Advertisment

ശാരദാ ക്ഷേത്രാങ്കണത്തിലെ പവിത്ര മണൽ ഏഴാച്ചേരി കാവിൻ പുറം ക്ഷേത്രത്തിൽ അക്ഷര ശ്രീയാകും

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

ഏഴാച്ചേരി: ശിവഗിരിയിലെ ശാരദാദേവിയുടെ ചൈതന്യം നിറഞ്ഞ പവിത്രമണല്‍ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ഭക്ത്യാദരപൂര്‍വ്വം സമര്‍പ്പിച്ചു. വെള്ളപ്പട്ടില്‍ പൊതിഞ്ഞാണ് പഞ്ചാരമണല്‍ കാവിന്‍പുറം ക്ഷേത്രത്തില്‍ എത്തിച്ചത്.

മേല്‍ശാന്തി രാജ്ഭവന്‍ ദാമോദരന്‍ നമ്പൂതിരി ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍, ഏഴാച്ചേരി 158-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖ സെക്രട്ടറി കെ.ആര്‍. ദിവാകരന്‍ നീറാക്കുളം എന്നിവര്‍ ചേര്‍ന്ന് പവിത്രമണലും തൂലികകളും ഏറ്റുവാങ്ങി.

ശിവഗിരി ശാരദാമഠത്തില്‍ നിന്നും എത്തിച്ച മണലും തൂലികാ പൂജയ്ക്കുള്ള പേനകളും തുമ്പയില്‍ രാമകൃഷ്ണന്‍ നായരാണ് ക്ഷേത്രസോപാനത്തില്‍ സമര്‍പ്പിച്ചത്. നിരവധി ഭക്തരും ചടങ്ങില്‍ പങ്കെടുത്തു. ഇത്തവണ വിജയദശമി നാളില്‍ കാവിന്‍പുറം ക്ഷേത്രത്തില്‍ പാരമ്പര്യ രീതിയിലുള്ള മണലിലെഴുത്തിന് വിരിക്കുന്നത് ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തി പുണ്യപ്രസിദ്ധമായ ശിവഗിരി ശാരദാക്ഷേത്രാങ്കണത്തിലെ മണലാണ്.

ലക്ഷക്കണക്കിന് കുട്ടികള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച ശാരദാദേവിക്ഷേത്ര സന്നിധിയിലെ പഞ്ചാരമണലാണ് കാവിന്‍പുറം ക്ഷേത്രത്തില്‍ എത്തിച്ചത്. കാവിന്‍പുറം ക്ഷേത്രത്തില്‍ പാരമ്പര്യ രീതിയില്‍ മണലില്‍ ഹരിശ്രീ കുറിക്കാന്‍ നൂറുകണക്കിന് ആളുകളാണ് വിജയദശമി നാളില്‍ എത്തിച്ചേരാറുള്ളത്.

നവരാത്രിയോടനുബന്ധിച്ചുള്ള തൂലികാ പൂജ ഇന്നലെ ആരംഭിച്ചു. 13-ന് വൈകിട്ടാണ് പൂജവയ്പ്പ്. ഗ്രന്ഥം പൂജയ്ക്ക് സമര്‍പ്പിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തൂലികാ പൂജയ്ക്ക് ശേഷം പേനകള്‍ പ്രസാദമായി വിതരണം ചെയ്യും. സവിശേഷമായ മധുരഫല മഹാനിവേദ്യ സമര്‍പ്പണവും വിതരണവുമുണ്ട്.

എത്തിച്ചേരുന്ന മുഴുവന്‍ ഭക്തര്‍ക്കും അവല്‍പ്രസാദവും നല്‍കും. തൂലികാ പൂജയ്ക്ക് മേല്‍ശാന്തി വടക്കേല്‍ഇല്ലം നാരായണനന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. വിജയദശമി നാളില്‍ രാവിലെ 7.30 ന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും. ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകള്‍ക്കാണ് പവിത്രമണലില്‍ ആദ്യാക്ഷരം എഴുതാന്‍ അവസരം കിട്ടുന്നത്.

തുടര്‍ന്ന് സമൂഹത്തിന്റെ നാനാതുറയിലുള്ള ഏവര്‍ക്കും പ്രായഭേദമന്യെ ശാരാദാക്ഷേത്രാങ്കണത്തില്‍ നിന്ന് എത്തിച്ച പഞ്ചാരമണലില്‍ പ്രാര്‍ത്ഥനകള്‍ എഴുതാം. തൂലികാ പൂജയ്ക്കും പാരമ്പര്യ രീതിയില്‍ മണലില്‍ ഹരിശ്രീ കുറിക്കുന്നതിനും മുന്‍കൂര്‍ ബുക്ക് ചെയ്യണം. ഫോണ്‍: 9745260444.

NEWS
Advertisment