Advertisment

താനൂര്‍ ദുരന്തത്തിന്റെ പിന്നാമ്പുറം തേടിച്ചെന്നാല്‍ ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ ? മാരിടൈം മേഖലയിലെ വിദഗ്ദർ ഇരിക്കേണ്ട കേരള മാരിടൈം ബോർഡിന്റെ ചെയർമാൻ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്‌ എന്‍.എസ്. പിള്ള എന്ന മുന്‍ കെ.എസ്.ഇ.ബി ചെയര്‍മാനെ; ഡാം ഒരുമിച്ച് തുറന്നു വിട്ട് പ്രളയ ജലത്തിൽ മലയാളിയെ മുക്കി കൊന്ന നരാധമൻ ആണ് ഈ കള്ള പിള്ള ! ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഡോ. പി. സരിന്റെ കുറിപ്പ്‌

New Update

publive-image

Advertisment

തിരുവനന്തപുരം: താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിലെ തീരദേശ ഷിപ്പിങ്ങിന്റെയും ഉൾനാടൻ ജലഗതാഗതത്തിന്റെയും വകുപ്പ് മന്ത്രിയെ അന്വേഷിച്ചു ചെന്നാൽ ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദി ആരെന്ന് മനസിലാകുമെന്ന് കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനർ ഡോ. പി.സരിൻ. മുഖ്യമന്ത്രി പിണറായി നേരിട്ട് ഭരിക്കുന്ന വകുപ്പിൽ നടക്കുന്നത് പൊതുജനങ്ങളുടെ ജീവൻ പണയപ്പെടുത്തി കോടികൾ കീശയിലാക്കുന്നതിന്റെ കള്ളക്കളികളാണെന്നും സരിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ കേരള മാരിടൈം ബോർഡ് (കെ.എം.ബി) എന്ന നോക്കുകുത്തി കഴിഞ്ഞ കാലങ്ങളിലൊക്കെയും എന്തെടുക്കുകയായിരുന്നു? മാരിടൈം മേഖലയിലെ വിദഗ്ദർ ഇരിക്കേണ്ട കേരള മാരിടൈം ബോർഡിന്റെ ചെയർമാൻ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ആളുടെ പേര് പറഞ്ഞാൽ നിങ്ങൾ അറിയും : എന്‍.എസ്. പിള്ള എന്ന മുൻ കെ.എസ്.ഇ.ബി ചെയർമാൻ & എം.ഡി. ഡാം ഒരുമിച്ച് തുറന്നു വിട്ട് പ്രളയ ജലത്തിൽ മലയാളിയെ മുക്കി കൊന്ന നരാധമൻ ആണ് ഈ കള്ള പിള്ള എന്ന് ഓർക്കണം. കെഎസ്‌ഇബി ചെയർമാൻ പദവിയിൽ നിന്നും പെൻഷൻ പറ്റിയ ശേഷം കെഎംബി യുടെ ചെയർമാൻ സ്ഥാനം നൽകി പിണറായി പിള്ളയെ ആദരിച്ചത് എന്തിനായിരിക്കും എന്ന് ചോദിച്ചാൽ 2018 ന്റെ പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും.

മത്സ്യ ബന്ധനത്തിന് മാത്രം ഉപയോഗിക്കാവുന്ന ബോട്ട് തട്ടിക്കൂട്ടി രൂപമാറ്റം വരുത്തിയതാണ് ഇന്നലെ 22 മനുഷ്യ ജീവൻ അപഹരിച്ച അറ്റ്ലാന്റിക്ക്. പൊന്നാനിയിലെ സർക്കാർ അംഗീകാരം ഇല്ലാത്ത സ്വകാര്യ യാർഡിൽ പണിത ബോട്ടിന് ലൈസൻസ് പോലും ഇല്ല. കേരള ഇൻലാൻഡ് വെസ്സൽ കെ.ഐ.വി റൂൾസ് ഒന്ന് പോലും ബോട്ട് നിർമ്മാണത്തിൽ പാലിക്കപെട്ടിട്ടില്ല.

2022ൽ കേന്ദ്രം നിയമം പാസാക്കിയതോടെ കെ.ഐ.വിക്ക് ബദലായി അനുബന്ധ നിയമാവലിയും ചട്ടങ്ങളും ഇറക്കാൻ ബാധ്യസ്ഥപ്പെട്ട മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പും ബോർഡും ഒരു വർഷത്തിലേറെയായി അതിൽ അടയിരിക്കുന്നു.

മത്സ്യ ബന്ധന യാനങ്ങളുടെ ഹൾ വ്യത്യസ്തമാണ്. അതിന്റെ മുൻവശത്തെ വില്ല് പോലെയുള്ള ഘടന തിരമാലകളെ മറികടക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. എന്നാൽ, അഴിമുഖങ്ങളിലും ജലാശയങ്ങളിലും ആവശ്യമായ ബോട്ട് ഘടന തികച്ചും വ്യത്യസ്തമാണ്. മത്സ്യബന്ധന യാനങ്ങൾ ഉയർന്ന തോതിൽ റോൾ ചെയ്യാനും പിച്ചും ചെയ്യാനും (തിരിയാനും മറിയാനും) വേണ്ടിയാണ് നിർമ്മിക്കുന്നത് പോലും. മത്സ്യബന്ധന തൊഴിലാളികൾക്ക് മാത്രമാണ് യാനങ്ങളുടെ ഇത്തരം നീക്കം അനുസരിച്ചു ഇരിക്കാൻ ഉള്ള പരിചയം ഉണ്ടായിരിക്കുക. മത്സ്യ ബന്ധന യാനം രൂപമാറ്റം വരുത്തി ഉല്ലാസ നൗക ആക്കിയപ്പോൾ തന്നെ ബോട്ടിന്റ സ്ഥിരത നഷ്ടപ്പെടാൻ ഉള്ള സാധ്യത വർദ്ധിച്ചു എന്ന് വ്യക്തമാണ്. ഉൾനാടൻ ജലഗതാഗതിനുള്ള ബോട്ട് നിർമ്മാണത്തിലെ ചട്ടങ്ങൾ ഒന്നും പാലിക്കാതെ നിർമ്മിച്ച ബോട്ടാണ് ഇതെന്ന് അർത്ഥം.

ഇതിന്റെയെല്ലാം മറപിടിച്ചാണ് ടൂറിസം വകുപ്പ് മന്ത്രി തീരദേശ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനങ്ങൾ കൊട്ടിഘോഷിച്ച് നടത്തി, ആളുകളെ കൊലയ്ക്ക് കൊടുക്കുന്ന ടൂറിസത്തിന് കളക്ടർ മാരെക്കൊണ്ടും വകുപ്പ് മേധാവികളെ കൊണ്ടും ക്ഷണക്കത്തടിച്ച് അമ്മായി അച്ഛന്റെ നിയമ ലംഘനങ്ങൾക്ക് കൂട്ടുനിൽക്കുന്നത്.

സ്ഥിരമായി നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പ് വരുത്താനും, പരിശോധനകൾ നടത്താനും ചുമതലയുള്ള കെ.എം.ബി, മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശത്തിൽ കണ്ണടച്ചത് ആർക്കുവേണ്ടിയാണ് ?

ഇക്കഴിഞ്ഞ പെരുന്നാൾ ദിവസം നാട്ടുകാരുടെ പരാതിയെ തുടർന്ന് ബോട്ട് സർവീസ് പോലീസ് തന്നെ നിർത്തി വയ്പ്പിച്ചിരുന്നു. പിന്നീട് ഉന്നത സ്വാധീനം വഴിയാണ് ബോട്ട് വീണ്ടും ഇറക്കിയത് എന്ന് നാട്ടുകാർ തന്നെ പറയുന്നുണ്ട്. ബോട്ട് ഉടമ നാസറിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ, മരുമകനും ടൂറിസം മന്ത്രിയും ആയ മുഹമ്മദ് റിയാസ്, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻഎസ്‌ പിള്ള എന്നിവർ ആണ് ഈ മനുഷ്യ നിർമ്മിത ദുരന്തത്തിന്റെ പ്രാഥമിക ഉത്തരവാദികൾ.

ഇല്ലെങ്കിൽ രണ്ടേ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകുക :

1. കഴിഞ്ഞ കുറേ വർഷങ്ങളായി വകുപ്പ് മന്ത്രി എന്ന നിലയിൽ നേരിട്ട് നടത്തേണ്ട എത്ര മീറ്റിങ്ങുകളും അവലോകനങ്ങളും കെ.എം.ബിയുടെ കീഴിൽ മുഖ്യമന്ത്രി വിളിച്ച് ചേർത്തു ?

2. അങ്ങനെ മീറ്റിങ്ങുകൾ നടക്കാത്ത കെ.എം.ബിയുടെ കീഴിലും, തീരദേശ ടൂറിസത്തിന്റെ പ്രോത്സാഹനത്തിന്റെ പേരിലും അമ്മായിഅച്ഛനും മരുമകനും കൂടി എത്ര വഴിവിട്ട നിയമനങ്ങൾ നടപ്പാക്കി ? കമ്മീഷൻ പറ്റി 'സർക്കാർ സ്പോൺസേഡ് കൂട്ടക്കൊല' യ്ക്ക് കൂട്ടുനിൽക്കുന്ന എത്ര കോടികളുടെ അഴിമതികൾക്കാണ് വകുപ്പ് ഉദ്യോഗസ്ഥരെ മറയാക്കി നിങ്ങൾ രണ്ട് പേരും സ്വകാര്യ വ്യക്തികൾക്കായി നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയത്?

ജുഡീഷ്യൽ അന്വേഷണം എന്ന പുക മറ കൊണ്ട് ഈ ദുരന്തത്തിന്റെ വ്യാപ്തിയെ മൂടി വയ്ക്കാൻ കഴിയില്ല. ടൂറിസം മന്ത്രിയുടെ നാട്ടിലും മണ്ഡലത്തിലും അടക്കം മീൻ പിടിക്കുന്ന വള്ളങ്ങൾ രൂപമാറ്റം വരുത്തി വിനോദ നൗകകൾ ആക്കി മാറ്റി നിയന്ത്രണങ്ങളില്ലാതെ യാത്രക്കാരെ കയറ്റി ഓടുന്നുണ്ട്. അടുപ്പക്കാർക്ക് പണം ഉണ്ടാക്കാൻ വേണ്ടി സർക്കാർ പദ്ധതികൾ മാറ്റി നൽകുകയും സർക്കാർ ചട്ടങ്ങൾ കാറ്റിൽ പറത്തുകയും ചെയ്ത മുഖ്യമന്ത്രി ക്കും മരുമകൻ മന്ത്രിക്കും എതിരേ ബോധപൂർവ്വമുള്ള നരഹത്യക്ക് ക്രിമിനൽ കേസ് ചാർജ് ചെയ്യുകയാണ് വേണ്ടത്.

പുതിയ പെയിന്റടിച്ച് തട്ടിക്കൂയ വാട്ടർ മെട്രോക്ക് ആദ്യ ദിനം കയറിയ ആളുകളുടെ എണ്ണം മാത്രമല്ല ഫെയ്സ്ബുക്കിൽ പെയ്ഡ് പ്രൊമോഷൻ നടത്തേണ്ടത്. സർക്കാർ കൊലയ്ക്ക്കൊടുത്ത ഈ 22 പേരുടെ ജീവന് എന്ത് വിലയിട്ടാൽ മതിയാകും മി. വിജയൻ ?

Advertisment