Advertisment

പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയ ശേഷം വീണ്ടും കാണാം; ഉമ്മന്‍ചാണ്ടിക്ക് ആലുവ പാലസിലെത്തി ജന്മദിനാശംസകള്‍ നേര്‍ന്ന് പിണറായി വിജയന്‍

New Update

publive-image

Advertisment

ആലുവ: മുന്‍ മുഖ്യമന്ത്രിയെ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആലുവ പാലസിലെത്തി സന്ദര്‍ശിച്ച് ജന്മദിനാശംസകള്‍ നേര്‍ന്നു. ചികിത്സയ്ക്കായി ജര്‍മ്മനിയില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് ഉമ്മന്‍ചാണ്ടി. പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിയ ശേഷം വീണ്ടും കാണാമെന്നും പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു.

പിറന്നാള്‍ ദിവസമായ തിങ്കളാഴ്ച പുതുപ്പള്ളി പള്ളിയിലെത്തി പ്രാര്‍ത്ഥിച്ച് മടങ്ങണമെന്ന ആഗ്രഹം ഉമ്മന്‍ ചാണ്ടി പ്രകടിപ്പിച്ചെങ്കിലും ഒടുവില്‍ യാത്ര ഉപേക്ഷിക്കാന്‍ സുഹൃത്തുക്കളും കുടുംബവും തീരുമാനിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ തേടാന്‍ ഉദ്ദേശിക്കുന്ന ജര്‍മ്മനിയിലെ ചാരിറ്റി മെഡിക്കല്‍ സര്‍വ്വകലാശാലാ ആശുപത്രിയിലെ സന്ദര്‍ശനാനുമതി ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സ്ഥിരീകരിക്കും എന്നാണ് പ്രതീക്ഷ. പിറ്റേന്നു തന്നെ യാത്ര തിരിക്കാനാണ് ആലോചന.

ഉമ്മന്‍ചാണ്ടിയുടെ 79-ാം ജന്മദിനമായ ഇന്ന് നവമാധ്യമങ്ങളിലടക്കം ആശംസാപ്രവാഹമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നടന്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖരും ഉമ്മന്‍ചാണ്ടിക്ക് ആശംസകള്‍ നേര്‍ന്നു.

1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മന്‍ചാണ്ടി ജനിച്ചത്. സ്കൂളിൽ പഠിക്കുമ്പോഴെ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. പുതുപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം.

2020-ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻ ചാണ്ടി 2004-2006, 2011–2016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു. തൊഴിൽവകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991–1994), പ്രതിപക്ഷ നേതാവ് (2006–2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മുൻ ​പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനംകൂടി ആയതിനാൽ 1984 മുതൽ ഉമ്മൻ ചാണ്ടി പിറന്നാൾ ആഘോഷിക്കാറില്ല.

Advertisment