പനജി: ഗോവയിൽ മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു നീക്കി കോൺഗ്രസ്. മൈക്കിൾ ലോബോ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വസതിയിലെത്തി സന്ദർശിച്ചതിനു പിന്നാലെയാണ് നടപടി. പിസിസി ആസ്ഥാനത്ത് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ലോബോയെ അടിയന്തരമായി സ്ഥാനത്ത് നിന്നും നീക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ദിനേഷ് ഗുണ്ടൂ റാവു അറിയിച്ചത്.
അഞ്ച് കോൺഗ്രസ് എംഎൽഎമാർ- മൈക്കൽ ലോബോ, ദെലില ലോബോ, ദിഗംബർ കാമത്ത്, കേദാർ നായിക്, രാജേഷ് ഫല്‌ദേശായി എന്നിവരാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയതെന്നാണ് റിപ്പോർട്ട്.
മുൻ മുഖ്യമന്ത്രി കൂടിയായ ദിഗംബർ കാമത്തും ലോബോയും പാർട്ടിക്കെതിരെ ഗൂഢാലോചന നടത്തി. ഇരുവർക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇരുവരും ബിജെപിക്കായി പ്രവർത്തിച്ചുവെന്നും വൻ തുക വാഗ്ദാനം ചെയ്താണ് എം എൽ എ മാരെ റാഞ്ചിയതെന്നും ദിനേഷ് ഗുണ്ടൂ റാവു ആരോപിച്ചു.
കോൺഗ്രസ് വിളിച്ച വാർത്താസമ്മേളനത്തിലും മൈക്കിൾ ലോബോയും ദിഗംബർ കാമത്തും പങ്കെടുത്തിരുന്നില്ല. 11 കോൺഗ്രസ് എംഎൽഎമാരുള്ളതിൽ രണ്ടു പേർ മാത്രമാണു പിസിസി ഓഫിസിലെത്തിയതെന്നാണു വിവരം.