പട്‌ന: ബിഹാറിൽ തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദൾ (ആർജെഡി) വീണ്ടും ഏറ്റവും വലിയ ഒറ്റ കക്ഷിയായി. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന്റെ നാല് എംഎൽഎമാരെ ഒപ്പം കൂട്ടിയാണ് ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന സ്ഥാനം തിരിച്ചുപിടിച്ചത്.
243 അംഗ നിയമസഭയിൽ തേജസ്വി യാദവിന്റെ പാർട്ടിക്ക് ഇപ്പോൾ 80 എംഎൽഎമാരുണ്ട്. ബിജെപിയേക്കാൾ മൂന്ന് എംഎൽഎമാര്‍ കൂടുതല്‍ ആര്‍ജെഡിക്കുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിന് (ജെഡിയു) 45 എംഎൽഎമാരാണുള്ളത്.
2020ലെ ബിഹാർ തിരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം അഞ്ച് സീറ്റുകൾ നേടിയെങ്കിലും ഇപ്പോൾ സംസ്ഥാന അധ്യക്ഷൻ അക്തറുൽ ഇമാൻ മാത്രമാണ് പാര്‍ട്ടിയുടെ എംഎല്‍എ.
"എല്ലാ മതേതര ശക്തികളും ഒന്നിച്ച് ശക്തിപ്പെടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ ആർജെഡിയുടെ പങ്ക് പറഞ്ഞറിയിക്കാനാവില്ല. ബിഹാറിൽ ബിജെപി ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ധൈര്യം കാണിക്കാത്തത് ഞങ്ങൾ കാരണമാണ്," തേജസ്വി യാദവ് പറഞ്ഞു.
നിതീഷ് കുമാറിന്റെ ജെഡിയുവും, ബിജെപിയും തമ്മില്‍ കുറച്ചു നാളുകളായി ഭിന്നത ശക്തമാണ്. അഗ്നിപഥ് വിഷയത്തിലടക്കം ഇരുപാര്‍ട്ടികളും തമ്മിലുള്ള അഭിപ്രായവ്യത്യാസം മറ നീക്കി പുറത്തുവന്നിരുന്നു. ജെഡിയുവും ആര്‍ജെഡിയും വീണ്ടും അടുക്കുന്നുവെന്നും അഭ്യൂഹമുണ്ട്. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്രയിലേത് പോലെ ബിഹാര്‍ രാഷ്ട്രീയത്തിലും വരും ദിവസങ്ങളില്‍ അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടാകാനും സാധ്യതയേറെയാണ്.