Advertisment

വിചാരധാരയില്‍ പറയുന്നത് അന്നത്തെ സാഹചര്യമെന്ന് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി; എന്നത്തെ സാഹചര്യമെന്ന് തോമസ് ഐസക്ക്‌ ! ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നയങ്ങളാണ് റബ്ബര്‍ വിലത്തകര്‍ച്ച സൃഷ്ടിച്ചതെന്നും വിമര്‍ശനം

New Update

publive-image

Advertisment

തിരുവനന്തപുരം: ബിജെപിയുമായി ബന്ധപ്പെടുത്തി വിമര്‍ശനമുന്നയിക്കുന്നവര്‍ വിചാരധാരയെ ആയുധമാക്കുന്നതിനെ തള്ളി തലശ്ശേരി അതിരൂപതാ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി രംഗത്തെത്തിയിരുന്നു. ക്രിസ്ത്യാനികളെ എതിരാളികളായി കാണുന്നവര്‍ നിരവധി പ്രത്യയശാസ്ത്രങ്ങളിലും മതങ്ങളിലും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതെല്ലാം ഓരോ സാഹചര്യങ്ങളില്‍ പറയപ്പെട്ട കാര്യങ്ങളാണ്. ആ സാഹചര്യങ്ങളെ മനസ്സിലാക്കാനുള്ള ബൗദ്ധിക പക്വത പൊതുസമൂഹത്തിനുണ്ടെന്നും പാംപ്ലാനി ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ വിമര്‍ശിച്ച് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക്ക് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐസക്കിന്റെ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റ്:

തലശ്ശേരി ബിഷപ്പ് പാംപ്ലാനി റബറിന് 300 രൂപ താങ്ങുവില നിശ്ചയിച്ചാൽ ബിജെപിക്ക് പിന്തുണ നൽകുമെന്ന് പറഞ്ഞതു കേട്ടപ്പോൾ ലോകവ്യാപാര കരാറും ആസിയാൻ കരാറും റബർ കൃഷിക്കാരെ കുടുക്കിയ മരണക്കെണിയുടെ വികാരതള്ളിച്ചയിൽ പറഞ്ഞ ഒന്നായേ കണക്കിലെടുത്തുള്ളൂ. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയായി കണ്ടത് വിചാരധാരയുടെ ന്യായീകരണമാണ് - “വിചാരധാരയിൽ പറയുന്നത് അന്നത്തെ സാഹചര്യം”.

എന്നത്തെ സാഹചര്യം? എം.ടി. രമേശിന്റെ പ്രസ്താവനയിൽ കണ്ടത് “നാല്പതുകളിലും അൻപതുകളിലും ഗോൾവാൾക്കർ പറഞ്ഞ കാര്യങ്ങളാണ് വിചാരധാരയിലുള്ളത്. അതൊന്നും ഇപ്പോൾ ഞങ്ങൾ പൊക്കിപ്പിടിച്ച് നടക്കുന്നില്ല.” ഈ രണ്ടു വാചകങ്ങളും കള്ളമാണ്.

ഒന്ന്, ഗോൾവാൾക്കർ വിചാരധാര എഴുതി പ്രസിദ്ധീകരിച്ചത് 1966-ലാണ്. രണ്ട്, സംഘപരിവാർ ഡൽഹിയിൽ സംഘടിപ്പിച്ച ആഗോള ഹിന്ദുകോൺഗ്രസ് സമർത്ഥിക്കുന്നത് അഞ്ച് ശത്രുക്കൾ ഉണ്ടെന്നാണ്. മാർക്സിസം, മെറ്റീരിയലിസം, മെക്കാളെയിസം, മിഷണറികൾ, മുസ്ലിംതീവ്രവാദം എന്നിവയാണവ. ഇംഗ്ലീഷ് അക്ഷരമാലയിലെ എം-ൽ നിന്ന് എല്ലാ ശത്രുക്കളുടെയും പേരുകൾ പ്രാസം ഒപ്പിക്കാൻ വേണ്ടി ക്രിസ്ത്യാനികളെ മിഷണറി എന്നു വിളിച്ചൂവെന്നേയുള്ളൂ.

ബഹുമാന്യനായ ബിഷപ്പ് ഒരുകാര്യം മനസിലാക്കുക. ഇവിടുത്തെ ബിജെപി പ്രവർത്തകർ എന്തു തന്നെ അങ്ങോട്ടു പറഞ്ഞിട്ടുണ്ടെങ്കിലും പാർലമെന്റിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ കൃത്യമായ ഉത്തരം നൽകിക്കഴിഞ്ഞു. ആഗോള കരാറുകളിൽ റബർ വ്യവസായ ഉല്പന്നമായിട്ടാണ് നിർവ്വചിച്ചിരിക്കുന്നത്. അതുകൊണ്ട് റബറിനു താങ്ങുവില നിശ്ചയിക്കാനാവില്ല. താങ്ങുവില പോട്ടെ, കേരളം ഇന്നു നിശ്ചയിച്ചിട്ടുള്ള 170 രൂപയിൽ നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു രൂപ കൂടുതൽ ധനസഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. റബറിന്റെ സബ്സിഡി എത്ര വേണമെങ്കിലും ഉയർത്താം.

പകുതി കേന്ദ്രം, പകുതി സംസ്ഥാനം. ഇതൊന്നും ചെവികൊള്ളാൻ കേന്ദ്രം തയ്യാറല്ല. അവരാണ് ഇനി 300 രൂപ തരാൻ പോകുന്നത്. ബിജെപിയും കോൺഗ്രസും അല്ല റബർ വിലയ്ക്കുള്ള ഉത്തരം. അവരുടെ നയങ്ങളാണ് ഈ വിലത്തകർച്ച സൃഷ്ടിച്ചത്.

സഹായിച്ചില്ലെങ്കിൽ പോട്ടേ, ഇനിയും ദ്രോഹിക്കാതിരിക്കുകയെങ്കിലും ചെയ്യുക. ബിജെപി ചെയ്യുന്നത് നോക്കൂ - കേരളത്തിനു പുറത്ത് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരു ബദൽ റബർ ഉല്പാദന മേഖല സൃഷ്ടിക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. റബർ വില കുത്തനെ ഇടിയുന്ന കാലത്താണ് ഈ നയം ആവിഷ്കരിച്ചിട്ടുള്ളതെന്നത് ഓർക്കണം. കേരളത്തിലെ പ്രായമേറിയ റബർ തോട്ടങ്ങൾക്ക് റീപ്ലാന്റിംഗ് സബ്സിഡി നിഷേധിച്ചിരിക്കുന്നു. അതേസമയം, പുതിയ തോട്ടങ്ങൾക്ക് പ്ലാന്റിംഗ് സബ്സിഡി നൽകുന്നു. ഇതാണ് ബിജെപി ചെയ്യുന്നത്. എന്നാലും ചിലർക്ക് എന്തൊരു വലിയ വ്യാമോഹമാണ്.

Advertisment