Advertisment

കുവൈറ്റ് മലയാളികളുടെ പ്രിയങ്കരനായിരുന്ന ഫോട്ടോഗ്രാഫര്‍ ഗഫൂര്‍ മൂടാടി യാത്രയായത് അടുത്ത ദിവസം നടക്കുന്ന മകളുടെ വിവാഹത്തിനായി സുഹൃത്തുക്കളെയൊക്കെ നാട്ടിലേയ്ക്ക് ക്ഷണിച്ച്. എല്ലാവരുമെത്തും മുമ്പേ ആരോടും പറയാതൊരു മടക്കയാത്ര... എന്നും നര്‍മ്മങ്ങളെയും ചിത്രങ്ങളെയും സ്നേഹിച്ച ഗഫൂര്‍ മൂടാടി അകാലത്തില്‍ അരങ്ങൊഴിയുമ്പോള്‍

New Update

publive-image

Advertisment

കുവൈറ്റ്: എത്ര തിരക്കിട്ട വേദിയാണെങ്കിലും വലംകൈയ്യില്‍ ക്യാമറ പിടിച്ച് വെളുക്കെ ചിരിച്ച് ഇടം കൈ കൊണ്ട് അപ്പുറത്ത് നില്‍ക്കുന്ന സുഹൃത്തിനെ അഭിവാദ്യം ചെയ്ത്, അതിനിടയില്‍ ഫോക്കസ് ചെയ്ത് നിക്കോണ്‍ ക്യാമറയിലേയ്ക്ക് ഗഫൂര്‍ മൂടാടി പകര്‍ത്തുന്ന ചിത്രങ്ങളുടെയൊരു ക്ലാരിറ്റി - അത് മറ്റാര്‍ക്കും അവകാശപ്പെടാനാകാത്തതാണ്. പക്ഷേ ഇനിയില്ലൊരിക്കലുമില്ല ആ ഫ്ളാഷ് ! അതെ ഗഫൂര്‍ മൂടാടി ഇനി ഫ്ളാഷ് ബാക്ക് ആണ് !

publive-image

ഒരുപക്ഷേ കുവൈറ്റിലേറ്റവുമധികം സൗഹൃദങ്ങളുള്ള പ്രവാസി മലയാളി. ഗഫൂര്‍ മൂടാടിയുടെ മരണവാര്‍ത്ത കുവൈറ്റിലെ പ്രവാസി സുഹൃത്തുക്കള്‍ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. അത്രയ്ക്കാണ് ആ ചിരിയും... സുഹൃത്തേ എന്ന വിളിയും മനസില്‍ തെളിയുന്നത്.

എല്ലാ മരണങ്ങളും ദുഃഖകരമാണ്. പക്ഷേ ഗഫൂര്‍ എന്ന എല്ലാവരുടെയും കൂട്ടുകാരന്‍റെ മരണം ഇമ്മിണി വലിയ നൊമ്പരം തന്നെയാണ്. കാരണം ഇന്നേയ്ക്ക് പതിനാലാം രാവില്‍ മണിപ്പന്തലിലേയ്ക്ക് ഇളയ മകള്‍ അദീനയെ കൈപിടിച്ച് നടക്കാനുള്ള ഒരുക്കത്തിലായിരുന്നു ഗഫൂര്‍.

publive-image

ജൂലൈ 17 ന് തീരുമാനിച്ച മകളുടെ വിവാഹത്തിനായി ദിവസങ്ങള്‍ക്കു മുമ്പാണ് ഗഫൂര്‍ നാട്ടിലെത്തിയത്. അതിനും മൂന്നു മാസങ്ങള്‍ക്കു മുമ്പെ ഗഫൂര്‍ കുവൈറ്റില്‍ വിവാഹക്ഷണം ആരംഭിച്ചിരുന്നു. നൂറുകണക്കിനു സുഹൃത്തുക്കളെയാണ് വിവാഹത്തിനായി ക്ഷണിച്ചിരുന്നത്.

അതും... ഗഫൂറിന്‍റെ വിവാഹക്ഷണം എന്നാല്‍ അത് കടമ തീര്‍ക്കലല്ല, വന്നു പങ്കെടുത്തേ മതിയാകൂ... എന്ന സ്നേഹപൂര്‍വ്വമായ നിര്‍ബന്ധം കൂടിയാണ് ആ ക്ഷണം. മധ്യവേനല്‍ അവധിയുടെ സമയം നോക്കി കുവൈറ്റിലെ പ്രവാസികള്‍ നാട്ടില്‍ അവധിക്കെത്തുന്നതു കണക്കാക്കിയാണ് എല്ലാവര്‍ക്കും പങ്കെടുക്കാനായി അങ്ങനൊരു തീയതി ഗഫൂര്‍ തെരഞ്ഞെടുത്തത്.

publive-image

മാത്രമല്ല, കുവൈറ്റിലെ ചില സുഹൃത്തുക്കളെ രണ്ടും മൂന്നും തവണ വിളിച്ച് വിവാഹക്കാര്യം ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, നാട്ടിലേയ്ക്ക് മടങ്ങിയ സുഹൃത്തുക്കളെ നാട്ടിലെ നമ്പര്‍ തെരഞ്ഞുപിടിച്ച് വിളിച്ച് വിവാഹം ക്ഷണിക്കാനും വന്നിരിക്കണമെന്ന് സ്നേഹശാസനയോടെ പറയാനും ഗഫൂര്‍ മറന്നില്ല.

പക്ഷേ എല്ലാവരും എത്തും മുന്‍പേ ചെറുകുസൃതിയോടെ ഗഫൂര്‍ പോയിക്കഴിഞ്ഞു; യാത്ര പറയാന്‍ നില്‍ക്കാതെ... എപ്പോഴും സരസഭാഷണം നടത്തുന്ന ഗഫൂറിന്‍റെ ഒരു കുസൃതിയാണതും.

അതിരില്ലാത്ത സൗഹൃദം...

കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍റിഫിക് റിസേര്‍ച്ചില്‍ ഉദ്യോഗസ്ഥനായിരുന്നെങ്കിലും ഗഫൂറിനെ കുവൈറ്റിലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫര്‍ എന്ന നിലയിലായിരുന്നു അറിയുക. മലയാള മനോരമയുടെ സ്വന്തം ഫോട്ടോഗ്രാഫര്‍ കൂടിയായിരുന്നു ഗഫൂര്‍. അതിനാല്‍ തന്നെ ഗഫൂറിന്‍റെ സൗഹൃദങ്ങള്‍ക്കും അതിരില്ലായിരുന്നു.

publive-image

രാഹുല്‍ ഗാന്ധിയും കേന്ദ്രമന്ത്രിമാരും തുടങ്ങി മാസങ്ങള്‍ക്ക് മുമ്പ് കുവൈറ്റിലെത്തി മടങ്ങിയ ക്രൈസ്തവ മത മേലധ്യക്ഷന്‍ വരെ ഗഫൂറിന്‍റെ സൗഹൃദവലയത്തിലുണ്ട്. യാക്കോബായ, ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ കത്തോലിക്കാ ബിഷപ്പുമാരുടെ പേരുകള്‍ സഭ തിരിച്ച് കാണാപാഠം പറയാന്‍ അറിയുന്ന മറ്റൊരാള്‍ കുവൈറ്റില്‍ കാണില്ല.

എന്നു മാത്രമല്ല, ക്രിസ്ത്യന്‍ ദേവാലയങ്ങളിലെത്തിയാല്‍ പുരോഹിതന്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കിടെ സമൂഹം ചൊല്ലേണ്ട പ്രാര്‍ഥന ഗഫൂറും ചൊല്ലും. അത് ഇങ്ങനെ ഫോട്ടോയെടുക്കാന്‍ പോയി... പോയി... മനപാഠമാക്കിയതാണ്. ഒരാളെ ഒരിക്കല്‍ പരിചയപ്പെട്ടാല്‍ അയാള്‍ പിന്നെ ഗഫൂറിന് സുഹൃത്താണ്.

publive-image

എംബസിയിക്കുവേണ്ടി ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചതിനിടെയാണ് രാഷ്ട്രീയ നേതാക്കളുമായുള്ള സൗഹൃദം. ഗഫൂര്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ കണ്ടാല്‍ തന്നെ അത് പകര്‍ത്തിയയാളെ ആരും ഇഷ്ടപ്പെടാതിരിക്കില്ല.

പത്രസുഹൃത്തുക്കള്‍ക്കുവേണ്ടിയും ചിത്രങ്ങള്‍ പകര്‍ത്തി നല്‍കി. സത്യം ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ഗഫൂര്‍ ചിത്രങ്ങള്‍ക്കും എണ്ണം കാണില്ല.

publive-image

ഫോട്ടോഗ്രാഫി ഗഫൂറിന് ഒരു ഫാഷനായിരുന്നു. എന്ത് അസൗകര്യം ഉണ്ടെന്ന് പറഞ്ഞാലും ഫോട്ടോയെടുക്കാന്‍ അവസരം കിട്ടിയാല്‍ ഗഫൂര്‍ ഓടി നടക്കും. മലയാളികളുടെ കലാ-സാംസ്കാരിക വേദികളില്‍ ഗഫൂര്‍ മൂടാടി ഒഴിച്ചു കൂടാനാകാത്ത സാന്നിധ്യമായിരുന്നു.

ഹൃദയ, പ്രമേഹ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും വകവയ്ക്കാതെയായിരുന്നു ഗഫൂറിന്‍റെ ഓട്ടം. ഒടുവില്‍ നാട്ടില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പമെത്തി ഗഫൂര്‍ ആ ഓട്ടം അവസാനിപ്പിച്ചു. അതും ഹഫൂറിന്‍റെ മനസിന്‍റെ നന്മയുടെ ഫലമായിരിക്കാം. അവസാന ശ്വസനങ്ങളില്‍ ഭാര്യയുടെയും മക്കളുടെയും സാമീപ്യം എന്നത് പ്രവാസികള്‍ക്കൊരു ഭാഗ്യം തന്നെയാണ്.

പ്രിയ സ്നേഹിതാ... ഗഫൂറെ..., അകലെയാണെങ്കിലും എന്നും ഹൃദയത്തില്‍ നീയുണ്ടാകും... എന്‍റെയും ഞങ്ങള്‍ പത്ര സുഹൃത്തുക്കളുടെയും. ആദരാഞ്ജലികള്‍...

Advertisment