Advertisment

തൂക്കുസഭയോ കോൺഗ്രസ് പടയോട്ടമോ ? കന്നഡനാട്ടിലെ തിരഞ്ഞെടുപ്പ് വിധിയറിയാൻ മണിക്കൂറുകളുടെ അകലം മാത്രം; എക്സിറ്റ് പോളുകളിൽ പ്രതീക്ഷയർപ്പിച്ച് കോൺഗ്രസ്. കൂറ്റൻ പോളിംഗ് ശതമാനം ആരെ തുണയ്ക്കുമെന്ന ആശങ്കയിൽ പാർട്ടികൾ. പതിവുതെറ്റിക്കാതെ പ്രചാരണ ക്ഷീണം തീർക്കാൻ സിംഗപ്പൂരിലേക്ക് പറന്ന് കുമാരസ്വാമി. വോട്ടെണ്ണൽ സസ്പെൻസ് ത്രില്ലറാവും

New Update

publive-image

Advertisment

ബംഗളുരു: കന്നഡനാട്ടിലെ തിരഞ്ഞെടുപ്പ് വിധിയറിയാൻ മണിക്കൂറുകളുടെ അകലം മാത്രം. മലയാളികൾ ഏറെ ആകാംക്ഷയോടെയാണ് കർണാടക തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏക ബിജെപി സർക്കാരായിരുന്നു കർണാടകയിലേത്. ആ സർക്കാരിന് തുടരാനാവുമോ, കോൺഗ്രസിന്റെ പടയോട്ടമുണ്ടാവുമോ, തൂക്കുസഭ വന്ന് വീണ്ടും കുമാരസ്വാമിക്ക് നറുക്കുവീഴുമോ എന്നിങ്ങനെ നീളുന്നു മലയാളികളുടെ ചോദ്യങ്ങൾ. എം.എൽ.എമാരെ ചാക്കിട്ടു പിടിക്കുന്ന ബി.ജെ.പിയുടെ ഓപ്പറേഷൻ കമലയുടെ അടുത്ത എപ്പിസോഡ് കർണാടകത്തിൽ കാണാനുമായേക്കും.

തൂക്കുസഭയും കോൺഗ്രസിന് മുൻതൂക്കവുമാണ് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞയുടനെ പുറത്ത് വന്ന പ്രധാന ഒമ്പത് എക്സിറ്റ് പോൾ ഫലങ്ങളിൽ ഏഴെണ്ണവും കോൺഗ്രസിന് മുന്നേറ്റം പ്രവചിക്കുമ്പോൾ രണ്ടെണ്ണം ബി.ജെ.പിക്ക് മുൻതൂക്കം നൽകുന്നുണ്ട്. ഇതേത്തുടർന്ന് വോട്ടെടുപ്പ് ഫലം സസ്പെൻസ് ത്രില്ലറായി മാറാനാണ് സാദ്ധ്യത.


1952 ന് ശേഷം സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ പോളിംഗ്, 73.19% ആർക്കനുകൂലമായി വിധിയെഴുതുമെന്നാണ് പാർട്ടികളെല്ലാം ഉറ്റുനോക്കുന്നത്. ഒറ്റയ്ക്ക് ഭരിക്കാമെന്ന് കോൺഗ്രസും ബി.ജെ.പിയും പ്രതീക്ഷ വയ്ക്കുമ്പോൾ തൂക്കുസഭ വന്നാൽ സർക്കാർ രൂപീകരണത്തിൽ നിർണ്ണായക പങ്ക് വഹിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജെ.ഡി.എസ്. തങ്ങളില്ലാതെ സർക്കാർ രൂപീകരിക്കാനാവില്ലെന്ന് വന്നാൽ വീണ്ടും മുഖ്യമന്ത്രിയാവാമെന്ന കണക്കുകൂട്ടലിലാണ് കുമാരസ്വാമിയും കൂട്ടരും.


വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി സിംഗപ്പൂരിലേക്ക് പറന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയും കുമാരസ്വാമി സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചിരുന്നു. വോട്ടെണ്ണൽ ദിവസം പുലർച്ചെ കുമാര സ്വാമി തിരിച്ചെത്തും. രാഷ്ട്രീയ കേന്ദ്രങ്ങൾ വളരെ ആകാംക്ഷയോടെയാണ് കുമാരസ്വാമിയുടെ സിംഗപ്പൂർ യാത്രയെ നോക്കിക്കാണുന്നത്.

തൂക്ക് സഭയുണ്ടായാൽ ആരെ പിന്തുണക്കണമെന്ന കാര്യം തീരുമാനിച്ചതായി ജെ.ഡി.എസ് വക്താവ് തൻവീർ അഹമ്മദ് പറഞ്ഞു. കൃത്യസമയത്ത് അക്കാര്യം വെളിപ്പെടുത്തും. കോൺഗ്രസും ബിജെപിയും പിന്തുണ തേടി തങ്ങളെ സമീപിച്ചുവെന്ന് തൻവീർ അഹമ്മദ് വ്യക്തമാക്കി. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റുമെന്നും വീണ്ടും അധികാരത്തിലെത്തുമെന്നും ബി.ജെ.പി അവകാശപ്പെടുന്നു. ഓരോ എക്സിറ്റ് പോൾ ഫലങ്ങളും വ്യത്യസ്ത കണക്കുകളാണ് പ്രവചിക്കുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. സമ്പൂർണ്ണ ഗ്രൗണ്ട് റിപ്പോർട്ട് ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നതാണെന്നും ബൊമ്മെ അവകാശപ്പെട്ടു.

ഫലപ്രഖ്യാപനത്തിന് ശേഷം സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നിരുന്നു. ഡി.കെ ശിവകുമാർ, സിദ്ധാ രാമയ്യ, കെ.സി വേണുഗോപാൽ, രൺദീപ് സിംഗ് സുർജേവാല തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചത് ഭക്ഷിണാഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളാണന്ന കോൺഗ്രസ് പരാതി തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി.

തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതിയെന്നും രാജ്യത്ത് ഇറക്കുമതി ചെയ്ത വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കുന്നില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ഇത്തരം തെറ്റായ വിവരങ്ങൾ നൽകുന്നവരെ പൊതു മദ്ധ്യത്തിൽ തുറന്ന് കാട്ടണമെന്നും കമ്മിഷൻ വ്യക്തമാക്കി. എന്തായാലും ഇന്നുച്ചയോടെ ഫലം വ്യക്തമാവുമ്പോൾ കർണാടക ആരുടെ കപ്പിലൊതുങ്ങുമെന്ന് അറിയാനാവും.

Advertisment