Advertisment

സമൂഹമാധ്യമങ്ങളിൽ മത വിദ്വേഷ മെസേജുകൾ അയക്കുന്നവർ ജാഗ്രതൈ; സൈബർ കണ്ണുകൾ നിങ്ങൾക്ക് മേൽ - ഡിവൈഎസ്‌പി ഷാജു ജോസ്

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ: കുറവിലങ്ങാട് മർത്ത മറിയം പള്ളിയിലെ നോമ്പ് തിരുനാളിനോടനുബന്ധിച്ച് പാലാ രൂപത ബിഷപ്പായ മാർ ജോസഫ് കല്ലറങ്ങാട് നടത്തിയ പ്രസംഗത്തോടനുബന്ധിച്ചുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ മതവിദ്വേഷ പരാമർശങ്ങൾ തുടർച്ചയായി ഷെയർ ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് പാലാ ഡിവൈഎസ്‌പി ഷാജു ജോസ് അറിയിച്ചു.

ഇത്തരത്തിലുള്ള ചില ഫെയ്സ് ബുക്ക് അക്കൗണ്ടുകളും അമ്പതോളം വാട്സപ്പ് ഗ്രൂപ്പുകളും സൈബർ പോലീസിൻ്റെ നിരീക്ഷണത്തിലാണ്. സാമൂദായിക ലഹള സൃഷ്ടിക്കാനുള്ള ശ്രമം ഗൗരവതരമായ കുറ്റകൃത്യമാണ്. ഇക്കാര്യത്തിൽ കർശന നടപടി തന്നെ സ്വീകരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. പാലായിലും ഈരാറ്റുപേട്ടയിലുമുള്ള വിവിധ സമുദായിക നേതാക്കളുടെ യോഗം ഡിവൈഎസ്‌പി ഷാജു ജോസിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്തിരുന്നു.

യോഗത്തിൽ ഈരാറ്റുപേട്ട ഇമാം ഏകോപന സമിതി ചെയർമാനായ മുഹമ്മദ് നജീർ നാലവി, കത്തോലിക്ക കോൺഗ്രസ് ഡയറക്ടറായ ഫാ. ജോർജ്ജ് വർഗ്ഗീസ്, ഞാറക്കുന്നേൽ; ഈരാറ്റുപേട്ട നൈനാർ പള്ളി പ്രസിഡന്റും കേരള മുസ്ലീം ജമാ-അത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ മുഹമ്മദ് സക്കീർ , കത്തോലിക്ക കോൺഗ്രസ് നേതാവായ രാജീവ് ജോസഫ് കൊച്ചുപറമ്പിൽ, എന്‍.എസ്.എസ്. ഡയറക്ടർ ബോർഡ് മെമ്പറും, മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റുമായ സി.പി ചന്ദ്രൻ നായർ ചൊള്ളാനിക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായ സി. സെബാസ്റ്റ്യൻ കമനാൽ, ഈരാറ്റുപേട്ട – മുഹിയുദ്ദീൻ ജുമാ മസ്ജിത് പ്രസിഡന്റായ പി.ടി അറുദ്ദീൻ പുള്ളാലിൽ, എസ്.എന്‍.ഡി.പി യോഗം മീനച്ചിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് അംഗമായ സി.ടി രാജൻ അക്ഷര, ഈരാറ്റുപേട്ട പുതുപ്പള്ളി ജുമാ മസ്ജിത് പ്രസിഡന്റായ കെ.ഇ പരീത് കൊല്ലംപറമ്പിൽ, എന്നിവർ പങ്കെടുത്തു.

പാലായിൽ നടന്ന പ്രതിഷേധ പരിപാടികളിൽ സാമുദായിക സംഘടനകൾക്ക് യാതൊരുവിധ പങ്കുമില്ലെന്ന് പങ്കെടുത്തവർ അറിയിച്ചതായി ഡിവൈഎസ്‌പി പറഞ്ഞു. സോഷ്യൽ മീഡിയായിലൂടെ മത-സാമുദായിക സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള പ്രചരണങ്ങൾക്കെതിരെ യോഗം ശക്തമായി അപലപിക്കുകയും ചെയ്തു.

ഈരാറ്റുപേട്ടയിലുള്ള ഫുഡ് പ്രോസസിംഗ് യൂണിറ്റിനെതിരെ ഇത്തരത്തിൽ സോഷ്യൽ മീഡിയായിൽ വ്യാജപ്രചരണം നടത്തുന്നത് യോഗത്തിൽ ഉന്നയിക്കുകയും, ഇക്കാര്യത്തിൽ സൈബർസെൽ മുഖാന്തിരം അന്വേഷണം നടത്തി കൃത്യമായി നടപടി സ്വീകരിക്കുന്നതാണെന്നും, മറ്റ് വർഗ്ഗീയ പരാമർശവും, കമന്റുകളും നടത്തുന്ന ഫേസ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകൾ അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്നും, കുറ്റക്കാർക്കെതിരെ കർശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഡിവൈഎസ്‌പി ഷാജു ജോസ് യോഗത്തിൽ വ്യക്തമാക്കി.

pala news
Advertisment