Advertisment

തൃക്കാക്കരയെ സിംഗപ്പൂരോ സ്വിറ്റ്സര്‍ലന്‍ഡോ ദുബായിയോ പോലെയാക്കുമെന്ന് സ്വപ്നം കാണാനെങ്കിലും അവിടുത്തെ ജനപ്രതിനിധിക്ക് കഴിയുമോ ? തെരഞ്ഞെടുപ്പായാല്‍ ഒരാള്‍ എംഎല്‍എ ആകും അയാള്‍ക്ക് ശമ്പളവും പെന്‍ഷനും ലഭിക്കും എന്നതിനപ്പുറം നാടിനെ മാറ്റാനും നിയമസഭയില്‍ അന്തസ് ഉയര്‍ത്തിപ്പിടിക്കാനും അയാള്‍ക്ക് കഴിയുമോ എന്നതാണ് പ്രധാനം. അപഹാസ്യതയുടെ അപാരതകള്‍ തേടാനാണെങ്കില്‍ എന്തിന് ജനത്തെ ബുദ്ധിമുട്ടിക്കണം

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

പി.ടി തോമസ് എംഎൽഎയുടെ നിര്യാണത്തെ തുടർന്ന് സംജാതമായിരിക്കുന്ന തൃക്കാക്കര നിയമസഭ നിയോജകമണ്ഡലം ഉപ-തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

പ്രധാന മുന്നണി സ്ഥാനാർത്ഥികൾ എല്ലാവരും തങ്ങളുടെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു കഴിഞ്ഞു. പോര് വിളികളാൽ മുഖരിതമായ പ്രചാരണത്തിന്റെ അങ്കത്തട്ടിൽ സമഗ്ര വികസനമെന്ന വീരവാദം തന്നെയാണ് ഉച്ചത്തിൽ മുഴങ്ങുന്നത്.

ഈ ശബ്ദ കോലാഹലങ്ങൾക്കിടയിൽ തൃക്കാക്കര നമ്മോട് പറയാതെ പറയുന്നതായി അനുഭവപ്പെടുന്ന ചില കാര്യങ്ങളാണ് ഈ കുറിപ്പിലുള്ളത്.

വികസന വീക്ഷണ പത്രികയുടെ അഭാവം

ഒരു പദ്ധതി അല്ലെങ്കിൽ ആശയം ഏത് കാലം വരെ ഉപകാരപ്പെടും എന്ന് പഠിക്കാതെയും, എങ്ങനെ നടപ്പിലാക്കും, ആര് നടപ്പിലാക്കും, എപ്പോൾ നടപ്പിലാക്കും എന്ന് കൃത്യതയോടെ വ്യക്തമാക്കാതെയും, പൊതു വാഗ്ദാനങ്ങൾ നൽകി അണികളെ ആവേശപ്പെടുത്തിയും, ആളുകളെ വിഡ്ഢികളാക്കിയും നടത്തുന്ന പ്രകടന പത്രികകൾ ഒരു നാടിന് അപമാനമാണ്.

കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വികസനമാണ് ചർച്ച ചെയ്യപ്പെടുന്നത് എന്ന് പറയുമ്പോൾ എവിടെയാണ് തൃക്കാക്കരയുടെ ഭാവി വികസന വീക്ഷണ പത്രിക എന്ന ചോദ്യം പ്രസക്തമാണ്.


അടുത്ത അഞ്ചു വർഷത്തിനുള്ളിൽ, പത്തു വർഷത്തിനുള്ളിൽ, ഇരുപത് വർഷത്തിനുള്ളിൽ തൃക്കാക്കര ഏത് നിലവാരമുള്ള, ജീവിത സാഹചര്യമുള്ള പ്രദേശമായി മാറും എന്ന് പറയുന്ന ഒരു വികസന മാഗ്ന കാർട്ട പുറത്ത് വിടുവാൻ നിർഭാഗ്യവശാൽ മുന്നണികൾക്കും, സ്ഥാനാർത്ഥികൾക്കും സാധിച്ചിട്ടില്ല.


വഴികൾ എല്ലാം പുനാരാസൂത്രണം ചെയ്തു, യഥാർത്ഥ അന്തർദേശീയ നിലവാരത്തിൽ പുനർനിർമ്മിക്കുമോ, കെട്ടിടങ്ങൾ ഒരു പ്രദേശത്തിന്റെ ഭൂഘടനയ്ക്കും, കാലാവസ്ഥയ്ക്കും, ഭംഗിക്കും, ജീവിതവ്യവസ്ഥയ്ക്കും, നിഷ്കർഷിക്കുന്ന കെട്ടിടനിർമ്മാണ ശൈലിക്കും ഉതകുന്ന വിധത്തിൽ മാത്രം നിർമ്മിക്കത്തക്ക വിധത്തിൽ നിയമനിർമ്മാണം നടത്തുന്നതിനും, അത് നടപ്പിൽ വരുത്തുന്നതിനും പരിശ്രമിക്കുമോ തുടങ്ങി അനവധി നിരവധിയായ വികസന വിഷയങ്ങളിൽ നിലപാടില്ലാതെ ഇരുട്ടിൽ തപ്പുകയാണ് സ്ഥാനാർത്ഥികളും മുന്നണികളും.

കാലഹരണപ്പെട്ട നിയമങ്ങൾ, കാഴ്ചവസ്തുവായി നിയമസഭ

നിയമനിർമാണ സഭ ഇന്ന് രാഷ്ട്രീയ ചപ്പടാച്ചി സംവദിക്കുന്ന, പരസ്പരം വ്യക്ത്യാധിഷ്ഠിത ആരോപണങ്ങൾ ഉന്നയിക്കുന്ന, എന്നാൽ ദൈനംദിനം നിയമപരിഷ്കരണമോ, കാലാനുസൃത നിയമനിർമ്മാണമോ സംഭവിക്കാത്ത പ്രമേയ അവതരണ രംഗവേദി ആയി ചുരുങ്ങിയിട്ടുണ്ട്.


സഭയിൽ നിന്നും ഇറങ്ങിപ്പോക്ക് എന്ന ആഭാസം അവസാനിപ്പിക്കുവാൻ മനസ്സൊരുക്കമുള്ള ചെറുപ്പക്കാരോ ചിന്താവൈഭവം ഉള്ളവരോ നിയമസഭയിൽ എത്തുന്നില്ല എന്നത് നാട് അർഹിക്കുന്ന ജനപ്രാതിനിധ്യം തന്നെ. ഇതു പറയുമ്പോൾ ഇപ്പോഴത്തെ പ്രതിപക്ഷ കക്ഷികളെ മാത്രമേ വിരൽചൂണ്ടുന്നുള്ളൂ എന്ന തെറ്റിദ്ധാരണ വേണ്ട.


തൃക്കാക്കര ഉപതെരഞ്ഞെടുപ്പും വിരൽ ചൂണ്ടുന്നത് ഈ കളരിയിലേക്ക് തന്നെ പ്രവേശനം നേടാൻ കാത്തുനിൽക്കുന്ന സ്ഥാനാർത്ഥികളുടെ നിലപാടില്ലായ്മയാണ്.

ഞാൻ എംഎൽഎ ആയാൽ നിയമസഭയിൽ എങ്ങനെ പ്രവർത്തിക്കും, എന്തെല്ലാം നിയമനിർമ്മാണങ്ങൾ, പരിഷ്കരണങ്ങൾ മനസ്സിലുണ്ട് എന്ന് പറയുവാനുള്ള സാമാന്യ ബോധം സ്ഥാനാർഥികൾ കാണിക്കേണ്ടതുണ്ട്.

ഇല്ലെങ്കിൽ ഇപ്പോൾ നാം കാണുന്ന ചർച്ചകൾക്ക് മേശയിൽ അടിച്ചു പ്രോത്സാഹനം നൽകുവാൻ ആളെണ്ണം കൂടും എന്ന അവസ്ഥ മാത്രമേ സംജാതമാകൂ.

ഡിജിറ്റലൈസേഷൻ എന്ന ഹാൾ ഓഫ് ഷെയിം തട്ടിപ്പ്

ഓൺലൈൻ എന്ന ഓമനപ്പേരിൽ എല്ലാം ഡിജിറ്റലൈസ് ചെയ്തു എന്ന് പറഞ്ഞു സർക്കാർ വെബ്സൈറ്റുകൾ ഉണ്ടാക്കുകയും, ചിലപ്പോഴെല്ലാം നവീകരിക്കുകയും, അതിന്റെ ഉദ്ഘാടന കോമാളിത്തരം നടത്തുകയും ചെയ്യാറുള്ളത് നാം കാണാറുണ്ട്.


അപഹാസ്യതയുടെ അപാരതയാണ് സർക്കാർ വിലാസം വെബ്സൈറ്റുകൾ. മികവാർന്നത് എന്ന് പറയുവാൻ സാധിക്കുന്ന ഒരു സർക്കാർ വെബ്സൈറ്റ് എങ്കിലും ചൂണ്ടിക്കാണിക്കുവാനോ, അതിന്റെ ആവശ്യം ഉയർത്തുവാനോ ഭരണ പ്രതിപക്ഷ കക്ഷികൾ പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥികൾക്ക് സാധിച്ചിട്ടില്ല.


അതായത് ഇൻഫോപാർക്കും, സ്മാർട് സിറ്റിയും കൊട്ടിഘോഷിക്കപ്പെടുന്ന, നഗരഹൃദയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന, തൃക്കാക്കരയിൽ ഡിജിറ്റലൈസേഷൻ ചർച്ച ച്ചെയ്യപ്പെടുന്നേയില്ല.

ഉദാഹരണത്തിന് പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിൽ ഒരാൾ പ്രവേശിച്ച് ഒരു കീവേർഡ് തിരയാൻ ശ്രമിച്ചു എന്നു കരുതുക. എന്തായിരിക്കും ഫലം? പിഡബ്ല്യുഡി മാനുവൽ എങ്ങനെ ഒരാൾ വായിക്കും?


ഇക്കാലത്തും സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന ഒരാൾക്ക് ഒരപേക്ഷ സർക്കാരിന് നൽകണമെങ്കിൽ എത്ര മാത്രം രേഖകൾ വേണമെന്നത് ഡിജിറ്റൽ പൊയ്മുഖം തുറന്നു കാട്ടുന്നു. ഡിജിറ്റൽ എന്നതിന്റെ ശരിയായ ആവശ്യകതയും ഉപയോഗവും ചർച്ചചെയ്യപ്പെടുവാൻ ആരും ആഗ്രഹിക്കുന്നില്ല.


ഡിജിറ്റൽ സാക്ഷരത ഏതെങ്കിലും മുന്നണികളുടെ വീക്ഷണം അല്ലല്ലോ! ഒന്നുമല്ലെങ്കിലും നാമനിർദ്ദേശപത്രിക ഓൺലൈനായി സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യമുന്നയിക്കും എന്ന് പറയാനുള്ള ആർജ്ജവം എങ്കിലും സ്ഥാനാർത്ഥികളും അവരെ പിന്തുണയ്ക്കുന്ന കക്ഷികളും കാണിക്കേണ്ടതുണ്ട്.

അസ്വസ്ഥതയുണ്ടാക്കുന്ന സർക്കാർ കെട്ടിടങ്ങൾ

ഒരു പ്രദേശത്തെ ജനങ്ങൾ, അവിടെ വ്യാപാര, വ്യവസായ ആവശ്യങ്ങൾക്കായി വരുന്നവർ, വിനോദസഞ്ചാരികൾ മുതലായവർ പോകുന്ന, സേവനങ്ങൾ തേടുന്ന ഇടങ്ങളാണ് സർക്കാർ ഓഫീസുകൾ, അംഗൻവാടികൾ, സ്കൂളുകൾ, കക്കൂസുകൾ തുടങ്ങി വ്യത്യസ്തമായ കെട്ടിങ്ങൾ.

ഇതിൽ പോലീസ് സ്റ്റേഷനും, ബസ് കാത്തിരിപ്പ് കേന്ദ്രവുമെല്ലാം ഉൾപ്പെടും. എന്ത് കെട്ടിടനിർമ്മാണ ശൈലിയാണ് ഇതിനെയെല്ലാം അടയാളപ്പെടുത്തുന്നത്.

തീപ്പെട്ടി കൂട് പോലുള്ള കെട്ടിടങ്ങൾ പൊകട്ടെ, അതിന്റെ വൃത്തിയും, പരിപാലനവും എന്തു കൊണ്ടാണ് ചർച്ചചെയ്യപ്പെടാത്തത്. നഗര മണ്ഡലത്തിൽ സ്ഥാനാർഥികൾക്കോ മുന്നണികൾക്കോ ഇത് പരിഗണനാ വിഷയമല്ലേ.

പോസ്റ്റർ ഒട്ടിച്ചും, ബാനർ കെട്ടിയും, ചുവരെഴുതിയും മലീമസമാക്കിയ സർക്കാർ ഓഫീസുകളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കി മാറ്റുവാനായി എന്തു രൂപരേഖ ആണ് തൃക്കാക്കരയിലെ സ്ഥാനാർഥികൾ അവതരിപ്പിച്ചിട്ടുള്ളത്.


മഞ്ഞയിൽ വലിയ കറുത്ത അക്ഷരങ്ങളാൽ സ്വന്തം പേര് പൊതുവിടങ്ങളിൽ എഴുതിവച്ച് കണ്ണിനും കാഴ്ചയ്ക്കും അവമതിപ്പുണ്ടാക്കുന്ന ആസ്തിവികസന ഫണ്ട് വിളംബരം അവസാനിപ്പിക്കുമോ, തുടരുമോ എന്ന് വ്യക്തമാക്കേണ്ടതും സ്ഥാനാർത്ഥികളാണ്.


തെരഞ്ഞെടുപ്പിൽ ഒരാൾ വിജയിക്കും, എംഎൽഎ ആകും. എന്നാൽ മേൽപ്പറഞ്ഞ കാര്യങ്ങളിൽ കൂടി തുറന്ന സമീപനം സ്വീകരിച്ചില്ലെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിക്ക് ശമ്പളവും, പിന്നീട് പെൻഷനും ലഭിക്കുമെന്നല്ലാതെ നാടിന്റെ ഭാവിക്ക് എന്തെങ്കിലും പ്രയോജനം ലഭിക്കും എന്ന് കരുതുക വയ്യ.

ഏതൊരു പാവപ്പെട്ട ആൾക്കുൾപ്പെടെ നല്ല ജീവിതം നിലവാരം അനുഭവിക്കാൻ സാധിക്കുമാറത്തക്ക വിധത്തിൽ ആസൂത്രിമായ വികസനവും, അനിവാര്യമായ നിയമനിർമ്മാണങ്ങളും നടപ്പിലാക്കിയാൽ മാത്രമേ ഭാവിയിൽ ഒരു നാട് എങ്ങനെ ആകണം എന്ന വീക്ഷണം ഉൾക്കൊണ്ട് മുന്നോട്ട് പോകാനാകൂ.

സിംഗപ്പൂരോ, സ്വിറ്റ്സർലൻഡോ, കൂടുതൽ പരിചിതമായ ദുബായോ പോലെയാകണം എന്ന് സ്വപ്നം കാണാനെങ്കിലും തൃക്കാക്കരയ്ക്കാകണം, അവിടുത്തെ ജനപ്രതിനിധിക്കാകണം.

Advertisment