Advertisment

47 വർഷം നീണ്ട സിനിമാജീവിതത്തിൽ അഭിനയിച്ചത് 95 സിനിമകളിൽ; ഒരു കാലത്ത് ഗ്ലാമർ ഗേൾ എന്ന വിശേഷണവുമായി ഹിന്ദി സിനിമയെ അടക്കി വാണു. ബാലതാരമായെത്തിയെങ്കിലും സിനിമ വിട്ടു. മടങ്ങിയെത്തിയത് 16-ാം വയസിൽ ഷമ്മി കപൂറിന്റെ നായികയായി ! അവിവാഹിതയായി സിനിമയ്ക്ക് വേണ്ടി സമർപ്പിച്ച ജീവിതം. സെൻസർ ബോർഡിന്റെ ആദ്യത്തെ വനിതാ ചെയർപേഴ്‌സൺ കൂടിയായ ആശാ പരേഖിന് പരമോന്നത സിനിമാ ബഹുമതിയായ ഫാൽക്കേ അവാർഡ് നൽകി രാജ്യം ആദരിക്കുമ്പോൾ...

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മാതൃകാപരമായ സംഭാവനകൾ പരിഗണിച്ച് പഴയകാല ബോളിവുഡ് താരം ആശാ പരേഖിന് ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകുമ്പോൾ ബോളിവുഡ് സിനിമ അതിന്റെ ഭൂതകാലത്തിന്റെ ഓർമ്മകളിലാണ്.

ഹിന്ദി സിനിമയിലെ എക്കാലത്തെയും വലിയ നടിമാരിൽ പ്രമുഖയാണ് ആശാ പരേഖ്. അറുപതുകളിലും എഴുപതുകളിലും ഗ്ലാമർ ഗേൾ എന്ന വിശേഷണവുമായി സിനിമയെ അടക്കി വാണു. അക്കാലത്തെ ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിയായിരുന്നു. നർത്തകിയെന്ന നിലയിലും പ്രശസ്തയായി.


നാൽപ്പത്തിയേഴ് വർഷം നീണ്ട സിനിമാജീവിതത്തിൽ 95 സിനിമകളിൽ അഭിനയിച്ചു. 1992 ൽ രാഷ്ട്രം പദ്മശ്രീ നൽകി. നാൽപ്പത് അവാർഡുകൾ ലഭിച്ചു. ക്‌ളാസിക് നർത്തകിയായും തിളങ്ങി.


അവിവാഹിതയായി സിനിമയ്ക്കായി സമർപ്പിച്ച ജീവിതമായിരുന്നു ആശയുടേത്. 1942 ഒക്ടോബർ 2ന് ഗുജറാത്തിലാണ് ജനനം. അച്ഛൻ ഹിന്ദുവായ ബച്ചുഭായി പരേഖ്. അമ്മ മുസ്ലിം വിഭാഗത്തിൽ പെട്ട സൽമ പരേഖ്.

ആശാ പരേഖ് കുട്ടിക്കാലത്തേ നൃത്തപഠനം തുടങ്ങി. ഒരു നൃത്ത പ്രകടനം കണ്ട വിഖ്യാത സംവിധായകൻ ബിമൽ റോയി 1952ൽ മാ എന്ന സിനിമയിൽ ബേബി ആശാ പരേഖ് എന്ന ബാലതാരമായി അവതരിപ്പിച്ചു.

publive-image

1954ൽ അദ്ദേഹത്തിന്റെ തന്നെ ബാപ് ബേട്ടിയിലും അഭിനയിച്ചു. ഏതാനും സിനിമകളിൽ കൂടി ബാലതാരമായ ശേഷം ആശാ പരേഖ് പഠനത്തിൽ ശ്രദ്ധിക്കാനായി സിനിമ വിട്ടു.

പതിനാറാം വയസിൽ സംവിധായകൻ നസീർ ഹുസൈന്റെ ദിൽ ദേകെ ദേഖോ എന്ന സിനിമയിൽ ഷമ്മി കപൂറിന്റെ നായികയായി തിരിച്ചെത്തി. അതോടെ ആശാ പരേഖിനെ ഹിന്ദി സിനിമയിലെ സൂപ്പർ സ്റ്റാറാക്കി. തുടർന്നുള്ള 12 വർഷങ്ങൾക്കിടെ ഹുസൈന്റെ ജബ് പ്യാർ കിസി സേ ഹോത്താഹേ തുടങ്ങി ആറ് സിനിമകളിൽ നായികയായി.

രാജ് ഖോസ്ല, ശക്തി സാമന്ത, വിജയ് ആനന്ദ്, മോഹൻ സെഗാൾ തുടങ്ങിയ സംവിധായകരും ആശാ പരേഖിനെ സ്ഥിരം നായികയാക്കി.

publive-image


ദോ ബദൻ, ചിരാഗ്, മേം തുൾസി തേരേ ആംഗൻ മേം, കടീ പതംഗ്, തീസരി മൻസിൽ, ലവ് ഇൻ ടോക്കിയോ, ആയാ സാവൻ ഝൂം കേ, ആൻ മിലോ സജ്ന തുടങ്ങിയവ പ്രശസ്ത സിനിമകളാണ്.


കടീ പതംഗ് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാഡ് നേടിക്കൊടുത്തു. ദേവാനന്ദ്, ഷമ്മി കപൂർ, രാജേഷ് ഖന്ന, ധർമ്മേന്ദ്ര തുടങ്ങിയ നായകർക്കൊപ്പം ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. 1995ൽ സിനിമാ അഭിനയം നിറുത്തി ടെലിവിഷൻ സീരിയലുകളുടെ നിമ്മാണത്തിലേക്കും സംവിധാനത്തിലേക്കും തിരിഞ്ഞു.

publive-image

സെൻസർ ബോർഡിന്റെ ആദ്യത്തെ വനിതാ ചെയർപേഴ്‌സണാണ് (1998-2001). അന്ന് സെൻസറിംഗ് വിവാദങ്ങളിലും നായികയായി. ബ്രിട്ടനിലെ ഒന്നാം എലിസബത്ത് രാജ്ഞിയെപ്പറ്റി ശേഖർകപൂർ സംവിധാനം ചെയ്ത എലിസബത്ത് എന്ന സിനിമയ്ക്ക് പ്രദർശാനാനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു.

ഇപ്പോൾ മുംബയിൽ കാരാ ഭവൻ എന്ന ഡാൻസ് അക്കാഡമിയും ആശാപരേഖ് ആശുപത്രിയും നടത്തുന്നു. ആശാ ഭോസ്ലെ, ഹേമ മാലിനി, പൂനം ധില്ലൻ, ടി.എസ്. നാഗാഭരണ, ഉദിത് നാരായൺ എന്നിവരടങ്ങിയ ജൂറിയാണ് 52-ാമത് ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

Advertisment