Advertisment

16,000 കോടി രൂപയ്ക്ക് വിദേശത്ത് നിന്ന് രണ്ട് വിമാനം വാങ്ങിയ നരേന്ദ്ര മോദി വെറും 18000 കോടി രൂപയ്ക്ക് എയർ ഇന്ത്യ പണക്കാരായ സുഹൃത്തുക്കൾക്ക് വിറ്റു; ലഖിംപുരിൽ നീതി വേണം-വാരണാസിയിൽ പ്രധാനമന്ത്രിക്കും യുപി സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

author-image
ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update

publive-image

Advertisment

ലഖ്‌നൗ: ലഖിംപുര്‍ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ നീതി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തില്‍ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ റാലി. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും വാരാണസിയിലെ റാലിയില്‍ പ്രിയങ്കയ്ക്കൊപ്പമുണ്ട്. ‘കിസാൻ ന്യായ്’ റാലിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ പങ്കെടുക്കും.

കർഷകർക്കും സ്ത്രീകൾക്കും യുപിയിൽ നീതി ലഭിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അവർ ലഖ്‌നൗവിൽ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഖിംപൂരിലെത്താൻ കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തി. യുപി സർക്കാരിനും കേന്ദ്രസർക്കാരിനുമെതിരെ അതിരൂക്ഷ വിമർശനമാണ് പ്രിയങ്ക ഉന്നയിച്ചത്.

16,000 കോടി രൂപയ്ക്ക് വിദേശത്ത് നിന്ന് രണ്ട് വിമാനം വാങ്ങിയ നരേന്ദ്ര മോദി വെറും 18000 കോടി രൂപയ്ക്ക് നാടിന്റെ എയർ ഇന്ത്യ പണക്കാരായ സുഹൃത്തുക്കൾക്ക് വിറ്റുവെന്ന് പ്രിയങ്ക വിമര്‍ശിച്ചു. പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ പ്രധാനമന്ത്രി തീവ്രവാദികളെന്ന് വിളിച്ചുവെന്ന് പ്രിയങ്ക ആരോപിച്ചു.

അവരെ തെമ്മാടികളെന്ന് വിളിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. കര്‍ഷകരെ രണ്ട് മിനിറ്റിനുള്ളിൽ വരച്ച വരയില്‍ നിര്‍ത്തുമെന്ന് മറ്റൊരു മന്ത്രി (അജയ് കുമാര്‍ മിശ്ര) പറഞ്ഞു. കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആറ് കര്‍ഷകരെ സ്വന്തം വാഹനം ഇടിച്ചു വീഴ്ചത്തി.

തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കേന്ദ്ര സഹമന്ത്രിയേയും അദ്ദേഹത്തിന്റെ മകനെയും സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എല്ലാവരും കണ്ടതാണ്. ലഖിംപുരിലെ ഇരകളുടെ ബന്ധുക്കൾക്ക് നീതി കിട്ടുമെന്നുള്ള പ്രതീക്ഷ ഇല്ലാതായെന്നും പ്രിയങ്ക പറഞ്ഞു.

ജനങ്ങളെ കൊലപ്പെടുത്തിയ ഒരാളെ സംഭാഷണം നടത്താനായി പൊലീസ് ക്ഷണിച്ചുവരുത്തുന്നത് ഒരു രാജ്യത്തും കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവമാണ്. രാജ്യത്ത് രണ്ട് കൂട്ടർ മാത്രമാണ് സുരക്ഷിതർ. അധികാരത്തിലുള്ള ബിജെപി നേതാക്കളും, അവരുടെ പണക്കാരായ സുഹൃത്തുക്കളും മാത്രമാണതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

കോവിഡ് കാലത്ത് യുപി സർക്കാർ ദരിദ്രരെ കയ്യൊഴിഞ്ഞുവെന്ന് അവർ പറഞ്ഞു. ഹാത്രാസ് കേസിലും നീതി നടപ്പിലായില്ല. ഇരകളുടെ കുടുംബത്തിന് വേണ്ടത് പണം അല്ല നീതിയാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. രാജ്യത്ത് തൊഴിലില്ല, ഇന്ധന വില ഇരട്ടിയായി. ഈ പ്രശ്നങ്ങൾക്കൊന്നുമെതിരെ ഇനിയും നിശബ്ദരായി ഇരിക്കാൻ പാടില്ല. ജയിലിൽ അടച്ചാലും ഭീഷണിപ്പെടുത്തിയാലും നിശ്ശബ്ദരാക്കാൻ സാധിക്കില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്ത് ആരും സുരക്ഷിതരല്ല. പാവപ്പെട്ടവര്‍ക്കും, ദളിത് വിഭാഗക്കാര്‍ക്കും, സ്ത്രീകള്‍ക്കും ഒന്നും സുരക്ഷിതത്വമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കോടീശ്വരന്മാരായ സുഹൃത്തുക്കള്‍ മാത്രം നല്ല രീതിയില്‍ പോകുന്നു. പ്രധാനമന്ത്രിയുടെയോ മറ്റ് മന്ത്രിമാരുടെയോ സ്വകാര്യ സ്വത്തല്ല രാജ്യം. രാജ്യം നിങ്ങളുടേതാണ്. അക്കാര്യം നിങ്ങള്‍ക്ക് ബോധ്യപ്പെട്ടില്ലെങ്കില്‍ രാജ്യത്തെ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായി സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമയമില്ല. കൃഷിഭൂമി നഷ്ടപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നീതിക്കു വേണ്ടിയുടെ പ്രക്ഷോഭം തുടരും. ജയിലില്‍ അടയ്ക്കുകയോ മര്‍ദിക്കുകയോ ചെയ്തുകൊള്ളൂ. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒന്നിനെയും ഭയമില്ല. മാറ്റം ആഗ്രഹിക്കുന്നവര്‍ തന്റെയൊപ്പം വരൂ. ശക്തമായ പോരാട്ടം നടത്തി ഭരണമാറ്റം സാധ്യമാക്കാം. കാര്യങ്ങള്‍ക്ക് മാറ്റംവരാതെ താന്‍ പോരാട്ടം അവസാനിപ്പിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

priyanka gandhi
Advertisment