Advertisment

ആര്യന് ഇന്നും ജാമ്യമില്ല; ഹർജിയിൽ വാദം നാളെയും തുടരും; ഇന്ന് പൂർത്തിയായത് പ്രതിഭാഗം വാദം മാത്രം

New Update

 

Advertisment

 

 

publive-image

മുംബൈ: ലഹരി പാർട്ടി കേസിൽ ആര്യൻ ഖാൻ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യഹർജി പരിഗണിച്ച കോടതി വാദം കേൾക്കുന്നത് നാളത്തേക്ക് മാറ്റി. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ, മുൻമുൻ ധമേച്ച, നടൻ അർബാസ് മെർച്ചന്റ് എന്നീ പ്രതികളുടെ ജാമ്യ ഹർജിയിൽ ഇനി നാളെയാണ് വാദം തുടരുക.

പ്രതികളുടെ വാദങ്ങൾ ഇന്ന് കോടതിയിൽ വിശദമാക്കിയെങ്കിലും എ.എസ്.ജി അനിൽ സിംഗിന്റെ പ്രതിവാദം നാളെയാണ് ഉണ്ടാകുക. ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിയോടെ കേസിൽ വാദം തുടരുമെന്നാണ് വിവരം. ജസ്റ്റീസ് നിതിൻ ഡബ്ല്യു സാമ്പ്രെയുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

അർബാസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമിത് ദേശായിയുടെയും അലി കാസിഫ് ഖാൻ ദേശ്മുഖിന്റെയും വാദങ്ങളാണ് ഇന്ന് കോടതിയിൽ നടന്നത്. ആവശ്യത്തിലധികം സമയം കസ്റ്റഡിയിൽ പ്രതികൾ കഴിഞ്ഞുവെന്നും എൻസിബിക്കാവശ്യമെങ്കിൽ മുംബൈ നിവാസികളായ പ്രതികൾ ജാമ്യം ലഭിച്ചതിന് ശേഷം ഏതുസമയവും അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാൻ തയ്യാറാണെന്നും അമിത് ദേശായി കോടതിയിൽ വ്യക്തമാക്കി.

അതേസമയം കേസിൽ മറ്റു പ്രതികൾക്ക് ചുമത്തിയ കുറ്റങ്ങൾ അതേപടി പകർത്തിയെഴുതുക മാത്രമാണ് മുൻമുൻ ധമേച്ചയുടെ കാര്യത്തിൽ എൻസിബി ചെയ്തതെന്ന് ധമേച്ചയ്‌ക്കായി ഹാജരായ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു. ചെയ്യാത്ത കുറ്റത്തിനാണ് ആര്യനും അർബാസും അറസ്റ്റിലായതെന്നും മൂന്ന് പ്രതികളുടെയും അറസ്റ്റ് നിയമവിരുദ്ധമാണെന്നും അമിത് ദേശായി വാദിച്ചു.

മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതിഭാഗം അഭിഭാഷകരുടെ വാദങ്ങളും വിശദമായി കേട്ടു. നാളെ എൻസിബിയുടെ മറുവാദമാണ് കോടതി കേൾക്കാനിരിക്കുന്നത്. ഇതിന് ശേഷമാകും പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയുക. മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോത്തഗിയാണ് ആര്യൻ ഖാന് വേണ്ടി ഹാജരായത്. ഇദ്ദേഹത്തിന്റെ വാദം ഇന്നലെ പൂർത്തിയായിരുന്നു.

NEWS
Advertisment