ന്യൂഡൽഹി: മഹാരാഷ്ട്രയിൽ 16 വിമത എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നടപടി തടയണമെന്ന് ആവശ്യപ്പെട്ട് വിമത നേതാവ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ സുപ്രീം കോടതിയിൽ ഹർജി നൽകി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി.പര്‍ദിവാല എന്നിവരടങ്ങിയ സുപ്രീംകോടതി അവധിക്കാല ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക.
ഡെപ്യൂട്ടി സ്പീക്കറുടെ നടപടികളെ ചോദ്യം ചെയ്തതാണ് ഹർജികൾ സമര്‍പ്പിച്ചിരിക്കുന്നത്. ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. അവധിക്കാല ബെഞ്ചാകും ഹർജി പരിഗണിക്കുക. അജയ് ചൗധരിയെ ശിവസേനയുടെ നിയമസഭ കക്ഷി നേതാവാക്കുന്നതും ഡപ്യൂട്ടി സ്പീക്കർ നർഹരി സിർവാളിനെതിരെയുള്ള അവിശ്വാസപ്രമേയം തള്ളിയ നടപടിയും ഹർജിയിൽ ചോദ്യം ചെയ്തു.
ഞായറാഴ്ച വൈകീട്ട് 6.30-നാണ് ഷിൻഡെ ഹര്‍ജി ഫയല്‍ ചെയ്തത്. ശിവസേനയുടെ മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ട്. ഡെപ്യൂട്ടി സ്പീക്കറെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമാകുന്നത് വരെ അയോഗ്യത നോട്ടീസിന്‍മേലുള്ള തുടര്‍ നടപടികള്‍ തടയണമെന്നും ഏക്‌നാഥ് ഷിൻഡെ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.