കോട്ടയം: ഹിജാബിനെ കന്യാസ്ത്രീകളുടെ ശിരോവസ്ത്രവുമായി താരതമ്യം ചെയ്ത് മുന്‍ മന്ത്രി കെ.ടി. ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വിവാദമായിരുന്നു. കന്യാസ്ത്രീ വേഷത്തിൽ എത്രയോ കോളേജുകളിലും സർവകലാശാലകളിലും പെൺകുട്ടികൾ പഠിക്കുന്നുണ്ട്. ആരും അതിനെ ഇതുവരെ എതിർത്തിട്ടില്ല. ആരും കേസിന് പോയിട്ടുമില്ല. ഒരു കോടതിയും അക്കാര്യത്തിൽ ഇടപെട്ടിട്ടുമില്ല. എന്നിരിക്കെ "ഹിജാബി"ൻ്റെ കാര്യത്തിൽ മാത്രം എന്തിനീ കോലാഹലമെന്നായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

https://www.facebook.com/drkt.jaleel/posts/pfbid036gjdW16U26VxxY8LxepxRcPhnJUbdtc2R8zvsbiLo5Ng668xpGziCM9N2MhbC3yxl

ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ഒരു കന്യാസ്ത്രീ നല്‍കിയ മറുപടിയും ഫേസ്ബുക്കില്‍ വൈറലാവുകയാണ്. പറക്കമുറ്റാത്ത പ്രായത്തിൽ ആരും അടിച്ച് ഏല്പിക്കുന്ന ഒന്നല്ല ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രമെന്നും, ക്രൈസ്തവ സന്യസ്തർ 19 വയസ് പൂർത്തിയാകാതെ ആരും ഈ വെയ്ലോ, സന്യാസ വസ്ത്രമോ ധരിക്കാറില്ലെന്നും സി. സോണിയ തെരേസ് ഡി. എസ്. ജെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീലിനെ ഓര്‍മ്മിപ്പിക്കുന്നു.

https://www.facebook.com/soniyakuruvila.mathirappallil/posts/pfbid028oNyrpZY1YqVj9FtCSmNGGbfhrXxfprGAZiof3BYypb7QGNzTtxs78LAbkkywRbVl

ഫേസ്ബുക്ക് പോസ്റ്റ്:

മുൻമന്ത്രി ശ്രീ കെ. ടി. ജലീൽ ഇന്നലെ ഫേസ്ബുക്കിൽ "ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും". എന്ന തലക്കെട്ടോടെ കുറിച്ച പോസ്റ്റിന് ഒരു സന്യാസിനി നൽകുന്ന മറുപടി:

ആദ്യം തന്നെ മുൻമന്ത്രി ശ്രീ ജലീലിനോട് മുസ്ലീം യുവതികൾ ധരിക്കുന്ന ഹിജാബിനെ ക്രൈസ്തവ സന്യസ്തർ ധരിക്കുന്ന ശിരോവസ്ത്രത്തോട് (വെയ്ൽ) താരതമ്യം ചെയ്യരുത് എന്ന് സ്നേഹപൂർവ്വം ഒന്ന് ഓർമ്മപ്പെടുത്തുന്നു. കാരണം പറക്കമുറ്റാത്ത പ്രായത്തിൽ ആരും അടിച്ച് ഏല്പിക്കുന്ന ഒന്നല്ല ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രം. ക്രൈസ്തവ സന്യസ്തർ 19 വയസ് പൂർത്തിയാകാതെ ആരും ഈ വെയ്ലോ, സന്യാസ വസ്ത്രമോ ധരിക്കാറില്ല...

ഒരു ക്രൈസ്തവ യുവതി സന്യാസിനി ആകാൻ ആഗ്രഹിച്ച് ഏതെങ്കിലും ഒരു മഠത്തിന്റെ പടികൾ കടന്ന് ചെന്നാൽ, "ഇന്നാ പിടിച്ചോ. നീ ഈ വെയിലും വസ്ത്രവും ധരിച്ച് ഇനി മുതൽ ഇവിടെ ജീവിച്ചാൽ മതി" എന്ന് ഒരു സന്യാസ സഭയുടെ അധികാരികളും പറയില്ല. കാരണം അവൾ കടന്ന് പോകേണ്ട ചില കടമ്പകൾ ഉണ്ട്. അതായത് കുറഞ്ഞത് 5 വർഷം എന്താണ് സന്യാസം എന്ന് ആദ്യം തന്നെ ദൈവവചനത്തിന്റെ വെളിച്ചത്തിൽ വ്യക്തമായി പഠിക്കണം.

പിന്നെ അവരായിരിക്കുന്ന സന്യാസ സഭയുടെ നിയമാവലികളും അതാത് സന്യാസ സഭയുടെ ഡ്രസ്സ് കോഡും എന്താണ്, അത് എന്തിന് ധരിക്കുന്നു തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി പഠിച്ച ശേഷം അവൾക്ക് ബോധ്യമായ കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാൻ കഴിയും എന്ന ഉറച്ച ബോധ്യം ഉണ്ടെങ്കിൽ മാത്രം, (ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല) പൂർണ്ണ സ്വാതന്ത്ര്യത്തോടെ മാത്രം തിരഞ്ഞെടുക്കുന്ന ഒരു ജീവിതാന്തസാണ് സന്യാസം. വ്യത്യസ്ത ചൈതന്യം ജീവിക്കുന്ന 420 - ൽ പരം സന്യാസ സഭകൾ (വിവിധ പ്രോവിൻസുകൾ ഉൾപ്പെടെ) കേരളത്തിൽ ഇന്ന് നിലവിലുണ്ട്.

അവരിൽ കാൽപാദം വരെ, അല്ലെങ്കിൽ മുട്ടിന് താഴെവരെ നീളമുള്ള ഉടുപ്പിനൊപ്പം ശിരോവസ്ത്രം ധരിക്കുന്നവരും ശിരോവസ്ത്രമില്ലാതെ സാരി മാത്രം ധരിക്കുന്നവരും ശിരോവസ്ത്രവും സാരിയും ധരിക്കുന്നവരും ചുരിദാർ മാത്രം ധരിക്കുന്നവരും ഒക്കെ ഉണ്ട്. ഓരോ സന്യാസ സഭയുടെയും ഡ്രസ്സ് കോഡുകൾ വ്യത്യസ്തമായിരിക്കും. കാലത്തിനും ദേശത്തിനും സംസ്കാരത്തിനും അനുസരിച്ച് അല്പം ഫ്ലെക്സിബിൾ ആകാൻ ഞങ്ങൾക്ക് മടി ഒന്നും ഇല്ല കേട്ടോ... അതായത് പിന്നോട്ടല്ല, മുന്നോട്ടാണ് ഞങ്ങൾ സഞ്ചരിക്കാറ്.

18 വയസ് പൂർത്തിയായ ഏതൊരു സ്ത്രീക്കും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് (18 വയസ് എന്ന് ഭരണഘടന പറഞ്ഞാലും 15 വയസ് മുതൽ നിർബന്ധിച്ച് വിവാഹം കഴിക്കേണ്ടി വരുന്ന ഇരുപത്തിഓരായിരത്തിൽ പരം യുവതികൾ കേരളത്തിൽ ഉണ്ട് എന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് വായിച്ചത് ഓർമ്മയിലുണ്ട്) ഒരു ക്രൈസ്തവ യുവതി പോലും ഇന്ന് 19 വയസിന് മുമ്പ് സന്യാസിനിയായി വ്രതം ചെയ്യാറില്ല എന്ന പച്ചയായ സത്യം ഒന്ന് ഓർമ്മിപ്പിക്കുന്നു. പിന്നെ 19 ആം വയസിലോ 20 ആം വയസിലോ ആദ്യവ്രതം ചെയ്യുന്ന സന്യാസിനികളിൽ ആരും തന്നെ 24 വയസിന് മുമ്പ് നിത്യവ്രതം ചെയ്യാറുമില്ല... നിത്യവ്രതം ചെയ്തെങ്കിൽ മാത്രമേ ഒരുവൾക്ക് യഥാർത്ഥ സന്യാസിനി എന്ന അംഗീകാരം കിട്ടുകയുള്ളൂ...

ആദ്യവ്രതം മുതൽ നിത്യവ്രതം വരെയുള്ള 6 വർഷക്കാലം നവസന്യാസിനികൾക്ക് ആർക്കെങ്കിലും സന്യാസം ഉപേക്ഷിക്കണം എന്ന് തോന്നുകയാണെങ്കിൽ തിരിച്ച് പോകാനുള്ള എല്ലാ സ്വാതന്ത്ര്യവും ഓരോ സന്യാസ സഭയുടെയും നിയമാവലി വ്യക്തമായി നൽകുന്നുണ്ട്. നിത്യവ്രതം ചെയ്താൽ പോലും ഏതെങ്കിലും സന്യാസിനിക്ക് സന്യാസം ഉപേക്ഷിച്ച് വിവാഹം കഴിക്കാൻ ആഗ്രഹം തോന്നിയാൽ ആരും അവരെ നിർബന്ധിച്ച് പിടിച്ച് വയ്ക്കാറുമില്ല. അതുപോലെ തന്നെ ആരും അവരുടെ തലയറുക്കുകയോ, കൈകാലുകൾ വെട്ടി നുറുക്കുകയോ ചെയ്യാറില്ലെന്നേ...

"ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഇഷ്ടപ്പെട്ട വസ്ത്രധാരണ രീതി സ്വീകരിക്കുന്നത് തെറ്റല്ല. മൗലികാവകാശമാണ്" എന്ന് താങ്കളുടെ പോസ്റ്റിൽ കുറിച്ചിട്ടുണ്ടല്ലോ. അപ്പോൾ പിന്നെ എന്തിനാണ് ക്രൈസ്തവ സന്യസ്തരെ നോക്കി ഇത്ര നൊമ്പരപ്പെടുകയും പിറുപിറുക്കുകയും ചെയ്യുന്നത്..? കേരള ഹൈക്കോടതിയുടെ വിധിയാണ് ഓരോ സ്ഥാപനങ്ങളിലെയും യൂണിഫോം കോഡ് മാറ്റിമറിക്കാൻ ഗവൺമെന്റിന് പോലും അധികാരം ഇല്ല എന്നത്.

ക്രൈസ്തവ സന്യസ്തർ ഏതെങ്കിലും കോളേജിൽ പഠിക്കാൻ ചെല്ലുമ്പോൾ സന്യാസ വസ്ത്രം പാടില്ല എന്ന് ആ സ്ഥാപനം നിബന്ധന വച്ചാൽ, ഞങ്ങൾ ആരും സന്യാസ വസ്ത്രത്തോടെ എനിക്ക് അവിടെ പഠിച്ചേ മതിയാകൂ എന്ന് ഒരിക്കലും വാശി പിടിക്കാറില്ല. അല്ലെങ്കിൽ സന്യാസിനിയായ ഒരാൾക്കുവേണ്ടി 3000 കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിലെ നിയമം പൊളിച്ചെഴുതണം എന്ന് പറഞ്ഞ് ഞങ്ങളാരും പ്രകോപനവും മാർച്ചുമായി അവരെ ശല്യം ചെയ്യാറില്ല. യൂണിഫോം കോഡുള്ള സ്ഥാപനത്തിൽ ആ യൂണിഫോം സ്വീകരിക്കാൻ സന്യാസ സഭയുടെ നിയമം അനുവദിക്കുന്നില്ലെങ്കിൽ മറ്റ് ഏതെങ്കിലും സ്ഥാപനത്തിൽ പോയി പഠിക്കും. ഒരു യൂണിഫോമിനു വേണ്ടി ആളെ കൂട്ടി കലാപം ഉണ്ടാക്കുന്ന തരംതാണ ശൈലി ഞങ്ങൾക്കില്ല...

നീണ്ട വസ്ത്രവും ശിരോവസ്ത്രവും ധരിക്കുമ്പോഴും ഞങ്ങളുടെ മുഖം ഒരു തരത്തിലും ഞങ്ങൾ മറയ്ക്കാറില്ല. കാരണം മുഖം മറയ്ക്കുന്നത് ആ വ്യക്തിയുടെ വ്യക്തിത്വത്തെ തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. പിന്നെ ആരുടെയും കാമക്കണ്ണുകളെ ഭയന്നല്ല ക്രൈസ്തവ സന്യസ്തർ സന്യാസ വസ്ത്രവും ശിരോവസ്ത്രവും ധരിക്കുന്നത്. മറിച്ച് നൂറ്റാണ്ടുകളായി അവിവാഹിതകളായ കന്യകകളും രാജകുമാരിമാരും ധരിക്കാറുള്ള വസ്ത്രമാണ് കൈ നീളമുള്ള നീണ്ട അങ്കി. (യഹൂദ-ക്രൈസ്തവ പാരമ്പര്യം ആണ് കേട്ടോ) ലൈംഗികതയ്ക്കും സുഖലോലുപതയ്ക്കും മാത്രം പ്രാധാന്യം നൽകി നെട്ടോട്ടം ഓടുന്ന കോടാനുകോടി ജനങ്ങൾക്ക് ഈ നീണ്ട വസ്ത്രം ധരിച്ച സന്യാസിനിമാർ ഒരു സാക്ഷ്യമാണ്.

അതായത് ഈ ലോക സുഖങ്ങൾക്ക് അപ്പുറത്ത് മറ്റൊരു ജീവിതം ഉണ്ട് എന്ന സാക്ഷ്യം. ഇന്ന് നിങ്ങൾ നേടുന്ന നേട്ടങ്ങളും സുഖങ്ങളും വെറും വ്യർത്ഥമാണ് എന്ന ഒരു ഓർമ്മപ്പെടുത്തൽ... ഈ യാഥാർത്ഥ്യം അറിയാവുന്ന ഒരു സന്യാസിനിയും ഒരിക്കലും സന്യാസ വസ്ത്രം ഒരു അലങ്കാരമായി അണിയാറില്ല. കത്തോലിക്കാ സഭയെ താറടിച്ച് പേരിനും പ്രശസ്തിക്കും വേണ്ടി ചിലർ ഈ അടുത്ത നാളിൽ ക്രൈസ്തവ സന്യാസ വസ്ത്രം അലങ്കാരമായി എടുത്തണിയാറുണ്ടെന്ന കാര്യം മറന്ന് പോയിട്ടില്ല...

1979 ലെ വിപ്ലവത്തിൽ കൂടി അധികാരത്തിൽ എത്തിയ ഇറാനിലെ പരമാധികാരി നടപ്പിലാക്കിയ നിർബന്ധിത വസ്ത്രധാരണത്തിന് എതിരെ ഇന്ന് ഇറാനിൽ ഭയാനകമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. ഒരു പക്ഷേ ഇറാനിലെ പ്രതിഷേധങ്ങൾ ഒന്നും കേരള മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടാറില്ലാത്തത് ഒരു പുത്തരിയല്ല. തങ്ങളുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ തങ്ങൾ സമ്മതിക്കില്ല എന്ന് സധൈര്യം വിളിച്ച് പറഞ്ഞ് മരണത്തെ പുൽകുന്ന നൂറുകണക്കിന് യുവജനങ്ങളുടെ ധീരത പാശ്ചാത്യ മാധ്യമങ്ങൾ ലോകത്തിന് മുമ്പിൽ തുറന്ന് കാണിക്കുമ്പോൾ ഒത്തിരി വേദന തോന്നി.

ഏത് മതം ആണെങ്കിലും ഏത് ജീവിതാന്തസ് ആണെങ്കിലും ആരും ആരെയും അടിച്ചേൽപ്പിക്കുന്ന ഒന്നായിരിക്കരുത് വസ്ത്രധാരണം. പിന്നെ പ്രായപൂർത്തിയായ ഒരുവൾ പൂർണ്ണ സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുത്ത ഒരു ജീവിതാന്തസിനെ നോക്കി പിറുപിറുക്കാനും കുറ്റപ്പെടുത്താനും പോകുന്നത് അവളുടെ മൗലിക സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ഒരു കടന്നുകയറ്റം ആണ്. അതുകൊണ്ട് പരസ്പരം ബഹുമാനിക്കാൻ പഠിക്കാം എന്ന ഓർമ്മപ്പെടുത്തലോടെ

സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ

Advertisment